Current Date

Search
Close this search box.
Search
Close this search box.

താരിഖ് ബിന്‍ സിയാദിന്റെ അന്‍ദലുസ് ജൈത്രയാത്ര

ഖാലിദ് ബിന്‍ വലീദ്, സഅദ് ബിന്‍ അബീ വഖ്ഖാസ്, അംറു ബിന്‍ ആസ്വ്, സ്വലാഹുദ്ദീന്‍, മുഹമ്മദ് ഫാതിഹ് എന്നിവരെ പോലെ, മഹത്തായ ഇസ്‌ലാമിക ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ട, ഏറ്റവും പ്രമുഖരായ സൈനിക മേധാവികളിലൊരാളാണ് താരിഖ് ബിന്‍ സിയാദ്.

താരിഖ് ബിന്‍ സിയാദിലൂടെ, അന്തുലുസില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെടുകയുണ്ടായി. സ്‌പെയിന്‍, പോര്‍ത്തുഗീസ് എന്നാണിതിപ്പോള്‍ അറിയപ്പെടുന്നത്. എട്ടു നൂറ്റാണ്ടുകളോളം അത് നിലനില്‍ക്കുകയുണ്ടായി. മഹത്തായ ഈ രാഷ്ട്രത്തിന്റെ ജേതാവ് ഒരു അറബിയായിരുന്നില്ല, പ്രത്യുത, മൊറോക്കോവില്‍ ജീവിച്ച ഒരു ബെര്‍ബെറിയായിരുന്നു. ഈ ബെര്‍ബെറികളില്‍, താരിഖിന്റെ പിതാമഹന്‍ അബ്ദുല്ലയടക്കം ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിച്ചിരുന്നു. അബ്ദുല്ലയായിരുന്നു കുടുംബത്തിലെ ഏറ്റവും ആദ്യത്തെ മുസ്‌ലിം.

മറ്റു മുസ്‌ലിം കുട്ടികളുടേത് പോലെത്തന്നെയായിരുന്നു താരിഖിന്റെയും ജീവിതമാരംഭിക്കുന്നത്. ഖുര്‍ആന്‍ പാരായണവും എഴുത്തും പഠിച്ച അദ്ദേഹം, ചില ഖുര്‍ആന്‍ സൂറകളും ഹദീസുകളും മനപാഠമാക്കി. സൈനിക ജീവിതത്തോടുള്ള താല്‍പര്യം, മൊറോക്കോവിലെ കമാന്റര്‍ ചുമതലയുള്ള മൂസ ബിന്‍ നുസൈറിന്റെ സേനയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിക യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹം പ്രകടിപ്പിച്ച മികച്ച ധീരതയും വിശിഷ്ട കമാന്റിംഗ് പാഠവവും മൂസ ബിന്‍ നുസൈറിന്റെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാഠവത്തെയും കഴിവുകളെയും അഭിനന്ദിച്ച മൂസ, മധ്യധരണ്യാഴിയിലെ, ടാഞ്ജീര്‍(Tangier)എന്ന മൊറോക്കന്‍ നഗരത്തിന്റെ ഭരണാധികാരിയായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.

