Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് സാംസ്‌കാരിക-ചിന്താ മണ്ഡലങ്ങളെ മലിനമാക്കുന്നു

meena.jpg

ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത കവയത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് മീനാ കന്തസാമി. വംശീയ ഉന്മൂലനം, ഭാഷാസ്വത്തം, ഫെമിനിസം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ നടത്തിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

കേരളത്തിലെ കാവിവല്‍കരണ പ്രവണതകളുമായി ബന്ധപ്പെട്ട് മീനാ കന്തസാമി ‘റ്റു സര്‍ക്ക്ള്‍സ്.നെറ്റ്’ ലേഖകന്‍ അബ്ദുല്‍ ബാസിത്തുമായി സംസാരിക്കുന്നു.

? സഘ്പരിവാറിന് കേരള സമൂഹത്തിന്റെ പൊതുമണ്ഡലത്തില്‍ സ്വാധീനം നേടാന്‍ സാധിക്കുമെന്ന് താങ്കള്‍ അഭിപ്രായപ്പെടാന്‍ കാരണമെന്താണ്? മുഖ്യ മുന്നണികളില്‍ അവര്‍ക്ക് പങ്കില്ലാതെ അവരുടെ ആശയങ്ങള്‍ക്ക് എങ്ങനെയാണ് ഇവിടെ പ്രചരണം ലഭിക്കുന്നത്?

– മുന്നണികള്‍ക്കും ജനകീയപാര്‍ട്ടികള്‍ക്കും ഉപരിയായി വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാസ്‌കാരിക വൈജ്ഞാനിക രീതികള്‍ ആര്‍.എസ്.എസിന് അറിയാം. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ പൊതുമണ്ഡലത്തില്‍ ഒരു ബന്ധവും ഇല്ലാത്ത അവസരത്തില്‍ തന്നെ അവര്‍ക്ക് സമൂഹത്തിന്റെ അടിത്തട്ടുകളില്‍ വരെ സ്വാധീനം ചെലുത്താന്‍ സാധിക്കും. കേരളം പോലുള്ള ബഹുമതസമൂഹത്തില്‍ പ്രത്യേകിച്ചും. രഹസ്യമായും മറക്കുപിന്നിലും പ്രവര്‍ത്തിച്ച് വളരെ വിജയകരമായി ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല യാഥാസ്തിക മുന്‍ധാരണകളുള്ള ഏതൊരു സമൂഹത്തിലും ആര്‍.എസ്.എസിനെ പോലുള്ള സംഘടനകള്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ വളരെ എളുപ്പമാണെന്നാണ് എന്റെ അഭിപ്രായം.

? കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടാക്കുന്നതില്‍ ഈ കാവി സംഘടനകളുടെ പങ്കിനെ കുറിച്ച്.

– ഇവിടെ ഇസ്‌ലാമോഫോബിയ വളരെ ശക്തമാണ്. കാവിവല്‍കരണത്തില്‍ അവര്‍ക്ക് തടസ്സമായേക്കാവുന്ന എല്ലാകാര്യങ്ങളെയും ഇസ്‌ലാമിനോട് ബന്ധപ്പെട്ടുത്തി പ്രശ്‌നവല്‍കരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇസ്‌ലാമിക തീവ്രവാദി ഗ്രൂപ്പുകളുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ‘ജന്മഭൂമി’ ആരോപിച്ചത്. കാവിവല്‍കരണത്തിനെതിരെ ശബ്ദിക്കുന്നു എന്നത് മാത്രമാണ് ഇതിന് കാരണം. ഞാന്‍ കഴിഞ്ഞ വര്‍ഷം അഞ്ച് തവണയിലധികം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. അതിനിടെ കൊച്ചിയില്‍ ‘ലൗ ജിഹാദിനെ സൂക്ഷിക്കുക’ എന്ന പോസ്റ്ററുകള്‍ വ്യാപകമായി കാണുകയുണ്ടായി. ഇത്തരത്തില്‍ ഹിന്ദു തീവ്രവാദികള്‍ കേരളത്തില്‍ ഇസ്‌ലാമിനെതിരെ പേടി പരത്തുന്നതില്‍ സജീവമാണെന്ന് നമ്മുക്ക് കാണാന്‍ കഴിയും.

