Current Date

Search
Close this search box.
Search
Close this search box.

ദേശീയതയും മതവും പറഞ്ഞ് പേടിപ്പിക്കുന്നവർ

പൗരത്വബില്ല് വലിയ ചർച്ചയായിരിക്കുകയാണ്. മുസ്ലിം സമുദായം പൗരത്വ പ്രതിസന്ധി നേരിടുന്നു. ഹിന്ദുത്വത്തിന്റെ വിശുദ്ധ ഭൂമിയിലേക്കുളള മടക്കം എന്ന ആശയമാണ് പൗരത്വബില്ലിലൂടെ ചുട്ടെടുക്കുന്നത്. ഈ സംന്ദർഭത്തിൽ ചകിതരാകാതെ ചില വസ്തുതകൾ നാം ഖുർആനിലൂടെ പഠിക്കണം. മൂസാ പ്രവാചകനും ഫറോവയെന്ന ഏകാതിപതിയും മുഖാമുഖം നിന്ന രംഗങ്ങൾ ഖുർആൻ വിശദീകരിക്കുന്നുണ്ട്. മൂസാ നബിയെ കുറിച്ച് കപട ദേശീയതയുടെ പേരിൽ ആശങ്ക പ്രകടിപ്പിക്കുന്ന ഫറോവയെ നാം ചരിത്രത്തിൽ കാണുന്നു. ഖുർആനിൽ നമുക്കത് ഇങ്ങനെ വായിക്കാം. അയാള്‍ ചോദിച്ചു: “ഓ മൂസാ, നിന്റെ ജാലവിദ്യകൊണ്ട് ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കാനാണോ നീ ഞങ്ങളുടെ അടുത്തു വന്നിരിക്കുന്നത്? (Sura 20 : Aya 57)

ഞങ്ങളുടെ നാട്ടിൽ നിന്ന് ഞങ്ങളെ പുറത്താക്കലാണ് മൂസയുടെ തന്ത്രം എന്ന പ്രചരണമാണ് ഫറോവയും കൂട്ടരം നടത്തിയത്. ഇതും പറഞ് ദേശ സ്നേഹം അഭിനയിക്കുന്ന ഫറോവയേയും ആളുകളേയും നാം കാണുന്നു. “ഇവരിരുവരും തനി ജാലവിദ്യക്കാരാണ്. ഇവരുടെ ജാലവിദ്യയിലൂടെ നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറന്തള്ളാനും നിങ്ങളുടെ ചിട്ടയൊത്ത ജീവിതരീതി തകര്‍ക്കാനുമാണ് ഇവരുദ്ദേശിക്കുന്നത്. (Sura 20 : Aya 63).  നിങ്ങളുടെ ജീവിത രീതി തകിടം മറിക്കാൻ വന്ന കുഴപ്പക്കാരനാണ് മൂസയെന്ന് പറയാൻ ഫറോവ മടികാണിച്ചില്ല. ഇതും പറഞ് ആളുകളെ ഇളക്കിവിട്ടു. തെരുവിൽ ആൾകൂട്ട ആക്രമണങ്ങൾ നടന്നു. പരസ്യമായി പള്ളികളിൽ വന്ന് നമസ്ക്കരിക്കാൻ കഴിയാതെയായി. പള്ളികളിൽവെച്ച് കൂട്ടത്തോടെ കഷാപ്പ് ചെയ്യപ്പെട്ടു. അന്നേരം മൂസാ നബിയോട് അല്ലാഹു അവരുടെ വീടുകളിൽ വെച്ച് നമസ്ക്കരിക്കാൻ കൽപ്പന നൽകി.

മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്‌ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക. (Sura 10 : Aya 87).  എന്താ ഇത് പറയാൻ കാരണം. പുറത്തിറങാൻ കഴിയുന്നില്ല പള്ളിയിൽ ഒത്തുകൂടാൻ ഫറോവൻ ഭരണകൂടം അനുവതിക്കുന്നില്ല. ഇബ്നു അബ്ബാസ്( റ) മുകളിലെ വചനം വിശദീകരിച്ചു കൊണ്ട് പറയുന്നു ” ബനൂഇസ്രായിലികൾ മൂസാ നബിയോട് പരാതിപറഞു, ഫറോവൻ ഭരണത്തിൽ ഞങ്ങൾക്ക് പരസ്യമായി പള്ളികളിൽ ചെന്ന് നമസ്ക്കരിക്കാൻ കഴിയുന്നില്ല”. അപ്പോഴാണ് അവർക്ക് അല്ലാഹു വീട്ടിൽ വെച്ച് നമസ്ക്കരിക്കാൻ കൽപ്പന നൽകിയത്. ഫറോവ മൂസാനബിക്കെതിരെ സംഘടിക്കാൻ രാജ കൽപ്പന പുറപ്പെടുവിച്ചു സന്നാഹങൾ ഒരുക്കിവെക്കാനും പറഞ്ഞു.

“അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ തന്ത്രങ്ങളൊക്കെയും ഒരുക്കൂട്ടി വെക്കുക. അങ്ങനെ വലിയ സംഘടിതശക്തിയായി രംഗത്തുവരിക. ഓര്‍ക്കുക: ആര്‍ എതിരാളിയെ തോല്‍പിക്കുന്നുവോ അവരിന്ന് വിജയം വരിച്ചതുതന്നെ.” (Sura 20 : Aya 64) മൂസാ പേടി കൃത്രിമമായി സൃഷ്ടിക്കുന്നു. ജനങനെ തെറ്റുദ്ധരിപ്പിക്കുന്നു. ഇസ്ലാമോഫോബിയയുടെ കാലത്ത് ഈ ചരിത്രം പലതിലേക്കും നമുക്ക് വെളിച്ചം നൽകുന്നുണ്ട്. ഫിര്‍ഔന്‍ പറഞ്ഞു: “എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുനോക്കട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്‌തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.” (Sura 40 : Aya 26)

ഇവിടെ ഫറോവയുടെ തന്ത്രം കൃത്യമാണ്. മൂസാനബിയെ കൊള്ളാനുള്ള രണ്ട് ന്യായമാണ് അയാൾ ചമക്കുന്നത്. ഒന്ന് ) മൂസ മതപരിവർത്തനം നടത്താൻ വന്നവനാണ് . രണ്ട്) മൂസ നാട്ടിൽ കുഴപ്പം( ഭീകരത) ഉണ്ടാക്കാൻ വന്നവനാണ്. മിസ്റിലെ ബനൂഇസ്രായേൽ ആൺകുട്ടികളെ കൂട്ട കൊല നടത്തിയ ഫറോവയാണ് ഇവിടെ സമാധാനത്തിൻെറ ആളായി മാറുന്നത്. ഇന്ന് നമ്മുടെ രാജ്യത്തിൻെറ ചിത്രവും മറിച്ചൊന്നുമല്ല. ശുഅൈബ് നബിയോടും അവിടുത്തെ അധികാരിവർഗം പറഞത് നാട് വിട്ട് പോകാൻ തന്നെയാണ്. അദ്ദേഹത്തിന്റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: “ശുഐബേ, നിന്നെയും നിന്നോടൊപ്പമുള്ള വിശ്വാസികളെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും; ഉറപ്പ്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരിക തന്നെ വേണം.” അദ്ദേഹം ചോദിച്ചു: “ഞങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കിലും? (Sura 7 : Aya 88)

അധികാരി വർഗ്ഗത്തിൻെറ മതത്തോടൊപ്പം ചേർന്ന് നിന്നാൽ കുഴപ്പമില്ല. മതം ഉപേക്ഷിക്കാൻ തയ്യാറാണങ്കിൽ ഞങളുടെ നാട്ടിൽ സുഖമായി ജീവിക്കാം. മതത്തിൻെറ പേരിലുള്ള വിഭജനത്തിന് രാജ്യത്ത് കളമൊരുങികൊണ്ടിരിക്കുമ്പോൾ ഇത്തരം പ്രവാചക ചരിതങൾ വിശ്വാസികൾ ഒരു ആവർത്തികൂടി വായിക്കണം. മുഹമ്മദ് നബിയെ കുറിച്ച് പറയുന്നിടത്ത് ഖുർആനിൽ ഇങനെ ഒരു പരാമർശം കാണാം- നീ ഈ നഗരത്തില്‍ താമസിക്കുന്നവനല്ലോ. (Sura 90 :Aya2)

