Current Date

Search
Close this search box.
Search
Close this search box.

ആരായിരുന്നു സാലിഹ് അല്‍ അരൂരി ?

ലെബനാന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അല്‍-അരൂരി കൊല്ലപ്പെട്ടതോടെ ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ലെബനാനിലെ ഹമാസിന്റെ ഓഫീസിനു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഹമാസും ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കാന്‍ ഈ നടപടി ഇടയാക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

പിന്നാലെ ഹമാസ് തന്നെ അരൂരിയുടെ മരണം സ്ഥിരീകരിക്കുകയും ഇസ്രായേലിന്റെത് ‘ഭീരുത്വം നിറഞ്ഞ കൊലപാതകം’ ആണെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഫലസ്തീനികള്‍ക്കെതിരായ ഇത്തരം ആക്രമണണങ്ങള്‍ ‘ഫലസ്തീനിനകത്തും പുറത്തുമുള്ള നമ്മുടെ ജനങ്ങളുടെ ഇച്ഛാശക്തിയെയും സ്ഥിരതയെയും തകര്‍ക്കാന്‍ ഇതുകൊണ്ടാവില്ലെന്നും അക്കാര്യത്തില്‍ ഇസ്രായേല്‍ വിജയിക്കില്ലെന്നും ഫലസ്തീനികളുടെ ധീരമായ ചെറുത്തുനില്‍പ്പിനെ തുരങ്കം വയ്ക്കാനാവില്ലെന്നും ഹമാസ് പ്രതിരിച്ചു. ‘ഗസ്സ മുനമ്പില്‍ അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഈ ശത്രുവിന്റെ ദയനീയ പരാജയമാണ് ഇത് ഒരിക്കല്‍ കൂടി തെളിയിക്കുന്നതെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.


അരൂരി കൊല്ലപ്പെടാനിടയായ ബെയ്‌റൂതിലെ ദഹിയയില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയ കെട്ടിടം.

അല്‍-അരൂരിയുടെ മരണത്തെ തടര്‍ന്ന്, വടക്കന്‍ റാമല്ലയിലെ അധിനിവേശ വെസ്റ്റ്ബാങ്ക് പട്ടണമായ അരൂരയിലെ പള്ളികളില്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും റാമല്ലയില്‍ ബുധനാഴ്ച പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലെബനനില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവായ സാലിഹ് അല്‍ അരൂരി ആരായിരുന്നു, അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കാം….

ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫും ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു 57 കാരനായ അല്‍ അരൂരി. 15 വര്‍ഷത്തോളം ഇസ്രായേല്‍ ജയിലില്‍ കഴിഞ്ഞ ശേഷം ലെബനനില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. 2023 ഒക്ടോബര്‍ 7ലെ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അരൂരിക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വധഭീഷണി ഉയര്‍ത്തിയിരുന്നു. ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്ള ഒരാളായിരുന്നു അരൂരി.

തുടര്‍ന്നുള്ള ആഴ്ചകളില്‍, അരൂരി ഹമാസ് വക്താവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാതെ ഹമാസ് കൈവശം വച്ചിരിക്കുന്ന ബന്ദികളുടെ കൈമാറ്റ കരാര്‍ ചര്‍ച്ചക്ക് ഹമാസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2015ല്‍ അമേരിക്ക അരൂരിയെ ‘ആഗോള തീവ്രവാദി’ എന്ന് മുദ്രകുത്തുകയും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അരൂരിയുടെ മരണത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ പ്രതികരണം ?

അരൂരിയുടെ മരണത്തെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് ഔദ്യോഗികമായി പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുന്നില്ലെന്ന് നെതന്യാഹുവിന്റെ ഉപദേശകന്‍ മാര്‍ക്ക് റെഗെവ് യു.എസ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു. ‘ഇത് ആരാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും, ഇത് ലെബനന്‍ ഭരണകൂടത്തിന് നേരെയുള്ള ആക്രമണമല്ല.’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇത് ചെയ്തത് ആരായാലും ഹമാസ് നേതൃത്വത്തിനെതിരെയുള്ള ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇസ്രായേലി വക്താവ് ഡാനി ഡാനന്‍ ഈ ആക്രമണത്തെ അഭിനന്ദിക്കുകയും അരൂരിയെ വധിച്ചതിന് ഇസ്രായേല്‍ സൈന്യത്തെയും സുരക്ഷാ സേവന വിഭാഗമായ ഷിന്‍ ബെറ്റിനെയും ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനെയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

‘7/10 കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടവരുടെ സമീപത്ത് ഞങ്ങള്‍ എത്തുമെന്നും അവരുമായുള്ള കണക്ക് അവസാനിപ്പിക്കുമെന്നും അവര്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്’ ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ പരാമര്‍ശിച്ച് അദ്ദേഹം ഹീബ്രു ഭാഷയില്‍ എക്‌സില്‍ ട്വീറ്റ് ചെയ്തു.

സാലിഹ് അല്‍ അരൂരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ നടന്ന പ്രതിഷേധ റാലി.

അല്‍-അരൂരിയുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖവും നല്‍കരുതെന്ന് ഡാനന്റെ ട്വീറ്റിന് ശേഷം സര്‍ക്കാര്‍ കാബിനറ്റ് മന്ത്രിമാരോട് ഉത്തരവിട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലെബനാന്റെ പ്രതികരണം ?

ബെയ്‌റൂതിന്റെ നഗരപ്രാന്തപ്രദേശത്ത് നടന്ന ആക്രമണത്തെ ലെബനന്റെ കാവല്‍ പ്രധാനമന്ത്രി നജീബ് മീഖാതി അപലപിക്കുകയും ഇത് ഇസ്രായേലിന്റെ ‘പുതിയ കുറ്റകൃത്യം’ ആണെന്നും ലെബനനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമാണെന്നും പ്രതികരിച്ചു.

‘ഇസ്രായേലിലെ രാഷ്ട്രീയ ഉന്നതര്‍ ഗസ്സയിലെ പരാജയങ്ങള്‍ തെക്കന്‍ അതിര്‍ത്തിയിലേക്ക് കയറ്റുമതി ചെയ്യുകയും പുതിയ വസ്തുതകള്‍ അടിച്ചേല്‍പ്പിക്കാനും ഗസ്സയിലെ തങ്ങളുടെ ഇടപഴകല്‍ നിയമങ്ങളില്‍ മാറ്റം വരുത്താനും ആണ് ശ്രമിക്കുന്നതെന്നും മീഖാതി പറഞ്ഞു.
ലെബനന്റെ തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ ‘പ്രതികാരം ചെയ്യാതെ കടന്നുപോകില്ല’ എന്നാണ് മരണത്തില്‍ ഹിസ്ബുള്ള പ്രതികരിച്ചത്.

കടപ്പാട്: അല്‍ജസീറ

 

???? കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles