Current Date

Search
Close this search box.
Search
Close this search box.

ഒട്ടേറെ സവിശേഷതകളുമായി തഫ്ഹീം സോഫ്റ്റ്‌വെയര്‍ ഫെബ്രുവരില്‍

thafheem.jpg

ഗഹനമായ പഠനവും മനനവും നടത്തി ഉര്‍ദുവില്‍ ആറ് വാല്യങ്ങളിലായി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ഇന്ത്യയിലെ മിക്ക ഭാഷകളിലും, അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍കി, ജാപ്പനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടതുതന്നെ തഫ്ഹീമിനു ലോകം നല്‍കിയ വലിയ അംഗീകാരമാണ്. വിശുദ്ധ ഖുര്‍ആന്റെ ആശയവും അകക്കാമ്പും ഏത് സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമെന്നതാണ് തഫ്ഹീമുല്‍ ഖുര്‍ആനിനെ വേറിട്ട രചനയാക്കി മാറ്റുന്നത്. അക്ഷരജ്ഞാനമുള്ള സാധാരണക്കാര്‍ക്ക് ഖുര്‍ആനിന്റെ ആത്മാവ് കണ്ടെത്താന്‍ കഴിയുമാറ് ഖുര്‍ആനിക വചനങ്ങളുടെ ആശയങ്ങളും താല്‍പര്യങ്ങളും മനസ്സിലാവുംവിധം വിശദീകരിക്കുകയും, ഖുര്‍ആനിന്റെ തര്‍ജമ മാത്രം വായിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെടുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുകയും സംക്ഷിപ്തമായോ സംഗ്രഹിച്ചോ പറഞ്ഞുപോയ കാര്യങ്ങള്‍ ആവശ്യമായ അളവില്‍ അപഗ്രഥിച്ചു വിശദമാക്കുകയുമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ ചെയ്യുന്നത്.

 

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന D4മീഡിയ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റര്‍ രൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കയാണ്. 2016 ഫെബ്രുവരിയില്‍ സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്‌ലാം ഓണ്‍ലൈവ് എഡിറ്റര്‍ നസീഫ് തിരുവമ്പാടി D4മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദുവുമായി നടത്തിയ അഭിമുഖത്തില്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നു:

ഇങ്ങനെയൊരു പദ്ധതി ഏറ്റെടുത്ത് ചെയ്യുന്നതിന് പിന്നിലെ പ്രേരകം എന്തായിരുന്നു?
ഏതാണ്ട് ഒമ്പത് വര്‍ഷം മുമ്പ് 2007 ജനുവരിയിലാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം പതിപ്പിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതിയുടെ ആദ്യ ആലോചന നടക്കുന്നത്. സൗദിയിലെ കെ.ഐ.ജി പ്രവര്‍ത്തകരാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന് മുമ്പില്‍ ഇങ്ങനെയൊരാശയവുമായി മുന്നോട്ടു വന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് അന്നത്തെ അമീര്‍ ആരിഫലി സാഹിബും അസി. അമീര്‍ ശൈഖ് സാഹിബും ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പര്യമെടുക്കുകയും വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ച നടക്കുകയുമണ്ടായി. പദ്ധതിയുടെ നടത്തിപ്പിനായി ശൈഖ് സാഹിബിന്റെ നേതൃത്തില്‍ ഈയുള്ളവന്‍ കണ്‍വീനറായും കെ.എ. നാസര്‍ അസി. കണ്‍വീനറായും റഹ്മാന്‍ മുന്നൂര് എഡിറ്ററായും ഒരു ടീമിന് രൂപം നല്‍കി. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയുടെ ഐ.ടി. സെന്റര്‍ ആസ്ഥാനമാക്കിയാണ് അന്ന് സോഫ്റ്റ്‌വെയര്‍ വികസനം നടന്നത്. ഒന്നര വര്‍ഷത്തോളമെടുത്തു പൂര്‍ത്തിയാക്കിയ തഫ്ഹീം സോഫ്റ്റ്‌വെയറിന്റെ ഈ ആദ്യ പതിപ്പ് 2008 ആഗസ്റ്റില്‍ പുറത്തിറക്കി. കേരളത്തിലും ഗള്‍ഫ് നാടുകളിലും ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് സമ്പൂര്‍ണ്ണ ഓഡിയോ കൂടി ഉള്‍പ്പെടുത്തി ഇതിന് തുടര്‍ച്ച വേണമെന്ന് അന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. സൗദി കെ.ഐ.ജി പ്രവര്‍ത്തകരുടെയും ജമാഅത്ത് നേതൃത്വത്തിന്റെയും പ്രത്യേക താല്‍പര്യവും പ്രോല്‍സാഹനവും തന്നെയാണ് പുതിയ പതിപ്പിന്റെ വികസനത്തിനും ഇപ്പോള്‍ പ്രേരകമായത്. ഇത്തവണ കോഴിക്കോട് ഹിറാ സെന്റില്‍, D4മീഡിയയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സംവിധാനമൊരുക്കിക്കൊണ്ടാണ് സോഫ്റ്റ്‌വെയര്‍ വികസനം പൂര്‍ത്തിയായത്.  

