Current Date

Search
Close this search box.
Search
Close this search box.

അല്‍ മസൂദി : ചരിത്രകാരന്‍, ഭൂമിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍

പ്രമുഖ സഹാബിവര്യന്‍ അബ്ദുല്ലാഹ് ബ്‌നു മസ്ഊദിന്റെ ഒരു അനന്തിരവനാണ് അബുല്‍ ഹസന്‍ അലി ബ്‌നു ഹുസൈന്‍ ബ്‌നു അലി അല്‍ മസൂദി. വിദഗ്ദ്ധ ഭൂമിശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനും ചരിത്രകാരനുമായ മസൂദി, ഒമ്പതാം ശതകത്തിന്റെ അവസാന പതിറ്റാണ്ടില്‍ ജനിച്ചു. കൃത്യമായ ജനന തിയ്യതി അജ്ഞാതമാണ്. മുഅ്തസിലി ചിന്താഗതിക്കാരനായ ഈ അറബി വംശജന്‍ ദീര്‍ഘദൂരം സഞ്ചരിക്കുകയും 957 ല്‍, കൈറോവില്‍ മരണപ്പെടുകയും ചെയ്തു.

സഞ്ചാരം
915 ല്‍ ഫാര്‍സിലേക്ക് സഞ്ചരിച്ച മസൂദി, ഒരു മാസം ഇസ്തിഖാറില്‍ താമസിച്ച ശേഷം, ബഗ്ദാദ് വഴി ഇന്ത്യയിലെത്തി. അവിടെ മുല്‍ത്താന്‍, മന്‍സൂറ എന്നിവ സന്ദര്‍ശിച്ച ശേഷം കിര്‍മാനിലേക്കും വീണ്ടും ഇന്ത്യയിലേക്കും യാത്ര തിരിച്ചു. അക്കാലത്ത്, മന്‍സൂറ വളരെ ഖ്യാതിയാര്‍ജിച്ച വന്‍ നഗരവും മുസ്ലിം സിന്ധിന്റെ ആസ്ഥാനവുമായിരുന്നു. നവമുസ്‌ലിംകള്‍ക്കുള്ള താമസ സ്ഥലങ്ങളും കൊച്ചു പട്ടണങ്ങളും ചുറ്റു ഭാഗത്തുമുണ്ടായിരുന്നു. 918 ല്‍, അദ്ദേഹം ഗുജറാത്തിലെത്തി. പതിനായിരത്തിലധികം അറബി മുസ്‌ലിംകള്‍ ചാമൂര്‍ തുറമുഖത്ത് താമസിച്ചിരുന്നു. ഡക്കാന്‍, സിലോണ്‍, ഇന്തോ ചീന, ചൈന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം, മദാഗസ്‌കാര്‍, സാഞ്ചിബാര്‍, ഒമാന്‍ എന്നിവ വഴി ബസറയില്‍ പോവുകയായിരുന്നു.

കൃതികള്‍
ബസറയില്‍ വെച്ച് മുറൂജുദ്ദഹബ് എന്ന തന്റെ കൃതി അദ്ദേഹം പൂര്‍ത്തീകരിച്ചു. പല രാജ്യങ്ങളിലെയും ജനങ്ങളെയും ആളുകളെയും കുറിച്ച തന്റെ അനുഭവങ്ങള്‍ വളരെ ആകര്‍ഷണീയ രീതിയില്‍ ഈ കൃതിയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ജൂതന്മാര്‍, ഇറാനികള്‍, ഇന്ത്യക്കാര്‍, ക്രിസ്ത്യാനികള്‍ എന്നിവരുമായുള്ള തന്റെ വൈയക്തിക ബന്ധങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട്. ബസറയില്‍ നിന്ന് സിറിയയിലേക്കും അവിടെ നിന്ന് കൈറോവിലേക്കും യാത്ര ചെയ്ത മസൂദി, അവിടെ വെച്ചാണ് 30 വാള്യങ്ങളുള്ള തന്റെ മുറൂജുസ്സമാന്‍ എന്ന അതിവിപുലമായ കൃതി എഴുതിത്തീര്‍ത്തത്. തന്റെ സന്ദര്‍ശന രാജ്യങ്ങളുടെ ഭൂമിശാസ്ത്ര പരവും ചരിത്രപരവുമായ വിവരങ്ങള്‍ ഈ കൃതിയില്‍ അദ്ദേഹം നല്‍കുന്നുണ്ട്. 947 ലാണ് പ്രഥമ കൃതി പൂര്‍ത്തിയായത്. കിതാബുല്‍ ഔസത് എന്ന അനുബന്ധ കൃതിയില്‍, ചരിത്ര സംഭവങ്ങള്‍ കാലക്രമത്തില്‍ കൊടുത്തിരിക്കുന്നു. മരണപ്പെട്ട 957 ലാണ്, കിതാബുത്തമ്പീഹ് വല്‍ ഇശ്‌റാഫ് എന്ന അവസാന കൃതി പൂര്‍ത്തീകരിച്ചത്. പ്രഥമ കൃതിയുടെ സംഗ്രഹവും ശുദ്ധി പത്രവും ഇതില്‍ കൊടുത്തിരിക്കുന്നു.

