Columns

അനിശ്ചിതത്വത്തെ മറികടക്കാനുള്ള വഴികള്‍

ലോകം ഇന്ന് വരേ കാണാത്ത,ഒരു പക്ഷെ നമ്മുടെ തലമുറക്ക് തീര്‍ത്തും അപരിചിതമായ,അത്യധികമായ അനിശ്ചിതത്വത്തിലൂടെയാണ് നാം കടന്ന് പോയികൊണ്ടിരിക്കുന്നത്. ഭയവും വിഭ്രാന്തിയും ലോകത്തെയാകമനം ഗ്രസിച്ചിരിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ ഒരിക്കലും മാനവകുലത്തിന് പുതുമയുള്ള കാര്യമല്ല. യുദ്ധം, സുനാമി, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍,വരള്‍ച്ച, കാലവര്‍ഷക്കെടുതി,വെള്ളംപ്പൊക്കം,കലാപങ്ങള്‍ തുടങ്ങി എണ്ണമറ്റ വിപത്തുകള്‍ ഇടക്കിടെ നമ്മെ വേട്ടയാടാറുണ്ടെങ്കിലും പക്ഷെ അതൊന്നും കോവിഡ് 19 വൈറസിൻറെ ആക്രമണത്തോളം ശക്തിയുള്ളതായിരുന്നില്ല. മനുഷ്യ ജീവിതം സ്തംഭിച്ച് നില്‍ക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.

നമ്മെ വിഹ്വലപ്പെടുത്തുന്ന കൊവിഡ് 19 വൈറസ്, ഭൂമിയുടെ അഷ്ടദിക്കുകളേയും ബാധിച്ച്കഴിഞ്ഞിരിക്കുന്നു. ഭാവിയെ കുറിച്ച തികഞ്ഞ അനിശ്ചിതത്വമാണ് എല്ലാവരുടേയും മുഖത്ത് പ്രകടമാവുന്നത്. തൊഴില്‍,വരുമാനം,മാനസിക സമ്മര്‍ദ്ദങ്ങള്‍,കുട്ടികളുടെ പഠനം, വിവാഹം, ആരോഗ്യം തുടങ്ങി നമ്മുടെ ജീവിതത്തിൻറെ എല്ലാ മേഖലകളേയും ഈ അനിശ്ചിതത്വം വലിഞ്ഞ്മുറുകിയിരിക്കുന്നു. അചഞ്ചലമായ ദൈവവിശ്വാസത്തിൻറെ കരുത്ത് കൊണ്ട് മാത്രമേ ഇത്തരം ആശങ്കകളേയും ഉല്‍കണഠകളേയും മറികടക്കാന്‍ കഴിയുകയുള്ളൂ. കാരണം നമ്മുടെ ജീവിതത്തിൻറെ വളരെ ചെറിയൊരു ഘടകം മാത്രമാണ് നമ്മുടെ നിയന്ത്രണത്തിലുള്ളത്. അവശേഷിക്കുന്ന ബാക്കി കാര്യങ്ങളെല്ലാം സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവം തമ്പുരാൻറെ ഹസ്തങ്ങളില്‍ നിയന്ത്രിതമാണ്.

Also read: ദുഃഖിച്ചാൽ ദുഃഖം മാറുമോ?

എല്ലാ കാര്യങ്ങളിലും താന്‍ പാതി ദൈവം പാതി എന്ന് പറയാറുണ്ടല്ലോ ? പകുതി കാര്യങ്ങള്‍ ദൈവത്തിന് വിട്ട്കൊടുത്താലും അവശേഷിക്കുന്ന ബാക്കി കാര്യങ്ങളില്‍ നമുക്ക് കൃത്യമായ ധാരണയും അവബോധവും ഉണ്ടാവുന്നത് നന്നായിരിക്കും. തിരമാലകള്‍ പോലെ പ്രതിസന്ധികള്‍ ഒന്നിന് പിറകെ മറ്റൊന്ന് വന്ന് കൊണ്ടിരിക്കും. അപ്പോള്‍ മനസ്സിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതിന് പകരം, സ്വന്തത്തോട് തന്നെ കാരുണ്യപരമായ സമീപനം സ്വീകരിക്കാന്‍ കഴിയുമൊ എന്ന് പരിശോധിക്കുക. കഴിഞ്ഞ കാലത്തെ വിജയങ്ങളെ കുറിച്ച് ആലോചിക്കുകയും സമാധാനപരമായ മാനസികാവസ്ഥയിലേക്ക് എത്താന്‍ കഴിയുമൊ എന്നും ചിന്തിക്കാം.