തഫ്ഹീമുല്‍ ഖുര്‍ആന്‍ സോഫ്റ്റ്‌വെയറിന്റെ ഒന്നാം പതിപ്പില്‍ ഇല്ലാത്ത എന്തൊക്കെ പുതുമകളാണ് ഇതിലുണ്ടാവുക?
മലയാളത്തില്‍ ആറ് വാള്യങ്ങളിലായി മുവ്വായിരത്തില്‍ പരം പേജുകളുള്ള പരിഭാഷയുടെയും തഫ്ഹീം വ്യാഖ്യാനത്തിന്റെയും സമ്പൂര്‍ന്ന ഓഡിയോ ഉള്‍ക്കൊള്ളുന്നുവെന്നതാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത. അതോടൊപ്പം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും മറ്റും ലക്ഷ്യമാക്കി ഓഡിയോ ഒഴിച്ചുള്ള തഹ്ഹീമിന്റെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് വിവര്‍ത്തനവും സോഫ്റ്റ്‌വെയറിലുണ്ട്. സാധാരണക്കാര്‍ക്കു പോലും സോഫ്റ്റ്‌വെയര്‍ ഉപയോഗം എളുപ്പമാക്കുന്ന ലളിതമായ ലേഔട്ട്, ആകര്‍ഷകമായ മികച്ച ഡിസൈനിംഗ് എന്നിവയും സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതയാണ്. തഫ്ഹീം പഠനത്തിന്റെ പുരോഗതി സ്വയം വിലയിരുത്തുന്നതിന് സഹായകമായി ‘പ്രശ്‌നോത്തരി’ എന്ന പേരില്‍ ക്വിസ് പ്രോഗ്രാം, ഖുര്‍ആന്‍ വാക്കര്‍ഥങ്ങളുടെ പഠന പുരോഗതി വിലയിരുത്താന്‍ ‘ഡ്രാഗ് ആന്റ് ഡ്രോപ്’ രീതിയിലെ ഗെയിം പ്രോഗ്രാം എന്നിവയും സോഫ്റ്റ്‌വെയറിലുണ്ട്.

പുതിയ പതിപ്പിലുള്‍ക്കൊള്ളിച്ച മറ്റു സവിശേഷതള്‍ ഒന്ന് വിശദീകരിക്കാമോ?
മദീന മുസ്ഹഫിന്റെ ഏറ്റവും പുതിയ ആകര്‍ഷകമായ ഫോണ്ട്, ഖുര്‍ആന്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി തജ്‌വീദ് പഠനത്തിന് വിപുലമായ സംവിധാനം, വ്യത്യസ്ത രീതികളിലെ ഇന്‍ഡക്‌സ് സൗകര്യം, ഖുര്‍ആന്‍ വ്യാഖ്യാനത്തിന് സയ്യിദ് മൗദൂദി സ്വീകരിച്ച പ്രത്യേകം ബ്ലോക്കുകളും മുസ്ഹഫ് പേജുകളും ക്രമപ്രകാരം പേജ് മറിച്ച് വായിക്കാനും കേള്‍ക്കാനും സൗകര്യം, സോഫ്റ്റ്‌വെയറിലെ ഏത് ഭാഗവും കോപ്പി ചെയ്തു ഇതര പ്രോഗ്രാമുകളിലേക്ക് പേസ്റ്റ് ചെയ്യാന്‍ സൗകര്യം, പ്രിന്റെടുക്കാനുള്ള സൗകര്യം, വായിക്കുന്ന ഭാഗങ്ങളില്‍ സ്വന്തമായ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കാന്‍ സാധ്യമാകുന്ന സ്റ്റിക്കി നോട്ട് സൗകര്യം, പേജുകള്‍ അടയാളപ്പെടുത്താനും പിന്നീട് റഫര്‍ ചെയ്യാനും സൗകര്യമൊരുക്കുന്ന ബുക്ക്മാര്‍ക്ക് സംവിധാനം, ഒരൊറ്റ മൗസ് ക്ലിക്കിലൂടെ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മെനു ഭാഷയും ഉള്ളടക്ക ഭാഷയും മാറ്റാനുള്ള സംവിധാനം, കാഴ്ചക്കുറവുള്ളവരെ ലക്ഷ്യമാക്കി അറബി, ഇംഗ്ലീഷ്, മലയാളം ഫോണ്ടുകള്‍ വലുതാക്കാനും ചെറുതാക്കാനും സൗകര്യം തുടങ്ങി എടുത്തുപറയത്തക്ക ഒട്ടേറെ സവിശേഷതകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഖുര്‍ആനിലും തഫ്ഹീമിലും വിഷയാധിഷ്ഠിത സെര്‍ച്ച്, അറബി, മലയാള പദങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയിലെ സെര്‍ച്ച്, മലയാളത്തിലും ഇംഗ്ലീഷിലും ഒറ്റവാക്കര്‍ഥങ്ങള്‍ ലിസ്റ്റ് രൂപത്തില്‍ ലഭിക്കുന്നു തുടങ്ങിയ സൗകര്യങ്ങളും പുതിയ പതിപ്പിലുണ്ട്.
 
