Editors Desk

പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയും പഠിക്കേണ്ടതുണ്ട്

തെരഞ്ഞെടുപ്പ് അവലോകനം

എല്ലാം അപ്രത്യക്ഷമായിരുന്നു എന്ന് പറഞ്ഞൊഴിയാന്‍ കോണ്‍ഗ്രസിനു കഴിയില്ല. പ്രതീക്ഷിതമായിരുന്നു എന്ന് സംഘ പരിവാറും പറയില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നതിനാണ് ജനം പ്രാധാന്യം നല്‍കുന്നതും. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായി എന്ന് വരില്ല.

ഇന്ത്യ ഒരിക്കല്‍ കൂടി സംഘ പരിവാറിന്റെ കൈകളില്‍ എത്തിപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ കക്ഷികളെ തീര്‍ത്തും നിഷ്പ്രഭമാക്കി സംഘ പരിവാര്‍ അവരുടെ തേരോട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു ആഘാതം എന്നതിലപ്പുറം ഭരണകക്ഷിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പ്രതിപക്ഷങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് മാത്രമല്ല പ്രതിപക്ഷ കക്ഷികള്‍ക്ക് ശക്തമായ പരുക്കേല്‍പ്പിക്കാന്‍ സംഘ പരിവാറിനു കഴിയുകയും ചെയ്തു. യു.പി,ബംഗാള്‍,ഒറീസ സംസ്ഥാനങ്ങള്‍ അതിന്റെ ശരിയായ ഉദാഹരണമാണ്. ഒരിക്കല്‍ ഇടതു പക്ഷത്തിന്റെ തകര്‍ച്ചയില്‍ നേട്ടമുണ്ടാക്കിയ തൃണമൂലിനെ വിറപ്പിക്കാന്‍ ബംഗാളില്‍ സംഘ പരിവാരിനു കഴിഞ്ഞു. ഒറീസയിലും അവര്‍ നേട്ടം കൊയ്തു. യു പി യില്‍ കൊട്ടിഘോഷിക്കപ്പെട്ട മഹാസഖ്യം ഒരു കടലാസ് പുലി എന്നിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. കൂടുതല്‍ ശക്തനായ മോഡിയും അമിത്ഷായുമാണ് നമ്മുടെ മുന്നിലുള്ളത്.

ഹിന്ദി ബെല്‍റ്റില്‍ തങ്ങളല്ലാതെ മറ്റാരുമില്ലെന്ന് സംഘ പരിവര്‍ ലോകത്തിനു കാണിച്ചു കൊടുത്തു. അടുത്തിടെ കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും അവരുടെ പ്രകടനം ദയനീയം എന്നതാണ് വാസ്തവം. അത് കൊണ്ട് തന്നെ അവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളുടെ ഭാവി ദിവസങ്ങളുടെ മാത്രം വിഷയമാണ്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം. എന്ത് കൊണ്ട് ഇങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കേരളം. ഫാസിസ്റ്റ് വിരുദ്ധ ഇന്ത്യ എന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളം നല്‍കിയ മറുപടി അതാണ് കാണിക്കുന്നത്. ആ രീതിയിലുള്ള ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കേരളത്തിനു പുറത്തു നടന്നില്ല. തമിഴ്‌നാടും ആന്ധ്രയും കൂടി കഴിഞ്ഞാല്‍ പിന്നെ എല്ലാം ബി ജെ പി യുടെ കൈകളില്‍ ഭദ്രം. പ്രതിപക്ഷ കക്ഷികളുടെ അഹങ്കാരത്തിനുള്ള ഉത്തരം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഡല്‍ഹിയില്‍ അവര്‍ ബി ജെ പിക്ക് താലത്തില്‍ വെച്ച് നല്‍കി. ഹരിയാന,യു പി എന്നിവടങ്ങളില്‍ കൂടി മാന്യമായ ഒരു തിരഞ്ഞെടുപ്പ് ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസും മറ്റുള്ളവരും ശ്രമിച്ചിരുന്നെങ്കില്‍ ഈ ദുരന്തം വരില്ലായിരുന്നു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനു വര്‍ത്തമാന സാഹചര്യത്തില്‍ ഒരു ബാധ്യതയാകുമെന്നു അന്നേ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയപ്പോള്‍ അവിടെ ബി ജെ പി ജയിച്ചു കയറി എന്നതാണല്ലോ ശരി.

ഇടതുപക്ഷം എന്നൊന്ന് ബാക്കിയാവാത്ത വിധം തുടച്ചു നീക്കപ്പെട്ടു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ഫാസിസത്തെ തടയാന്‍ യു ഡി എഫിന് വോട്ടു ചെയ്യുക എന്ന രാഷ്ട്രീയ മുദ്രാവാക്യം കേരള ജനത ഏറ്റെടുത്തു എന്നതാണ് നാം കണ്ടത്. ഫാസിസ്റ്റ് വിരുദ്ധതയില്‍ വര്‍ത്തമാന ചരിത്രത്തില്‍ അവര്‍ക്ക് പങ്കില്ല എന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ജന വിരുദ്ധതയും ഒരു കാരണമായി എന്നത് നേരാണ്. തിരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഒരു ചോദ്യമായി തന്നെ നിലനില്‍ക്കുന്നു. അത്ര സുതാര്യമായിരുന്നോ കാര്യങ്ങള്‍ എന്ന് ചോദിച്ചാല്‍ അതെ എന്ന് പറയാന്‍ നാമിനിയും കുറെ ചിന്തിക്കണം. മൊത്തത്തില്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇനിയും ഒരു പാട് ചിന്തയുടെ അഭാവമുണ്ട് എന്നതാണ് ഒറ്റനോട്ടത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. കേരളത്തിലെ ഇടതു പക്ഷം കുറച്ചു കൂടി ഭൂമിയിലെ സത്യം മനസ്സിലാക്കണമെന്നും.

Facebook Comments
Related Articles
Show More
Close
Close