Current Date

Search
Close this search box.
Search
Close this search box.

അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ അഖ്‌സ അപകടത്തിലാണ്‌

hasan-khateeb.jpg

ജൂതന്‍മാര്‍ ഫലസ്തീനില്‍ കാലുകുത്തിയതു മുതല്‍ മസ്ജിദുല്‍ അഖ്‌സ അപകടത്തിലാണെന്ന് അമേരിക്കന്‍ മുസ്‌ലിം ഫോര്‍ ഫലസ്തീന്‍ ദേശീയ സമിതി അംഗം ഹസന്‍ ഖതീബ് ‘അല്‍മുജ്തമഅ്’ന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു. അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ ഖുദ്‌സ് നഗരത്തിന്റെ ആധിപത്യത്തിനും അതിന്റെ അറബ് – ഇസ്‌ലാമിക അടയാളങ്ങള്‍ മായ്ച്ചു കളയുന്നതിനും അവര്‍ നടത്തി ശ്രമങ്ങളെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹമിത് വിവരിക്കുന്നത്. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:-

♦ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും ശരിക്കും അപടത്തിലാണെന്ന് നമുക്ക് പറയാനാകുമോ?
തീര്‍ച്ചയായും. കാലങ്ങളായി ഖുദ്‌സ് വലിയ അപകടത്തിലാണ്. ദിവസങ്ങളും നിമിഷങ്ങളും പിന്നിടുമ്പോള്‍ ആ അപകടം ഇരട്ടിക്കുകയാണ്.

♦മസ്ജിദുല്‍ അഖ്‌സയെ കാലത്തിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? ഖുദ്‌സ് നിവാസികളെ എങ്ങനെയായിരിക്കും അത് സ്വാധീനിക്കുക?
സയണിസ്റ്റ് ആദര്‍ശത്തിന്റെയത്ര തന്നെ പഴക്കമുള്ള വിഷയമാണ് മസ്ജിദുല്‍ അഖ്‌സയുടെ വിഭജനമെന്ന വിഷയം. ‘ഖുദ്‌സില്ലാതെ ഇസ്രയേലില്ല, (ജൂത) ദേവാലയമില്ലാതെ ഖുദുസുമില്ല’ എന്ന പ്രസിദ്ധമായ ഒരു ചൊല്ലുതന്നെ നിലനില്‍ക്കുന്നുണ്ട്. ഖുദ്‌സിന്റെ ആധിപത്യത്തിനും അതിന്റെ അറബ് ഇസ്‌ലാമിക അടയാളങ്ങള്‍ മായ്ച്ചു കളയുന്നതിനുമുള്ള ശ്രമങ്ങള്‍ അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ തുടര്‍ന്നു വരുന്ന കാര്യമാണ്. അധിനിവേശത്തിന് 70 വര്‍ഷം പിന്നിട്ടിരിക്കുന്ന ഇപ്പോഴും ജൂതന്‍മാര്‍ അതേ രീതി തന്നെയാണ് തുടരുന്നതെന്ന് നാം മനസ്സിലാക്കുന്നു. നേരത്തെ കോറിയിട്ട അവരുടെ ലക്ഷ്യം സാക്ഷാല്‍കരിക്കാനുള്ള പടിപടിയായുള്ള പ്രവര്‍ത്തനത്തിലാണവര്‍. ഔദ്യോഗിക ഭരണകൂടവുമായുള്ള (അഖ്‌സയുടെ ചുമതല വഹിക്കുന്ന ജോര്‍ദാന്‍ ഭരണകൂടം) സഹകരണത്തിലൂടെയും ധാരണകളിലൂടെയും അതില്‍ പ്രവേശിക്കാനുള്ള അനുവാദം അവര്‍ക്ക് ലഭിച്ചിരിക്കുന്നു.

♦1969-ല്‍ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ തീപ്പിടുത്തം ഈ അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു എന്ന് പറയാനാകുമോ?
ഭാവിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങളുടെ ആമുഖമായിരുന്നു 1969-ലെ സംഭവം. മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത് അവിടെ അവരുടെ ദേവാലയം പണിയാനാണ് ജൂതന്‍മാര്‍ പരസ്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

♦മസ്ജിദിനടുത്തുണ്ടായിരുന്ന കുഴിക്കല്‍ പ്രക്രിയകള്‍ ഇപ്പോഴും തുടരുന്നുണ്ടോ?
കുഴിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തന്നെ തുടരുന്നുണ്ട്. എന്നാല്‍ ചില ബുദ്ധിയുള്ള ജൂതന്‍മാര്‍ മസ്ജിദിന്റെ അടിയില്‍ കുഴിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, മസ്ജിദുല്‍ അഖ്‌സ തകരുന്നതിന് അത് കാരണമാകും. മസ്ജിദുല്‍ അഖ്‌സ തകര്‍ന്നാലുണ്ടാകുന്ന വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ അവര്‍ ഭയക്കുന്നു. അതുണ്ടാക്കുന്ന പരിണതഫലത്തെ കുറിച്ച ജാഗ്രത അവര്‍ക്കുണ്ട്.

