Current Date

Search
Close this search box.
Search
Close this search box.

അധര്‍മത്തിന്റെ വാഴ്ച്ചയില്‍ നിരാശരാവേണ്ടതില്ല

പ്രമുഖ ചിന്തകനും ട്രെയ്‌നറുമായ ഡോ. താരിഖ് സുവൈദാന്‍ ഈയടുത്ത് നടത്തിയ സുഡാന്‍ സന്ദര്‍ശന വേളയില്‍ ‘അല്‍-മുജ്തമഅ്’ വാരികക്ക് നല്‍കിയ അഭിമുഖം. നിലവില്‍ ഇസ്‌ലാമിക ലോകം അനുഭവിക്കുന്ന പ്രതിസന്ധികളെയും അട്ടിമറിയിലൂടെ അധികാരത്തിലെത്തി അബ്ദുല്‍ ഫത്താഹ് സീസിക്ക് കീഴിലെ ഈജിപ്തിന്റെ അവസ്ഥയെയും കുറിച്ചദ്ദേഹം വിവരിക്കുന്നു.

– ആദ്യമായി അറബ്-ഇസ്‌ലാമിക സമൂഹം കടന്നു പോയികൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് ചോദിക്കാനാണ് ആഗ്രഹിക്കുന്നത്. എങ്ങനെയാണ് താങ്കള്‍ അതിനെ വിലയിരുത്തുന്നത്?
വളരെ വേദനാജനകമായ ഒരു ഘട്ടത്തിലൂടെയാണ് സമുദായം കടന്നു പോകുന്നത്. നാനൂറിലേറെ വര്‍ഷമായി നാം പിന്നോട്ടാണ് നടന്നു കൊണ്ടിരിക്കുന്നത്. കോളനിവത്കരണത്തിന്റെ കാലം കഴിഞ്ഞെങ്കിലും അധിനിവേശക്കാരുടെ കൈകളിലെ കളിപ്പാട്ടങ്ങളായി മാറിയ ഭരണാധികാരികളിലൂടെ അധിനിവേശം അതിന്റെ പ്രവര്‍ത്തനം തുടരുന്നു. ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു, അവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പോവുകയാണ് എന്ന് പറയുന്നതിന് വേണ്ടിയായിരുന്നു അറബ് വിപ്ലവങ്ങള്‍ ഉണ്ടായത്. എന്നാല്‍ ചില തകിടം മറിച്ചിലുകളാണ് പിന്നീടുണ്ടായത്. പ്രത്യേകിച്ചും ഈജിപ്തില്‍. എന്നാല്‍ അതൊരിക്കലും സ്ഥായിയല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം ഒരിക്കല്‍ സ്വാതന്ത്യത്തിന്റെ രുചിയറിഞ്ഞവര്‍ക്ക് അതില്ലാത്ത മറ്റൊന്നിലേക്ക് മടങ്ങല്‍ പ്രയാസം തന്നെയായിരിക്കും.

അധര്‍മം ധര്‍മത്തെ അതിജയിക്കുമോ? എന്ന് മഹാനായ ഇമാം അഹ്മദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഒരിക്കലുമില്ല, ഹൃദയങ്ങള്‍ അധര്‍മത്തോട് കൂറ് പുലര്‍ത്തുമ്പോള്‍ മാത്രമാണ് അധര്‍മം ധര്‍മത്തെ അതിജയിക്കുക.’ ഇന്നിന്റെ യുവ ഹൃദയങ്ങള്‍ അധര്‍മത്തിലേക്ക് ചായുന്നവയല്ല. എന്ന് മാത്രമല്ല ഓരോ നിമിഷവും അതില്‍ നിന്നുള്ള മോചനം കാത്തിരിക്കുന്നവ കൂടിയാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ഈ അധര്‍മത്തിന് ആയുസ്സുള്ളൂ. സമുദായത്തോട് ആത്മാര്‍ഥതയുള്ള, അതിന്റെ മൂല്യങ്ങളെയും ആദര്‍ശത്തെയും മുറുകെ പിടിച്ച ഒരു സംഘത്തിലൂടെ അതിന് മാറ്റം വരും. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ധര്‍മാധര്‍മ പോരാട്ടത്തിന്റെ അന്തിമ രംഗം അതാണ്. അല്ലാഹു അധര്‍മത്തെ ധര്‍മം കൊണ്ട് തകര്‍ത്തെറിയികുക തന്നെ ചെയ്യും.

– സമുദായത്തിന് മേല്‍ പാശ്ചാത്യന്‍ നാഗരികത നേടിയിരിക്കുന്ന മേല്‍ക്കോയ്മക്ക് ശേഷം ഇസ്‌ലാമിക നാഗരികത തിരിച്ചു വരുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
നിങ്ങളില്‍ അല്ലാഹു ഉദ്ദേശിക്കുന്നിടത്തോളം കാലം നുബുവത്തുണ്ടാകും. പിന്നീട് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവനത് ഉയര്‍ത്തും. പിന്നീട് നുബുവത്തിന്റെ ചര്യയിലുള്ള ഖിലാഫത്ത് ഉണ്ടാകും. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതും ഉയര്‍ത്തപ്പെടും. പിന്നീട് അക്രമിയായ രാജാവായിരിക്കും വരിക. അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം അവരും നിലനില്‍ക്കും. പിന്നീട് വരുന്നത് സ്വേച്ഛാധിപതിയായ രാജാവായിരിക്കും. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അതിനെയും ഇല്ലാതാക്കും. പിന്നീട് നുബുവത്തിന്റെ ചര്യപ്രകാരമുള്ള ഖിലാഫത്താണ് വരികയെന്ന് പ്രവാചകന്‍(സ) പറഞ്ഞതായി ഇമാം അഹ്മദില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാണത്. മേല്‍പറയപ്പെട്ട ഓരോ ഘട്ടങ്ങളിലൂടെയുമാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്. ജനങ്ങളെ എല്ലാത്തരത്തിലും അടിച്ചമര്‍ത്തുന്ന സേച്ഛാധിപതിയായ രാജാവിന്റെ ഭരണത്തിലെ അവസാന ഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്. ജനങ്ങള്‍ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും താല്‍പര്യമുള്ളവരായി മാറിയിരിക്കുന്നു. എന്റെ കാഴ്ച്ചപ്പാടില്‍ ഇസ്‌ലാമിക വിജയത്തിന് അനുകൂലമായ ഒരു സാഹചര്യമാണിത്. സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തില്‍ ഇസ്‌ലാം വിജയിക്കുക തന്നെ ചെയ്യും.

– നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച് അവയിലാണ് ഇസ്‌ലാമിക സമൂഹം ജീവിക്കുന്നതെന്ന് താങ്കല്‍ സൂചിപ്പിച്ചുവല്ലോ, താങ്കളുടെ അഭിപ്രായത്തില്‍ എങ്ങനെ അതില്‍ നിന്ന് ഒരു മോചനം സാധ്യമാകും?
ഇസ്‌ലാമിക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, മുഖ്യമായ അഞ്ച് പ്രതിസന്ധികളാണ് അതിനെ ഉലച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാം. അതില്‍ ഒന്നാമത്തേത് സ്വഭാവപരമായ പ്രതിസന്ധിയാണ്. ദുര്‍ബലമായ വിശ്വാസവും താഴ്ന്ന ധാര്‍മിക നിലവാരവും ദുര്‍ബലമായ സമൂഹിക സ്വഭാവവും അതില്‍ പ്രധാനമാണ്. വീട്ടിലും റോട്ടിലുമുള്ള പെരുമാറ്റത്തിലെ വീഴ്ച്ചകള്‍, പുകവലി, വൃത്തി, സമയത്തിന് നല്‍കുന്ന പ്രാധാന്യം തുടങ്ങി ധാരാളം കാര്യങ്ങള്‍ ഇതിന് കീഴില്‍ വരും.