ഖുര്‍ആന്‍ പാരായണത്തിന് പ്രാധാന്യം നല്‍കുന്ന എന്തെങ്കിലും സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
മിശാരി അല്‍ അഫാസി, അലി അല്‍ ഹുദൈഫി, സഅദ് അല്‍ ഗാമിദി എന്നീ പ്രശസ്തരായ മൂന്ന് ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം സോഫ്റ്റ്‌വെയറില്‍ കേള്‍ക്കാനാവും. ഖുര്‍ആന്‍ മനഃപ്പാഠം പരിശോധനക്കുള്ള സംവിധാനവും പുതിയ പതിപ്പിലുണ്ട്. പദങ്ങള്‍ പൂരിപ്പിച്ചു കൊണ്ടും ആയത്തുകള്‍ മനപ്പാഠം ഉരുവിട്ടുകൊണ്ടും രണ്ട് രീതികളില്‍ ഹിഫ്ദ് പഠനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നു.
 
ഏതൊക്കെ സിസ്റ്റങ്ങളിലും ഉപകരണങ്ങളിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പുതിയ പതിപ്പ് പുറത്തിറങ്ങുക?
വിന്‍ഡോസ് 7 മുതല്‍ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 വരെയുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് പുറമെ ലിനക്‌സ്, മാക് എന്നീ ഓപറേറ്റിംഗ് സിസ്‌സറ്റങ്ങളിലും ഇത് പ്രവര്‍ത്തിക്കും. ഡെസ്‌ക്‌ടോപ് പതിപ്പിന്റെ പ്രകാശനത്തിന് ശേഷം ഇതിന്റെ വെബ് പതിപ്പും തുടര്‍ന്ന് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈല്‍ പതിപ്പുകളും ക്രമപ്രകാരം പുറത്തിറക്കുന്നതാണ്. അതോടെ സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലെറ്റ് പിസികളിലും മറ്റും തഫ്ഹീമുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാനാവും.

മലയാളത്തിലെത്തന്നെ അപൂര്‍വമായ ഇത്തരമൊരു സോഫ്റ്റ്‌വെയറിന്റെ വികസനത്തിന് പിന്നിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
തഫ്ഹീം സോഫ്റ്റ്‌വെയറിന്റെ വികസനം കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് കോഴിക്കോട് ഹിറാ സെന്ററില്‍ 2012 ഫെബ്രുവരിയില്‍ ‘D4മീഡിയ’യുടെ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നത്. ആവശ്യമായ ഓഫീസ് സംവിധാനങ്ങള്‍ക്ക് പുറമെ അനുബന്ധമായി ഒരു ഓഡിയോ-വീഡിയോ സ്റ്റുഡിയോയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ നാല് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സോഫ്റ്റ്‌വെയര്‍ വികസനം പുരോഗമിച്ചത്. ഡാറ്റാ വിഭാഗത്തില്‍ മൂന്ന് കണ്ടന്റ് എഡിറ്റര്‍മാരുടെയും സൗണ്ട് എഞ്ചിനീയര്‍, ലേഔട്ട് ആര്‍ട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍ ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ സ്റ്റാഫിന്റെയും, D4മീഡിയയുടെ ന്യൂസ് പോര്‍ട്ടല്‍ (www.islamonlive.in) എഡിറ്റോറിയല്‍ വിഭാഗമുള്‍പ്പെടെ ഇതര സ്റ്റാഫിന്റെയും രണ്ടര വര്‍ഷത്തിലേറെ നീണ്ട സേവനം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് അതി ബൃഹത്തായ ഈ ഡിജിറ്റല്‍ സംരംഭം പൂര്‍ത്തീകരിച്ചത്. ഇതിനിടെ ഒരുപറ്റം പണ്ഡിതന്‍മാരും ഭാഷാ വിദഗ്ധരും സഹായികളായി ഒട്ടേറെ വിദ്യാര്‍ഥികളും വിവിധ ഘട്ടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സിനി ആര്‍ട്ടിസ്റ്റ് കൂടിയായ നൗഷാദ് ഇബ്രാഹീമാണ് ഡബ്ബിംഗ് ജോലി ഏറ്റെടുത്തത്. അതോടൊപ്പം ജമാഅത്ത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുള്ള നിരന്തരമായ പ്രോല്‍സാഹനവും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സഹായകമായി.

Related Articles