അന്‍ദലുസ് കീഴടക്കാനൊരവസരം
ലൂഡ്രിക്(Ludrique) എന്ന നീതിരഹിതനായൊരു രാജാവായിരുന്നു അന്തുലുഷ്യ ഭരിച്ചിരുന്നത്. അയാളെ വെറുത്ത പ്രജകള്‍, അയാള്‍ക്കെതിരെ വിപ്ലവം നടത്താനും അയാളെ സ്ഥാനഭൃഷ്ടനാക്കാനും ആലോചിച്ചു. ഉത്തരാഫ്രിക്കന്‍ പ്രദേശം ഭരിച്ചിരുന്ന മുസ്‌ലിംകളുടെ മര്യാദയെ കുറിച്ചറിഞ്ഞ ഇവര്‍, അവരുടെ സഹായം തേടുകയുണ്ടായി. ടാഞ്ജീറിന്നടുത്ത Ceuta ഭരിച്ചിരുന്ന ജൂലിയന്‍ പ്രഭു ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ മധ്യവര്‍ത്തിയാവുകയും, മുസ്‌ലിംകളെ അതിന്നു സമ്മതിപ്പിക്കുകയുമായിരുന്നു. താരിഖ് ബിന്‍ സിയാദുമായി ബന്ധപ്പെട്ട ജൂലിയന്‍, ലൂഡ്രിക്കിനെ സ്ഥാനഭൃഷ്ടനാക്കാന്‍ സഹായം വാഗ്ദാനം ചെയ്തു. ജിഹാദും യുദ്ധവിജയവും തുടരാനും, ഇസ്‌ലാമിക പ്രബോധനത്തിന്നും അതിന്റെ മഹത്തായ അദ്ധ്യാപനങ്ങളറിയാന്‍ ജനങ്ങളെ അനുവദിക്കുന്നതിന്നും നല്ലൊരവസരം കണ്ടെത്തിയ താരിക്കാകട്ടെ, ഈ വാഗ്ദാനം സ്വാഗതം ചെയ്യുകയായിരുന്നു. അന്‍ദലുസ് അക്രമിക്കാന്‍ അനുമതി തേടിക്കൊണ്ട്, മൊറോക്കോവിലെ മൂസ ബിന്‍ നുസൈറിന്നദ്ദേഹം ആളയച്ചു. മൂസയാകട്ടെ, സ്ഥിതിഗതികള്‍ വിവരിച്ചു കൊണ്ട്, അന്‍ദലുസ് ആക്രമിക്കാന്‍ അനുമതി തേടി, ഖലീഫ വലീദ് ബിന്‍ അബ്ദില്‍ മലികിന്ന് ആളയച്ചു. ആക്രമണത്തിന്ന് അനുമതി നല്‍കിയ ഖലീഫ, അന്‍ദലുസിലേക്ക് പോകുന്നതിന്നു മുമ്പായി, അവിടത്തെ പൂര്‍വ സ്ഥിതി മനസ്സിലാക്കുന്നതിന്നായി, ഒരു ശത്രുസങ്കേത നിരീക്ഷണം നടത്താനായി ഒരു സൈനിക പ്രവര്‍ത്തനം നടത്താന്‍ കല്‍പിക്കുകയായിരുന്നു.

തരീഫിന്റെ ശത്രുസങ്കേത നിരീക്ഷണ സേനാ പ്രവര്‍ത്തനം
ഖലീഫയുടെ നിര്‍ദ്ദേശാനുസാരം, അന്‍ദലുസിലേക്ക്, മധ്യധരണ്യാഴി കടക്കുന്നതിന്നായി, താരിഖ് ഒരു നിരീക്ഷണ സേനാ പ്രവര്‍ത്തനം സജ്ജീകരിക്കാന്‍ തുടങ്ങി. തരീഫ് ബിന്‍ മാലിക് എന്ന സേനാധിപന്റെ നേതൃത്വത്തിലായിരുന്നു ഈ സൈനിക പ്രവര്‍ത്തനം. അഞ്ഞൂറോളം മികച്ച സൈനികരടങ്ങിയതായിരുന്നു ഈ സംഘം. ഹി. 91 റമദാനില്‍ (എ. ഡി. 710 ജൂലൈ) അന്‍ദലുസിന്റെ പൂര്‍വസ്ഥിതിയാരായാന്‍ സംഘം പുറപ്പെട്ടു. ജൂലിയന്‍ പ്രഭു നല്‍കിയ നാലു കപ്പലുകളിലായി കടല്‍ കടന്ന ഇവര്‍, തരീഫ് ദ്വീപി (സൈനിക കമാന്ററായ തരീഫിന്റെ നാമധേയത്തില്‍ പിന്നീട് അറിയപ്പട്ടതാണിത്)ല്‍ ഇറങ്ങുകയും, രാജ്യം മുഴുവന്‍ നന്നായി പരിശോധിക്കുകയും ചെയ്തു. ഒരു എതിര്‍പ്പിനെയും അവര്‍ക്ക് നേരിടേണ്ടി വന്നില്ല.

താരിഖിന്റെ സൈനിക പ്രവര്‍ത്തനം
തരീഫിന്റെ സൈനിക പ്രവര്‍ത്തന ഫലം, അന്‍ദലുസ് അക്രമിക്കാനുള്ള സജ്ജീകരണത്തിന് താരിഖിനെ പ്രചോദിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷം തികയുന്നതിന്നു മുമ്പ് തന്നെ, എഴുനൂറ് സൈനികരോടൊപ്പം താരിക്, അന്‍ദുലുസ്സിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം ബെര്‍ബെറികളായിരുന്നു. ഹി. 92 റജബില്‍ (എ. ഡി. 711 ഏപ്രില്‍) മധ്യധരണ്യാഴി കടന്ന അവര്‍, ജബല്‍ താരിഖിന് (ജിബ്രാള്‍ട്ടര്‍) അടുത്ത് സമ്മേളിക്കുകയായിരുന്നു.

