Current Date

Search
Close this search box.
Search
Close this search box.

കളമശേരി സ്ഫോടനം; മുസ്‍ലിം വിരുദ്ധ വംശീയത സാധാരണത്വം കൈവരിക്കുന്ന വിധം

2023 ഒക്ടോബർ 29 കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസങ്ങളിലൊന്നാണ്. കളമശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന സംഗമത്തിനിടയിൽ ബോംബ് സ്ഫോടനം നടക്കുന്നത് അന്ന് രാവിലെയാണ്. തുടർന്നുള്ള മണിക്കൂറുകളിലെ സോഷ്യൽ മീഡിയ പ്രചരണങ്ങൾ, മാധ്യമ ചർച്ചകൾ, പ്രമുഖരുടെ പ്രതികരണങ്ങൾ തുടങ്ങിയവ വിലയിരുത്തുമ്പോൾ കേരളീയ പൊതുബോധം പേറുന്ന മുസ്ലിം വിരുദ്ധ വംശീയതയുടെ ആഴം മനസിലാക്കാൻ കഴിയും. മുസ്ലിം വിരുദ്ധ വംശീയത സാധാരണത്വം കൈവരിക്കുന്ന കാഴ്ചയാണ് അതിന്റെ ആകെത്തുക.

പ്രാർത്ഥന ഹാളിൽ സ്ഫോടനം നടന്ന് നിമിഷങ്ങൾക്കുള്ളിൽ സംഘ്പരിവാർ നേതൃത്വത്തിലുള്ള വിഷലിപ്തമായ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചരണമാണ് നാം കണ്ടത്. ദേശീയതലത്തിൽ വലിയ പിന്തുണയുള്ള സംഘ് പരിവാർ പ്രൊഫൈലുകളാണ് അതാരംഭിച്ചത്. കേരളത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഡ്യ പരിപാടികളെ പൊതുവിലും മലപ്പുറത്ത് ഹമാസ് പ്രതിനിധി ഖാലിദ് മിശ്അൽ പങ്കെടുത്ത ഫലസ്തീൻ ഐക്യദാർഡ്യ പരിപാടിയെ സവിശേഷമായും സ്ഫോടനവുമായി ബന്ധപ്പെടുത്തുന്നതായിരുന്നു ഈ പ്രചരണങ്ങളുടെ മുന. ഗോദി മീഡിയ അതിനെ സമർത്ഥമായി ഏറ്റെടുക്കുകയും വ്യാഖ്യാനിക്കുകയുമായിരുന്നു. കേരളത്തിലെ ആർ.എസ് എസ് നേതാക്കൾ ഈ ആഖ്യാനത്തെ മലയാളത്തിൽ വിശദീകരിച്ചു. സന്ദീപ് വാര്യർ, ശശി കല, ആർ.വി ബാബു തുടങ്ങിയ സംഘ് പരിവാർ നേതാക്കളോടൊപ്പം കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ തുടങ്ങിയവരും ഈ നുണപ്രചരണത്തിന് ചുക്കാൻ പിടിച്ചുവെന്നത് എത്ര സമർത്ഥമായാണ് ഇസ്ലാമോഫോബിയ നിയമസാധുത കൈവരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. മക്കാ മസ്ജിദ്, മലേഗാവ്, സംജോത തുടങ്ങി നിരവധി സ്ഫോടനങ്ങൾ ആസൂത്രിതമായി നടപ്പിലാക്കി, അതിൽ മുസ്ലിം യുവാക്കളെ പ്രതികളാക്കിയ പാരമ്പര്യമുള്ളവർ വീണുകിട്ടിയ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു.

അതേസമയം, പത്തരമാറ്റ് ‘മതേതര’ ചാനലുകളും പാർട്ടി നേതാക്കളും പൊതുപ്രവർത്തകരും ഈ സംഭവത്തെ വിലശകലനം ചെയ്ത രീതി കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മുസ്ലിംകളോട് അപലപിക്കാൻ ആവശ്യപ്പെട്ട ദേശീയ പാർട്ടിയുടെ നേതാവ് പ്രമുഖ വിശ്വപൗരനാണ് അതിലൊന്ന്. സ്ഫോടനത്തെ ഫലസ്തീൻ – ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെടുത്തുന്ന സംഘ് പരിവാർ ആഖ്യാനത്തെ അതേ പോലെ കോപ്പിയടിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, റിപ്പോർട്ടർ ടി.വി ഉൾപ്പെടെയുള്ള മുഖ്യധാര ചാനലുകൾ വേറൊരു ഭാഗത്ത്. പ്രതിയെ കുറിച്ച ചർച്ച നടക്കുമ്പോൾ മുസ്ലിം വേഷധാരിയെ സ്ക്രീനിൽ കാണിച്ച ജേണലിസ്റ്റിക് ബ്രില്യൻസിലൂടെ വിദ്വേഷം പരത്തുന്നവർ പിന്നാലെ. പ്രമുഖ കിസ്ത്യൻ വിഭാഗങ്ങളിലൊന്നായ യഹോവ സാക്ഷികളെ ജൂതന്മാരിലേക്ക് ബന്ധിപ്പിച്ച് മുസ്ലിംകളെ പ്രതിതിയാക്കാനുള്ള എം.വി നികേഷ് കുമാറിന്റെയും ഡോ.സെബാസ്റ്റ്യൻ പോളിന്റെയും വ്യഗ്രതയാണ് ഈ സീരിസിലെ ഏറ്റവും വിഷലിപ്തമായ ഇടപെടലുകളിലൊന്ന്. അങ്ങനെ കേരളീയ പൊതുമണ്ഡലം ഉൾവഹിക്കുന്ന മുസ്ലിം വിരുദ്ധ വംശീയതയിലധിഷ്ഠിതമായ ഇസ്ലാമോഫോബിയ മറനീക്കി പുറത്തുവരികയായിരുന്നു ആ മണിക്കൂറുകളിൽ. അതിൽ സംഘ്പരിവാറിനോട് മത്സരിക്കുകയായിരുന്നു മാധ്യമങ്ങളും പൊതുപ്രവർത്തകരുമുൾപ്പെടുന്ന ഇവിടുത്തെ പൊതുബോധം.