രണ്ടാമത്തെ പ്രതിസന്ധി പിന്നോക്കാവസ്ഥയാണ്. പഴഞ്ചന്‍ ശാസ്ത്ര വിജ്ഞാനവും കരിക്കുലവും വിദ്യാഭ്യാസ രീതിയുമാണ് നാം ഇപ്പോഴും പിന്തുടരുന്നത്. മൂന്നാമത്തെ പ്രതിസന്ധി ഉല്‍പാദനക്ഷമതയുടെ കാര്യത്തിലാണ്. ക്രിയാത്മകതയുടെയും ഉല്‍പാദനക്ഷമതയുടെയും കാര്യത്തില്‍ വ്യക്തികള്‍ വളരെ പിന്നിലാണ്. വ്യക്തികള്‍ മാത്രമല്ല കമ്പനികളുടെയും സംഘടനകളുടെയും രാഷ്ട്രത്തിന്റെ വരെ അവസ്ഥ ഇതാണ്. എന്നാല്‍ ഇതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ചില അവസ്ഥകളും നമുക്ക് കാണാവുന്നതാണ്. എന്നാല്‍ പൊതുവെയുള്ള ഒരു വിലയിരുത്തലാണ് നാമിവിടെ നടത്തുന്നത്.

മേല്‍പറഞ്ഞ മൂന്ന് പ്രതിസന്ധികളും വളരെ ഗുരുതരമാണെങ്കിലും മുഖ്യമായ മറ്റ് രണ്ട് പ്രതിസന്ധികള്‍ പരിഹരിക്കുന്നതോടെ അവയും പരിഹരിക്കപ്പെടും. അതില്‍ ഒന്നാമത്തേത് ചിന്താപരമായ പ്രതിസന്ധിയാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയുന്ന മധ്യമവും ഉണര്‍വുള്ളതും നാഗിരികവുമായ ഒരു ചിന്ത രൂപപ്പെടുന്നതോടെ അവസ്ഥകള്‍ക്ക് മാറ്റം വരും. രണ്ടാമത്തെ കാര്യം ആ ചിന്തകള്‍ നടപ്പാക്കാന്‍ പ്രാപ്തിയും ശേഷിയുമുള്ള നേതൃത്വമാണ്. ആ ചിന്തക്കനുസരിച്ച് സമുദായത്തെ ചലിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമ്പോള്‍ മാത്രമേ അതിന്റെ ഫലം കാണുകയുള്ളൂ.

ഇവയെല്ലാം പ്രതിസന്ധികളുടെ അടയാളങ്ങളാണ്. ചിന്തയിലും നേതൃത്വത്തിലും കേന്ദ്രീകരിക്കുക എന്നതാണ് അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള മാര്‍ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് ഉദാഹരണമാണ് മലേഷ്യ. മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ പിന്നോക്കാവസ്ഥയില്‍ കിടന്നിരുന്ന രാഷ്ട്രത്തെ കേവലം പത്ത് വര്‍ഷം കൊണ്ട് ലോകത്തെ പത്ത് വ്യാവസായിക രാഷ്ട്രങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ സാധിച്ചു. ചിന്തയും അതിനെ ചലിപ്പിക്കാന്‍ നേതൃത്വവും ഉണ്ടെങ്കില്‍ മാറ്റം എളുപ്പമാണെന്നാണിത് വ്യക്തമാക്കുന്നത്.

– മുസ്‌ലിം ബ്രദര്‍ഹുഡിന് ഭീകരമുദ്ര ചാര്‍ത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് ഈജിപ്തിനെ സുസ്ഥിരതയിലെത്തിക്കുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഈജിപ്ത് ഇപ്പോള്‍ ഒരു ചേരിതിരിവിലാണുള്ളത്. രാഷ്ട്രീയമായ ചേരിതിരിവല്ല, ജനകീയമായ ചേരിതിരിവാണവിടെ. ഒരേ വീട്ടില്‍ തന്നെ ഈ ചേരിതിരിവ് പ്രകടമാണ്. ഇതിന്റെ ചികിത്സയും ഏറെ പ്രയാസകരമാണ്. രാഷ്ട്രീയ ചേരിതിരിവുകള്‍ രാഷ്ട്രീയ നേതാക്കള്‍ ഒന്നിക്കുന്നതോടെ അവസാനിക്കും. എന്നാല്‍ ജനകീയ ചേരിതിരിവിന് സമൂലമായ മാറ്റം ആവശ്യമാണ്.

