Human Rights

അലീഗഢ്: വട്ടമിട്ട് സംഘ്പരിവാറും, ഇമ ചിമ്മാതെ വിദ്യാര്‍ത്ഥികളും

‘സബ്ക്കാ സാത്ത്, സബ്ക്കാ വികാസ്’ എന്ന തത്വം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധനാണ് സര്‍വകലാശാല വി.സി. ആയതിനാല്‍ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ഒരു ക്ഷേത്രം പണിയേണ്ടത് അനിവാര്യമാണ്. ഇതിന് 15 ദിവസത്തിനകം മറുപടിയും കിട്ടേണ്ടതുണ്ട്’. വി.സിക്ക് ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ മുകേഷ് സിംഗ് ലോധി അയച്ച കത്തിന്റെ ഉള്ളടക്കമാണിത്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗ്ഗീയ കലാപം കോപ്പുകൂട്ടാനുള്ളതിന്റെ സൂചന അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ബലം പ്രയോഗിച്ച് ക്യാമ്പസിനകത്ത് ക്ഷേത്രം നിര്‍മിക്കുന്നത് സംഘടനയുടെ വിവരമില്ലായ്മയാണ് സൂചിപ്പിക്കുന്നത് എന്നും സര്‍ക്കാര്‍ തലത്തിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനുമതിയോടെ മാത്രമേ ക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കൂവെന്നുമാണ് കോളേജ് യൂണിയന്റെ നിലപാട്. അല്ലാത്ത പക്ഷം ആരെയും ക്യാമ്പസിനകത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് യൂണിയന്‍ നീക്കത്തെ എതിര്‍ക്കുകയും ചെയ്തു.

ഫെബ്രുവരി 12ന് ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പാര്‍ലമെന്റംഗമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുക്കുന്നുണ്ടെന്ന കിംവദന്തി പടര്‍ന്നു. ഇത് കേട്ടറിഞ്ഞ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക്ക് ടി.വി ചാനല്‍ അനുവാദമില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിക്കുകയും ഇതിനെ പ്രോക്ടറുടെ നേതൃത്വത്തിലുള്ള പോലീസും വിദ്യാര്‍ത്ഥികളും തടയുകയും ചെയ്തു. ഇതില്‍ അരിശം പൂണ്ട റിപ്പബ്ലിക്കന്‍ ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ ‘ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത് ഒരു ടെററിസ്റ്റ് യൂണിവേഴ്‌സിറ്റിയിലാണ്’ എന്ന് അധിഷേപിച്ച് തസമയ സംപ്രേക്ഷണം നടത്താന്‍ ശ്രമിച്ചു. ഈ നീക്കം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുകയും സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു.

മറുഭാഗത്ത് അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ മുഖ്യ കവാടമായ ബാബാ സയ്യിദിലേക്ക് ഇരച്ച് കയറുകയും രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികളും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അപ്പോഴാണ് തോക്കുധാരികളായ എ.ബി.വി.പി പ്രവര്‍ത്തകരില്‍പ്പെട്ട ഒരാള്‍ വെടിയുതിര്‍ക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തത്. അതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ എ.ബി.വി.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.

പ്രസ്തുത സംഭവം പ്രധാനമായും രണ്ട് സൂചനകളാണ് നല്‍കുന്നത്. ഒന്ന്, കേവല യാദൃശ്ചികതക്കപ്പുറം ആസൂത്രിതമായ തിരക്കഥക്കാണ് സംഘപരിവാറും റിപ്പബ്ലിക്ക് ചാനലും നേതൃത്വം നല്‍കിയത്. രണ്ട്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കലാപത്തിനായുള്ള കോപ്പുകൂട്ടലും. സംഭവത്തിന്റെ നിജസ്ഥിതി ഇങ്ങനെയാണെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ തീര്‍ത്തും ഏകപക്ഷീയമാണെന്ന് പറയാം. യുവമോര്‍ച്ച അലീഗഢ് ജില്ലാ അധ്യക്ഷന്‍ മുകേഷ് സിംഗ് ലോധി ജില്ലാ മജിസ്‌ട്രേറ്റില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് 14 വിദ്യാര്‍ത്ഥികള്‍ക്കെതിരില്‍ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തു. എഫ്.ഐ.ആറില്‍ പരാമര്‍ശിച്ച പലരും തത്സമയത്ത് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാത്തവരായിരുന്നു. പ്രസ്തുത എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്ന മുന്‍ എ.എം.യു യൂണിയന്‍ പ്രസിഡന്റ് മസ്ഖൂര്‍ അഹമ്മദ് ഉസ്മാനി ഡല്‍ഹിയിലായിരുന്നിട്ട് പോലും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മറുഭാഗത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ ഇതുവരെ സ്വീകരിച്ചതുമില്ല.

സര്‍വ്വകലാശാല അധികൃതരുടെ നിലപാടും ഖേദകരമാണ്. സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ അഞ്ച് ദിവസങ്ങളായി സമരം ചെയ്ത് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി കൈകൊള്ളുകയാണ് അധികൃതര്‍ ചെയ്തത്. കൂടാതെ ഒരു ദിവസം പൂര്‍ണ്ണമായും സര്‍വകലാശാലയുടെ വൈ.ഫൈ സംവിധാനവും നഗരത്തിന്റെ ഇന്റര്‍നെറ്റ് ലഭ്യതയും റദ്ദാക്കി. ഇതിനകം എട്ട് വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ നാല് പേര്‍ എ.ബി.വി.പി പ്രവര്‍ത്തകരാണ്.
മുമ്പും പല പ്രശ്‌നങ്ങളിലും അകപ്പെട്ട എബി.വി.പി പ്രവര്‍ത്തകര്‍ക്കും മറ്റു നാല് വിദ്യാര്‍ത്ഥികള്‍ക്കുമെതിരില്‍ ഒരേ പോലെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതിനെ വിദ്യാര്‍ത്ഥികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. സമരമുഖത്തുള്ള യൂണിയന്‍ മൂന്ന് ആവശ്യങ്ങളാന്ന് മുന്നോട്ട് വെക്കുന്നത്. ഒന്ന്, 14 വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള രാജ്യദ്രോഹ കുറ്റം പിന്‍വലിക്കുക. രണ്ട്, സസ്‌പെന്‍ഷനിലുള്ള നാല് വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ ആജീവനാന്ത വിലക്കാക്കി മാറ്റുകയും ചെയ്യുക. മൂന്ന്, യൂണിയന്‍ നല്‍കിയ എഫ്.ഐ.ആര്‍ സ്വീകരിക്കാന്‍ പൊലീസ് അധികാരികള്‍ തയ്യാറാവുക.
വിഷയത്തില്‍ വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂര്‍ പാലിക്കുന്ന മൗനത്തെ വിദ്യാര്‍ത്ഥി സമൂഹം ആശങ്കയോടെയാണ് നോക്കി കാണുന്നത്. എന്നിരുന്നാലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധ സംഘമങ്ങള്‍ സമരത്തിന് പ്രതീക്ഷയും കരുത്തും നല്‍കുന്നത് തന്നെയാണ്.

(അലീഗഢ് മുസ്‌ലിം സര്‍വകലാശാലാ പി.ജി വിദ്യാര്‍ത്ഥികളായ അഹമ്മദ് യാസീനും എം. മുബഷിറുമാണ് ലേഖകര്‍)

Facebook Comments
Show More

Related Articles

Check Also

Close
Close
Close