അതായത് താങ്കൾ മക്കക്കാരൻ തന്നെയാണ്. ഇവിടെ ജീവിക്കാൻ അവകാശമുള്ളവനും. തഫ്ഹീമുൽ ഖുർആനിൽ ഈ ആയത്ത് വിശദീകരിച്ച്കൊണ്ട് പറയുന്നു. “അറബികളുടെ ദൃഷ്ടിയില്‍ മക്കാ പട്ടണത്തിലെ വന്യമൃഗങ്ങളെപ്പോലും കൊല്ലുന്നതും ചെടികള്‍പോലും മുറിച്ചുകളയുന്നതും നിഷിദ്ധമാണ്. ഇവിടെ എല്ലാവര്‍ക്കും അഭയവും സുരക്ഷിതത്വവും ലഭ്യമാണ്. എന്നാല്‍ പ്രവാചകരേ, താങ്കള്‍ക്ക് ഇവിടെ ഒരു സുരക്ഷിതത്വവുമില്ലെന്നതാണ് അവസ്ഥ. താങ്കളെ പീഡിപ്പിക്കുന്നതും കൊന്നുകളയാന്‍ പരിപാടിയിടുന്നതും അവര്‍ അനുവദനീയമാക്കിയിരിക്കുകയാണ്”.

അഥവാ പ്രവാചകൻെറ ജീവന് ഒരു ചെടിയുടേയൊ, മൃഗത്തിന്റെ വിലപോലുമോ കൽപ്പിക്കുന്നില്ല.ഇവിടെ ഇക്കൂട്ടത്തിൽ ചേർത്ത് വായിക്കുക. ഇന്ത്യയിൽ പശുവിൻെറ വില മനുഷ്യനില്ല. ദലിദുകളും, മുസ്ലിംങ്കളും നീതിക്കായി, നിലനിൽപ്പിനായി പൊരുതുകയാണ്. ഇബ്‌റാഹീം(അ)താന്‍ സ്വീകരിച്ച വിശ്വാസം ജനങ്ങളോട് പറഞ്ഞതിനാല്‍ വീട്ടില്‍ നിന്നും നാടായ ഇറാഖില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇബ്‌റാഹീം പറഞ്ഞു: “ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും. (Sura 37 : Aya 99)
ചുരുക്കിപ്പറഞ്ഞാൽ നാട് കടത്തലും, പുറത്താക്കലും എന്ന് പറയുന്ന കുതന്ത്രം പുതിയതല്ല. നംറൂദും ഫറോവയും നടപ്പാക്കിയതും ശേഷം അഭിനവ ഫറോവമാർ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രം പയറ്റിയ ഏകാതിപതിയായിരുന്നു ഫറോവ. ഫിര്‍ഔന്‍ നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്‍മക്കളെ ജീവിക്കാന്‍ വിട്ടു. അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച. (Sura 28 : Aya 4) അടിച്ചമർത്തപ്പെട്ടവരുടെ വിമോചനം എന്ന മതത്തിന്റെ തന്നെ രാഷ്ട്രീയ ഭാവം അവതരിപ്പിക്കുന്നതാണ് മൂസ നബിയുടെ ചരിത്രം. ധിക്കാരിയായ ഫറോവയുടെ മുമ്പിൽ മുട്ട് വിറക്കാതെ മൂസാ നബി സംസാരിക്കുന്നു. “അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുമായാണ് ഞാന്‍ നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രയേല്‍ മക്കളെ എന്നോടൊപ്പം അയക്കുക.” (Sura 7 : Aya 105)

