Current Date

Search
Close this search box.
Search
Close this search box.

ജനജീവിതം ദുസ്സഹമാക്കുന്ന സീസി ഭരണം

സാമ്പത്തികവിദഗ്ധരും ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകളും പറയുന്നത് ഈജിപ്തിലെ സാമ്പത്തിക പരിഷ്കരണങ്ങള്‍ വലിയ വിജയം തന്നെയാണ് എന്നാണ്. എന്നാല്‍ സൈനബ് അങ്ങനെ കരുതുന്നില്ല. “എല്ലാത്തിനും വില കൂടിയിരിക്കുന്നു”, സെന്‍ട്രല്‍ കെയ്റോയിലെ മാര്‍ക്കറ്റിലൂടെ നടന്നുകൊണ്ട് ആ പ്രായംചെന്ന സ്ത്രീ പറഞ്ഞു. “അടിസ്ഥാന കാര്യങ്ങളാണ് ഞാന്‍ ഉദ്ദേശിച്ചത്- വൈദ്യൂതി, ഗ്യാസ്, കുടിവെള്ളം എല്ലാത്തിനും വില കൂടി. ജീവിതം അക്ഷരാര്‍ഥത്തില്‍ വിലപിടിപ്പുള്ള ഒന്നായി മാറിയിട്ടുണ്ട്. ജനങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ജീവിക്കാന്‍ മോഷ്ടിക്കേണ്ടി വരുമോ?

2016-ല്‍ ഐ.എം.എഫ് (ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) തുടക്കമിട്ട പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നാണ് കടലാസിലെ വിവരങ്ങള്‍ പറയുന്നത്.എണ്ണ വിലയില്‍ വര്‍ധനവുണ്ടായെങ്കിലും, പണപ്പെരുപ്പം കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. 2018-ല്‍ 9.9 ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ 2019-ല്‍ 7.5 ആയി കുറഞ്ഞു. എണ്ണ ഇതര സ്വകാര്യമേഖല ജൂലൈ മാസത്തില്‍ നേരിയതോതില്‍ വികസിക്കുകയും ചെയ്തിട്ടുണ്ട്.

വളര്‍ന്നു വരുന്ന ചൂടന്‍ വിപണികളില്‍ ഒന്നായി ബാങ്കര്‍മാരുടെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഈജിപ്തിനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനോടുള്ള പ്രതികരണമായി, കഴിഞ്ഞ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചിരുന്നു, കൂടുതല്‍ വെട്ടിക്കുറക്കലുകള്‍ ഉണ്ടാകുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 12 ബില്ല്യണ്‍ ഡോളറിന്‍റെ ഐ.എം.എഫ് വായ്പക്കു പകരമായി വിലവര്‍ധനയും, കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും ചെലവുചുരുക്കലും ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ദൈന്യംദിന ജീവിതത്തില്‍ യാതൊരുവിധ പുരോഗതിയും കാണുന്നില്ലെന്നാണ് സാധാരണ ഈജിപ്ഷ്യന്‍ പൗരന്‍മാരുടെ പരാതി.

എല്ലാവിധ സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന ഒരു രാജ്യത്ത്, ഒരു വിധത്തിലുള്ള പ്രതിഷേധ സൂചനകളും കാണാന്‍ കഴിയുന്നില്ല. പക്ഷേ അഞ്ചു വര്‍ഷക്കാലത്തോളമായി നല്ലൊരു ജീവിതം പ്രതീക്ഷിച്ച് ക്ഷമിച്ചു ജീവിക്കുന്ന ഈജിപ്ഷ്യന്‍ ജനത ഇന്ന് വളരെയധികം പ്രകോപിതരായിട്ടുണ്ട്.

2011-ല്‍ ഹുസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിലേക്ക് നയിച്ച വിപ്ലവാനന്തരം സംഭവിച്ച സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നും ഈജിപ്തിനെ കരകയറ്റുന്നതിനു വേണ്ടിയായിരുന്നു ഐ.എം.എഫ് വായ്പ അനുവദിച്ചിരുന്നത്. “ഞങ്ങളുടെ കാഴ്ചപ്പാടില്‍,കിഴക്കന്‍ യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വെച്ച് ഏറ്റവും മികച്ച പരിഷ്കരണ പരിപാടികളാണ് ഈജിപ്തില്‍ നടക്കുന്നത്.” ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിനൈസന്‍സ് കാപ്പിറ്റല്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. പക്ഷേ 61 വയസ്സുകാരനായ വസ്ത്രാലങ്കാര പണിക്കാരന്‍ അഹ്മദിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലങ്ങള്‍ ദുരിതകാലമാണ്. ഇതിലും ഭേദം ഹുസ്നി മുബാറക്ക് തന്നെയായിരുന്നു എന്ന് അദ്ദേഹം പറയുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

2015/16 സാമ്പത്തികവര്‍ഷത്തില്‍ 27.8 ശതമാനം ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു, 2017/18 കാലയളവില്‍ ഇത് 32.5 ശതമാനമായി ഉയര്‍ന്നതായി സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷത്തില്‍ 8827 ഈജിപ്ഷ്യന്‍ പൗണ്ട് (534 ഡോളര്‍)വരുമാനത്തില്‍ താഴെയുള്ളവരെ ആണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കുന്നത്.