തൊഴില്‍പരമായ അനിശ്ചിതത്വമാണ് നേരിടുന്നതെങ്കില്‍ പുതിയ തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം നേടികൊണ്ട് തൊഴിലന്വേഷണം തുടര്‍ന്ന്കൊണ്ടേയിരിക്കുക. ഉപജീവനത്തിൻറെ ഒരു വാതില്‍ അടയുമ്പോള്‍ നൂറ് വാതിലുകള്‍ തുറന്നിരിക്കും. അത് കാണാനുള്ള കണ്ണും അതിനുള്ള യോഗ്യതയും ആര്‍ജ്ജിക്കുകയാണ് പ്രധാനം. അനാവശ്യമായ വാര്‍ത്തകളിലേക്ക് കണ്ണ്നട്ട്കൊണ്ട് അത് തന്നെ ഊണിലും ഉറക്കിലും ചിന്തിച്ച്കൊണ്ടിരിക്കുന്ന ചിലരെ കാണാം. ഇത്തരം ചിന്തകള്‍ നമ്മുടെ മനസ്സിൻറെ ശക്തിയെ ചോര്‍ത്തികളയുകയേ ചെയ്യുകയുള്ളൂ. നമുക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളില്‍ മനസ്സിനെ അഭിരമിക്കാന്‍ വിടുന്നതെന്തിനാണ്?

അനിശ്ചിതത്വത്തിനും ഉല്‍കണഠക്കും മറ്റൊരു പ്രധാന കാരണം പണത്തിൻറെ കുറവാകാം. ഒരു വര്‍ഷത്തെ വരുമാനമെങ്കിലും ചുരുങ്ങിയത് ക്യാഷ് ലിക്യുഡിറ്റിയായി നമ്മുടെ കൈവശമുണ്ടാവണം. അതിലൂടെ നമ്മുടെ പകുതി പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. ഭീമമായ തുക ശമ്പളം വാങ്ങുന്ന ഒരാളുടെ കഥ സുഹൃത്ത് പങ്ക് വെച്ചപ്പോള്‍ അല്‍ഭുതപ്പെട്ടുപോയി. കോവിഡ് 19 ൻറെ പ്രതിസന്ധിയി കാരണം കമ്പനിയില്‍ നിന്ന് ശമ്പളം ലഭിക്കാതെയായി. ആര്‍ഭാട ജീവിതം നയിച്ചിരുന്നതിനാല്‍ അയാളുടെ കൈവശം ലിക്യുഡിറ്റി പണം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിലൂടെ ഒരു ലക്ഷത്തിലേറെ രിയാലിൻറെ കടബാധ്യതകളും അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ സ്വയം സൃഷ്ടിച്ച ഈ മാനസിക സമ്മര്‍ദ്ദത്തിൻറെ ആഴം ആലോചിച്ച് നോക്കൂ.

നമുക്ക് നമ്മെ ഉപദേശിക്കാന്‍ കഴിയുന്ന ഒരു അവസ്ഥയുണ്ടാവുന്നത് അനിശ്ചിതത്വത്തെ മറികടക്കാനുള്ള മറ്റൊരു പരിഹാരമാണ്. മന:ശ്ശാസ്ത്ര ശാഖയായ ട്രാന്‍സാക്ക്ഷണല്‍ അനാലിസിസിൻറെ ഉപജഞാതാവ് എറിക് ബെണിൻറെ അഭിപ്രായത്തില്‍ വ്യക്തികള്‍ വ്യത്യസ്ത നിമിഷങ്ങളില്‍ മൂന്ന് തരത്തിലുള്ള ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളും പ്രകടമാക്കുന്നു. അതിനെ പക്വ ഭാവം (Adult Ego), പിതൃ ഭാവം (Parent Ego), ശിശു ഭാവം (Child Ego) എന്നിങ്ങനെ പേര് വിളിക്കാം. ഈ മൂന്ന് ഭാവങ്ങളേയും സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ നമുക്ക് ആവശ്യമായ ഉപേദശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മനസ്സ് പര്യപ്തമാണ്.

