Current Date

Search
Close this search box.
Search
Close this search box.

അട്ടിമറിശ്രമത്തിന് ശേഷം എര്‍ദോഗാന്‍ പറയുന്നത്‌

erdogan3.jpg

ജനാധിപത്യ തുര്‍ക്കിക്ക് നേരെ ഭീഷണികള്‍ ഒന്നും തന്നെയില്ലെന്ന കാര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന് സംശയമൊന്നുമില്ല. പക്ഷെ കഴിഞ്ഞാഴ്ച്ച നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കുമെന്ന് അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ തന്നെ ഞങ്ങള്‍ തുടരും, അതില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ പിന്മാറില്ല,’ അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനകത്ത് വെച്ച് നടന്ന അഭിമുഖ സംഭാഷണത്തില്‍ ദ്വിഭാഷിയുടെ സഹായത്തോടെ അല്‍ജസീറയുടെ ജമാല്‍ അല്‍ശയ്യാലിനോട് എര്‍ദോഗാന്‍ പറഞ്ഞു.
‘എന്നിരുന്നാലും, രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിനും, സ്ഥിരതക്കും വേണ്ട അനിവാര്യകാര്യങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം നടപ്പിലാക്കും. എല്ലാം അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല.’ അട്ടിമറി ശ്രമം പൂര്‍ണ്ണമായും അവസാനിച്ചതിനെ സംബന്ധിച്ച സംശയങ്ങള്‍
എര്‍ദോഗാന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് മറുപടിയെന്നോണം രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുടനെയാണ് എര്‍ദോഗാന്‍ ഈ പ്രസ്താവന നടത്തിയത്.

‘നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണിക്കെതിരെ അനിവാര്യ നടപടികള്‍ കൈക്കൊള്ളുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമാണ് ഇപ്പോഴത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ളതെന്ന് അടിവരയിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ടെലിവിഷന്‍ പ്രസ്താവനയില്‍ അദ്ദേഹം സൂചിപ്പിച്ചു. ‘സൈന്യത്തിലെ വൈറസുകളെ ഉന്മൂലനം ചെയ്യുമെന്ന്’ അദ്ദേഹം പ്രതിജ്ഞ ചെയ്തു.
‘തുര്‍ക്കിഷ് സ്റ്റേറ്റിനെതിരെയുള്ള കൊടുംകുറ്റകൃത്യം’ എന്നാണ് അട്ടിമറി ശ്രമത്തെ
എര്‍ദോഗാന്‍ വിശേഷിപ്പിച്ചത്. ‘നിയമാനുസരണമാണ് ഓരോ ചുവടും വെക്കുന്നതെന്ന്’ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അട്ടിമറിക്ക് കൂട്ടു നിന്നവരില്‍ നിന്നും ഭരണകൂട സ്ഥാപനങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ ഏകദേശം 60000-ത്തില്‍ അധികം ആളുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇതില്‍ മനുഷ്യാവകാശ സംഘടനകളും, തുര്‍ക്കിയുടെ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എല്ലാതരത്തിലുള്ള എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന നടപടിക്ക് നിയമസാധുത നല്‍കാന്‍ അട്ടിമറി ശ്രമത്തെ പ്രസിഡന്റ് ഉപയോഗിക്കുകയാണെന്ന് ചിലര്‍ വാദിക്കുകയുണ്ടായി.

വ്യാപകമായി നടക്കുന്ന അറസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ മറുപടിയായി, കഴിഞ്ഞ കുറച്ച് കാലത്തിനിടെ സുരക്ഷാഭീഷണികള്‍ അഭിമുഖീകരിച്ച രാജ്യങ്ങള്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ ഉദാഹരണമായി പറയുകയും, തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് അവരുടേതില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലെന്ന് ചൂണ്ടികാട്ടുകയും ചെയ്തു.

‘ഉദാഹരണമായി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, ഫ്രാന്‍സ് ഒട്ടനേകം നടപടികള്‍ സ്വീകരിക്കുകയും, ചില നിലപാടുകള്‍ എടുക്കുകയുമുണ്ടായി.’
‘അവരും ആളുകളെ കൂട്ടമായി തടങ്കലില്‍ വെച്ചില്ലെ? അവര്‍ ഒരുപാട് ആളുകളെ അറസ്റ്റ് ചെയ്തില്ലെ? അത്തരം അവസ്ഥകളെ നിഷേധിക്കാന്‍ നമുക്ക് കഴിയില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അവിടെയും അടിയന്തരാവസ്ഥ നിലനിന്നിരുന്നു. തുടക്കത്തില്‍ അത് മൂന്ന് മാസമായിരുന്നു. പിന്നീട് അത് നീട്ടുകയുണ്ടായി.’

അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആത്മീയനേതാവ് ഫത്ഹുല്ല ഗുലനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവുമാണ് അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തന്റെ വാദം തുര്‍ക്കിഷ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഗുലനെ തുര്‍ക്കിക്ക് കൈമാറില്ലെന്നാണ് അമേരിക്കയുടെ തീരുമാനമെങ്കില്‍ അതൊരു വലിയ പിഴവ് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയിലെ പെന്‍സെല്‍വാനിയയില്‍ കഴിയുന്ന ഗുലന്‍ അട്ടിമറി ശ്രമത്തില്‍ തനിക്ക് പങ്കുണ്ടെന്ന വാദം തള്ളിക്കളഞ്ഞു.

പക്ഷെ, അതേസമയം ഗുലന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് അമേരിക്കയും തുര്‍ക്കിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എര്‍ദോഗാന്‍ അടിവരയിട്ട് പറഞ്ഞു. ‘നമ്മള്‍ കുറച്ച് കൂടി സൗമ്യത പാലിക്കേണ്ടതുണ്ട്. താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലാതെ വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല.’

