Current Date

Search
Close this search box.
Search
Close this search box.

അഫ്രിന്‍ താഴ്‌വരകള്‍ ശാന്തതയിലേക്കോ

afrin.jpg

പശ്ചിമേഷ്യയില്‍ കഴിഞ്ഞ ഏറെ നാളുകളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സിറിയയിലെ അഫ്രിനില്‍ തുര്‍ക്കി ആരംഭിച്ച പുതിയ സൈനിക നീക്കം. തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്ന സിറിയയിലെ വടക്കന്‍ മേഖലയിലെ താഴ്‌വാരകളാണ് അഫ്രിന്‍. പതിറ്റാണ്ടുകളായി വെടിയൊച്ചകളാലും ബോംബുകളാലും യുദ്ധകലുഷിതമാണ് അഫ്രിന്‍. മേഖല വര്‍ഷങ്ങളായി ഖുര്‍ദിഷ് വിഘടനവാദികള്‍ കൈയേറിയിരിക്കുകയാണ്.

മേഖലയെ പൂര്‍ണമായും ഭീകരരില്‍ നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തുര്‍ക്കി അഫ്രിനിലേക്ക് അത്യാധുനിക യുദ്ധടങ്കുകളും പടക്കോപ്പുകളും സഹിതം സൈന്യത്തെ അയച്ചത്. അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദുകളുടെ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സു (എസ്.ഡി.എഫ്) മായിട്ടാണ് തുര്‍ക്കി ഇവിടെ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ)യുമായി ചേര്‍ന്നുള്ള നടപടിക്ക് ഒലീവ് ബ്രാഞ്ച് ഓപറേഷന്‍ എന്നാണ് തുര്‍ക്കി നല്‍കിയ പേര്.

സിറിയയിലെ ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാരിനെതിരേയും ഐ.എസ് ഭീകരര്‍ക്കെതിരേയുമാണ് അമേരിക്കയുടെ സൈനിക സഖ്യമായ എസ്.ഡി.എഫ് പോരാട്ടം നടത്തിയിരുന്നത്. ഈ സഖ്യത്തിന്റെ ഭാഗമാണ് സിറിയയിലെ കുര്‍ദ് സേനയായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി). ഇരുവരെയും മേലയില്‍ നിന്നും തുരത്തുക എന്നതാണ് തുര്‍ക്കി സൈനിക നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.

സിറിയന്‍ സര്‍ക്കാരിനും ഐ.എസിനുമതിരേ യുദ്ധം ചെയ്യാന്‍ വൈ.പി.ജിക്ക് വിദഗ്ധ പരിശീലനവും ആയുധങ്ങളും നല്‍കി മേഖലയെ കത്തിച്ചു നിര്‍ത്തുകയാണ് അമേരിക്ക ചെയ്യുന്നത്. തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുള്ളതിനാല്‍ വൈ.പി.ജി തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് തുര്‍ക്കിയുടെ വാദം. മാത്രമല്ല, സിറിയ-തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത് വൈ.പി.ജിയെ കൂടി ഉള്‍പ്പെടുത്തി അതിര്‍ത്തി രക്ഷാസേനയ്ക്ക് രൂപം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനമാണ് അഫ്രിനെതിരേ സൈനിക നടപടി സ്വീകരിക്കാന്‍ തുര്‍ക്കി തീരുമാനിച്ചത്.

സാധാരണക്കാര്‍ക്കു നേരെയല്ല അഫ്രിനില്‍ നിന്നും തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറയുന്നത്. എങ്കിലും യുദ്ധത്തിനിടെ നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെടുക പതിവാണ്. ഇതിനോടകം മുന്നൂറോളം ഭീകരരെ കൊലപ്പെടുത്തിയതായാണ് തുര്‍ക്കിയുടെ അവകാശവാദം.

തുര്‍ക്കി- സിറിയ അതിര്‍ത്തി പ്രദേശമായ അലപ്പോക്കടുത്ത പ്രദേശമാണ് അഫ്രിന്‍. ഇവിടെ വര്‍ഷങ്ങളായി ഭീകര സംഘടനകളായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ),ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (പി.വൈ.ഡി),പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി) എന്നിവരുടെ നിയന്ത്രണത്തിലാണ്. തുര്‍ക്കിയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രാഷ്ട്രനേതാക്കളും ലോക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ പുതിയ നീക്കത്തോടെ സിറിയയുടെ ഒരു ഭാഗത്തെങ്കിലും സമാധാനം പുന:സ്ഥാപിക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.   

 

Related Articles