History

ബൈതുല്‍ ഹിക്മ; ജ്ഞാനപ്രസരണത്തിന്റെ ബാഗ്ദാദിയന്‍ പ്രതാപം

ഇസ്ലാമിന്റെ സുവര്‍ണ്ണകാലഘട്ടം എന്നറിയപ്പെടുന്ന മധ്യകാലത്തെ മഹത്തായ സംരംഭങ്ങളിലൊന്നായിരുന്നു ബൈത്തുല്‍ ഹിക്മ (house of wisdom). ബൈത് എന്ന അറബി പദം വീടിനെയും ഹിക്മ എന്ന അറബി പദം ജ്ഞാനത്തെയും കുറിക്കുന്നു. അബ്ബാസിയ്യ ഭരണാധികാരിയായ ഹാറൂണ്‍ റശീദ് എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഗ്രന്ഥാലയമാണ് ബൈത്തുല്‍ ഹിക്മ. ഇസ്ലാമിക സാമ്രാജ്യത്തിലെ ഖിലാഫത്തുകളില്‍ മൂന്നാമത്തേതായിരുന്നു അബ്ബാസിയ ഖിലാഫത്ത്. പ്രവാചകന് ശേഷം നാല് ഖലീഫമാര്‍ ഭരണം നടത്തി. അതിനു ശേഷം വന്ന അമവിയ്യ ഖിലാഫത്ത് ദീര്‍ഘകാലം നീണ്ടുനിന്നില്ല. പിന്നീട് വന്ന ഭരണകാലഘട്ടമായിരുന്നു അബ്ബാസിയ കാലഘട്ടം. രാഷ്ട്രീയമായും സൈനികമായും വൈജ്ഞാനികമായും സാങ്കേതികമായും അറബ് ലോകത്തിന്റെ സുവര്‍ണ്ണ ശതകങ്ങളായിരുന്നു അത്. 23 വര്‍ഷം ഭരണം നടത്തിയ ഹാറൂണ്‍ റശീദിന്റെ കാലത്ത് ബാഗ്ദാദില്‍ ബൈത്തുല്‍ ഹിക്മ സ്ഥാപിക്കപ്പെട്ടതോടെ അക്കാലത്ത് മുസ്‌ലിം ലോകം ശാസ്ത്രം, തത്ത്വചിന്ത, ആരോഗ്യശാസ്ത്രം, വിദ്യാഭ്യാസം എന്നിവയുടെ ലോകത്തിലെത്തന്നെ കേന്ദ്രമായിമാറുകയായിരുന്നു. ബൈത്തുല്‍ ഹിക്മയില്‍ വിവര്‍ത്തനത്തിന് സവിശേഷമായ പ്രാധാന്യം നല്‍കപ്പെട്ടതിനാല്‍ നഷ്ടപ്പെട്ടുപോകുമായിരുന്ന പല പുരാതന കൃതികളും അറബിയിലേക്കും പേര്‍ഷ്യനിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.

എട്ടാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ ബൈതുല്‍ ഹിക്മ എന്ന മഹത്തായ ഗ്രന്ഥാലയം സ്ഥാപിക്കപ്പെടുന്ന സമയത്ത് യൂറോപ്യര്‍ കാലത്തിന്റെ ഇരുണ്ട കലവറക്കുള്ളിലായിരുന്നു. ഇന്ത്യ, ചൈന, അറേബ്യ തുടങ്ങിയ ഭൂപ്രദേശങ്ങളിലുള്ളവരായിരുന്നു താരതമ്യേനെ ബൗദ്ധികമായും സാമ്പത്തികമായും അന്ന് മുന്‍പന്തിയിലുണ്ടായിരുന്നത്. ചൈനക്കാരില്‍ നിന്നും പേപ്പര്‍ നിര്‍മ്മാണം പഠിച്ചെടുത്ത അറബികള്‍ പിന്നീട് അച്ചടി വിപ്ലവത്തിന് നേതൃത്വം നല്‍കി. ബൈതുല്‍ ഹിക്മക്ക് കീഴില്‍ ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ട്രാന്‍സിലേഷന്‍ മൂവ്‌മെന്റ് നടക്കുകയുണ്ടായി. ശാസ്ത്ര പുസ്തകങ്ങളും സാഹിത്യസൃഷ്ടികളും തുടങ്ങി ആ കാലത്ത് എഴുതപ്പെട്ട ഒരു വിധം ഗ്രന്ഥങ്ങളൊക്കെത്തന്നെ അന്ന് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും അവിടത്തെ തദ്ദേശ ഭാഷയിലെ കൃതികള്‍ ശേഖരിച്ചു കൊണ്ടുവരുന്നവര്‍ക്കുവരെ പാരിതോഷികം ഉണ്ടായിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. അക്കാലത്ത് ഓരോ വീടും വിജ്ഞാനത്തെക്കുറിച്ചും കലകളെക്കുറിച്ചു ചര്‍ച്ചകള്‍ നടത്തുക പതിവായിരുന്നു.

