Current Date

Search
Close this search box.
Search
Close this search box.

ലോകം കോവിഡ് ഭീതിയിലമരുമ്പോള്‍

ലോകമൊന്നടങ്കം ഇന്ന് ഒരു വൈറസിന് മുന്നില്‍ ഭീതിയോടെ നിലച്ച് നില്‍ക്കുന്ന സ്ഥിതിവിശേഷമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നാലായിരത്തിലധികം പേരാണ് വൈറസ് ബാധയേറ്റ് ലോകത്താകമാനം മരണപ്പെട്ടത്. ഒന്നര ലക്ഷത്തിനടുത്ത് പേര്‍ക്കാണ് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇതിനേക്കാള്‍ എത്രയോ പേര്‍ മരണപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുമുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3119 പേര്‍ മരിച്ചപ്പോള്‍ 80,859 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയിലെ പ്രമുഖ പട്ടണമായ വുഹാനില്‍ നിന്നും രോഗം പടര്‍ന്നുപിടിച്ചത്. ചൈനയില്‍ ഇപ്പോള്‍ രോഗം ചെറിയ രീതിയില്‍ കെട്ടടങ്ങിയിട്ടുണ്ടെങ്കിലും വൈറസ് മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടരുന്ന കാഴ്ചയാണ് നാം കാണുന്നത്.

ചൈനക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ മരണം 463 ആയി. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ ഇവിടെ നിരീക്ഷണത്തിലാണ്. ഇറാനില്‍ മരണം 291 ആയി. 8042 പേര്‍ ചികിത്സയിലാണ്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് എഴുപതിനായിരം തടവുകാരെ ഇറാന്‍ മോചിപ്പിച്ചിരുന്നു. പ്രശ്‌നം അതീവ ഗുരുതരമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ലോകചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ മഹാമാരിയുണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ആകെ 62 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ കേരളത്തിലാണ്. നൂറിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം കോവിഡ് ഭീതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആളുകള്‍ ഒരുമിച്ചു കൂടുന്ന പരിപാടികളുമെല്ലാം റദ്ദാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും തന്നെയാണ് ലോകാരോഗ്യ സംഘടനകളും ശാസ്ത്രവും മുന്നോട്ടു വെക്കുന്ന പ്രതിവിധി. ശാസ്ത്രം 21ാം നൂറ്റാണ്ടില്‍ സമസ്ത മേഖലകളിലും കുതിച്ചുചാട്ടം നടത്തി വിപ്ലവങ്ങള്‍ തീര്‍ക്കുമ്പോള്‍ ഇത്തിരിപ്പോന്ന വൈറസിനെ തുരത്താനുള്ള മരുന്നോ പ്രതിവിധികളോ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നു കൂടിയാണ്.

ഇവിടെയാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇസ്ലാം മുന്നോട്ടുവെച്ച സന്ദേശങ്ങളും പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ച ചര്യകളും നാം മാതൃകയാക്കേണ്ടത്. മനുഷ്യന്റെ സമസ്ത മേഖലകളിലും പാലിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും വ്യക്തി-സാമൂഹിക ശുചിത്വത്തെക്കുറിച്ചും കൃത്യമായി പഠിപ്പിച്ചു നല്‍കിയ പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ശുചിമുറിയില്‍ പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകളും ഭക്ഷണം പാകം ചെയ്യുമ്പോഴും അതിനു ശേഷവും കുളിക്കുമ്പോഴും എന്നുതുടങ്ങി മുടി ചീകുന്നതില്‍ വരെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് ഇസ്ലാം മതം. ലോകത്ത് മറ്റേതെങ്കിലും പ്രത്യയശാസ്ത്രങ്ങള്‍ ഇത്തരത്തില്‍ ആധുനിക സമൂഹം നിസ്സാരമാക്കി കാണുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ടോ എന്നത് സംശയകരമാണ്. ശരീരം എങ്ങിനെ വൃത്തിയായി കൊണ്ടുനടക്കണമെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവാചക തിരുമേനി സ്വജീവിതത്തിലൂടെ അനുയായികള്‍ക്ക് മാതൃക കാണിച്ചു കൊടുത്തിട്ടുണ്ട്.

വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പ്രവാചകന്‍ ലോകത്തിന് പഠിപ്പിച്ചു നല്‍കിയത്. അഞ്ചു നേരം നമസ്‌കരിക്കുമ്പോള്‍ ശരീരത്തിന്റെ പ്രധാന അവയവങ്ങള്‍ വൃത്തിയാക്കുന്നത് (വുളൂ) തന്നെ ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ ഒരാള്‍ കൃത്യമായ ഇടവേളകളില്‍ ശരീരം ശുചിയാക്കുന്നത് തന്നെ ഒരു പരിധിവരെ രോഗാണുക്കളെ തടയാന്‍ സാധിക്കും. മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച സ്ഥലങ്ങലുള്ളവര്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ അങ്ങോട്ട് പോകരുതെന്നും നൂറ്റാണ്ടുകള്‍ക്ക് മുന്നേ പ്രവാചകന്‍ പഠിപ്പിച്ചതാണ്. അതിനാല്‍ തന്നെ ഇന്ന് ലോകം നേരിടുന്ന കൊറോണ ഭീതിയും മുന്നൊരുക്കങ്ങളും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ശുചിത്വ സംസ്‌കാരവുമായി താരതമ്യം ചെയ്താല്‍ ധാരാളം മാതൃകകള്‍ കാണാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല.

Related Articles