Editors Desk

ദുരഭിമാന കൊലയുടെ വഴിയേ കേരളവും ?

മനുഷ്യ ജീവനോളം വിലയുള്ളതാണ് മനുഷ്യന്റെ അഭിമാനവും. തന്റെയും കുടുംബത്തിന്റെയും അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ പലപ്പോഴും കൊലകള്‍ നാം കേട്ടിട്ടുണ്ട്. അഭിമാന കൊല എന്നാണു അതിനെ വിളിക്കപ്പെടുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ദുരഭിമാന കൊല എന്നും പറയാം. സാധാരണ ഇത്തരം വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്നാണ് കേള്‍ക്കാറ്. ശക്തമായ ജാതീയത നിലനില്‍ക്കുന്ന സ്ഥലം എന്നത് കൊണ്ട് തന്നെ അവിടെ ഇതെല്ലം ഒരു ചെറു സംഭവം മാത്രം.

കുടുംബത്തിനും ജാതിക്കും മാനഹാനി വരുത്തുന്നു എന്ന പേരില്‍ മക്കളെ അച്ഛന്‍ തന്നെ കൊന്നു കളയുകയോ അല്ലെങ്കില്‍ കൊല്ലാന്‍ ആളുകളെ ഏല്‍പ്പിക്കുകയോ ചെയ്യുക എന്നത് വടക്കേ ഇന്ത്യയില്‍ നിത്യം കേള്‍ക്കുന്ന വാര്‍ത്തയാണ്. അടുത്തിടെ ഒരു ബി ജെ പി ജനപ്രതിനിധിയുടെ മകളും അത്തരം ഒരു വിഷയത്തില്‍ പെട്ട കാര്യം നാം വായിച്ചതാണ്. ജാതീയതയുടെ ശക്തി കുറഞ്ഞ കേരളത്തില്‍ അത്തരം കൊലകള്‍ പറഞ്ഞു കേട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനു മുമ്പും കേരളത്തില്‍ ജന്മിത്വം നിലനിന്നിരുന്ന കാലത്തും അത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം. നവോത്ഥാന കേരളത്തില്‍ അത്തരം അരുംകൊലകള്‍ സാധാരണമല്ല.

അവിടെയാണ് കെവിന്‍ വധക്കേസ് ചര്‍ച്ചയാകുന്നത്. സവര്‍ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കൊല്ലം സ്വദേശി നീനുവിനെ ദലിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചു എന്നതാണ് കേസിന്റെ അടിസ്ഥാനമായ കാരണം. നീനുവിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തത് കുടുംബത്തിന്റെ അഭിമാനത്തിന്റെ പേരിലും. കെവിനും കുടുംബവും തന്റെ മകളെ തട്ടിക്കൊണ്ട് പോയി എന്ന പേരില്‍ നീനുവിന്റെ അച്ഛന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കാണാതായ കെവിന്റെ മൃതദേഹമാണ് പിന്നീട് ലഭിച്ചത്. അന്വേഷണത്തില്‍ പോലീസും പക്ഷം ചേര്‍ന്ന് എന്നതാണ് കേസിന്റെ മറ്റൊരു പ്രത്യേകത. ആ പേരില്‍ തന്നെ എസ ഐ സസ്‌പെന്‍ഷനിലാവുകയും ചെയ്തു. കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യ കൊലപാതകമെന്നായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം. നീനുവിനെ കെവിന് കെട്ടിച്ചു കൊടുക്കാന്‍ കുടുംബം തയാറായിരുന്നു എന്നൊക്കെ പിന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ആ വാദങ്ങളെ കോടതി പൂര്‍ണമായി നിരാകരിച്ചു. പ്രതികള്‍ കുറ്റക്കാരെന്ന് രീതിയില്‍ വിധി വന്നിരിക്കുന്നു. ശിക്ഷ അടുത്ത ദിവസം വിധിക്കും.

