Current Date

Search
Close this search box.
Search
Close this search box.

നാം നേടിയ ഇച്ഛാശക്തി കൈവിടാതിരിക്കാം

eid-wish.jpg

വിശ്വാസിയുടെ പാഠശാലയെന്നും പരിശീലന കളരിയെന്നുമെല്ലാം റമദാന്‍ മാസം വിശേഷിപ്പിക്കപ്പെടാറുണ്ട്. ജന്തുസഹചമായ വികാരങ്ങളെ തടഞ്ഞുവെക്കാനും നിയന്ത്രിക്കാനുമുള്ള പരിശീലനമാണത് നല്‍കുന്നത്. സ്വന്തം ശരീരത്തിന്റെയും അതിന്റെ താല്‍പര്യങ്ങളുടെയും തടവറയില്‍ നിന്ന് വിശ്വാസിക്ക് മോചനം നല്‍കുന്ന പരിശീലനം. തന്നെ സൃഷ്ടിച്ച നാഥന്‍ കല്‍പിച്ചാല്‍ എന്തും ത്യജിക്കാന്‍ തയ്യാറാണെന്നുള്ള പ്രതീകാത്മക പ്രഖ്യാപനം അതിലുണ്ട്. നോമ്പുകാരന്‍ തന്റെ നാഥന്റെ പ്രീതി മാത്രം ആഗ്രഹിച്ചാണ് പകല്‍ സമയത്ത് അന്നപാനീയങ്ങളുപേക്ഷിക്കുന്നത്. അതേ സ്രഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി അവന്‍ വിലക്കിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അവന്റെ കല്‍പനകള്‍ ശിരസ്സാവഹിക്കാനും സന്നദ്ധനാകുമ്പോഴാണ് ഈ പരിശീലനം ഫലവത്താകുന്നത്. യഥാര്‍ത്ഥ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളിലൊന്നാണ് പരിശീലനം. അതൊരിക്കലും ലക്ഷ്യമായി മാറാവതല്ല.

വിശ്വാസിയെ സംബന്ധിച്ചടത്തോളം അവന്റെ ഇച്ഛാശക്തി വര്‍ധിക്കുന്ന മാസം കൂടിയാണ് വിടപറയുന്നത്. തെറ്റുകളിള്‍ നിന്ന് അകന്നു നില്‍ക്കാനും നന്മകള്‍ കൂടുതലായി ചെയ്യാനുമുള്ള ഇച്ഛാശക്തി അവന് അത് പ്രധാനം ചെയ്തിരിക്കുന്നു. തുടര്‍ന്നുള്ള പതിനൊന്ന് മാസങ്ങളില്‍ ആ ശക്തി ചോര്‍ന്നു പോകാതെ നിലനില്‍ക്കേണ്ടതുണ്ട്. അതിന്റെ ബലത്തില്‍ സമൂഹത്തിലെ അധര്‍മത്തിനും നെറികേടുകള്‍ക്കുമെതിരെ ശബ്ദിക്കാന്‍ നോമ്പിലൂടെ കരുത്താര്‍ജ്ജിച്ച വിശ്വാസിക്ക് സാധിക്കണം. താന്‍ ജീവിക്കുന്ന ചുറ്റുപാടിലെ തിന്മകള്‍ക്കെതിരെ നിലകൊള്ളലും നന്മയെ പ്രോത്സാഹിപ്പിക്കലും ഒരു മുസ്‌ലിമിന്റെ കര്‍ത്തവ്യമാണ്. സമൂഹത്തിന്റെ സംസ്‌കരണത്തില്‍ വളരെ പ്രാധാന്യമുള്ള ദൈവിക നിര്‍ദേശമാണത്.

റമദാന്‍ അവസാനിക്കുന്നതോടെ വിശ്വാസിക്ക് മേല്‍ നിര്‍ബന്ധമാകുന്ന ഫിത്ര്‍ സകാത്തും ഒരര്‍ഥത്തിലുള്ള പരിശീലനം തന്നെയാണ്. തന്റെ വിശപ്പു മാറ്റുന്നതിനൊപ്പം വിശക്കുന്ന സഹോദരന്റെ വിശപ്പു മാറ്റലും തന്റെ കടമയാണെന്ന പാഠമാണത് നല്‍കുന്നത്. ദരിദ്രനാണെങ്കിലും തനിക്കുള്ളതില്‍ നിന്ന് ദാനം ചെയ്യാന്‍ പരിശീലിപ്പിക്കുകയാണ് അതിലൂടെ. റമദാന്‍ കഴിഞ്ഞാലും സഹജീവിയുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അതിനോട് പ്രതികരിക്കുന്ന മനസ്സ് നിലനിര്‍ത്താന്‍ വിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വിശുദ്ധ റമദാന്റെ ആത്മാവ് നെഞ്ചേറ്റിയാവണം നാം പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഏവര്‍ക്കും ഇസ്‌ലാംഓണ്‍ലൈവിന്റെ പെരുന്നാള്‍ സന്തോഷങ്ങള്‍.

Related Articles