Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുമ്പോള്‍

കോണ്‍ഗ്രസ് വേണ്ടപോലെ മുസ്ലിംകളെ പരിഗണിക്കുന്നില്ല എന്നതില്‍ നിന്നാണ് മുസ്ലിം ലീഗ് പിറവി കൊള്ളുന്നത്. രൂപീകരണത്തിനു കാല്‍ നൂറ്റാണ്ടിനു ശേഷമാണു പാകിസ്ഥാന്‍ വാദം ലീഗ് ഉന്നയിച്ചത്. അതിന്റെ ശരി തെറ്റുകള്‍ ഒരു പാട് തവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുസ്ലിം ലീഗ് ഒരിടത്ത് വിഭജനം ചര്‍ച്ച ചെയ്തപ്പോള്‍ അതിനെതിരെ മുസ്ലിംകളുടെ ഇടയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ രൂപം കൊണ്ടു. പക്ഷെ എല്ലാ എതിര്‍പ്പുകളെയും മറികടന്നു അവസാനം വിഭജനം ഒരു യാഥാര്‍ഥ്യമായി. ഇന്ത്യന്‍ വിഭജനത്തിനു ശേഷം ന്യൂനപക്ഷ രാഷ്ട്രീയം അത്ര പച്ചപിടിച്ചില്ല. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി വിഭജന ശേഷവും മനസ്സിലാക്കപ്പെട്ടത് മുസ്ലിം ലീഗ് തന്നെയാണ്. വടക്കേ ഇന്ത്യയില്‍ ഈ രാഷ്ട്രീയ മുന്നേറ്റത്തിനു കാര്യമായ വേരു പിടിച്ചില്ല എന്നത് നമ്മുടെ മുന്നിലെ ചരിത്രം.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ ശക്തിയായി നിലകൊണ്ടത് കേരളത്തില്‍ മാത്രം. അതും മലബാറില്‍. ഒരിക്കല്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ അംഗമുണ്ടായിരുന്ന പാര്‍ട്ടിക്ക് എണ്‍പതുകള്‍ മുതല്‍ കേരളത്തില്‍ നിന്നും മാത്രമായി ചുരുങ്ങി. കേന്ദ്ര നേതൃത്വത്തെ പോലും തീരുമാനിക്കാന്‍ കഴിയുന്ന രീതിയിലേക്ക് സംസ്ഥാന ലീഗ് വളര്‍ന്നപ്പോള്‍ ആന മെലിഞ്ഞത് പോലെ ദേശീയ തലത്തില്‍ ലീഗ് മെലിഞ്ഞുപോയി. സ്വാതന്ത്രത്തിനു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കോണ്ഗ്രസ് തന്നെ തിളങ്ങി നിന്നു. ഇന്ത്യ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു എന്നതിനെ കത്തിക്കാന്‍ അന്ന് തന്നെ സംഘ പരിവാര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം കോണ്ഗ്രസ് നേതാക്കളുടെ മതേതര നിലപാടില്‍ ഒലിച്ചുപോയ ചരിത്രമാണ് നമുക്ക് പറയാനുള്ളത്.

ന്യൂനപക്ഷ രാഷ്ട്രീയം ഉരുത്തിരിഞ്ഞു വരുന്നത് മതപരമായ കാരണം കൊണ്ട് മാത്രമാകില്ല. ഭാഷ വംശം ജാതി എന്നിവയും അത് തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. ദളിത് പിന്നോക്ക രാഷ്ട്രീയം ഇന്ത്യയിലെ ഒരു വര്‍ത്തമാന സത്യമാണ്. ഇവയെല്ലാം കൂടിയും കുറഞ്ഞും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ,മുന്നോട്ടു പോകുന്നു. അതെ സമയം മുസ്ലിം രാഷ്ട്രീയം കേരളത്തില്‍ ഒഴികെ മറ്റൊരിടത്തും കരുത്തു പിടിച്ചില്ല. കേരളത്തിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണു പല സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ. ഒരു മതേതര ചേരിയില്‍ നിന്നും ന്യൂനപക്ഷ രാഷ്ട്രീയം കെട്ടിപ്പൊക്കാന്‍ ആര്‍ക്കും കഴിയാതെ പോയി.