ഇപ്പോള്‍ അധര്‍മത്തിന്റെ അവസരമായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. സൈന്യം തയ്യാറാക്കിയ മാര്‍ഗരേഖ അവര്‍ നടപ്പാക്കുന്നു. സീസിയെ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുത്തു കഴിഞ്ഞു. അതിന് ശേഷം ചില വധശിക്ഷകള്‍ റദ്ദാക്കിയും ചില തടവുകാരെ മോചിപ്പിച്ചും ജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. ഒരുപക്ഷെ അതിലൂടെ തന്റെ ജനകീയത വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരിക്കും. എന്നാല്‍ അയാളൊരു രക്തകൊതിയനാണെന്ന് ജനങ്ങള്‍ക്കറിയാം. അട്ടിമറിക്ക് പിന്നില്‍ അയാളായിരുന്നു എന്നും അവര്‍ക്കറിയാം.  നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ ആ അട്ടിമറിയെ നിരാകരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായുമെല്ലാം അയാളുടെ അതിക്രമങ്ങള്‍ മനസ്സിലാക്കുമ്പോഴായിരിക്കുമത്. അക്കാര്യങ്ങളെല്ലാം ഇപ്പോള്‍ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു.

ഈ വര്‍ഷങ്ങളില്‍ ഈജിപ്തിലേക്കെത്തുന്ന സഹായങ്ങളെല്ലാം കവര്‍ന്നെടുക്കപ്പെടുന്നത് ജനങ്ങള്‍ കാണും. അതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കും ജനങ്ങള്‍ ജീവിക്കുക. അതൊരു പുതിയ വിപ്ലവത്തിന് തിരികൊളുത്തുമെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലെങ്കില്‍ സ്വതന്ത്രമായ തെരെഞ്ഞെടുപ്പിലൂടെ സമൂലമായ ഒരു മാറ്റം സംഭവിക്കും. ഇപ്പോള്‍ അധര്‍മത്തിനാണ് മേല്‍ക്കോയ്മ എങ്കിലും സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ വിജയിക്കുക ധര്‍മം തന്നെയായിരിക്കും.

– ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഭാവിയെ എങ്ങനെയാണ് നോക്കികാണുന്നത്? ഭരണം നിര്‍വഹിക്കുന്നതില്‍ അവ പരാജയമാണെന്ന് അഭിപ്രായമുണ്ടോ?
ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇസ്‌ലാം ചലനാത്മകമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സംഘടകളുമാണ് അതിന്റെ കാരണം. അത്തരം പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളുടെ ഹൃദയവും ബുദ്ധിയും നേടിയെടുക്കാന്‍ സാധിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് വരുന്ന അവയുടെ അനുയായികളെ അതില്‍ നിന്ന് പറിച്ചെടുക്കാന്‍ സാധിക്കുകയില്ല. അവ ജനതയുടെ ഒരു ഭാഗമായി തന്നെ മാറിയിരിക്കുന്നു.

ഇഹലോകത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന, എല്ലാ കാര്യങ്ങളെയും നിഷിദ്ധമാക്കുന്ന ഒരു ഇസ്‌ലാമിനല്ല, ചിന്തിക്കുന്നതും ചലനാത്മകവും സചേതനവുമായ ഒരു ഇസ്‌ലാമിനാണ് ഭാവിയില്‍ സ്ഥാനമുള്ളത്. അത്തരത്തിലുള്ള സുന്ദരമായ ഒരു ഇസ്‌ലാമാണ് വിജയം കൈവരിക്കുക. നിലവിലെ അധര്‍മത്തിന്റെ വാഴ്ച്ച എന്നെ ഉത്കണ്ഠപ്പെടുത്തുന്നില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. അതിന്റെ പൂര്‍ണമായ രൂപത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അല്ലാഹു നമ്മോടൊപ്പമുണ്ട്.