കേരള സമൂഹത്തിന് പുറത്തു നിന്നും കേട്ട് വന്നിരുന്ന സാമൂഹിക തിന്മകള്‍ നമ്മെയും പിടികൂടുന്നു എന്നത് നിസാര കാര്യമല്ല. പലപ്പോഴും കുട്ടികളുടെ പ്രണയം കുടുംബത്തിന്റെ സ്വസ്ഥത തകര്‍ക്കാറുണ്ട്. കേരള സമൂഹത്തില്‍ അത്തരം വിവാഹങ്ങള്‍ സാധാരമാണ്. അതിന്റെ പേരില്‍ കൊലയിലേക്കു നാം പോയിട്ടില്ല. അടുത്തിടെ നമ്മുടെ ഇടയില്‍ നിന്നും കേട്ട് വരുന്നത് മനുഷ്യത്വം മരവിക്കുന്ന വാര്‍ത്തകളാണ്. ‘അമ്മ മക്കളെ കൊല്ലുക. അച്ഛന്‍ മകളെ പീഡിപ്പിക്കുക. മക്കള്‍ രക്ഷിതാക്കളെ ഉപദ്രവിക്കുക , ചിലപ്പോള്‍ ജീവന്‍ തന്നെ എടുക്കുക. വാര്‍ത്തയുടെ ആധിക്യം പലപ്പോഴും തിന്മയോടുള്ള നമ്മുടെ മരവിപ്പ് തന്നെ മാറ്റുന്നു. നമ്മുടെ മാറുന്ന സംസ്്കാരം നാം കണ്ടില്ലെന്നു നടിക്കരുത്. എന്തിന്റെ പേരിലായാലും ഒരു മനുഷ്യ ജീവന്‍ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല. കുട്ടികളുടെ നിലപാടുകള്‍ പലപ്പോഴും കുടുംബത്തിനു വിഷമമുണ്ടാക്കും. അതില്‍ വികാരം കൊണ്ട് എടുത്തു ചാടുക എന്നത് പലപ്പോഴും വിപരീത ഫലമാകും ഉണ്ടാകുക.

കാലങ്ങളോളം പോറ്റി വളര്‍ത്തിയ രക്ഷിതാക്കളെ പെട്ടെന്ന് കയറി വന്ന ഒരാള്‍ക്ക് വേണ്ടി തള്ളിപ്പറയുന്നത് ശരിയായി കാണാന്‍ കഴിയില്ല. രക്ഷിതാക്കള്‍ക്ക് അതുണ്ടാക്കുന്ന മുറിവ് വലുതാണ്. തങ്ങളുടെ മക്കള്‍ക്കോ മകനോ വേണ്ടി മറ്റൊരാളുടെ മകനെയോ മകളെയോ അല്ലെങ്കില്‍ സ്വന്തം മകനെയോ മകളെയോ ഇല്ലാതാക്കുക എന്നത് കൊണ്ട് താല്‍ക്കാലിക ആശ്വാസം എന്നതിലപ്പുറം മറ്റെന്താണ് ലഭിക്കുക. മനുഷ്യന്‍ വികാര ജീവിയാണ് എന്നത് ശരിയാണ്. വികാരത്തെ വിചാരം കൊണ്ട് നേരിടുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ വിജയിക്കൂ. ദുരഭിമാന കൊലയുടെ അടിസ്ഥാനം അവിടെയാണ്. ഓരോ മനുഷ്യ ജീവനും ദൈവം ആദരിച്ചതാണ്. ദൈവം ആദരിച്ച ആതാമാവിനെ ഇല്ലാതാക്കാന്‍ ചില നടപടി ക്രമങ്ങളുണ്ട്, അത് മനുഷ്യന് നേര്‍ക്ക്‌നേര്‍ സാധ്യമല്ല.

കെവിന്‍ വധം കേരളത്തിലെ ആദ്യ ദുരഭിമാന കൊല എന്നത് പോലെ അവസാനത്തെ കൊലയാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ജീവിതം ഒരിക്കല്‍ മാത്രമേ സാധ്യമാകൂ. അത് ആനന്ദകരമാക്കാന്‍ ഓരോരുത്തര്‍ തന്നെ തീരുമാനിക്കണം. വിട്ടുവീഴ്ച മാത്രമാണ് അതിനുള്ള മാര്‍ഗം. അതില്ല എന്നത് തന്നെയാണ് പലപ്പോഴും മനുഷ്യന് സ്വയം പാരയാകുന്നതും.

Author
as
Facebook Comments
Related Articles
Show More
Close
Close