അടുത്തിടെ ഉവൈസിയുടെ കീഴില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. അതെത്രമാത്രം ഗുണകരമാകും എന്ന ചര്‍ച്ച ഇപ്പോഴും സജീവമാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുസ്ലിംകളോട് വിവേചനം കാണിക്കുന്നു എന്നതില്‍ നിന്നാണ് ഉവൈസി ചുവടുവെച്ചു തുടങ്ങിയത്. ഒരിക്കല്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇബ്രാഹിം സേട്ട് സാഹിബും ബനാത്ത് വാലയും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ നാവായി ചിത്രീകരിക്കപ്പെട്ടിരുന്നു. അതിനു തുടര്‍ച്ച നല്‍കാന്‍ ലീഗിന് കഴിയാതെ പോയി. അവര്‍ രണ്ടു പേരും ജയിച്ചിരുന്ന മണ്ഡലങ്ങള്‍ ഇപ്പോഴും ലീഗ് തന്നെ ജയിക്കുന്നു. ഒരിക്കല്‍ മാത്രമാണ് അതിനു അപവാദം ഉണ്ടായത്. പക്ഷെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അവരുടെ ശബ്ദത്തിന് പിന്തുടര്‍ച്ച നല്‍കുന്ന കാര്യത്തില്‍ പിന്‍ഗാമികള്‍ പരാജയം തന്നെയാണ്. ആ ഒഴിവിലേക്കാണ് ഉവൈസി കയറിപ്പോയത്.

ഇന്ത്യന്‍ രാഷ്ട്രീയം അധികവും പിന്നോക്ക ജനതയുടെ സാമൂഹിക മുന്നേറ്റം എന്നതിനേക്കാള്‍ ചില വ്യക്തികളുടെയും ഗ്രൂപ്പിന്റെയും അധികാര രാഷ്ട്രീയം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി സമുദായത്തെ ഉപയോഗപ്പെടുത്തുക എന്ന അജണ്ടയാണ് പലരും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചാണ് സംസ്ഥാന ലീഗ് അവരുടെ തന്നെ നേതാവിനെ ഡല്‍ഹിയിലേക്കു അയച്ചത്. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പിന്നോക്ക ന്യൂനപക്ഷങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ പ്രാപ്തി അന്ന് തന്നെ ജനം ചര്‍ച്ച ചെയ്തിരുന്നു.

അതെല്ലാം പാതി വഴിയില്‍ നിര്‍ത്തി നേതാവ് കേരളത്തിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുന്നു. ഡല്‍ഹിയില്‍ അധികാര രാഷ്ട്രീയത്തിന്റെ വഴികള്‍ അടയുകയും കേരളത്തില്‍ തുറക്കാന്‍ സാധ്യത കാണുകയും ചെയ്യുന്നു എന്നതാണ് ഈ തീരുമാനങ്ങളുടെ ഉദ്ദേശ്യം എന്ന് ജനം മനസ്സിലാക്കുന്നു. ദേശീയ തലം വെച്ച് നോക്കിയാല്‍ കേരളം എന്ത് കൊണ്ടും സുരക്ഷിതമാണ്. അത് കൊണ്ട് തന്നെ വര്‍ഗീയ വാദികള്‍ക്ക് കേരളത്തില്‍ വേരൂന്നാന്‍ കഴിയാതെ പോകുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ ഒരിക്കല്‍ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍ തന്നെ അവരുടെ തണലില്‍ ഭരണത്തിലേറിയ ചരിത്രം നമുക്ക് പറയാനുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഇന്ന് വര്‍ഗീയത ദര്‍ശിക്കുന്നതു സംഘ പരിവാര്‍ മാത്രം. അത് അവരുടെ നിലപാടിന്റെ ഭാഗം മാത്രം.

ദേശീയ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്തായാലും അത് മുസ്ലിം ലീഗിന്റെ കയ്യിലല്ല. അത് മറ്റു പലരും കയ്യടക്കിയിരിക്കുന്നു. അത് തിരിച്ചു പിടിക്കാന്‍ ലീഗിന് താല്പര്യമില്ല എന്നാണു അവരുടെ തന്നെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ഇന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനമാണ്. അന്ന് തന്നെ ലീഗിനെ കുറിച്ച് കേരളം പല രീതിയിലും ചര്‍ച്ച ചെയ്യുന്നു. സമുദായത്തിന്റെ രാഷ്ട്രീയ ശബ്ദം എന്ന് അവകാശപ്പെടുമ്പോഴും ചില വ്യക്തികളുടെ അധികാരവുമായി ചേര്‍ത്ത് പറയാന്‍ തന്നെയാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ദല്‍ഹി ജുമാ മസ്ജിദ് റോഡിലെ പഴയ കെട്ടിടത്തില്‍ ലീഗിന്റെ പതാകയും ബോര്‍ഡും തൂങ്ങിക്കിടക്കുന്ന ചിത്രം അത്ര നിസാരമായി കാണേണ്ട ഒന്നല്ല.

Related Articles