കളമശേരി സ്ഫോടനവും അനുബന്ധ ചർച്ചകളും കേരളീയ സമൂഹത്തെ കുറിച്ച്, അതിൽ മുസ്ലിമിന്റെ സ്ഥാനത്തെ കുറിച്ച്, ‘മതേതരത്വ’ത്തിന്റെ ആന്തരിക ദൗർബല്യങ്ങളെ കുറിച്ചൊക്കെയും ഗൗരവതരമായ ചില ആലോചനകൾ അനിവാര്യമാക്കുന്നുണ്ട്. മുസ്ലിം സമുദായത്തിനെതിരെയുള്ള വംശീയ മുൻവിധികൾ ഒരു വാക്ക് കൊണ്ട് പോലും ഖേദപ്രകടനം നടത്തേണ്ടതില്ലാത്ത വിധം സ്വാഭാവികമാവുന്നു എന്നതാണ് അതിലേറ്റവും പ്രധാനം. എവിടെയെങ്കിലും സ്ഫോടനം നടന്ന് കഴിഞ്ഞാൽ പരിസരത്തെ മുസ്‌ലിം യുവാക്കളെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന പൊലീസ് ബോധ്യവും മറ്റൊന്നല്ല പറയുന്നത്. ഇസ്ലാമോഫോബിയ സംഘ്പരിവാറിന്റെ മാത്രം പ്രശ്നമല്ലെന്നാണ് ‘മതേതര’ മാധ്യമങ്ങളും പല ‘പൊതു’പ്രവർത്തകരും ഒരിക്കൽ കൂടി തെളിയിക്കുന്നത്. പ്രതി മുസ്ലിമല്ല എന്ന് പകൽപോലെ വ്യക്തമായിട്ടും അയാളെ മുസ്ലിംകളുമായി ബന്ധിപ്പിക്കാനുള്ള പലവിധ ശ്രമങ്ങൾ അതിന്റെ ബാക്കിപത്രമാണ്. കുറ്റം ചെയ്യാനുള്ള പ്രതിയുടെ പ്രചോദനത്തിൽ സംശയം പ്രകടിപ്പിക്കുന്ന മാധ്യമ പ്രവർത്തകരും മുസ്ലിം വിരുദ്ധ സിനിമകളിലൂടെ കുപ്രസിദ്ധരായ സംവിധായകരെ ‘അന്വേഷണ ചുമതല ഏൽപ്പിക്കുന്ന’ പത്രസ്ഥാപനവും അതിൽ സവിശേഷ പരാമർശം അർഹിക്കുന്നുണ്ട്. കുറ്റാരോപിതൻ മുസ്ലിമാണെങ്കിൽ സമുദായം മൊത്തം അപലപിക്കേണ്ടിവരുന്നതും
അക്രമി മുസ്ലിമല്ലെങ്കിൽ വ്യക്തി മാത്രം പ്രതിയാവുന്നതും ആ വംശീയബോധത്തിന്റെ തുടർച്ചയാണ്.

ഏതായാലും മുസ്‌ലിം സമുദായത്തിന്റെ ആത്മാഭിമാനം അക്രമികളുടെ ഏറ്റുപറച്ചിലിന് മേൽ നിലനിൽക്കുന്ന സ്ഥിതിവിശേഷം പ്രോത്സാഹിപ്പിക്കാവതല്ല. കേവലം മതവിദ്വേഷത്തിനെതിരെയുള്ള പൊലീസ് കേസുകൾക്കപ്പുറം ഇസ്‌ലാമോഫോബിയക്കെതിരായ നിയമനിർമ്മാണമുൾപ്പെടെയുള്ള ഗൗരവമേറിയ നടപടികൾക്ക് ഭരണകൂടം സന്നദ്ധമാവണം. നമ്മുടെ പൊതുമണ്ഡലത്തെ മലീമസമാക്കുന്ന വെറുപ്പിന്റെ ശക്തികളെ നേരത്തെ തിരിച്ചറിയണം. വിദ്വേഷ പ്രചരണകൾക്കെതിരെ ജാഗ്രത പാലിക്കണം.

Related Articles