അട്ടിമറി ശ്രമത്തില്‍ വിദേശരാജ്യങ്ങള്‍ക്കും പങ്കുള്ളതായി അദ്ദേഹം കരുതുന്നുണ്ട്. പക്ഷെ ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല. വധശിക്ഷ സമ്പ്രദായം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ‘പാര്‍ലമെന്റ് പാസാക്കുകയാണെങ്കില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ ഞാന്‍ അനുവാദം നല്‍കും’ അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് വേണ്ടിയുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2004-ലാണ് തുര്‍ക്കി വധശിക്ഷാ സമ്പ്രദായം നിര്‍ത്തലാക്കിയത്.

അംഗത്വ ചര്‍ച്ചകള്‍ അല്ലെങ്കില്‍ തന്നെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, വധശിക്ഷ പുനസ്ഥാപിക്കാനുള്ള നീക്കം യൂറോപ്യന്‍ യൂണിയനും, തുര്‍ക്കിക്കും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ കൂട്ടാന്‍ മാത്രമേ വഴിവെക്കുകയുള്ളു. പക്ഷെ, വധശിക്ഷയുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ തീരുമാനം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് എര്‍ദോഗാന്‍ തറപ്പിച്ച് പറഞ്ഞു.

‘യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍, ജനങ്ങളുടെ തീരുമാനം അത് അംഗീകരിക്കും. ലോകം എന്ന് പറയുന്നത് യൂറോപ്യന്‍ യൂണിയനല്ല. അമേരിക്ക, റഷ്യ, ചൈന, അതുപോലെ മറ്റനേകം രാജ്യങ്ങളില്‍ വധശിക്ഷാ സമ്പ്രദായം ഇല്ലെ? ഉണ്ട്.’

അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

അട്ടിമറി ശ്രമം എങ്ങനെയാണ് അറിഞ്ഞത്?
എന്റെ ഭാര്യാസഹോദരനാണ് അട്ടിമറി ശ്രമത്തെ കുറിച്ച് ആദ്യമെന്നെ അറിയിച്ചത്. ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല…. ദേശീയ രഹസ്യന്വേഷണ ഏജന്‍സിയുടെ തലവനുമായി ഞാന്‍ സംസാരിച്ചു. എന്റെ കൂടെ അപ്പോള്‍ ഊര്‍ജ്ജ മന്ത്രി ഉണ്ടായിരുന്നു. ചില പ്രാഥമിക നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും കുടുംബവും ഒരു ഹെലികോപ്റ്ററില്‍ ദലമാനിലേക്ക് പോയി, അവിടെ നിന്നും വിമാനമാര്‍ഗം ഇസ്താംബൂളില്‍ എത്തുക എന്നതായിരുന്നു ആദ്യ പദ്ധതികളില്‍ ഒന്ന്.

ഇസ്തംബൂളില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച്?
‘ഞങ്ങള്‍ ഇസ്തംബൂളില്‍ എത്തിയപ്പോള്‍, തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങള്‍ ഞങ്ങളെ കാത്ത് അവിടെയുണ്ടായിരുന്നു… F-16 യുദ്ധവിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ വളരെ താഴ്ന്ന് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു; അവിടെ ഒത്തുകൂടിയിരുന്ന ജനങ്ങളുടെ ഹൃദയങ്ങളില്‍ ഭയം നിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അധികാര പദവികള്‍ കൈയ്യാളുന്ന കുറച്ച് സഹപ്രവര്‍ത്തകരുമായി ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചും കൂടിയാലോചിച്ചു.’

അട്ടിമറി ശ്രമത്തില്‍ വിദേശ ഇടപെടലിന്റെ സാധ്യത വല്ലതുമുണ്ടോ?
‘മറ്റു രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് ; ഗുലനിസ്റ്റ് ഭീകരസംഘടനക്ക് പിന്നിലും ഒരു ബുദ്ധികേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സമയമായാല്‍ ഇതിലുള്ള കണ്ണികളെല്ലാം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. നാം ക്ഷമ അവലംബിക്കേണ്ടതുണ്ട്… പക്ഷെ അതിന് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. ജുഡീഷ്യറിയും പ്രവര്‍ത്തിക്കുന്നുണ്ട്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണികളെല്ലാം ഒരു ദിവസം വെളിച്ചത്ത് വരുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.’

മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന വിമര്‍ശകരുടെ ആരോപണത്തോടുള്ള പ്രതികരണം?
‘ഞാനൊരിക്കലും മാധ്യമങ്ങള്‍ക്ക് എതിരെയല്ല; എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഒരുപാട് മുദ്രകുത്തലുകളും, അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. ആ മാധ്യമ സ്ഥാപനങ്ങളെല്ലാം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്, വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ ഈ സംഭവത്തില്‍, പ്രസിഡന്റിനൊപ്പമാണ് ഞങ്ങളെന്ന് അവര്‍ പോലും പറഞ്ഞു. കാരണം അട്ടിമറിയെ അനുകൂലിച്ചാല്‍ അതോടു കൂടി അവരും നശിക്കുമെന്നും, അതവരുടെ അവസാനമായിരിക്കുമെന്നും അവര്‍ക്കറിയാം.’

വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള നിലപാട് എന്താണ്?
‘പാര്‍ലമെന്റ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍, വധശിക്ഷാ സമ്പ്രദായം പുനസ്ഥാപിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ബാധ്യത. ജനങ്ങള്‍ ആ ആവശ്യം ഉയര്‍ത്തി കഴിഞ്ഞു. ‘വധശിക്ഷ, വധശിക്ഷ, വധശിക്ഷ’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് കൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.’

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: അല്‍ജസീറ

Related Articles