രാഷ്ട്രീയമായ വിമോചനം സാധ്യമാക്കാനുള്ള ശ്രമം. ഇതിൽ നിന്ന് പാഠങ്ങൾ ഏറെ പഠിക്കാനുണ്ട്. സമുദായവും അവരുടെ നേതൃത്വവും ഈ ജോലി നിർവ്വഹിക്കണം. ജനാതിപത്യ രീതിയിലുള്ള സമാധാന പരമായ സമരങളും, പ്രതിഷേധങളും ഉയരണം. മൂസാ നബി മർദ്ദിതർകൊപ്പം നിലയുറപ്പിച്ചു ഫാഷിസത്തിന്റെ ഇരകളെ മുഴുവൻ ചേർത്തു പിടിക്കാൻ ഇന്ത്യൻ മുസ്ലിംങ്ങളൾക്ക് സാധിക്കണം . മൂസാ നബി ചേർത്ത് പിടിച്ചപോലെ താൻ വിമോചിപ്പിച്ച് കൊണ്ട്പോയ കൂട്ടത്തിൽ ആരൊക്കെ? ദുർബല വിശ്വാസികൾ, ബഹുദൈവാരാദകർ, വിഗ്രഹ പൂജകനും, അതിൻെറ നിർമ്മാതാവുമായ സമിരിയടക്കും വിമോചിപ്പിച്ച കൂട്ടത്തിലുണ്ട്. ഹാമാനിനേയും, ഫറോവയേയും മുക്കികൊന്നപ്പോൾ സാമിരി അതിൽ പെട്ടില്ല. ഫാഷിസത്തിന്റെ മുഴുവൻ ഇരകളേയും ചേർത്ത് പിടിക്കാൻ ഇന്ത്യൻ മുസ്ലിംങ്കൾക്ക് കഴിയണം. അതിന് നേതൃപരമായ പങ്ക് വഹിക്കണം. കാര്യങൾ ഇങ്ങനെയൊക്കെയാണങ്കിലും മുസ്ലിം സമുദായം നിരാശപ്പെടേണ്ട കാര്യമില്ല. ഖുർആൻ പറഞുതരുന്ന ചരിത്രം നാം മറക്കാതിരുന്നാൽ മതി.

മൂസാനബിക്കെതിരെ പടനയിച്ച ഫറോവയുടെ ഗതി ഖുർആൻ പറഞുതരുന്നുണ്ട്. ആണികളുടെ ആളായ ഫിര്‍ഔനെയും. അവരോ, ആ നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അവരവിടെ കുഴപ്പം പെരുപ്പിച്ചു. അപ്പോള്‍ നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു. നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച. (Sura 89 : Aya 14)

അല്ലാഹു കൂടെയുണ്ട് എന്ന ബോധമാണ് വിശ്വാസികളുടെ കരുത്ത്. പ്രതിസന്ധികളെ നേരിടുവാനുള്ള മനക്കരുത്ത് നല്‍കുകയുംചെയ്യുന്നത് ഈ വിശ്വാസമാണ് നബി(സ)യെയും അബൂബക്കറി(റ)നെയും പിടിച്ചുകൊടുക്കുവാനുള്ള ആവേശത്തിൽ അവരെ തിരയുന്നവരുടെ കൂട്ടം ഥൗര്‍ ഗുഹയുടെ മുന്നിലെത്തുകയും അവരൊന്ന് കുനിഞ്ഞുനോക്കിയാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്ത സന്ദര്‍ഭത്തില്‍ ദുഖിതനായ തൻെറ കൂട്ടുകാരനോട് നബി (സ) പറഞത് ഖുർആൻ ഇങ്ങനെ പറഞു. ദുഖിക്കരുത്,അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം.

ക്രൂരനായ ഫറോവയോട് മൂസാനബി സ്വീകരിച്ച നിലപാട് നാം പഠിക്കണം. ഭീരുവായി പിൻമാറുകയല്ല മൂസാനബി ചെയ്തത്. ആർജ്ജവത്തോടെ ഫറോവയോട് സമരം ചെയ്യുകയാണ്. ധീരമായും സമാധാനത്തോടെയും സംസാരിക്കുന്നു. “എന്റെ തെളിവുകളുമായി നീയും നിന്റെ സഹോദരനും പോവുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ വീഴ്ചവരുത്തരുത്. (Sura 20 : Aya 42)
“നിങ്ങളിരുവരും ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു. (Sura 20 : Aya 43) “നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ? അല്ലെങ്കില്‍ ഭക്തിയുള്ളവനായെങ്കിലോ?” (Sura 20 : Aya 44) അവരിരുവരും പറഞ്ഞു: “ഞങ്ങളുടെ നാഥാ! ഫിര്‍ഔന്‍ ഞങ്ങളോട് അവിവേകമോ അതിക്രമമോ കാണിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.” (Sura 20 : Aya 45) അല്ലാഹു പറഞ്ഞു: “നിങ്ങള്‍ പേടിക്കേണ്ട. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്.” (Sura 20 : Aya 46) “അതിനാല്‍ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: “തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രയേല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക. (Sura 20 : Aya 47)