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഭരണം നടത്തുന്നതില്‍ പരാജയമായിരുന്നു എന്ന് ഞാന്‍ പറയില്ല. കാരണം അവര്‍ ഭരണം നടത്തിയിട്ടില്ല. വളരെ പരിമിതമായ ഭരണം മാത്രമാണ് ഈജിപ്തില്‍ ബ്രദര്‍ഹുഡിന് നടത്തിയത്. മിക്കപ്പോഴും അത് ബ്രദര്‍ഹുഡിന്റെ ഭരണമായിരുന്നില്ല. അത് തന്നെ ഒരു വര്‍ഷം പോലും നീണ്ടുനിന്നില്ല. ആഭ്യന്തരവും വൈദേശികവുമായ നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലായിരുന്നു അത്. അതുകൊണ്ട് തന്നെ അതൊരു പരാജയമായിരുന്നു എന്ന് പറയാനാവില്ല. അവര്‍ക്ക് അവസരം ലഭിച്ചില്ല എന്നു മാത്രമേ അതിനെ കുറിച്ച് പറയാന്‍ സാധിക്കൂ.

– വര്‍ഷങ്ങള്‍ക്ക് ശേഷം സുഡാനിലെത്തുമ്പോള്‍ എങ്ങിനെയാണ് താങ്കളതിനെ കാണുന്നത്?
വളരെ ദീര്‍ഘകാലം പോരാട്ടത്തിലേര്‍പ്പെട്ട പോരാളികളുടെ നാടാണ് സുഡാന്‍. അപ്രകാരം വളരെക്കാലം ഉപരോധത്തിന് കീഴിലുമായിരുന്നു അത്. അതുകൊണ്ട് തന്നെ സുഡാനിന്റെ കാര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. മൂല്യങ്ങളും അടിസ്ഥാനങ്ങളും കൈവിടാതെയുള്ള ഉറച്ച നിലപാടാണ് അതിന് കാരണം. അതിന്‍മേല്‍ ശക്തമായ സമ്മര്‍ദം ഉണ്ടായതിന് കാരണവും അതായിരുന്നു. അതവരുടെ സാമ്പത്തികാവസ്ഥയെയും പുരോഗതിയെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ എപ്പോഴും പറയുന്നത് മൂല്യങ്ങളെയും അടിസ്ഥാനങ്ങളെയും മുറുകെ പിടിക്കുകയാണ് മറ്റെന്തിനേക്കാളും പ്രധാനം. ഒരിക്കലും അവസാനിക്കാത്ത പോരാട്ടമാണ് സുഡാനില്‍ ഞാന്‍ കാണുന്നത്.

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മൂല്യങ്ങളും ധാര്‍മിക ഗുണങ്ങളും ആദര്‍ശവും മുറുകെപിടിക്കുന്ന ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മാതൃക സുഡാന്‍ സമര്‍പ്പിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. ഉന്നതമായ ഒരു നാഗരികതയുടെ മാതൃകയും നമുക്കവിടെ കാണാം. നിരവധി നാടുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ ഇവിടത്തെ പോലുള്ള ഒരു ബോധം കണ്ടിട്ടുള്ളൂ. ഈ അസ്ഥിത്വമാണ് വലിയ സാധ്യതകളാണ് തുറന്നു വെക്കുന്നത്. സുഡാനില്‍ നിന്ന് വലിയ സംഭാവനകള്‍ ഉണ്ടാകുമെന്ന് തന്നെയാണ് നാം പ്രതീക്ഷിക്കുന്നതും.

വിവ : അഹ്മദ് നസീഫ്‌

Related Articles