അവരുടെ വാദപ്രകാരമുള്ള ദേവാലയം നിര്‍മിക്കുന്നതിനുള്ള തിയ്യതി വരെ ചില ജൂതന്‍മാര്‍ കുറിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിരിക്കുകയാണ്. അത് 2025 ആണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ 2027 ആണെന്ന് പറയുന്നു. ദേവാലയം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് ചുരുക്കം. അതേസമയം ബഹുഭൂരിപക്ഷം മുസ്‌ലിംകളും അതിനെ കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്.

♦അഖ്‌സക്ക് വേണ്ടി നിലകൊള്ളുന്ന ഫലസ്തീന്‍ വളന്റിയര്‍ ഗാര്‍ഡുകളെ പിന്തുണക്കേണ്ടതിനെ കുറിച്ച് അത് നമ്മോട് ആവശ്യപ്പെടുന്നുണ്ടോ?
വളന്റിയര്‍ ഗാര്‍ഡുകളായ നമ്മുടെ സഹോദരങ്ങളെ മുസ്‌ലിം എന്ന നിലക്കുള്ള നമ്മുടെ ബാധ്യതയാണ്. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും മുസ്‌ലിംകളുടെ കേന്ദ്ര വിഷയമാണ്. എന്തൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും അതില്‍ മുസ്‌ലിംകള്‍ ഒന്നിക്കേണ്ടതുണ്ട്.

♦ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അറബികള്‍ ഒന്നിക്കണമെന്ന് ഫലസ്തീനികള്‍ പറയുന്നുണ്ടല്ലോ, എന്നാല്‍ ഫലസ്തീനികള്‍ ഒന്നിക്കുകയല്ലേ ആദ്യം വേണ്ടത്?
തീര്‍ച്ചയായും. ഫലസ്തീനിലെ വിവിധ കക്ഷികള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുകയെന്നതാണ് ആദ്യം വേണ്ടത്. ഫലസ്തീന്‍ അധിനിവേശത്തിലെ ഇസ്രയേലിന്റെ രാഷ്ട്രീയം അറബികളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫലസ്തീന്‍ ഐക്യം ഉണ്ടാവേണ്ടത് അനിവാര്യമാണ്. തുര്‍ന്ന് അറബ് ഐക്യവും മുസ്‌ലിം ഐക്യവും ഉണ്ടാവണം. ഫലസ്തീന്‍ വിമോചനത്തിനുള്ള ബുദ്ധിപരമായ പാത അതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

♦മുമ്പ് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ച് സ്വപ്‌നം കണ്ടിരുന്ന നാം ഇന്ന് ഹമാസും ഫതഹും ഒരു മേശക്ക് ചുറ്റും ഇരിക്കുന്നതിനെ കുറിച്ചാണ് സ്വപ്‌നം കാണുന്നത്. അത് സാധ്യമാണോ?
ഫലസ്തീന്‍ അതോറിറ്റിയുടെ ഏക ഉത്തരവാദിത്വം ഇസ്രയേലിന് വേണ്ടി സുരക്ഷാ സഹകരണം നടത്തുക എന്നതായിരിക്കെ ദേശീയ അനുരഞ്ജനം അസാധ്യമാണ്. ഈ ഭരണകൂടത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് അത് നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. അവരുമായി യോജിക്കുന്നതിനും സഹകരിക്കുന്നതിനും ഹമാസ് പോലുള്ള സംഘടനകള്‍ക്ക് തടസ്സമായി നില്‍ക്കുന്നതും അതാണ്.

♦സയണിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഫലസ്തീന്‍ അതോറിറ്റിയാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ? ഫലസ്തീന്റെ ഔദ്യോഗിക പ്രതിനിധികളാണോ അവര്‍?
ഫലസ്തീന്‍ അതോറിറ്റി സയണിസ്റ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത് ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും അതിന് ആധികാരികതയില്ലെന്നും പറയാന്‍ എനിക്ക് കഴിയും. ജനസാന്ദ്രമായ അറബ് നഗരത്തിന്റെ ഭരണഭാരം ഏറ്റെടുത്ത് ഇസ്രയേലിനെ അതില്‍ നിന്ന് ഒഴിവാക്കി കൊടുക്കുകയാണ് അത് ചെയ്യുന്നത്. ബാഹ്യമായി നോക്കുമ്പോള്‍ സ്വയംഭരണമെന്ന വിശേഷണമുണ്ടെങ്കിലും ഇസ്രയേലിന്റെ മുതുകില്‍ വരേണ്ടിയിരുന്ന ഭാരം ഒഴിവാക്കി കൊടുക്കുകയാണ് അത് ചെയ്യുന്നത്. അതിന് പുറമെ ഫലസ്തീനികളെ കീഴ്‌പ്പെടുത്തുന്നതിന് ഫലസ്തീന്‍ സുരക്ഷാ സേനയെയും അത് ചുമതലപ്പെടുത്തിയിരിക്കുന്നു.

