Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് സിറിയയില്‍ സഹായമെത്താത്തത്

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ചരിത്രത്തിന്റെ ഭാഗമായി മാറിയ ഭയാനകമായ ഭൂകമ്പമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും തിരച്ചിലും ദുരിതവും അവസാനിച്ചിട്ടില്ല. 36000 പേരാണ് തിങ്കളാഴ്ച വരെയായി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 31643 പേര്‍ തുര്‍ക്കിയിലും 4614 പേര്‍ സിറിയയിലുമാണ്. സിറിയയില്‍ 5.3 ദശലക്ഷം പേര്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 9 ലക്ഷം പേര്‍ക്ക് ഇരു രാജ്യങ്ങളിലുമായി അടിയന്തര സഹായവും ഭക്ഷണവും ആവശ്യമായുള്ളവരുണ്ട്.

സര്‍വതും നഷ്ടപ്പെട്ട് ലോകത്തിന് മുന്നില്‍ കൈനീട്ടി യാചിക്കുന്ന ദുരന്ത ബാധിത മേഖലയില്‍ നിന്നുള്ള ചിത്രങ്ങളും വാര്‍ത്തകളും ഓരോ ദിവസവും നിലക്കാതെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഭീകരമായ ദുരിതങ്ങളും പ്രയാസങ്ങളുമാണ് സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പത്തിന്റെ ഇരകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇരു രാഷ്ട്രങ്ങളിലേക്കുമുള്ള സഹായങ്ങളുടെ ഒഴുക്കും തുടരുകയാണ്. യു.എന്നിന്റെയും റെഡ്‌ക്രോസ്, റെഡ് ക്രസന്റ് അടക്കമുള്ള അന്താരാഷ്ട്ര സന്നദ്ധ-സഹായ സംഘടനകളുടെയും ആഹ്വാനപ്രകാരം വ്യോമ-കര മാര്‍ഗങ്ങളിലൂടെ സഹായങ്ങള്‍ പ്രവഹിക്കുകയാണ്.

എന്നാല്‍ സഹായങ്ങളെല്ലാം ഒഴുകുന്നത് തുര്‍ക്കിയിലേക്കാണെന്നും സിറിയയിലേക്ക് സഹായങ്ങള്‍ എത്തുന്നില്ലെന്നുമുള്ള വ്യാപക പരാതികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുരന്തമുണ്ടായതു മുതല്‍ തന്നെ തുര്‍ക്കിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ദശാബ്ദങ്ങളായി രാജ്യം നേരിടുന്ന ആഭ്യന്തര യുദ്ധം മൂലം കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന സിറിയയില്‍ ഭൂകമ്പം കൂടിയായതോടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ഇവിടേക്കുള്ള സഹായങ്ങള്‍ എത്തുന്നതിനും തടസ്സം നേരിടുന്നതിനാല്‍ കടുത്ത ആശങ്കയിലാണ് ഭൂകമ്പത്തെ അതിജീവിച്ചവര്‍ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ഇതിനകം തകര്‍ന്ന ആരോഗ്യ-അടിസ്ഥാന മേഖലകളെല്ലാം ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്. അതിനാല്‍ തന്നെ പുറമെ നിന്നുള്ള സഹായം ലഭ്യമായാല്‍ മാത്രമേ സിറിയന്‍ ജനതക്ക് അതിജീവനം സാധ്യമാകൂ.

വടക്കന്‍ സിറിയയില്‍ ഭൂകമ്പം ബാധിച്ച മേഖലകളില്‍ ചിലത് വിമതരുടെ നിയന്ത്രണത്തിലാണ്. സിറിയയിലെ യു.എന്‍ അംഗീകരിച്ച സര്‍ക്കാരും വിമതരും തമ്മില്‍ നിലനില്‍ക്കുന്ന പോരാട്ടം തന്നെയാണ് സഹായമെത്തുന്നതിന് തടസ്സമാകുന്ന പ്രധാന കാരണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ വിമത സായുധ ഗ്രൂപ്പുകള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളിലേക്ക് കടത്തിവിടാതിരിക്കുകയും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുമാണ് ഒരു കാരണം. ഹയാതെ തഹ്രീര്‍ അല്‍-ഷാം സായുധ ഗ്രൂപ്പും സഹായം വിതരണം ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് യു.എന്‍ പറഞ്ഞിരുന്നു. അല്‍ഖാഇദയുമായി ബന്ധമുള്ള സംഘമാണിത്. ഇവരെ തീവ്രവാദ പട്ടികയിലാണ് യു.എസും മറ്റു ചില രാജ്യങ്ങളും പട്ടികപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ അസദ് ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടാന്‍ യു.എസ് അടക്കം മിക്ക രാജ്യങ്ങളും വൈമനസ്യം കാണിക്കുന്നുണ്ട്. വര്‍ഷങ്ങളായി സ്വന്തം ജനതയോട് ക്രൂരമായി പെരുമാറുന്ന ഒരു സര്‍ക്കാരിനോട് ഇടപഴകാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് യു.എസ് പറഞ്ഞത്.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അലപ്പോ, ഇദ്‌ലിബ് പ്രവിശ്യകളിലാണ് ദുരന്തം സാരമായി ബാധിച്ചത്. വ്യത്യസ്ത വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍ ചിതറികിടക്കുന്ന മേഖലകളാണിത്. ഇതിനിടയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകളുമുണ്ട്. അതായത് ഇവിടെ സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും. കൂടാതെ റഷ്യന്‍-ഇറാന്‍ അനുകൂല സായുധസംഘവും ഈ മേഖലകളില്‍ ഉണ്ട്. കുര്‍ദ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പോക്കറ്റ് ഏരിയകളും ഇവിടെയുണ്ട്. എല്ലാ വിമത സംഘങ്ങളെയും ഭീകര സംഘങ്ങളായാണ് അസദ് സര്‍ക്കാര്‍ കാണുന്നത്.

സര്‍ക്കാര്‍ നിയന്ത്രണ മേഖലകളില്‍ സഹായങ്ങള്‍ എത്തുന്നുണ്ട്. റഷ്യ, ഇറാന്‍,ഇറാഖ്, അള്‍ജീരിയ എന്നിവര്‍ സിറിയന്‍ സര്‍ക്കാരിന് സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇവ, എവിടെ വിതരണം ചെയ്യണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും അസദ് ഭരണകൂടമാണ്. എന്നാല്‍ എല്ലാ വിമത സംഘങ്ങളും തീവ്രവാദ സംഘടനകളല്ലെന്നും ഈ പേരു പറഞ്ഞ് എല്ലാവര്‍ക്കുമുള്ള സഹായവും അസദ് ഭരണകൂടം തടയുകയുമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബാബ് അല്‍ ഹവ എന്ന തുര്‍ക്കിയുമായുള്ള കര അതിര്‍ത്തിയാണ് സിറിയയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രധാന വഴി. ഇത് നേരിട്ട് വിമത മേഖലയിലേക്കാണെത്തുന്നത്. ഈ അതിര്‍ത്തി തുറന്നുനല്‍കാന്‍ യു.എന്‍ അടക്കം സിറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിറിയയിലെ ഇരു വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടല്‍ മൂലം ഭൂകമ്പ ബാധിതരെ വീണ്ടും ദുരിതത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിട്ടിരിക്കുകയാണിപ്പോള്‍. അതിനാല്‍ തന്നെ അന്താരാഷ്ട്ര സമൂഹത്തിന് മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കൂ.

Related Articles