Also read: അനിശ്ചിതത്വത്തെ മറികടക്കാനുള്ള വഴികള്‍

ബൈത്തുല്‍ ഹിക്മ പുഷ്‌കലമാക്കിയ മണ്ണില്‍ ജീവിച്ച ഒരുപാട് മഹാപ്രതിഭകള്‍ പിന്നീട് വൈവിധ്യങ്ങളായ ശാസ്ത്ര ശാഖകളില്‍ മഹത്തായ സംഭാവനകളര്‍പ്പിക്കുകയുണ്ടായി. ശാസ്ത്രത്തെ കേവല യുക്തി വ്യവഹാരങ്ങളിലൂടെയും മുന്‍ധാരണകളുടെ അടിസ്ഥാനത്തിലും സമീപിച്ച ഗ്രീക്ക് തത്വചിന്താ മേധാവിത്വത്തെ നിഷേധിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ വഴി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫലം സ്വീകരിക്കുന്ന സമ്പ്രദായം പഠിപ്പിച്ച ഇബ്‌നു ഹൈഥമടക്കം നിരവധി പ്രതിഭകള്‍ മുസ്‌ലിം ലോകത്ത് ഉയര്‍ന്നുവരികയുണ്ടായി. ഊഹങ്ങളും അനുമാനങ്ങളും ശാസ്ത്രമായി ഗണിച്ചിരുന്ന കാലത്ത് ഇബ്‌നു ഹൈഥമിന്റെ ഇടപെടലുകള്‍ ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെത്തന്നെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു.

യൂറോപ്പിലുണ്ടായിരുന്ന വൈജ്ഞാനിക രചനകള്‍ ഏതാനും ഡസന്‍ വാള്യങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ബാഗ്ദാദ് ലൈബ്രറിയില്‍ ഏറ്റവും ചുരുങ്ങിയത് നാലുലക്ഷം അമൂല്യഗ്രന്ഥങ്ങളുണ്ടായിരുന്നു. യൂറോപ്യന്മാര്‍ മുസ്ലിം ഗ്രന്ഥാലയങ്ങളില്‍നിന്നായിരുന്നു ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്നിരുന്നത്. ഇസ്ലാമിക രാജ്യങ്ങള്‍ക്കെതിരെ രക്തരൂക്ഷിതമായ കുരിശുയുദ്ധങ്ങള്‍ നടത്തിയിരുന്നപ്പോള്‍ പോലും വിജ്ഞാന ദാഹികളായ ഏതാനും ക്രിസ്തീയ പണ്ഡിതര്‍ അറബ് രാജ്യങ്ങളിലെത്തി അവിടങ്ങളിലെ ഗ്രന്ഥപ്പുരകളില്‍ അറിവിനുവേണ്ടിയുള്ള അന്വേഷണങ്ങളിലേര്‍പ്പെട്ടിരുന്നു. അവര്‍ ഇസ്ലാമിക പണ്ഡിതന്മാരുമായി സംഭാഷണങ്ങളും സംവാദങ്ങളും നടത്തി. അതിന്റെ ഫലമായി അവര്‍ക്ക് ലഭിച്ചത് ശാസ്ത്ര വൈദ്യശാസ്ത്ര ദര്‍ശന സംബന്ധിയായ അറിവിന്റെ അക്ഷയഖനികളായിരുന്നു.