ദിവസങ്ങളോളം പ്രദേശത്ത് താമസിച്ച താരിഖ്, സൈനികത്താവളമെന്ന നിലയില്‍ മലക്കടുത്ത് ഒരു കോട്ട നിര്‍മ്മിക്കുകയും ചെയ്തു. അത് കാക്കാനും, പിന്തിരിയേണ്ടി വരുന്ന പക്ഷം, പിന്‍ നിരയെരക്ഷിക്കാനും കുറെ സൈികരെ കാവലിന്നു നിറുത്തുകയും ചെയ്തു.

ജൂലിയന്‍ പ്രഭുവിന്റെ സഹായത്തോടെ, തന്റെ സേനയുമായി മാര്‍ച്ച് ചെയ്ത താരിഖ്, ഗ്രീന്‍ ഐലന്റിലേക്ക് പോവുകയും അവിടത്തെ കോട്ടകള്‍ പിടിച്ചെടുക്കുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് ലൂഡ്രിക് വിവരമറിയുന്നത്. ഉത്തരഭാഗത്തെ ചില റിബെലുകളുമായി പൊരുതുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഉടന്‍ പോരാട്ടം നിറുത്തിയ അദ്ദേഹം, തലസ്ഥാനമായ ടൊളെഡോവിലേക്ക് മടങ്ങി. മുസ്‌ലിം സേനയുമായി പൊരുതാന്‍ തയ്യാറെടുത്തു.

താരിഖ് ബിന്‍ സിയാദ്, വടക്ക് ടൊളെഡോവിലേക്ക് മാര്‍ച്ച് ചെയ്തു. അദ്ദേഹത്തിന്റെ സൈന്യം, റ്റാജോ നദിക്കും അല്‍ബറേഷിന്‍ നദിക്കുമിടയിലെ, പ്രവിശാലമായ താഴ്‌വരയില്‍ കേമ്പ് ചെയ്യുകയായിരുന്നു. ഈയവസരത്തില്‍, തന്റെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ലൂഡ്രിക്, ആയുധ സജ്ജരായ ഒരു ലക്ഷം സൈനികരുള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു സേനയുമായി തെക്കോട്ടു മാര്‍ച്ചു ചെയ്തു. വിജയം അദ്ദേഹത്തിന്ന് ഉറപ്പായിരുന്നു. ഈ ഭീകര സൈന്യത്തെ കുറിച്ച് വിവരം ലഭിച്ച താരിഖ് ബിന്‍ സിയാദ്, മൂസ ബിന്‍ നുസൈറിനെ വിവരമറിയിച്ചു. അദ്ദേഹം, ഏറ്റവും മികച്ച 5000 സൈനികരെ അയച്ചു കൊടുത്തു. അങ്ങനെ, മൊത്തം 12000 സൈനികരായിത്തീര്‍ന്നു.

വലിയ ഏറ്റുമുട്ടല്‍
ശാദുനായിലെത്തിയ ലൂഡ്രിക്, അവിടെ വെച്ച് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും മുസ്‌ലിംകളുമായി ഏറ്റുമുട്ടാനായി പോവുകയും ചെയ്തു. ശാദുനാക്കടുത്ത് വെച്ച് വമ്പിച്ച ഏറ്റുമുട്ടലാണ് നടന്നത്. ഹി. 92 റമദാന്‍ 28 (ക്രി. 711 ജൂലൈ 18) ന്ന് ആരംഭിച്ച യുദ്ധം എട്ടു ദിവസത്തോളം നീണ്ടു നിന്നു. ധീരരായ മുസ്‌ലിം യോദ്ധാക്കള്‍ പര്‍വതം കണക്കെ അടര്‍ക്കളത്തില്‍ ഉറച്ചു നിന്നു. തങ്ങളെക്കാള്‍ സുസജ്ജരും എണ്ണത്തില്‍ കവിഞ്ഞവരുമായ ശത്രു സേനയെ അവര്‍ ഭയപ്പെട്ടില്ല. മികച്ച സജ്ജീകരണം, അടിയുറച്ച വിശ്വാസം, ആത്മാര്‍ത്ഥത, അടക്കാനാവാത്ത രക്തസാക്ഷിത്വ മോഹം എന്നിവയിലുടെ, ശത്രുവിനെ അവര്‍ പരാജയപ്പെടുത്തുകയായിരുന്നു.

