Human Rights

‘നജ്മല്‍ ബാബുവും കമല്‍ സി. നജ്മലും’ പറയാതെ പറയുന്നതെന്ത്?

ഹിന്ദുത്വത്തിന്റെ അടിസ്ഥാനം ആത്മീയതയല്ല. അത് വംശീയമായ ചിന്താഗതികളാലാണ് പടര്‍ന്നു പന്തലിച്ചത്. ഈ വംശീയബോധത്തിന്റെ വേരറുക്കുവാന്‍ ഇടത് യുക്തിവാദത്തിന് കഴിയുകയില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നജ്മല്‍ബാബുവിന്റെ ഭൗതികശരീരം. കമ്യൂണിസത്താല്‍ ഊട്ടപ്പെട്ട യുക്തിവാദത്തിന് ഒരിക്കലും നിരപേക്ഷത അവകാശപ്പെടുവാനാകില്ല.അത് തിടം വെച്ചത് യുക്തികള്‍ക്കുപരിയായ മതനിഷേധ പ്രബോധനങ്ങളിലൂടെയാണ്. സവര്‍ണതയുടെ സാംസ്‌കാരിക യുക്തിയെ നിലനിര്‍ത്തിക്കൊണ്ടാണ് അത് ജാതിയെ അഭിസംബോധന ചെയ്യുന്നത്. പൗരോഹിത്യാചാരങ്ങളിലൂന്നിയ അന്ധവിശ്വാസങ്ങളുടെ ദുര്‍ബലയുക്തികളെ എളുപ്പത്തില്‍ കീഴടക്കിയ യുക്തിവാദം എന്ന ഇടത് വ്യവഹാരത്തിന്റെ സ്വീകാര്യതയുടെ സ്വാഭാവിക സൗജന്യമാണ് ജാതി യുക്തിയെ സ്ഥിരപ്പെടുത്തല്‍.
വര്‍ഗ വൈരുധ്യത്തിന്റെ കണ്ണടയിലൂടെ മനുഷ്യജീവിതത്തെയും ലോകത്തെയും അളന്നാല്‍ കാണുവാന്‍ സാധിക്കാത്തതാണ് ഓരോ മനുഷ്യന്റെയും സ്വത്വാഭിമാനങ്ങള്‍. ഈ സ്വത്വബോധത്തെ ജാതീയതക്കും വംശീയതക്കും വിട്ടുകൊടുത്തു എന്ന ഔദാര്യത്താലാണ് ഹൈന്ദവയുക്തിവാദികള്‍ മാനസിക സജ്ജീകരണങ്ങളുടെ ഭാരം പേറാതെ ഇടത്‌ചേരിയില്‍ ഭൂരിപക്ഷമായി നിലകൊള്ളുന്നത്. ജാതിബോധത്തെ പരിക്കേല്‍പിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ സമത്വസങ്കല്‍പത്തിലേക്ക് മൃതദേഹത്തെപ്പോലും സ്വതന്ത്രമാക്കുവാന്‍ തക്ക മാനസികശേഷിയോ വിശാലതയോ ഇല്ലാത്തതാണ് ജാതിഭീരുത്വം. അത് യാഥാസ്ഥിതികയുടെ മുറുകെപ്പുണരലിന്റെ അധികഭാരം ചുമത്തുന്നത് മുസ്ലിം സമുദാത്തിലേക്കും സ്വത്വത്തിലേക്കുമാണ്. ആദര്‍ശ സഹോദരന്റെ മൃതദേഹപരിപാലനം ആദര്‍ശാനുസൃതം നിര്‍വഹിക്കുക എന്നത് പൊതുബാധ്യതയായി പഠിപ്പിക്കപ്പെട്ട ഒരു വിഭാഗം, തങ്ങളുടെ മതപരമായ ബാധ്യതയുടെ പൂര്‍ത്തീകരണത്തെപ്പോലും തടയുന്ന പ്രതികൂല സാമൂഹിക സാഹചര്യത്തിലാണുള്ളത്.
ഈയൊരു ബോധ്യത്താലാണ് അവര്‍ മൃതദേഹത്തിന്റെ ശ്മശാനവേട്ടയില്‍ അനാരോഗ്യകരമായ പക്ഷംചേരലിന് നിന്നുകൊടുക്കാത്തത്. അരക്ഷിതവും അപരവല്‍കൃതവുമായ അന്തരീക്ഷത്തില്‍ എപ്പോഴും വിട്ടുവീഴ്ച ചെയ്യാനും രാജിയാകാനും നിര്‍ബന്ധിതമാക്കപ്പെട്ടവരാണ് മുസ്ലിം വിഭാഗം. സ്വന്തം മകന്റെ മയ്യിത്തിനെ തള്ളിപ്പറയിപ്പിച്ചത് ഫാഷിസ്റ്റ് കല്‍പിതമായ മനോവ്യാപാരമാണ്. അത്തരം വിധേയപരമല്ലാത്ത, വിട്ടുവീഴ്ചയുടെയും സമാധാനത്തിന്റെയും പാഠങ്ങളെ ആദര്‍ശത്തിന്റെ താല്‍പര്യങ്ങളായിക്കണ്ട് അഹിംസാപരമായ ഫാഷിസ്റ്റ് പ്രതിരോധങ്ങള്‍ ശക്തിയാര്‍ജിക്കേണ്ട സന്ദര്‍ഭമാണിത്.