Also read: സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

മനസ്സിലെ അലട്ടുന്ന ഒരു പ്രശ്നമുണ്ട് എന്ന് സങ്കല്‍പിക്കുക. ശിശു ഭാവത്തില്‍ നിന്ന് കൊണ്ട് അക്കാര്യം പിതൃഭാവത്തോട് ചര്‍ച്ചചെയ്യുന്നു. പിതൃഭാവം ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നു. അത് നമ്മിലെ പക്വ ഭാവം കേള്‍ക്കുകയും അതിന് ശേഷം കൃത്യമായ ഉപദേശം നല്‍കുകയും ചെയ്യുന്നു. ഒരു വിഷയത്തിൻറെ വിവിധ വശങ്ങള്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് ഇതിൻറെ നേട്ടം. ആ ഉപദേശം സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് നാം നേരിടുന്ന പല അനിശ്ചിതത്വങ്ങളേയും മറികടക്കാനുള്ള മറ്റൊരു ഫോര്‍മുല. ഇതൊക്കെ മനസ്സിൻറെ ഒരു തരം ലീലാ വിലാസം എന്ന് കരുതി പ്രവര്‍ത്തിക്കുക. മന:സ്സാക്ഷിയോട് ചോദിക്കുക എന്നക്കെ പറയുന്നത് പോലുള്ള ഒരവസ്ഥ.

ഇത്തരം അനിശ്ചിതത്വത്തിൻറെ സന്ദര്‍ഭങ്ങളില്‍ ഭക്ഷണങ്ങളോട് വിരക്തിയുണ്ടാവുകയൊ ഉറക്ക്, വ്യായാമം തുടങ്ങിയ ദിനചര്യകളിലൊന്നും അലംഭാവം കാണിക്കുകയൊ ചെയ്യരുത്. അതൊക്കെ ശരീരത്തേയും മനസ്സിനേയും കൂടുതല്‍ തളര്‍ത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ വ്യതിരിക്തമായ ഭക്ഷണം പാകം ചെയ്ത് കഴിക്കുക. മാനസിപിരിമുറുക്കമുള്ള സന്ദര്‍ഭങ്ങളില്‍ ഒറ്റപ്പെട്ടിരിക്കാനുള്ള പ്രവണത ധാരാളമാണ്. നിങ്ങളുടെ വിശ്വസ്തരായവരില്‍ നിന്നുള്ള സഹായം ആവശ്യപ്പെടുക. കുടുംബവുമായുള്ള ബന്ധം ഉഷ്മളമാക്കുക. അവരോട് തുറന്ന് പറയുമ്പോള്‍ മനസ്സിൻറെ പകുതി ഭാരവും അലിഞ്ഞില്ലാതാവും. സര്‍വ്വോപരി കൊറോണ വൈറസ് അവസാനിക്കുമെന്ന് ബുദ്ധിയെ സമാശ്വസിപ്പിക്കുക. ഇതിനെക്കാള്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുണ്ട്. ഇതും നീങ്ങാനുള്ളതാണ്. സമയത്തിൻറെ മാത്രം പ്രശ്നം. ഇതൊന്നും നമ്മുടെ അനിശിചിതത്വത്തെ മറികടക്കാന്‍ സഹായിക്കുന്നില്ലങ്കില്‍, ഒരു മന:ശ്ശാസ്ത്ര വിദഗ്ധൻറെ ഉപദേശം ആരായുകയേ നിര്‍വ്വാഹമുള്ളൂ.

Facebook Comments
Related Articles

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍
Close
Close