അറബികളുടെ ഹെറോഡോട്ടസ്
അറബികളുടെ ഹെറോഡോട്ടസും പ്ലീനിയുമായാണ് മസൂദി സൂചിപ്പിക്കപ്പെടുന്നത്. അപഗ്രഥനം, മനനം, നിരൂപണം എന്നീ ഘടകങ്ങള്‍ പരിചയപ്പെടുത്തി, ചരിത്ര സംഭവങ്ങളെ നിരൂപണാത്മക വിവരണങ്ങളോടെ അവതരിപ്പിക്കുക വഴി, ചരിത്ര രചനാ കലയില്‍ അദ്ദേഹം തുടക്കം കുറിക്കുകയായിരുന്നു. പില്‍ക്കാലത്ത് ഇബ്‌നുഖല്‍ദൂന്‍ ഇത് കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, അത്തമ്പീഹില്‍, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, പരിസ്ഥിതി വിജ്ഞാനശാസ്ത്രം എന്നിവയുടെ വീക്ഷണം കണക്കിലെടുത്തുകൊണ്ട്, വ്യവസ്ഥാപിതമായൊരു ചരിത്ര പഠനം അദ്ദേഹം നടത്തുന്നു. ജനതതികളുടെ ഉല്‍ക്കര്‍ഷാപകര്‍ഷങ്ങളെക്കുറിച്ച അഗാധമായൊരു അന്തര്‍ ദര്‍ശനം മസൂദിക്കുണ്ട്.

ക്രി. വ. 955 – ല്‍ നടന്ന ഭൂകമ്പത്തിന്ന്, ശാസ്ത്രീയവും അപഗ്രഥനപരവുമായ തന്റെ സമീപനത്തിലൂടെ അദ്ദേഹം ഹേതുക്കള്‍ വിവരിച്ചിട്ടുണ്ട്. ചെങ്കടല്‍ ജലം, മറ്റു ഭൂമിശാസ്ത്ര പ്രശ്‌നങ്ങള്‍ എന്നിവയും അദ്ദേഹം ചര്‍ച്ചാവിധേയമാക്കിയിരിക്കുന്നു. സിജിസ്താനിലെ മുസ്‌ലിംകള്‍ ആദ്യമായി കണ്ടുപിടിച്ച കാറ്റാടി മില്ലുക (Wind mills) ളെ കുറിച്ച് പ്രസ്താവിച്ച ആദ്യ ഗ്രന്ഥകാരനും അദ്ദേഹം തന്നെ.

മസൂദിയും സംഗീതവും
സംഗീതത്തിന്നും മറ്റു ശാസ്ത്രീയ മേഖലകള്‍ക്കും മസൂദി സുപ്രധാന സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. ആദികാല അറബികളുടെയും മറ്റു രാജ്യങ്ങളിലെയും സംഗീതത്തെക്കുറിച്ച് സുപ്രധാന വിവരമാണ്, മുറൂജുദ്ദഹബ് എന്ന കൃതിയില്‍ അദ്ദേഹം നല്‍കുന്നത്. തന്റെ വിവര സ്രോതസ്സുകളില്‍ യാതൊന്നും വിട്ടു കളയാതെ, യഥാര്‍ത്ഥ ശാസ്ത്രീയ ഔല്‍സുക്യം കാണിച്ച ഗ്രന്ഥകാരന്റെ സാര്‍വ ലൗകികത കാരണം, അദ്ദേഹത്തിന്റെ മുറൂജുദ്ദഹബ് വല്‍ മആദിന്‍ എന്ന കൃതി വളരെ  ശ്രദ്ധേയമത്രെ. മുകളില്‍ പറഞ്ഞത് പോലെ, മുറൂജുസ്സമാന്‍ എന്ന പ്രബന്ധത്തിന്റെ തുടര്‍ച്ചയാണത്. കിതാബുല്‍ ഔസ്വത് എന്ന അനുബന്ധത്തോടൊപ്പം, കിതാബുത്തമ്പീഹ് വല്‍ ഇശ് റാഖ് അദ്ദേഹം പൂര്‍ത്തീകരിച്ചത്, തന്റെ അന്ത്യകാലത്തായിരുന്നു. 34 കൃതികളില്‍ കേവലം മൂന്നെണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നത് ദൗര്‍ഭാഗ്യകരം തന്നെ.

അദ്ദേഹത്തിന്റെ രേഖകളാസകലം ശാസ്ത്രീയ സമീപനത്തേടു കൂടിയതും, ഭൂമിശാസ്ത്രം, ചരിത്രം എന്നിവക്ക് സുപ്രധാന സംഭാവനകളുമാണ്. പരിണാമത്തിന്റെ വിവിധ വശങ്ങളെ, അതെ, ധാതുക്കള്‍ സസ്യങ്ങളായും, സസ്യങ്ങള്‍ മൃഗങ്ങളായും, മൃഗങ്ങള്‍ മനുഷ്യരായും മാറിയത്, പ്രതിപാദിച്ച ആദികാല ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു അദ്ദേഹമെന്നത്, താല്പര്യമുളവാക്കുന്ന വസ്തുതയത്രെ.

അവലംബം : www.webgaza.net

Related Articles