മൃതദേഹത്തെ ആഘോഷിക്കുന്നവര്‍ അതില്‍ വസിച്ച ആത്മാവിനെ അറിയാത്തതിന്റെ അടയാളമാണ് സ്വന്തം താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന ചരമശുശ്രൂഷ അതിനു വിധിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ പെടുന്നതാണ്. ശബ്ദമില്ലാത്തവനോട് ചെയ്യുന്ന അനീതിയാണ്. ഭക്ഷണാവകാശവും വസ്ത്രാവകാശവും പോലെ തന്നെ സ്വതന്ത്രമാണ് ചരമശുശ്രൂഷാവകാശവും.അതുപോലും അനുവദിക്കാത്ത വംശീയത ഇടത് യുക്തിയെ ആശ്ലേഷിച്ച് കുഴിമാടത്തിലേക്ക് പടരുന്ന വേരമ്പുകളായി ..അധോഗതിപ്പെടുന്നു. സി.പി.എം മതാശ്ലേഷണത്തെ സാങ്കേതികതയിലേക്ക് ചുരുക്കി ശവസംസ്‌കാരം നടത്തപ്പെട്ടതിനെ ന്യായീകരിക്കുകയാണ്. ശക്തമായ ആശയമായി, നിലപാടിനെ പ്രതിനിധീകരിക്കുന്ന പ്രതിരോധ ഊര്‍ജമായി ആത്മീയത അടയാളപ്പെടുന്നതിനെ സി.പി.എം അടക്കമുള്ള ഇടത് അനുകൂലികള്‍ ഭയക്കുന്നു. അവര്‍ക്ക് പഥ്യം ഓഫീസ് സര്‍ട്ടിഫിക്കറ്റുകളില്‍ അടയാളപ്പെടുന്ന, വ്യക്തിതലത്തില്‍ ഒതുങ്ങുന്ന കേവല മതമാണ്. ‘വ്യക്തിപരമായ ആത്മീയ ആഗ്രഹമായും രാഷ്ട്രീയമായ പ്രസ്താവനയായും’ തന്റെ നിലപാടിനെ ശക്തമായി അവതരിപ്പിക്കുന്ന തുറന്നെഴുത്തില്‍ ടി.എന്‍ ജോയ് ഫാഷിസ്റ്റ് പ്രതിരോധത്തിന്റെ ഇടത് ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ഒരാള്‍ തന്റെ ജീവിതവും മരണവും ഫാഷിസ്റ്റ് വിരുദ്ധമായ രാഷ്ട്രീയ പ്രസ്താവനയാക്കിയാല്‍ പ്രത്യാക്രമണങ്ങള്‍ ഉറപ്പായ ഇക്കാലത്ത് ,ഒരു പോരാളിയുടെ മരണത്തെ അദ്ദേഹത്തിന്റെ ജീവിതനിലപാടുകള്‍ക്കെതിരായ പ്രതികാര സന്ദര്‍ഭമാക്കുന്നിടത്ത് സവര്‍ണബോധത്തിലൂന്നിയ ഇടത് യുക്തി ജാഗ്രത പാലിച്ചു. ജീവന്‍ തുടിക്കുന്ന നിലപാടുകളോടുള്ള പ്രതീകാത്മക പ്രതികാരത്തിന് മരണം വരെ കാത്തിരിക്കേണ്ടതായ ആശയദാരിദ്ര്യം പിടികൂടിയ ഇടതുപക്ഷം ചരമഗീതങ്ങള്‍ക്ക് കാതോര്‍ത്തിരിക്കട്ടെ. സവര്‍ണ ചിതയും ഇടതുചിതയും ഒരേനിറം കൈകൊള്ളുന്ന യുക്തിയെ കൂടിനില്‍ക്കുന്നവര്‍ തിരിച്ചറിയട്ടെ.