♦കുവൈത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍, ഖുദ്‌സ് സന്ദര്‍ശിക്കുന്നതിന് ഫലസ്തീനികള്‍ അല്ലാത്തവര്‍ക്ക് അനുമതി നല്‍കുന്ന ഒരു ഫത്‌വ വേണമെന്ന് ഫലസ്തീന്‍ ഔഖാഫ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ശത്രുവിനോട് സഹകരിച്ചു കൊണ്ടല്ലാത്തെ സന്ദര്‍ശനം സാധ്യമല്ലെന്നതാണ് കാരണം. അത് പരോക്ഷമായി ശത്രുവിനെ അംഗീകരിക്കലാണ്. അതിനെ കുറിച്ച് എന്തുപറയുന്നു?
എന്റെ വ്യക്തിപരമായ അഭിപ്രായം നിലവിലെ അവസ്ഥയില്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്നതാണ്. കാരണം ഇസ്രയേലിന്റെ പിന്തുണയോടു കൂടിയുള്ള സന്ദര്‍ശനം പരോക്ഷമായി അവരെ അംഗീകരിക്കലാണ്.

♦ഇപ്പോള്‍ ഖുദ്‌സില്‍ നടക്കുന്ന സംഭവങ്ങളെ മൂന്നാം ഇന്‍തിഫാദയുടെ തുടക്കമായി താങ്കള്‍ കാണുന്നുണ്ടോ?
ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഇസ്രയേലിനെയും അവരുമായി സഹകരിക്കുന്ന ശക്തികളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നിലവിലെ അവസ്ഥ മുഴുവന്‍ ഫലസ്തീനിലും വ്യാപിക്കുന്ന, എല്ലാ വിഭാഗങ്ങളും പങ്കാളികളാകുന്ന ഒരു ഇന്‍തിഫാദയായി മാറുമെന്ന വലിയ പ്രതീക്ഷയൊന്നും എനിക്കില്ല. വിഭവങ്ങളുടെ കുറവും ദുര്‍ബലമായ പിന്തുണയുമാണ് അതിന് കാരണം. അറബ് രാഷ്ട്രങ്ങള്‍ മുമ്പത്തെ പോലെ സഹായിക്കാന്‍ തയ്യാറായിട്ടില്ല. ഈ പ്രതിഭാസത്തിനെതിരെ ആദ്യമായി രംഗത്ത് വരുന്നതും ഫലസ്തീന്‍ അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന ഫലസ്തീനികള്‍ തന്നെയാകും. ഫലസ്തീന്‍ ജനത തങ്ങളുടെ കൈവശമുള്ള എല്ലാ ശേഷിയും വിനിയോഗിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ ജനതയെ ആയുധ മുക്തമാക്കുന്നതില്‍ ഫലസ്തീന്‍ അതോറിറ്റി വിജയിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

♦അറബ് ലോകത്ത് സംഘര്‍ഷഭരിതമായ അവസ്ഥ നിലനില്‍ക്കുന്ന, ചില പാശ്ചാര്യ നാടുകളും ഭീകരാക്രമണങ്ങള്‍ക്ക് വിധേയമായ സാഹചര്യത്തില്‍ അമേരിക്കയിലെ ഫലസ്തീനികളുടെ അവസ്ഥ എന്താണ്?
മുസ്‌ലിം ലോകത്ത് സംഭവിക്കുന്ന എല്ലാം പടിഞ്ഞാറിലെ മുസ്‌ലിംകളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും അമേരിക്കയില്‍. അതില്‍ വലിയൊരു പങ്കും ബാധിക്കുന്നത് ഫലസ്തീനികളെയാണ്. പാശ്ചാത്യ പൗരന്‍ ഒരാളെ അയാളുടെ ജാതിയുടെയോ വര്‍ണത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ലെന്നും ഇസ്‌ലാമിക രീതിയില്‍ വസ്ത്രധാരണം നടത്തിയവര്‍ക്ക് നേരെയാണ് അവര്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് നമുക്കിന്ന് ബോധ്യമാകുന്ന വസ്തുത. എന്നാല്‍ ഫ്രാന്‍സിലുണ്ടായ ആക്രമണം ഇവിടെയുള്ള മുസ്‌ലിംകള്‍ക്ക് നേരെ മോശമായ പ്രതികരണങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

♦നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കക്ക് ഉള്ളിലാണോ പുറത്താണോ കേന്ദ്രീകരിച്ചിരിക്കുന്നത്?
സാമൂഹ്യനീതി എന്നതിലൂന്നി ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവല്‍കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രമാണ് അത് കേന്ദ്രീകരിച്ചിരിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Related Articles