Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി മസ്ജിദും കൈയേറുമ്പോള്‍

ഉത്തര്‍പ്രദേശിലെ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി മസ്ജിദിന് മേലും സംഘ്പരിവാര്‍ കണ്ണ് വെച്ചിരിക്കുകയാണിപ്പോള്‍. പളളി ക്ഷേത്രത്തിന് സമീപത്ത് ആയതിനാല്‍ തന്നെ ക്ഷേത്രഭൂമി കൈയേറിയാണ് പള്ളി നിര്‍മിച്ചതെന്ന പതിവ് വാദവുമായി സംഘ്പരിവാര്‍ നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. അതിന് അനുകൂലമായ നടപടിയാണ് ഇപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ക്ഷേത്ര ഭൂമി കൈയേറിയാണോ പള്ളി നിര്‍മിച്ചത് എന്ന് പരിശോധിക്കാന്‍ കഴിഞ്ഞ ദിവസമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് വാരണസി കോടതി ഉത്തരവിട്ടത്. മുപ്പത് വര്‍ഷം മുന്‍പ് നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം.

ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പുരാവസ്തു ഖനനം നടത്തി പള്ളിയുടെ ഭൂമിയില്‍ ക്ഷേത്ര അവശിഷ്ടങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നാകും പുരാവസ്തു വകുപ്പ് അന്വേഷിക്കുക. ഇതിനായി പള്ളിയുടെ ഏത് ഭാഗത്തേക്ക് പ്രവേശിക്കാനും കുഴിക്കാനുമെല്ലാം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇത്.

17ാം നൂറ്റാണ്ടില്‍ മുഗല്‍ ചക്രവര്‍ത്തിയായ ഔറം ഗസീബാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത്. ഉത്തര്‍പ്രദേശിലെ വരാണസി നഗരത്തിന്റെ ഹൃദയഭാഗത്താണ് ഗ്യാന്‍ വാപി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അഞ്ജുമാന്‍ ഇന്‍തസാമിയ മസാജിദ്(എ.ഐ.എം) ആണ് പള്ളിയുടെ പരിപാലനവും നിയന്ത്രണവും നടത്തുന്നത്. മൂന്നാമത്തെ മുഗള്‍ ചക്രവര്‍ത്തിയായ അക്ബറാണ് പള്ളിക്കു ശിലയിട്ടത്.

ക്ഷേത്രം കൈയേറിയാണ് ഔറംഗസീബ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് ആദ്യമായി 1991ലാണ് ഹിന്ദുത്വ ശക്തികള്‍ കോടതിയെ സമീപിക്കുന്നത്. വി.എസ് രസ്‌തോഗി എന്ന അഭിഭാഷകനാണ് ഹരജി നല്‍കിയത്. ഉത്തര്‍പ്രദേശിലെ തന്നെ അയോധ്യയിലെ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സംഘര്‍ഷം കത്തിനില്‍ക്കുന്ന സമയത്താണ് സംഘ്പരിവാര്‍ ഈ മസ്ജിദിനെതിരെയും ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ഹരജി കോടതിയിലെത്തിയെങ്കിലും പരിഗണിക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം പരിഗണിക്കുകയും പരാതിക്കാര്‍ക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.

ഉത്തരേന്ത്യയിലെ പുരാതന മുസ്ലിം പള്ളികളും മുസ്ലിം നാമധേയത്തിലുള്ള ചരിത്ര സ്മാരകങ്ങളും സ്ഥാപനങ്ങളും കൈയേറുകയും പേര് മാറ്റുകയും ചെയ്യുക എന്ന അജണ്ടയുമായി ഇറങ്ങിത്തിരിച്ച സംഘപരിവാര്‍ ശക്തികളുടെ ഏറ്റവും ഒടുവിലത്തെ അജണ്ടയാണ് ഗ്യാന്‍വാപി മസ്ജിദ്. ഇതിന് ചൂട്ടുപിടിച്ച് എല്ലാവിധ നിയമപിന്തുണയും സാമ്പത്തിക പിന്തുണയുമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും യു.പി ഭരിക്കുന്ന യോഗി ഭരണകൂടവും മുന്‍പന്തിയിലുണ്ട്. ഇതാണ് ഇത്തരക്കാര്‍ ഊര്‍ജവും ആവേശവും നല്‍കുന്നത്. ഇത്തരത്തില്‍ എത്രയോ പള്ളികള്‍ക്കും ന്യൂനപക്ഷ വിഭാഗത്തിന്റെ മതസ്ഥാപനങ്ങള്‍ക്കും ചരിത്രസ്മാരകങ്ങള്‍ക്കും എതിരെ നിരവധി ഹരജികള്‍ വിവിധ കോടതികളിലുണ്ട്.

അതേസമയം, ഗ്യാന്‍വാപി മസ്ജിദിനെതിരായ ഹരജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി മറ്റൊരു ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാനോ പരിശോധിക്കാനോ കോടതി ഇതുവരെ തയാറായിട്ടില്ല. മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശത്ത് മറ്റേതെങ്കിലും മതസ്ഥാപനം നിലനിന്നിരുന്നോ, ഇത് കൈയേറിയാണോ പള്ളി നിര്‍മിച്ചത് എന്നെല്ലാം വിശദമായി പരിശോധിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കാന്‍ പുരാവസ്തു വകുപ്പിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇത്തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നതിന്റെ തരിമ്പോ തുമ്പോ ഉണ്ടാക്കി പള്ളിയും ഭൂമിയും കൈയേറുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശമെന്ന് വളരെ വ്യക്തമാണ്. ഇത്തരത്തില്‍ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും ഈ അജണ്ടക്ക് അനുകൂലമായി കുടപിടിക്കുമ്പോള്‍ സംഘ്പരിവാര്‍ അജണ്ട സ്ഥാപിച്ചെടുക്കുക എന്നത് വളരെ എളുപ്പമാണ്. ഇതിന് വേണ്ടി ഏതറ്റം വരെ പോകാനും അവര്‍ തയാറുമാണ് എന്നതാണ് മുന്‍കാല അനുഭവങ്ങള്‍ നമ്മോട് പറയുന്നത്.

Related Articles