സമൂഹത്തിലേക്കും സമരത്തിലേക്കും പടരുന്ന.., ഫാഷിസത്തെ ശക്തമായി വിമര്‍ശിക്കത്തക്ക ആശയഭദ്രതയുള്ള മതത്തിന്റെ പ്രതിനിധീകരണത്തെ അവര്‍ ഭയക്കുന്നതിനു കാരണം ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര ദൗര്‍ബല്യങ്ങള്‍ തന്നെ. മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നുരുവിട്ടു പഠിച്ചവര്‍ മനുഷ്യന്റെ വിമോചനസ്വപ്നങ്ങള്‍ക്ക് വിത്തുപാകുന്ന ദര്‍ശനത്തെ യാഥാസ്ഥിതിക ചട്ടക്കൂടിനുള്ളില്‍ ദഹിപ്പിക്കുവാന്‍ ബദ്ധശ്രദ്ധരാകുന്നു. അതിനാലാണ് താന്‍ മുസ്ലിം ആണെന്ന് നിരവധി വേദികളില്‍ തുറന്നു പ്രഖ്യാപിച്ചിട്ടും,ചേരമാന്‍ ജുമാമസ്ജിദ് ഖത്വീബിന് സ്വന്തം കൈപ്പടയില്‍ , തന്റെ ദേഹത്തിന്റെ സംസ്‌കാരാനുമതി തേടിയത് മരിക്കാത്ത ആഗഹാക്ഷരങ്ങളായി കണ്‍മുന്നില്‍ ഉണ്ടായിട്ടും ടി. എന്‍. ജോയ് എന്ന നജ്മല്‍ബാബുവിന്റെ ഭൗതികസംസ്‌കാരം ചിതയില്‍ ചാരമായത്. സംസ്‌കാരവുമായി ബന്ധമുള്ളതു കൊണ്ടു തന്നെയാണ് ശവസംസ്‌കാരം എന്ന് പറയുന്നത്. ഫാഷിസ്റ്റ് പ്രവണതയുടെ സംസ്‌കാരശൂന്യത ഈ സംസ്‌കാരത്തില്‍ പ്രകടമാണ്. നജ്മല്‍ബാബുവിന്റെ ജീവിതം പോലെ മരണവും ഫാഷിസത്തോടുള്ള അടങ്ങാത്ത സമരങ്ങളെ പുനരുല്‍പാദിപ്പിക്കുന്നതിന്റെ തെളിവാണ് കമല്‍ സി ചവറയുടെ നിലപാട്. ഇസ്ലാമിന്റെ ബഹുതലവും സമഗ്രവുമായ ആകര്‍ഷകങ്ങള്‍ അതിനു മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്. കമലസുരയ്യയെ ഇസ്ലാമിന്റെ സൗന്ദര്യാത്മകതയും സ്ത്രീ പ്രതിനിധാനവുമാണ് സ്വാധീനിച്ചത്. എന്നാല്‍ ടി.എന്‍ ജോയ് എന്ന നജ്മല്‍ബാബുവിനെയും കമല്‍സിയെയും ആകര്‍ഷിച്ചത് ഇസ്ലാനിന്റെ സമര സാധ്യതകളും പ്രതിനിധാനവുമാണ്. മാനുഷികമായ ഓരോ തേട്ടത്തിനും പ്രശ്‌നത്തിനും പ്രതിവിധിയും പരിഹാരവുമുണ്ട് എന്നത് ഇസ്ലാം സ്വീകരണത്തിന്റെ വിവിധ സന്ദര്‍ഭങ്ങളെ പഠനവിധേയമാക്കിയാല്‍ കാണാവുന്നതാണ്. സമരതീക്ഷ്ണമായ കാലികസന്ദര്‍ഭങ്ങളില്‍ സമരോല്‍സുകവ്യക്തിത്വുവും കാഴ്ചപ്പാടുമുള്ളവരെയും കൂടി ഏകോപിപ്പിക്കുന്ന ഇസ്ലാമികരാഷ്ട്രീയ ഉണര്‍വുകളിലേക്ക് നാം സമരസഞ്ചാരം നടത്തേണ്ടതിന്റെ അനിവാര്യതയെക്കൂടി ഈ സന്ദര്‍ഭം ഓര്‍മിപ്പിക്കുന്നുണ്ട്.

