Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയതയെ സാഹോദര്യം കൊണ്ട് ചെറുത്തുതോല്‍പിക്കുക

NotInMyName.jpg

പശുവിന്റെയും ഗോമാംസത്തിന്റെയും പേരില്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും ഭരിക്കുന്നവരുടെ ഭാഗത്തു നിന്നും അത് തടയാനുള്ള നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള സംഘ്പരിവാര്‍ നേതാക്കളുടെ വിഷംവമിക്കുന്ന പ്രസ്താവനകളും ആഹ്വാനങ്ങളും അനുയായികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ട്രെയിനിനകത്ത് വെച്ച് ജുനൈദ് ഖാന്‍ എന്ന പതിനാറുകാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോഴും അത് തടയാന്‍ ഒരൊറ്റ ആള്‍ പോലും മുന്നോട്ടു വന്നില്ല എന്നത് രാജ്യം കടന്നു പോയികൊണ്ടിരിക്കുന്ന ഭീതിജനകമായ അവസ്ഥയെയാണ് കുറിക്കുന്നത്. ഗോമാതാവിന്റെ പേരിലാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നതെങ്കിലും ഗോസംരക്ഷണം ഒരിക്കലും ഇത്തരം ആള്‍ക്കൂട്ടങ്ങളുടെ ലക്ഷ്യമല്ലെന്നത് വളരെ കൃത്യമാണ്. രാജ്യത്തെ ഒരു നിയമവും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് എത്തില്ല എന്ന ഒരു ബോധം സൃഷ്ടിച്ചെടുത്ത് ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതമായ അവസ്ഥയിലേക്ക് തള്ളാനാണ് ഇതുകൊണ്ടുവര്‍ ഉദ്ദേശിക്കുന്നത്.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി പേരാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ടത്. 2015 സെപ്റ്റംബറില്‍ ദാദ്രിയില്‍ കൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് മുതല്‍ കഴിഞ്ഞ ദിവസം ഝാര്‍ഘണ്ഡില്‍ കൊല്ലപ്പെട്ട മുഹമ്മദ് അലീമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി വരെ നീളുന്നതാണ് ആ പട്ടിക. ബീഫിന്റെ പേരില്‍ നിയമം കൈയ്യിലെടുത്ത് അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടതിന് പകരം പലപ്പോഴും നമ്മുടെ ഭരണകൂട സംവിധാനങ്ങള്‍ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയാണ് കേസെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ന്നപ്പോഴും ലോകത്തെ എല്ലാ സംഭവങ്ങളെയും അപലപിക്കാന്‍ തിടുക്കം കാട്ടാറുള്ള പ്രധാനമന്ത്രി വാ തുറന്നത് രണ്ട് ദിവസം മുമ്പ് മാത്രമാണ്. ഗോ ഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലരുതെന്ന അദ്ദേഹത്തിന്റെ ഉപദേശം ഏതര്‍ത്ഥത്തിലാണ് സ്വീകരിക്കപ്പെട്ടതെന്നതിന്റെ ഉദാഹരണമാണ് അതിന് ശേഷം ഝാര്‍ഘണ്ഡില്‍ ഗോസംരക്ഷകര്‍ അടിച്ചു കൊന്ന അസ്ഗര്‍ അന്‍സാരി.

ജുനൈദ് കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നത് ആശാവഹമായ കാര്യമാണ്. അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ഉപദേശിയുടെ റോള്‍ ഒഴിവാക്കി ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും പലയിടത്തും നിന്നും ഉയര്‍ന്നിരിക്കുകയാണ്. മതത്തിന്റെയും പശുവിന്റെയും പേരില്‍ മനുഷ്യനെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെ അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാരും എന്ന സൂചനയാണ് ഈ പ്രതിഷേധ സ്വരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുവരെ കാത്തുസൂക്ഷിച്ച മൗനം വെടിയാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കിയതും ഒരു പക്ഷേ ഈ പ്രതിഷേധങ്ങള്‍ തന്നെയായിരിക്കാം. മനുഷ്യത്വത്തിനും മാനവിക സാഹോദര്യത്തിനും നിരക്കാത്ത സംഘ്പരിവാര്‍ ഫാസിസത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം സുരക്ഷക്കും സമാധാനത്തിനും ആവശ്യം സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ബന്ധങ്ങളാണ്. വെറുപ്പും വിദ്വേഷവും കൊണ്ട് ആ ബന്ധങ്ങള്‍ക്ക് പകരം വെക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ മാനവികതയിലൂന്നിയെ ഏതൊരു ബന്ധവും പോഷിപ്പിക്കപ്പെടേണ്ടതാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാവണം.

Related Articles