ബൈതുല്‍ ഹിക്മ ഇസ്ലാമിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ പരിച്ഛേദമാണ്. ഖലീഫ മഅ്മൂനിന്റെ കാലത്തായിരുന്നു ബൈതുല്‍ ഹിക്മ അതിന്റെ ഗരിമയിലെത്തിയിരുന്നത്. ഇന്നത്തെ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി, പാരീസിലെ നാഷണല്‍ ലൈബ്രറി തുടങ്ങിയവക്ക് സമാനമായ പ്രശസ്തി, വ്യാപ്തി, പദവി, വലിപ്പം, വിഭവങ്ങള്‍ തുടങ്ങിയവ അന്ന് അവിടെയുണ്ടായിരുന്നു. പരിഭാഷകര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍, കോപ്പിസ്റ്റുകള്‍, തുടങ്ങിയവര്‍ എല്ലാ ദിവസവും പരിഭാഷ, വായന, എഴുത്ത്, സംവാദം, ചര്‍ച്ച എന്നിവക്കായി ബൈതുല്‍ഹിക്മയില്‍ യോഗം ചേരാറുണ്ടായിരുന്നു. വിവിധ ശാസ്ത്ര വിഷയങ്ങളിലും തത്ത്വചിന്താപരമായ ആശയങ്ങളിലും വിവിധ ഭാഷകളിലായി നിരവധി കൈയെഴുത്തുപ്രതികളും പുസ്തകങ്ങളും വിവര്‍ത്തനം ബൈത്തുല്‍ ഹിക്മയില്‍ നിന്നും ചെയ്യപ്പെട്ടു. അറബി, ഫാര്‍സി, ഹീബ്രു, അരമൈക്ക്, സിറിയക്, ഗ്രീക്ക്, ലാറ്റിന്‍, എന്നീ ഭാഷകള്‍ അവിടെ സംസാരിക്കുകയും വായിക്കുകയും എഴുതുകയും ചെയ്യപ്പെട്ടു. ഒപ്പം സംസ്‌കൃത ഭാഷ ഉപയോഗിച്ച് ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലുമുള്ള പഴയ ഇന്ത്യന്‍ കൈയെഴുത്തുപ്രതികള്‍ വരെ വിവര്‍ത്തനങ്ങള്‍ ചെയ്യപ്പെട്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുള്ള ഒരു സര്‍വ്വകലാശാലക്ക് സമാനമായി തികച്ചും വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംരംഭമായിരുന്നു ബൈതുല്‍ ഹിക്മ.

Also read: സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

ഹാറൂന്‍ റഷീദിന്റെയും മഅ്മൂനിന്റെയും കാലത്ത് ഇസ്ലാമിന്നധീനപ്പെട്ട അങ്കാറ, അമൂരിയ്യ, സൈപ്രസ് പോലുള്ള പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച വിവിധ വിജ്ഞാനശാഖകളിലുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനും അവയുടെ പകര്‍പ്പെടുക്കാനും ഒട്ടേറെ പണ്ഡിതര്‍ അവിടെ സ്ഥിരമായിണ്ടായിരുന്നു. അതോടൊപ്പം റോമാചക്രവര്‍ത്തിക്കും ഖലീഫക്കുമിടയില്‍ നടന്ന പല കരാറുകളിലും പറയപ്പെട്ടത് തന്റെ നാട്ടിലുള്ള ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്താന്‍ മഅ്മൂന്‍ നിയോഗിക്കുന്ന പണ്ഡിതരെ അനുവദിക്കണമെന്നായിരുന്നു. എഴുത്തുകാര്‍്ക്കും വിവര്‍ത്തകര്‍ക്കും വലിയ തോതിലുള്ള പാരിതോഷികങ്ങള്‍ ഖലീഫ നല്‍കിയിരുന്നു. അവര്‍ കൊണ്ടുവരുന്ന ഗ്രന്ഥങ്ങളുടെ തൂക്കത്തിന് സമാനമായ സ്വര്‍ണ്ണവും വെള്ളിയും നല്‍കിയതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണാം.