വ്യക്തിപരമായ മോക്ഷത്തിനതീതമായ സാമൂഹിക വിമോചനാത്മകതയെ ഉള്‍കൊണ്ടാണ് നജ്മലിനെപ്പോലെ കമല്‍ സിയും ഇസ്ലാമിനെ പുല്‍കിയത്. അടിച്ചമര്‍ത്തപ്പെടുന്നവന്റെ പക്ഷം ചേരുന്നത് ‘ സാമൂഹികനീതിയുടെ ദര്‍ശനത്തിന്റെ അനുയായികള്‍ക്കു തന്നെ അത് വിലക്കപ്പെടുന്ന ദുരവസ്ഥയുടെ പ്രതികരണമായാണ്. മതാശ്ലേഷണം എന്നത് വ്യക്തിപരിണാമം എന്നതില്‍ നിന്ന് സാമൂഹികപരിണാമത്തിനായ വിപ്ലവപ്രവര്‍ത്തനമാകുന്ന ചലനാത്മകത. ഇത് പ്രഹരമേല്‍പിക്കുന്നത് ഫാഷിസ്റ്റ് ശൈലികളെത്തന്നെയാണ്.,അതില്‍ നിന്നുളവാകുന്ന പൊതുബോധത്തെയാണ്. സാമ്പ്രദായിക മതാചരണത്തിന് അവകാശപ്പെടാനാവാത്ത ഇസ്ലാമിന്റെ രാഷ്ട്രീയവികാസത്തെയും ഈ പ്രഹരശേഷിയെയുമാണ് സവര്‍ണബോധത്തിലൂന്നിയ മതേതരഭൗതികവാദം ഭയപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ ഉളവായ പുനരാവിവിഷ്‌കാരത്തിന്റെ സാധ്യതയെയാണ് കമല്‍ സമയോചിതമായി ഏറ്റെടുത്തത്. വിമോചനദര്‍ശനത്തിനായ പ്രതികരണം പോലും നിഷേധാത്മകമല്ലാത്ത ഐക്യദാര്‍ഢ്യപ്പെടലാണ്.കുടുംബപരമായ ബഹിഷ്‌കരണത്തിലുപരിയായ സാമൂഹികബഹിഷ്‌കരണത്തെയാണ് കമല്‍ ധീരമായി അഭിമുഖീകരിക്കുവാനിരിക്കുന്നത്. സവര്‍ണബോധത്താല്‍ അടക്കം ചെയ്യപ്പെടുന്ന വിമോചനപ്രതിനിധാനങ്ങള്‍ വര്‍ദ്ധിതവീര്യത്തോട ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെ കമല്‍ സി നജ്മല്‍ അടയാളപ്പെടുത്തുന്നു. അടയാളങ്ങളെ മായ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മധുരപ്രതികാരവുമാണത്.