ഭരണകൂടത്തോട് മാന്യമായും ധീരമായും സംസാരിക്കുന്നു. നിലവിലെ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത് ഇതാണ്. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കണം. പരീക്ഷണങ്ങൾ വിശ്വാസികളുടെ കൂടെപ്പിറപ്പാണ്. പരീക്ഷണങ്ങൾ അഭിമുഖീകരിക്കാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴില്ലന്ന് പഠിപ്പിച്ചത് ഖുർആനാണ്. അല്ല; നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും “ദൈവ സഹായം എപ്പോഴാണുണ്ടാവുക”യെന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി. അറിയുക: അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ടാകും. (Sura 2 : Aya 214) ഏകാതിപതികളായ ഭീകരൻമാർക്ക് മുമ്പിൽ തോറ്റുകൊടുക്കാൻ നാം തയ്യാറല്ല. വഴങ്ങിയാൽ അതിജീവനം സാധ്യമാവില്ല . ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനതയുടെ അവസ്ഥ നീ കണ്ടില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: “നിങ്ങള്‍ മരിക്കൂ.” പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല. (Sura 2 : Aya 243)

ജീവിതവും മരണവുമൊക്കെ അല്ലാഹു കണക്കാക്കുന്നതും, അവന്‍റെ നിയന്ത്രണത്തിലുള്ളതുമാകുന്നു. യുദ്ധമോ, മറ്റു പരീക്ഷണ ഘട്ടങ്ങളോ നേരിടുമ്പോള്‍ ഭീരുത്വവും, വെപ്രാളവും കാട്ടി ഓടിരക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ല. അങ്ങനെയുള്ള ഘട്ടങ്ങള്‍ നേരിടുമ്പോള്‍, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചും, അവന്‍റെ വിധിയില്‍ തൃപ്തിപ്പെട്ടും കൊണ്ട് ധൈര്യസമേതം ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍, അവന്‍റെ പക്കല്‍നിന്നുള്ള സഹായവും ഔദാര്യവും ലഭിക്കുകയും, വിജയം കൈവരുകയും ചെയ്യും. വിഷമാവസ്ഥയില്‍ ത്യാഗത്തിന് തയ്യാറില്ലാതെ ഭീരുത്വം അവലംബിച്ച് പിന്‍മാറി പിന്നോക്കം പോകുന്നത് അല്ലാഹുവിനോട് ചെയ്യുന്ന നന്ദികേടുകൂടിയാണ്. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇതില്‍നിന്ന് പഠിക്കുവാനുള്ള പാഠങ്ങള്‍. ( അമാനി മൗലവി).

ഫലസ്തീനില്‍നിന്ന് പുറത്താക്കി ആ പ്രദേശം പിടിച്ചടക്കാന്‍ മൂസാ(അ) അവരോട് കല്‍പിച്ചപ്പോള്‍ അവര്‍ ഭീരുത്വം കാണിക്കുകയും മുമ്പോട്ട് പോകാന്‍ കൂട്ടാക്കാതിരിക്കയുമാണ് ചെയ്തത്. അവസാനം അല്ലാഹു അവരെ നാല്‍പത് വര്‍ഷക്കാലം മരുഭൂമിയില്‍ അലഞ്ഞുതിരിയാന്‍ വിട്ടു. അങ്ങനെ അവരുടെ തലമുറ അവസാനിക്കുകയും മരുഭൂമിയുടെ മടിത്തട്ടില്‍ മറ്റൊരു തലമുറ ജനിച്ചു വളരുകയും ചെയ്തപ്പോള്‍ ‘കനാനി’കളുടെ മേല്‍ അല്ലാഹു അവര്‍ക്ക് വിജയം നല്‍കി. ഈ കാര്യത്തെയാണ് ‘മരണ’മെന്നും വീണ്ടും ‘ജീവിത’മെന്നും പറഞ്ഞതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് മനസ്സിലാകുന്നു. ( തഫ്ഹീമുൽ ഖുർആൻ). മുസ്ലിം സമൂഹം സമാന മനസ്ക്കരായ ഇതര സമൂഹങ്ങളെ ചേർത്ത് പിടിച്ച് സമാധാനപരമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. “എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്.” (Sura 2 : Aya 249) ക്ഷമയോടെ ആത്മസംയമനത്തോടെ, നിരാശരാവാതെ മുന്നോട്ടു പോവുക.

Related Articles