Current Date

Search
Close this search box.
Search
Close this search box.

കൊടുംതണുപ്പിലും സമരച്ചൂടണയാതെ കര്‍ഷകര്‍

രാജ്യതലസ്ഥാനത്തെ മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ രാജ്യത്തിന് അന്നം തരുന്ന കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് 37 ദിവസം പിന്നിടുകയാണ്. വിവാദ കാര്‍ഷിക ബില്‍ പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത്. നവംബര്‍ 26നാണ് സമരം ആരംഭിച്ചത്. 1.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ഡല്‍ഹിയില്‍ താപനില.

ഇതിനകം ആറ് തവണ കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടന പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും ഒന്നു പോലും വിജയിച്ചില്ല. തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് പ്രശ്‌നം അനന്തമായി നീളാന്‍ കാരണം. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിയമനിര്‍മാണത്തില്‍ പൂര്‍ണമായി മാറ്റം വരുത്താതെയും അവരെ പിണക്കാതെയുമുള്ള ഒത്തുതീര്‍പ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ തങ്ങള്‍ എന്ത് ലക്ഷ്യം വെച്ചാണോ സമരക്കളത്തിലേക്ക് ഇറങ്ങിയത് അത് പൂര്‍ണമായി നിറവേറ്റുന്നത് വരെ ഒരടി പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഡല്‍ഹിയെ ലക്ഷ്യമിട്ട് സമീപ സംസ്ഥാനങ്ങളില്‍ നിന്നും വന്നെത്തുന്ന കര്‍ഷകരെ സംസ്ഥാനാതിര്‍ത്തികളില്‍ പൊലിസും സുരക്ഷ സൈന്യവും തടയുകയാണ്. ട്രാക്ടറുകളും ഭക്ഷണസാധനങ്ങളും കാര്‍ഷികോത്പന്നങ്ങളുമായാണ് കര്‍ഷകര്‍ സമരത്തിനെത്തുന്നത്. അതിര്‍ത്തില്‍ പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് ട്രാക്ടറുകളുമായി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന കര്‍ഷകരെയാണ് നമ്മള്‍ കഴിഞ്ഞ ഒരു മാസമായി കാണുന്നത്.

ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഡല്‍ഹി സാക്ഷ്യം വഹിക്കാറുള്ളത് ശരീരം മരവിക്കുന്ന തരത്തിലുള്ള തണുപ്പാണ്. ഇത്തരം അതിശൈത്യത്തെ പോലും വകവെക്കാതെയാണ് ഒരു മാസത്തിലേറെയായി മണ്ണിന്റെ മക്കള്‍ രാജ്യതലസ്ഥാനത്ത് നിയമ-ഭരണ സംവിധാനങ്ങളോട് പടപൊരുതിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തായിരുന്നു രാജ്യം കണ്ട മറ്റൊരു ജനകീയ പ്രക്ഷോഭമായ സി.എ.എ വിരുദ്ധ സമരവും അരങ്ങേറിയിരുന്നത്. സ്ത്രീകളും കുട്ടികളും കൈകുഞ്ഞുങ്ങളുമടക്കം തണുപ്പിനെ വകഞ്ഞുമാറ്റി ഡല്‍ഹിയില്‍ സമരച്ചൂട് തീര്‍ക്കുകയായിരുന്നു ഇവര്‍. സമരത്തെ കേന്ദ്രസര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കുന്നതിലേക്കും വരെയെത്തിയിരുന്നു കാര്യങ്ങള്‍. കര്‍ഷക സമരത്തെയും ഇത്തരത്തില്‍ അടിച്ചമര്‍ത്താനും വര്‍ഗ്ഗീയത ഇളക്കിവിടാനും ഭരണകൂടം ആവോളം ശ്രമിച്ചിരുന്നു. എന്നാല്‍ പഞ്ചാബിലെ സിഖ് വിശ്വാസികളടക്കം വിവിധ ജാതി-മത ഭേദമന്യേയുള്ള കര്‍ഷക സമരം ഇതിനെയെല്ലാം ചെറുത്തുതോല്‍പ്പിക്കുകയായിരുന്നു.

ദേശീയപാത ഉപരോധിച്ചതു മൂലം ഇതിനോടകം തന്നെ രാജ്യത്ത് ചരക്കുഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. അവരുടെ ലക്ഷ്യം വിജയത്തിലെത്തുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

Related Articles