Current Date

Search
Close this search box.
Search
Close this search box.

ഐക്യസര്‍ക്കാരും വെസ്റ്റ്ബാങ്ക് കൈയേറ്റവും

ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പം പിറവിയെടുത്ത കാലം മുതല്‍ ആരംഭിച്ചതാണ് ഒരു ജനത അനുഭവിക്കുന്ന ദുരിതവും യാതനകളും. അത് ഇന്നും മാറ്റമില്ലാതെ നിലനിര്‍ത്താനായി എന്നത് കൂടി ജൂതരാഷ്ട്ര മേലാളര്‍ വിജയമായി കാണുന്നതാണ്. ഫലസ്തീന്റെ മണ്ണ് ഇഞ്ചിഞ്ചായി അധീനപ്പെടുത്തി സമ്പൂര്‍ണ ജൂതരാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് ഇസ്രായേല്‍ എന്ന തീവ്ര മതരാഷ്ട്രവാദത്തിന്റെ വക്താക്കളുടെ എക്കാലത്തെയും സ്വപ്നം. അതിനായി തന്നെയാണ് അവിടെ എല്ലാകാലത്തും മാറി മാറി വന്ന സര്‍ക്കാരുകള്‍ പണിയെടുത്തതും. ഇസ്രായേലില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് ഫലസ്തീന്‍ മണ്ണ് ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കുക എന്നത്. ഇതില്‍ ഏറെ നാളായി വിവാദത്തില്‍ ഇടം പിടിച്ചിട്ടുള്ള ഒന്നാണ് വെസ്റ്റ് ബാങ്ക് കൈയേറ്റം. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഫലസ്തീന് അവകാശപ്പെട്ട വെസ്റ്റ്ബാങ്കില്‍ കൈയേറ്റം നടത്തി അതിലെ ബഹുഭൂരിപക്ഷം മേഖലയെയും ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഈ അധിനിവേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇസ്രായേലിന്റെ ഉറ്റ സുഹൃത് രാഷ്ട്രമായ അമേരിക്കയുടെ ശക്തമായ പിന്തുണയുള്ളത് ഇസ്രായേലിന് ഇ്ക്കാര്യത്തില്‍ ഇരട്ടി ധൈര്യവും ധാര്‍ഷ്ട്യവും നല്‍കുന്നു.

ഐക്യരാഷ്ട്രസംഘടന അടക്കം അന്താരാഷ്ട്ര സംഘടനകളും വിവിധ രാഷ്ട്രങ്ങളും ഇസ്രായേലിന്റെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പും എതിര്‍പ്പുമായി രംഗത്തുവരാറുണ്ടെങ്കിലും അമേരിക്കയുടെ കൂട്ടുള്ളത് കാരണം ഇവയൊന്നും വേണ്ടവിധം ഏല്‍ക്കാറില്ല. ഇസ്രായേലിന് ഈ മുന്നറിയിപ്പുകള്‍ ഒരുവിധ സമ്മര്‍ദ്ദവും ചെലുത്താറുമില്ല. ഇപ്പോള്‍ വീണ്ടും വെസ്റ്റ് ബാങ്ക് കുടിയേറ്റം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതിനിടെയാണ് ഇസ്രായേലില്‍ പുതിയ ഐക്യസര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുന്നത്. ഏതാനും മാസങ്ങളായി ഇസ്രായേലില്‍ ഭരണ പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ നടന്ന മൂന്ന് പൊതുതെരഞ്ഞെടുപ്പിലും മുഖ്യധാര പാര്‍ട്ടികള്‍ക്കൊന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതാണ് പ്രതിസന്ധി ഉടലെടുക്കാന്‍ കാരണം. മൂന്ന് തെരഞ്ഞെടുപ്പുകളിലും നിലവിലെ പ്രസിഡന്റായ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഈ കാലയളവിലെല്ലാം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നെതന്യാഹു പരാജയപ്പെടുകയായിരുന്നു. തെന്യാഹുവിനെതിരെ അഴിമതിക്ക് ക്രിമിനല്‍ കുറ്റവും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയെല്ലാം വകഞ്ഞുമാറ്റി പരസ്പര ധാരണയിലൂടെ ഐക്യസര്‍ക്കാര്‍ രൂപീകരിച്ച് മുന്നോട്ടുപോകാനൊരുങ്ങുകയാണ് നെതന്യാഹുവും ഗാന്റ്‌സും.

Also read: ലൈലത്തുല്‍ ഖദ്റില്‍ ചെയ്യേണ്ട പത്ത് സുപ്രധാന കാര്യങ്ങള്‍

അതിനാല്‍ തന്നെ ഐക്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഫലസ്തീനോടും വെസ്റ്റ്ബാങ്കിനോടുമുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മോട് പറയുന്നത്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലുമായി ബഹുദൂരം മുന്നോട്ടു പോകുക തന്നെയാവും ഐക്യസര്‍ക്കാരിന്റെയും പ്രധാന ലക്ഷ്യം. ഫലസ്തീന്‍ മണ്ണ് കൂടെ നിര്‍ത്താനുള്ള പോരാട്ടവും ചെറുത്തുനില്‍പ്പും അവിടുത്തെ ചടുല ചെറുപ്പവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കൊച്ചുസംഘം ഏറ്റെടുത്തതാണ്. ഇക്കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ അനുകമ്പയോ സഹതാപമോ അവര്‍ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. തങ്ങള്‍ സ്വപ്‌നം കാണുന്ന ഫലസ്തീന്‍ എന്ന സ്വതന്ത്ര റിപ്പബ്ലിക്ക് വിണ്ണില്‍ പൂവണിയുക തന്നെ ചെയ്യുമെന്ന മനക്കരുത്തോടെയും ഇഛാശക്തിയോടെയുമാണ് ജൂത സൈന്യത്തിന്റെ വെടിക്കോപ്പുകളെയും ബോംബുകളെയും പുഞ്ചിരിയോടെ അവര്‍ നേരിടുന്നത്. ആ ആത്മധൈര്യത്തിലാണ് അവര്‍ മുന്നോട്ടുപോകുന്നതും.

Related Articles