Current Date

Search
Close this search box.
Search
Close this search box.

മൂന്നര വര്‍ഷത്തിനു ശേഷമുള്ള സമാഗമം

ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതായിരുന്നു കഴിഞ്ഞ ആഴ്ച പശ്ചിമേഷ്യയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. മൂന്നര വര്‍ഷമായി സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ഖത്തറിനെതിരെ കര-വ്യോമ-നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.

ജനുവരി അഞ്ചിന് സൗദിയിലെ അല്‍ഉലയില്‍ വെച്ച് നടന്ന 41ാമത് ജി.സി.സി ഉച്ചകോടിയിലാണ് അയല്‍ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ മുഴുവന്‍ ഉപരോധവും പിന്‍വലിച്ചുകൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ അറബ്-പശ്ചിമേഷ്യന്‍ മേഖലയില്‍ നിലനിന്ന ഒട്ടേറെ പ്രതിസന്ധിക്കാണ് പരിഹാരമായത്. ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉപരോധ രാജ്യങ്ങളിലും ഖത്തറിലുമായി വേര്‍പ്പെട്ട് കിടന്നിരുന്ന പരസ്പര ബന്ധുക്കളുടെയും സുഹൃത്തുക്കുളുടെയും സമാഗമം.

ഉപരോധമേര്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കും തിരിച്ചും നേരിട്ട് വിമാന സര്‍വീസുകളും റോഡ്-നാവിക യാത്രകളുമെല്ലാം നിര്‍ത്തിവെച്ചിരുന്നു. അതിനാല്‍ തന്നെ പരസ്പരം യാത്ര ചെയ്യണമെങ്കില്‍ മറ്റു രാജ്യങ്ങള്‍ മുഖേന ഒട്ടേറെ ചുറ്റിക്കറങ്ങി പോകേണ്ടി വന്നു. ഇത് വലിയ സാമ്പത്തിക ചിലവും യാത്രബുദ്ധിമുട്ടുമെല്ലാമായിരുന്നു. ഇതോടെ നിരവധി കുടുംബങ്ങളാണ് നേരിട്ട കാണാന്‍ സാധിക്കാതെ തീര്‍ത്തും ഒറ്റപ്പെട്ട് പോയത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും സഹോദരനും സഹോദരിക്കും ഉറ്റസുഹൃത്തുക്കള്‍ക്കും ഒന്നും പരസ്പരം യാത്ര ചെയ്യാനോ കണ്ടുമുട്ടാനോ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നര വര്‍ഷമായി വീഡിയോ കോള്‍ മുഖേനയായിരുന്നു ഇവരുടെ സമാഗമമെല്ലാം.

ജനുവരി ആദ്യത്തില്‍ തന്ന ഉപരോധം പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് (ജനുവരി 11) ആദ്യത്തെ വിമാന സര്‍വീസ് പുനരാരംഭിച്ചത്. ഖത്തറില്‍ നിന്നും സൗദിയിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ വിമാനം റിയാദിലെത്തിയപ്പോള്‍ ഒട്ടേരെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മക്കളെയും സഹോദരിമാരെയും ഭാര്യ-ഭര്‍ത്താക്കന്മാരെയും കാണുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആനന്ദഭരിതമായ മൂഹൂര്‍ത്തങ്ങളായിരുന്നു അവ.

‘എന്റെ സഹോദരി ഏകദേശം നാല് വര്‍ഷമായി ഖത്തറിലായിരുന്നു. ഞങ്ങള്‍ വാട്‌സാപ് മുഖേനയാണ് ഇത്രയും നാള്‍ ആശയവിനിമയം നടത്തിയത്. എന്റെയും ഇപ്പോള്‍ ഗള്‍ഫിലെ മറ്റു പൗരന്മാര്‍ക്കും ഉണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്-‘ റിയാദ് വിമാനത്താവളത്തിലെത്തിയ ഖാലിദ് അല്‍ ഖഹ്താനി മാധ്യമങ്ങളോട് പറഞ്ഞു. ചെറിയ കുട്ടികള്‍ വരെ കുടുംബാംഗങ്ങളെ കണ്ടതിന്റെ ആനന്ദ കണ്ണീരിനു കൂടിയാണ് തിങ്കളാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സാക്ഷ്യം വഹിച്ചത്.

ഉപരോധം പ്രാബല്യത്തില്‍ വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ കുടുംബാംഗങ്ങള്‍ പരസ്പരം കാണുന്നതിന് കുവൈത്ത്, ഒമാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് പോകുകയാണ് ചെയ്തത്. സൗദി- ഖത്തര്‍ കര അതിര്‍ത്തിയായ അബു സംറ ക്രോസിങ് ബോര്‍ഡര്‍ കഴിഞ്ഞ ആഴ്ച തുറന്നുനല്‍കിയിരുന്നെങ്കിലും യാത്ര അത്ര സജീവമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഖത്തറില്‍ നിന്നും സൗദിയിലേക്കും തിരിച്ച് ഖത്തറിലേക്കും നിരവധി യാത്ര കാറുകളാണ് സഞ്ചരിക്കാന്‍ തുടങ്ങിയത്. ഖത്തര്‍-സൗദി അതിര്‍ത്തിയാ സല്‍വ ക്രോസിങ് ബോര്‍ഡറും ഇപ്പോള്‍ സജീവമായതായി കസ്റ്റംസ് അധികൃതരും അറിയിച്ചിരുന്നു.

പരിശുദ്ധമായ മക്ക, മദീന പുണ്യ ഭൂമിയിലേക്കും ഉംറ തീര്‍ത്ഥാടനത്തിനും യാത്ര ലക്ഷ്യം വെച്ച് കാത്തിരിക്കുന്നവര്‍ക്കും മറ്റൊരു സന്തോഷ മുഹൂര്‍ത്തമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഈ യാത്രക്ക് ഇളവുകള്‍ ഉണ്ടായിരുന്നെങ്കിലും ഖത്തറിലെ സ്വദേശീയരും വിദേശീയരുമൊന്നും അത്ര സജീവമായി തീര്‍ത്ഥാടനം ലക്ഷ്യം വെച്ചുള്ള യാത്ര നടത്തിയിരുന്നില്ല. വരും ദിവസങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും സമാധാനത്തിന്റെ സന്തോഷത്തിന്റെയും പുതിയ പുലരികള്‍ വിടരുമെന്ന് ഇതിലൂടെ നമുക്ക് പ്രത്യാശിക്കാം.

Related Articles