പതിനഞ്ചാം നൂറ്റാണ്ടിലെ കോളനിവല്‍ക്കരണവും പതിനാറാം നൂറ്റാണ്ടിലെ നവോഥാനവും പതിനെട്ടാം നൂറ്റാണ്ടിലെ ബോധോദയവും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവവും ഇരുപതാം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങളും കമ്യൂണിസവും സമൂലമായ മാറ്റങ്ങള്‍ കൊണ്ട് വന്ന യൂറോപ്പിന്റെ ആദ്യകാല ചരിത്രം ഏറെ കറുത്തിരുണ്ടതായിരുന്നുവെന്ന വസ്തുത പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ബൈതുല്‍ ഹിക്മ, അല്‍ ഹകം, ദാറുല്‍ ഹിക്മ തുടങ്ങിയ ഗ്രന്ഥാലയങ്ങള്‍ പടച്ചുവിട്ട മുസ്‌ലിം പ്രതിഭകള്‍ യൂറോപ്പിന്റെ വെളിച്ചത്തിന് തിരികൊളുത്തിയവരായിരുന്നു. ചരിത്രത്തിന്റെ ഊടുവഴികളിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോ പ്രതിഭയുടേയും ആഴം നമുക്ക് ബോധ്യപ്പെടും. ബാഗ്ദാദിലെ രണ്ടു പ്രശസ്ത ആശുപത്രികളിലെ ഡയറക്ടര്‍ പദവിയിലുള്ളയാളായിരുന്ന അല്‍ റാസിയുടെ സംഭാവനകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. അവിസെന്ന എന്ന പേരില്‍ പാശ്ചാത്യലോകത്ത് വിശ്രുതനായ ഇബ്‌നുസീനയുടെ ലോകപ്രശസ്തമായ കാനന്‍ ഓഫ് മെഡിസിന്‍ ആധുനിക വൈദ്യശാസ്ത്ര വളര്‍ച്ചയിലെ നാഴികക്കല്ലായിരുന്നു. സ്വന്തമായി ആവിഷ്‌കരിച്ച സിസ്റ്റം ഉപയോഗിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ച ശാസ്ത്രപ്രതിഭയായിരുന്നു അല്‍ബിറൂനി. ഇബ്‌നുഹൈഥമിന്റെ ബുക്ക്ഓഫ് ഒപ്‌ററിക്ക്‌സ് (കിതാബു മനാളിര്‍) ശാസ്ത്രലോകത്തെ ശ്രദ്ധേയമായ ഏടാണ്. ഏഴുവാള്യങ്ങളിലായി 10 വര്‍ഷം കൊണ്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആയിരാമത് വാര്‍ഷികം പ്രകാശവര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയുണ്ടായി. റൈറ്റ് സഹോദരന്മാര്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അബ്ബാസ് ഇബ്‌ന് ഫിര്‍നാസ് പള്ളിയുടെ മുകളില്‍ കയറി എഴുപതാം വയസ്സില്‍ സ്വന്തമായി നിര്‍മ്മിച്ച യന്ത്രത്തില്‍ നാലുമിനിട്ടോളം ഗ്ലൈഡ് ചെയ്തിട്ടുണ്ടായിരുന്നു. മുസ്‌ലിം പ്രതിഭകളുടെ നീണ്ട നിര അങ്ങനെ തുടര്‍ന്നു പോകുന്നു.

Also read: ആയാ സോഫിയ, പള്ളിയാകുമോ ?

രാഷ്ട്രീയമായ കാരണങ്ങള്‍ക്ക് പുറമെ മംഗോളിയയുടെ 1258ലെ ബാഗ്ദാദ് കൊള്ളയായിരുന്നു ബൈതുല്‍ ഹിക്മ എന്ന അറിവിന്റെ പവിത്രഗേഹം നശിപ്പിച്ചത്. ലോകചരിത്രത്തിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പലതും ട്രൈഗ്രീസ് നദിയില്‍ ഒലിച്ചുപോയി. ടൈഗ്രീസിലെ വെള്ളം മഷി കലര്‍ന്ന് ഇരുണ്ടതായും കിലോമീറ്ററുകളോളം നീളത്തില്‍ പുസ്തകാവശിഷ്ടങ്ങള്‍ നദിയില്‍ നിറഞ്ഞെന്നും ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

 

Facebook Comments
Related Articles
Tags
Close
Close