Current Date

Search
Close this search box.
Search
Close this search box.

ബാബരി; ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുമോ?

babari.jpg

ബാബരി മസ്ജിദിന്റെ ധ്വംസനം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കുമേറ്റ കനത്ത പ്രഹരമായിരുന്നു എന്നതില്‍ ഒരു തര്‍ക്കവുമില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ട് 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് തകര്‍ത്തവര്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് വരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ബാബരി പ്രശ്‌നം കക്ഷികള്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്നും അതിന് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം വിഷയത്തെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത വേണമെന്ന സംഘ്പരിവാര്‍ ആവശ്യമാണ് അദ്ദേഹം അംഗീകരിച്ചു കൊടുത്തത്. കേസില്‍ കക്ഷിചേരാന്‍ നടക്കുന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി തന്നെയാണ് ഇപ്പോള്‍ കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്ന ആവശ്യവുമായി വന്നിട്ടുള്ളത്. ജഡ്ജിയുടെ നിര്‍ദേശത്തെ ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ ശക്തികള്‍ സ്വാഗതം ചെയ്തപ്പോള്‍ മുസ്‌ലിം വേദികളും നേതാക്കളും ആശങ്കയോടെയാണതിനെ നോക്കികണ്ടത്.

1961ല്‍ മുഹമ്മദ് ഹാശിം അന്‍സാരി മറ്റ് ആറ് പേരോടൊപ്പം സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ പേരില്‍ ബാബരി മസ്ജിദിന് വേണ്ടി കോടതിയെ സമീപിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കി ക്ഷേത്രം പണിയാന്‍ അവസാനകാലം വരെ അന്‍സാരിക്ക് മേല്‍ തീവ്രഹിന്ദുത്വ ശക്തികളുടെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അന്‍സാരി മരണപ്പെട്ടെങ്കിലും പിതാവ് നടത്തിയ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹത്തിന്റെ മക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശ കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയാനിരിക്കെ 2010ലും മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി അന്ന് ആ ആവശ്യം തള്ളുകയാണ് ചെയ്തത്. അതിനെ തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതി പള്ളി നിന്നിരുന്ന സ്ഥലം മൂന്നായി വിഭജിക്കാനുള്ള വിചിത്രമായ വിധി പുറപ്പെടുവിച്ചത്.

രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ വളരെ മുമ്പേ തുടങ്ങിയിട്ടുള്ളതും ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നതുമാണ്. കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്ന സമൂഹത്തില്‍ വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ഇത്തരം വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തല്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. സുപ്രീം കോടതി നിര്‍ദേശിച്ച പോലെ ഒത്തുതീര്‍പ്പിന് മുസ്‌ലിംകള്‍ തയ്യാറായില്ലെങ്കില്‍ നിയമനിര്‍മാണത്തിലൂടെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രമുണ്ടാക്കുമെന്ന സുബ്രമണ്യന്‍ സ്വാമിയുടെ ഭീഷണി വരെ കൃത്യമായ രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. സ്വാമിയുടെ ആവശ്യം പരിഗണിച്ച് ജസ്റ്റിസ് ഖെഹാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു കരുതുന്നില്ല. കാരണം നേരത്തെ പല തവണ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടന്ന് പരാജയപ്പെട്ട ഒരു വിഷയമാണിത്. രാജ്യത്ത് വര്‍ഗീയത വളര്‍ത്താന്‍ പാകത്തില്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിന് പകരം നീതിയുക്തമായ വിധിയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് നീതിന്യായ സംവിധാനത്തിന്റെ ഭാഗത്തു നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Related Articles