എട്ടാം ദിവസം മുസ്‌ലിംകള്‍ വിജയിച്ചു. അവസാന വിസിഗോത് രാജാവായ ലൂഡ്രിക് യുദ്ധക്കളത്തില്‍ നിന്നും പലായനം ചെയ്തു. അദ്ദേഹത്തെ കുറിച്ച യാതൊരു വിവരവും പിന്നെ ലഭിച്ചിട്ടില്ല. ഈ യുദ്ധത്തില്‍ വെച്ചു തന്റെ രാജ്യമെന്ന പോലെ, ജീവനും നഷ്ടപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.

വിജയാനന്തരം
ശ്രദ്ധേയമായ ഈ വിജയ ശേഷം, പരാജിതരായ സൈന്യത്തെ താരിഖ് തുരത്തുകയും, സൈന്യസമേതം രാജ്യം പിടിച്ചടക്കുകയും ചെയതു. വടക്കോട്ടുള്ള തന്റെ ജൈത്രയാത്രയില്‍, കാര്യമായ ഏറ്റുമുട്ടലുകളൊന്നും അദ്ദേഹത്തിന് നടത്തേണ്ടി വന്നിട്ടില്ല. വിസിഗോത്തിന്റെ ആസ്ഥാനമായ ടൊളെഡോവിലേക്കുള്ള തന്റെ യാത്രാ മധ്യെ, കോര്‍ഡോവ, ഗ്രനഡെ, മലാഗ പോലുള്ള നഗരങ്ങള്‍ കീഴടക്കാനായി, താരിഖ് ചെറിയ സൈനിക സംഘങ്ങളെ അയക്കുകയുണ്ടായി.

അറുനൂറു കിലോമീറ്റിലധികം വരുന്ന, താരിഖിന്റെ വടക്കന്‍ യാത്ര വളരെ പ്രയാസം പിടിച്ചതായിരുന്നു. അവസാനം അവര്‍ ടൊളെഡോവിലെത്തിച്ചേര്‍ന്നു. ടൊളെഡോവിലെ ജനങ്ങളോട് വളരെ ദയാപൂര്‍വമായിരുന്നു താരിഖ് പെരുമാറിയത്. അവരുടെ ചര്‍ച്ചുകളിന്‍മേല്‍ അദ്ദേഹം കൈവെച്ചില്ല. വടക്കേട്ടുള്ള യാത്ര തുടര്‍ന്നു അവസാനം ബിസ്‌കെ മലയിടുക്ക് വരെയെത്തി. വീണ്ടും ടൊളെഡോവിലേക്ക് മടങ്ങിയ താരിക്, തന്റെ വിജയ കഥകളെല്ലാം അറിയിച്ചു കൊണ്ട്, മൂസ ബിന്‍ നുസൈറിന്ന് ഒരു സന്ദേശമറിയിയിച്ചു. ഈ പ്രദേശങ്ങളിലെ ജൈത്രയാത്ര തുടരാനും, ഇസ്‌ലാം പ്രബോധനം നടത്താനും, വിസിഗോത്തുകളുടെ അനീതി ഭരണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും ആവശ്യമായ ആളുകളെയും സജ്ജീകരണങ്ങളും എത്തിച്ചു തരാനാവശ്യപ്പെടുകയും ചെയ്തു.

മൂസ ബിന്‍ നുസൈറും അന്‍ദലുസ് വിജയവും
താരിഖ് ബിന്‍ സിയാദിന്റെ നേതൃത്വത്തിലുള്ള ജൈത്രയാത്രയുടെ തുടര്‍ നടപടികള്‍ നടത്തുകയായിരുന്നു മൂസ ബിന്‍ നുസൈര്‍. താരിഖിന്ന് സഹായവും പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹത്തിന്ന് ബോധ്യപ്പെട്ടിരുന്നു. നിരവധി യോദ്ധാക്കള്‍ രക്തസാക്ഷികളായി കഴിഞ്ഞിരുന്നതിനാല്‍ പ്രത്യേകിച്ചും. അങ്ങനെ, ഹി. 93 റമദാനില്‍ (ക്രി. 712 ജൂണ്‍) എണ്‍പതിനായിരം സൈനികര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട്, അദ്ദേഹം അന്‍ദുലുസിലേക്ക് യാത്ര തിരിച്ചു. താരിഖിന്റേതല്ലാത്ത മറ്റൊരു മാര്‍ഗ്ഗമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. അതിനാല്‍ തന്നെ, പുതിയ രാജ്യങ്ങള്‍ പിടിച്ചെടുത്ത ബഹുമതി അദ്ദേഹത്തിന്നും ലഭിക്കുകയുണ്ടായി. ടൊളെഡോവിലെത്തിയ അദ്ദേഹം താരിഖുമായി സന്ധിക്കുകയായിരുന്നു.

