NewsWorld Wide

ആയാ സോഫിയ, പള്ളിയാകുമോ ?

തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധമായ ആയാ സോഫിയ മ്യൂസിയം മുസ്‌ലിം പള്ളിയാക്കിയേക്കാമെന്ന വാര്‍ത്ത ആഗോള തലത്തില്‍ സമ്മിശ്രമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടോമന്‍ ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് മുസ്തഫ കമാല്‍ പാഷ 1935 ല്‍ മ്യൂസിയമാക്കി മാറ്റിയ പള്ളി പൂര്‍വസ്ഥിതിയിലേക്ക് മാറ്റണമെന്ന ദീര്‍ഘകാലത്തെ ആവശ്യമാണ് തുര്‍ക്കി കോടതി പരിഗണിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പെട്ട ആയാ സോഫിയയെ പള്ളിയാക്കുവാനുള്ള ആവശ്യങ്ങളുമായി 2005 മുതല്‍ പല സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. മാത്രമല്ല, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ ആഗ്രഹ സഫലീകരണത്തിന് കൂടിയാണ് കോടതി വിധി അനുകൂലമായാല്‍ വഴിയൊരുങ്ങുക. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തദ്വിഷയകമായി കോടതി വിധി പ്രഖ്യാപനം നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രസ്തുത ആവശ്യവുമായി കോടതിയെ സമീപിച്ച സംഘടനയുടെ വക്കീല്‍ സലാമി കര്‍മാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങോട് പറഞ്ഞതിങ്ങനെയാണ്; ”കഴിഞ്ഞ 86 വര്‍ഷക്കാലം കേവലം ഒരു മ്യൂസിയം മാത്രമായി നിലനിന്നിരുന്ന ആയാ സോഫിയയുടെ ‘ദുരവസ്ഥ’ തുര്‍ക്കി ജനതയെ നിരാശപ്പെടുത്തിയിരുന്നു.” 2018ല്‍ എര്‍ദോഗാന്‍ അവിടെ വെച്ച് ഖുര്‍ആനിക ആയത്ത് പാരായണം ചെയ്തത് ശുഭസൂചകമായ ഒന്നായിരുന്നെങ്കിലും അതേവര്‍ഷം തന്നെ മുസ്‌ലിംകള്‍ക്ക് വേണ്ടി ആയാ സോഫിയ തിരിച്ചു നല്‍കണമെന്ന് ഒരു സംഘടനയുടെ ആവശ്യം തുര്‍ക്കിയിലെ ഭരണഘടനാ കോടതി തള്ളിയിരുന്നു.
എന്നാല്‍, പ്രസ്തുത പ്രക്രിയ ക്രൈസ്തവ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയിലെ വിടവ് രൂക്ഷമാക്കുമെന്ന പ്രതിസ്വരങ്ങളും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്ക് പുറമെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ള പല രാഷ്ട്ര പ്രതിനിധികളും ആയാ സോഫിയയെ മ്യൂസിയമാക്കി തന്നെ നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം മൂന്ന് മില്യണ്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാനെത്തുന്ന ആയാ സോഫിയയുടെ അന്താരാഷ്ട്ര പ്രസിദ്ധിക്ക് മങ്ങലേല്‍ക്കുമെന്ന ആധിയും നിലനില്‍ക്കുന്നുണ്ട്.

Also read: സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

അതേസമയം, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള എര്‍ദോഗാന്റെ അടവുനയമാണ് അതെന്നാണ് തുര്‍ക്കി പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്തംന്‍ബൂളിലും അങ്കാറയിലും നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുന്നതും ഇതിനു പിന്നിലെ ലക്ഷ്യമായും നിരീക്ഷിക്കപ്പെടുന്നുണ്ട്.

ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ ബൈസന്റിയന്‍ ചക്രവര്‍ത്തിയായ ജസ്റ്റിനിയന്‍ ആണ് ആയാ സോഫിയ സ്ഥാപിച്ചത്. ക്രി. 1453ല്‍ സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹ് കോണ്‍സ്റ്റന്റിനോപിള്‍ കീഴടക്കിയതിനെ തുടര്‍ന്നാണ് ചര്‍ച്ചിനെ പള്ളിയാക്കി മാറ്റിയത്. എട്ടു നൂറ്റാണ്ടു നീണ്ടുനിന്ന ഒട്ടോമന്‍ സാമ്രാജ്യം നിര്‍മിച്ച ഇസ്‌ലാമിക സംസ്‌കൃതി അത്താതുര്‍ക്ക് താറുമാറാക്കിയതോടെയാണ് ആധുനിക കാലത്ത് തുര്‍ക്കിയില്‍ ഇസ്‌ലാമിക ചൈതന്യം അസ്തമിച്ചു തുടങ്ങിയത്. ഇസ്‌ലാമിക ചിഹ്നങ്ങളും സ്മാരകങ്ങളും മതേതരവല്‍ക്കരിക്കപ്പെടുകയും പാശ്ചാത്യവത്ക്കരിക്കപ്പെടുകയും ചെയ്തതിനിടയിലാണ് ആയാ സോഫിയ മ്യൂസിയമാക്കി മാറ്റിയത്. എന്നാല്‍, എര്‍ദോഗാന്റെ രംഗപ്രവേശത്തോടെ തുര്‍ക്കി പഴയ പ്രതാപകാലത്തേക്ക് തിരിച്ചു പോകുന്നതിന്റെ ഭാഗമാണ് ഈ സംഭവമെന്ന് പറയപ്പെടുന്നു.

കടപ്പാട്: ശര്‍ഖുല്‍ ഔസത്വ്‌

Facebook Comments
Related Articles
Tags
Close
Close