Current Date

Search
Close this search box.
Search
Close this search box.

പുതിയ പ്രതീക്ഷകളുമായി അറബ് ലോകം

2018 അവസാനിച്ചപ്പോള്‍ എല്ലാവരും കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുപ്പിന്റെ പിന്നാലെയായിരുന്നു. അറബ് ലോകത്തെ കണക്കെടുത്താല്‍ പതിവു പോലെ യുദ്ധ ഭീകരതയുടെയും ആഭ്യന്തര കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദുരിത കഥകള്‍ തന്നെയാണ് ഏറെയും പറയാനുണ്ടാവുക.

അറബ് ലോകത്തെ സംഘര്‍ഷം ഇരട്ടിയാക്കുന്നതിന് 2017ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ചതും യു.എസ് എംബസി മാറ്റവും തുടര്‍ന്നുണ്ടായ കോലാഹലങ്ങളോടെയുമാണ് 2018 പുലര്‍ന്നത്. യു.എസിനു പിന്നാലെ നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങളും എംബസി മാറ്റം പ്രഖ്യാപിച്ചതോടെ ഫലസ്തീനിലും ജറൂസലേമിലും സംഘര്‍ഷം വര്‍ധിച്ചു. ഇതിനെത്തുടര്‍ന്ന് ആരംഭിച്ച ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിലൂടെ നിരവധി പേരാണ് കൊല്ലപ്പെട്ടതും പരുക്ക് പറ്റിയതും. ഇതിന്റെ പേരിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ 2018 അവസാനത്തോടെ നിരവധി രാഷ്ട്രങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച എംബസി മാറ്റത്തില്‍ നിന്നും പിന്മാറി എന്നതാണ് സന്തോഷകരമായ വാര്‍ത്ത.

അറബ് ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ മറ്റൊന്നായിരുന്നു ഖത്തറിനെതിരെയുള്ള ഉപരോധം. 2017ല്‍ നാല് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കര-വ്യോമ-നാവിക മേഖലയിലെ ഉപരോധം 2018ലും യാതൊരു മാറ്റവുമില്ലാതെ തുടര്‍ന്നു. ഇതിനിടെ കുവൈത്തിന്റെയും അറബ് ലീഗിന്റെയും ജി.സി.സിയുടെയും നേതൃത്വത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഉപരോധത്തില്‍ മാറ്റമൊന്നും സംഭവിച്ചില്ല. ഖത്തര്‍ ഉപരോധം 2019ലെങ്കിലും അവസാനിക്കുമോ എന്ന പുതിയ പ്രതീക്ഷയിലാണ് അറബ് ലോകമൊന്നടങ്കം.

സിറിയയിലും യെമനിലും നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങള്‍ വലിയ രീതിയില്‍ വര്‍ധിക്കുകയാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ച മറ്റൊരു പ്രധാന സംഭവം. സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിലും ബോംബിങ്ങിലും ആയിരത്തിലധികം പേരാണ് കഴിഞ്ഞ വര്‍ഷവും കൊല്ലപ്പെട്ടത്. യെമനിലും സമാന അവസ്ഥ തന്നെയാണ്. ഇതിനു പുറമെ ഇറാനിലും ഇറാഖിലും റോഹിങ്ക്യയിലും ഈജിപ്ത്,ലെബനാന്‍,ലിബിയ എന്നിവിടങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളും കലാപങ്ങളും മുറ പോലെ തന്നെ അരങ്ങേറി.

2018 അവസാനത്തോടെയായിരുന്നു സൗദിയെ മുള്‍മുനയില്‍ നിര്‍ത്തിയ ജമാല്‍ ഖഷോഗിയുടെ കൊലപാതക വാര്‍ത്ത പുറത്തു വരുന്നത്. ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി എംബസിയില്‍ നിന്നും കാണാതായ സൗദി വിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഖഷോഗി അതിക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതിന്റെ ഉത്തരവാദിത്വം സൗദിയുടെ തലയില്‍ വന്ന് പതിച്ചതോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ സൗദിക്കെതിരെയുള്ള പ്രതിഷേധം വര്‍ധിക്കുകയും സൗദിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് അറബ് ലോകത്ത് നിന്നുമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

പുതിയ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും തന്നെയാണ് പശ്ചിമേഷ്യയും 2019നെ വരവേല്‍ക്കുന്നത്. മേഖലയിലെ സംഘര്‍ഷമെല്ലാം അവസാനിച്ച് സമാധാനം പുലരാനും സ്ഥിരത കൈവരാനും നിര്‍ഭയത്തോടെ ജീവിക്കാനുമുള്ള സ്വാതന്ത്ര്യം നേടിയെടുക്കാനാവുമെന്ന പ്രത്യാശയിലാണ് അറബ് ലോകത്തെ ഒരോ പൗരനും.

Related Articles