മുസ്ലിം എന്നത് മതാതീതമായ രാഷ്ട്രീയപ്രതിരോധമാകുന്ന ഈയൊരു ചരിത്രഘട്ടത്തില്‍നിന്നാണ് നജ്മല്‍ബാബു ‘കഫന്‍പുടവ’യണിഞ്ഞത്. അദ്ദേഹത്തിന്റെ ആത്മാവ് അഗ്‌നിസാക്ഷ്യം വരിച്ച തന്റെ ദേഹം ഉയര്‍ത്തിയ പ്രതിരോധ ചിന്തകള്‍ കണ്ട് പുഞ്ചിരിക്കുന്നുണ്ടാവണം.

പരോക്ഷമായ യുദ്ധാങ്കണങ്ങളിലാണ് മുസ്ലിംകളുള്ളത്. പശുവിന്റെ പേരിലും മറ്റും അരും കൊല ചെയ്യപ്പെടുന്നവരുള്ള കാലത്ത് സ്വതന്ത്രമായ മുസ്ലിം നിലപാടു ജീവിതം നയിച്ച മൃതദേഹത്തിന്റെ ഐഡന്റെിറ്റികള്‍ അപഹരിക്കപ്പെടുന്ന യുദ്ധസമാനമായ സാഹചര്യം. രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥക്കുള്ള പരിഹാരമാണ് ഇരകളുടെ ലോകം തേടിക്കൊണ്ടിരിക്കുന്നത്. യുദ്ധവേളകളില്‍ തേജോവധം ചെയ്യപ്പെടുന്ന മൃതദേഹങ്ങള്‍ ചരിത്രത്തില്‍ ധാരാളം കാണാം. സമരജീവിതം നയിച്ചതിനു ശേഷമുള്ള മരണ ശുശ്രൂഷാവേളയില്‍ അപരവല്‍കൃതരുടെ അടയാളങ്ങള്‍ ഇല്ലാതാക്കിയപ്പോള്‍ ശവസംസ്‌കാര ജനാധിപത്യമാണ് ഇല്ലാതായത്. മരണാനന്തരം ശത്രുക്കളാല്‍ തേജോവധവും ചിത്രവധവും ചെയ്യപ്പെടുന്നതു പോലെയുള്ള മറമാടല്‍ഭീതി നിലനില്‍ക്കുന്നു. മരണാനന്തര പരിചരണത്തിനായ സ്വയം നിര്‍ണയാവകാശത്തെ റദ്ദു ചെയ്യുന്ന സ്വേഛാധിപത്യത്തിന്റെ യുക്തിയോട് ജോയ് സ്വീകരിച്ച ഇസ്ലാമിന്റെ കണ്ണടയിലൂടെ അനുതപിക്കാം. മൃതദേഹത്തെ അനാദരിക്കുന്നതിനു തുല്യമാണ് അന്ത്യാഭിലാഷത്തെ അട്ടിമറിക്കുക എന്നത്. ജീവല്‍പ്രശ്‌നങ്ങളില്‍ അതിസങ്കീര്‍ണതകള്‍ കുരുക്കഴിക്കപ്പെടാനുള്ളതു കൊണ്ട് മരണം പോലും സാമൂഹികവിശകലനത്തിനുള്ള സന്ദര്‍ഭമാണ്. ശവംതീനികളുടെ ഫാഷിസത്തിന്റെ ജഢാധിപത്യത്തിന്റെ പ്രേരകങ്ങളിലൊന്ന് സ്വകാര്യസ്വത്തായി എല്ലാറ്റിനെയും സമീപിക്കുന്നതാണ്. ബുദ്ധിയുടെ സ്വാതന്ത്ര്യവും നിലപാടുജീവിതത്തിന്റെ തിരഞ്ഞെടുപ്പും വകവെച്ചു കൊടുക്കാത്ത വംശബോധവും ജാതിബോധ ഫാഷിസവും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ സുഭദ്രമായി സംഗമിക്കുന്നു.

Facebook Comments
Show More

Related Articles

Close
Close