? ഇപ്പോള്‍ കാവിയുടെ ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ചെറിയതോതിലെങ്കിലും നേട്ടങ്ങളുണ്ടാക്കുന്ന രാഷ്ടീയ ശക്തിയായ മുസ്‌ലിംലീഗിനെതിരെ കാമ്പയിനിങ്ങ് നടത്തുകയാണ്. അതിനെകുറിച്ച് താങ്കളുടെ അഭിപ്രായം?

– അതെ, മുസ്‌ലിംലീഗ് വ്യത്യസ്തമായ രീതിയിലുള്ള ഒരു വെല്ലുവിളിയാണ് കാവിയുടെ ശക്തികള്‍ക്ക്‌നേരെ ഉയര്‍ത്തുന്നത്. കാരണം അത് ഭരണത്തിലും അധികാരത്തിലും തങ്ങള്‍ക്കുള്ള പ്രാതിനിധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റ് മുസ്‌ലിം സംഘടനകള്‍കളെ പ്രചരണങ്ങളിലൂടെ അരിക് വല്‍കരിക്കുന്നതുപോലെ മുസ്‌ലിംലീഗിനെ അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗ് ന്യൂനപക്ഷങ്ങള്‍ക്കുണ്ടാക്കിയ നേട്ടങ്ങളെയും മറ്റും അവര്‍ക്കെതിരെ പ്രചരണായുധമാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.

? ഇടതുപക്ഷ പാര്‍ട്ടികളുടെ നിര്‍ജീവാവസ്ഥ, മുസ്‌ലിം സംഘടനകളുടെ വളര്‍ച്ച അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍, ഇവയിലേതാണ് കേരളത്തിലെ കാവിയുടെ വളര്‍ച്ചക്ക് സഹായകമാകുന്ന ഘടകങ്ങള്‍?

– പൊതുസമൂഹത്തിന്റെ ചിന്താ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഒരു ശൂന്യതയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ബാക്കിയാക്കിയിരിക്കുന്നത്. കേരളം പോലുള്ള ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള പ്രദേശങ്ങളില്‍ ഈ ശൂന്യതയെ ആര്‍.എസ്.എസിനെ പോലുള്ള തീവ്രവാദി സംഘടനകള്‍ മലിനമാക്കുന്നതാണ് നമ്മുക്ക് കാണാന്‍ സാധിക്കുന്നത്.
മുസ്‌ലിം സംഘടനകളുടെ വളര്‍ച്ചയും ആര്‍.എസ്.എസിന്റെ വളര്‍ച്ചയും തമ്മില്‍ ബന്ധമുള്ളതായി എനിക്ക് ഉറപ്പിച്ച് പറയാനാകില്ല. പക്ഷെ ആര്‍.എസ്.എസ് അതിന്റെ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ഇതെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിനും ബൗദ്ധികമണ്ഡലങ്ങളിലെ മറ്റ് പ്രവര്‍ത്തകര്‍ക്കുമാണ് കേരളത്തിലെ കാവിവല്‍കരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമെന്ന് എനിക്ക് അഭിപ്രായമുണ്ട്.

? ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന ശൈലി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?

– ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മാത്രം കാലം ഞാന്‍ കേരളത്തില്‍ ജീവിച്ചിട്ടില്ല. പക്ഷെ മാംഗ്ലൂരില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. അവിടെയും ബഹുമതസമൂഹമാണ് ഉള്ളത്. അവിടെ എങ്ങിനെയാണ് ഹിന്ദു തീവ്രവാദ സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ച് വിടുകയും പട്ടണത്തെ മാഫിയവല്‍കരിക്കുകയും ചെയ്തതെന്ന് ഞാന്‍ കണ്ടിട്ടുണ്ട്.

വിവ: ജുമൈല്‍ കൊടിഞ്ഞി    
 

Related Articles