2018-ന്‍റെ രണ്ടാം പാദത്തില്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പളം ശരാശരി 3.4 ശതമാനം വര്‍ധിച്ചിരുന്നു, എന്നാല്‍ 2017-ല്‍ 33 ശതമാനത്തില്‍ എത്തിയ പണപ്പെരുപ്പവുമായി പൊരുത്തപ്പെടാന്‍ ഇത് പര്യാപ്തമല്ലെന്ന് ഫിനാന്‍സ് മിനിസ്റ്ററി ഡാറ്റ തന്നെ വ്യക്തമാക്കുന്നു.

“ഒരു ചെറുപ്പക്കാരന് മാസത്തില്‍ എത്ര സമ്പാദിക്കാന്‍ കഴിയും? 3000 പൗണ്ടോ? ഓക്കെ, 1200 മുതല്‍ 1700 വരെയാണ് ഒരു മാസത്തെ ഫ്ലാറ്റ് വാടക.. വെള്ളത്തിനും കറന്‍റിനും ഗ്യാസിനും എത്ര കൊടുക്കേണ്ടി വരും? യാത്രാ ചെലവ് എത്രവരും? ഇന്ന്, ഏറ്റവും കുറ‍ഞ്ഞ ബസ് ടിക്കറ്റിന് അഞ്ചു പൗണ്ട് കൊടുക്കണം,” മധ്യവയസ്കനായ ബ്രെഡ് ബേക്കര്‍ മുഹ്സിന്‍ കമാല്‍ പറഞ്ഞു. “ചെറുപ്പക്കാര്‍ ജോലിക്കു വേണ്ടി അലയുകയാണ്. ജോലിയുള്ളവര്‍ക്ക് മതിയായ ശമ്പളവുമില്ല. ഒരു കുടുംബമൊക്കെയായി ജീവിക്കുന്നവരുടെ കാര്യമാണ് കഷ്ടം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന സബ്സിഡി എടുത്തുകളഞ്ഞത നടപടി ഐ.എം.എഫ് വായ്പാ ഉടമ്പടിയിലെ പ്രധാനവ്യവസ്ഥയായിരുന്നു. ഗതാഗതച്ചെലവ് വര്‍ധിച്ചതോടെ ഒട്ടുമിക്ക സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു. “ഇതിനൊക്കെ ആരാണ് വില നല്‍കേണ്ടി വരുന്നത്? നമ്മള്‍ തന്നെ.” പഴക്കച്ചവടക്കാരനായ ഇസ്സാം പറയുന്നു.

ചെലവുചുരുക്കല്‍ നടപടികളും പണപ്പെരുപ്പവും ഉണ്ടാക്കിയ സങ്കീര്‍ണതകള്‍ മറിക്കടക്കാന്‍, സര്‍ക്കാര്‍ ചില സുരക്ഷാപദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തിയിരുന്നു.

കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നെറ്റിന്‍റെ തലവന്‍ അന്‍ഗസ് ബ്ലയര്‍ പറയുന്നത്, വന്‍കിട പദ്ധതികള്‍ക്കു പകരം, രാജ്യവ്യാപകമായി ചെറിയ അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ സര്‍ക്കാര്‍ നിക്ഷേപമിറക്കണമെന്നാണ്. “സാമ്പത്തികരംഗം ശക്തമായി വളരുന്നുണ്ട്, പക്ഷേ ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു മാക്രോഇക്കണോമിക് പരിപ്രേക്ഷ്യത്തില്‍ നിന്നു നോക്കുമ്പോള്‍ പുരോഗതിയുണ്ടെന്ന് പറയാം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജിപ്ഷ്യന്‍ പൗരന്‍മാരുടെ ചെലവുചുരുക്കിയുള്ള ജീവിതത്തെ ആവര്‍ത്തിച്ച് പ്രശംസിച്ച പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, പരിഷ്കരണങ്ങള്‍ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഈജിപ്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് അല്‍സീസി ഈജിപ്ഷ്യന്‍ പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുന്നത്.

“ഒരു കാര്യം മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ള; കാത്തിരിക്കുക, ഈജിപ്തില്‍ സംഭവിക്കാന്‍ പോകുന്ന മഹാത്ഭുതങ്ങള്‍ നിങ്ങള്‍ കാണുക തന്നെ ചെയ്യും” കഴിഞ്ഞ വര്‍ഷം സീസി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണിത്.

“ഇതുവരേക്കും, ഒരു പുരോഗതിയും എനിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ ക്ഷമാലുക്കള്‍ തന്നെയാണ്, പക്ഷേ എന്നാണ് ഇതിനൊരു അവസാനം ഉണ്ടാവുക?” മുഹ്സിന്‍ കമാല്‍ പറഞ്ഞുനിര്‍ത്തി.

മൊഴിമാറ്റം: ഇര്‍ഷാദ്
അവലംബം: മിഡിലീസ്റ്റ്മോണിറ്റര്‍

Related Articles