ടൊളെഡോവിലെ ഹ്രസ്വ വിശ്രമത്തിന്നു ശേഷം, ഇരു കമാന്റര്‍മാരും കൈയേറ്റം പുനരാരംഭിക്കുകയായിരുന്നു. സറാഗോസ, ടറാഗോസ, ടറാഗോണ, ബാര്‍സെലോണ, മറ്റു നഗരങ്ങള്‍ എന്നിവ അവര്‍ കൈയടക്കി. അങ്ങനെ, ഇരു കമാന്റര്‍മാരും, വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ച്, അന്‍ദലുസ് മുഴുവന്‍ കീഴടക്കുകയായിരുന്നു.

ദമാസ്‌കസിലേക്ക്
ഇരുവരും ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കവെ, ഖലീഫ വലീദ് ബിന്‍ അബ്ദില്‍ മലികില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. കൈയേറ്റം അവസാനിപ്പിച്ച്, ഡമാസ്‌കസ്സിലെത്തി റിപ്പോര്‍ട്ട് അവതരിപ്പിക്കാനായിരുന്നു അത്. ഇരുവരും തങ്ങള്‍ പിടിച്ചെടുത്ത രാജ്യങ്ങളുടെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും, സമുദ്രവുമായി വളരെയടുത്ത സെവിലെയെ ആസ്ഥാനമായി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍, ദമസ്‌കസിലെത്തിയ ഇരുവരും അറിഞ്ഞത്, ഖലീഫ വലീദ് ബിന്‍ അബ്ദില്‍ മലിക് മരണപ്പെടുകയും സഹോദരന്‍ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് ഖലീഫയാവുകയും ചെയതുവെന്നാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവരോട് ഡമസ്‌കസ്സില്‍ താമസിക്കാന്‍ ഖലീഫ കല്‍പന നല്‍കുകയായിരുന്നു. താരിഖ് അവിടെ താമസിച്ചു. പ്രമുഖരായ സേനാ മേധാവികള്‍ക്കിടയില്‍ തന്നെ അനശ്വരനാക്കിയ തന്റെ ജൈത്രയാത്രകള്‍ കാരണം ഖലീഫയുടെ പ്രീതി അദ്ദേഹം പിടിച്ചു പറ്റി.

സ്വഭാവ ഗുണങ്ങള്‍
തന്റെ വിശ്വാസം, സഹനം, നിശ്ചയദാര്‍ഢ്യം, ദൃഢനിശ്ചയം എന്നിവയുലൂടെ, ഔന്നത്യങ്ങളിലെത്താന്‍ കഴിഞ്ഞ താരിഖ് ബിന്‍ സിയാദ് വലിയൊരു സേനാധിപനായിരുന്നു. ധൃതി പിടിച്ചു തീരുമാനങ്ങളെടുക്കാതെ, ഓരോ ചുവടും സൂക്ഷ്മ ചിന്തക്ക് വിധേയമാക്കിയിരുന്നുവെന്നതായിരുന്നു ഈ വിജയങ്ങള്‍ കൊയ്‌തെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഒരു കാര്യത്തിന്ന് ഇറങ്ങുന്നതിന്ന് മുമ്പ്, അതേ കുറിച്ച വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. അന്‍ദലുസിലേക്ക് പോകുന്നതിന്നു മുമ്പ് അവിടത്തെ പൂര്‍വാവസ്ഥ പരിശോധിച്ചത് ഉദാഹരണം. വളരെ നിര്‍ണായക ഘട്ടങ്ങളില്‍ പോലും, ദൈവിക സഹായം തനിക്കുണ്ടാകുമെന്ന വിശ്വാസമായിരുന്നു, എപ്പോഴും ആ സത്യവിശ്വാസിയെ മുന്നോട്ട് നയിച്ചത്.

അവലംബം : Islamweb.net
കെ. എ. ഖാദര്‍ ഫൈസി

Related Articles