Current Date

Search
Close this search box.
Search
Close this search box.

മിച്ചമൂല്യ സിദ്ധാന്തത്തേക്കാൾ നല്ലത് മിച്ചധനസിദ്ധാന്തം

ഇസ്ലാമിലെ അനുഷ്ഠാനകർമങ്ങളിൽ തൃതീയമാണ് സകാത്ത് എന്ന നിർബന്ധദാനം. അത് ചക്കാത്തല്ല. കേവലം പരോപകാര പരിപാടിയുമല്ല. പരോപകാരവും ദാരിദ്ര്യനിർമാർജനവുമെല്ലാം സകാത്തിലൂടെ ഫലപ്രദമായി സാധിക്കുമെന്നതിനപ്പുറം, സമ്പത്ത് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ജീവിതവിക്ഷണത്തെയും, സമ്പത്ത് ഉൾപ്പെടെ എല്ലാ വിഭവങ്ങളുടെ നേരെയുള്ള നിലപാടിനെയും കൃത്യവും വിശുദ്ധവുമാക്കുകയെന്നതാണ് സകാത്ത് ഉൾപ്പടെ ഇസ്ലാമിക സാമ്പത്തിക ചട്ടങ്ങളുടെ പൊരുൾ. സകാത്തിന്റ പ്രയോജനം ദുരിതാശ്വാസ പരിപാടിക്ക് ഉപയോഗപ്പെടുത്തുമ്പോൾ സകാത്ത് നൽകാൻ നിഷ്കർഷിക്കുന്ന ഇസ്ലാമിന്റെ പ്രപഞ്ച വീക്ഷണത്തിന്റെ നേരെയുള്ള നിലപാട് എന്തെന്ന് ആത്മപരിശോദന നടത്തേണ്ടതുണ്ട്. സത്യശുദ്ധവും സുദൃഢവുമായ ഏകദൈവവിശ്വാസം പരലോകചിന്ത എന്നിവയെ തീർത്തും നിഷേധിക്കുന്ന, നിരീശ്വര -നിർമ്മത ചിന്ത പ്രചരിപ്പിക്കുന്ന കമ്യുണിസ്റ്റുകൾ മാർക്സിന്ന് തെറ്റിയെന്നും ഇസ്‌ലാമാണ് ശരിയെന്നും തിരിച്ചറിയുമെങ്കിൽ
അത് സന്തോഷകരമാണ്.

സമ്പത്തിനെ തൊഴിലാളിക്കും തൊഴിലുടമ (മുതലാളി )ക്കു മിടയിലെ വിഷയമായി മാത്രം വിശകലനം ചെയ്യരുത്. തൊഴിലേർപ്പെടാൻ പോലും സാധിക്കാത്ത ദുർബല വിഭാഗങ്ങളെ ഉദാരമായി സഹായിക്കാൻ കമ്യുണിസത്തിൽ എന്ത് പ്രേരണയാണുള്ളത്.? സദാചാരധാർമ്മിക മുല്യങ്ങളെയും അത്മീയതയെയും പരലോക ചിന്തയെയും നാനാമാർഗേണ തല്ലിയൊതുക്കാൻ എല്ലാ സന്ദർഭങ്ങളും ദുരുപയോഗം ചെയ്യുന്ന കമ്യുണിസ്റ്റുകൾ ഇസലാമിക് ബേങ്കിങ്ങിനെയും സകാത്തിനെയും ചിലപ്പോഴൊക്കെ അംഗീകരിക്കുമ്പോൾ അതൊരു തിരിച്ചറിവിൻ്റെയും തിരുത്തിൻ്റെയും തുടക്കമായാൽ നന്ന്.

തൊഴിലാളിക്ക് മാന്യമായവേതനം വിളംബം വിനാ നൽകണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട് . ഉൽപനത്തിന്റെ വിലയിടിവ് (deficit value) തൊഴിലാളിയുടെ വേതനത്തെ ബാധിക്കൻപാടില്ല. തൊഴിലാളി ഉൾപ്പെടെ ജീവിതപ്രയാസമുള്ള എല്ലാവർക്കും സഹായങ്ങൾ ചെയ്യാൻ സാമ്പത്തികശേഷിയുള്ളവർ ബാധ്യസ്ഥരാണ്. മിച്ചമൂല്യത്തെ പറ്റി ധാരാളം സംസാരിക്കുന്ന കമ്യുണിസ്റ്റുകൾ കമ്മിമൂല്യത്തെ (deficit value) പറ്റിയും അനുബന്ധപ്രശ്നങ്ങളെ പറ്റിയും വേണ്ടുംവിതം ചിന്തിച്ചിരുന്നില്ല. തൊഴിലാളികളിൽ അതിരുവിട്ട -അന്യായമായ -അവകാശബോധം വളർത്തി ഒരുതരം ഭ്രാന്തുണ്ടാകുന്നു. ബാധ്യതാബോധം വളർത്തുന്നതിൽ തികഞ്ഞ അശ്രദ്ധ പുലർത്തുകയും ചെയ്യ്തു.

വിഭവങ്ങളടെ ഉടമവകാശം തൊഴിലാളിക്കോ മുതലാളിക്കോ അല്ല, മറിച് സൃഷ്ടാവും നിയന്താവുമായ അല്ലാഹുവിനന്നെതാണ് ഇസ്ലാമിക സാമ്പത്തിക ദർശനത്തിന്റെ അടിസ്ഥാനം. ഈ ദർശനം മുന്നോട്ട് വെക്കുന്ന സകാത്ത് എന്ന അനുഷ്ഠാനത്തെ പറ്റി പ്രസക്തമായ ചിലത് ഒരിക്കൽ കുടി വിചിന്തനവിധേയമാക്കുന്നത് സംഗതമായിരിക്കും

ഇസ്‌ലാമികമായി സകാത്തിന്റെ അടിസ്ഥാനം മിച്ചധനമാണ്. ഒരാൾ തന്റെയും ആശ്രിതരുടെയും ന്യായമായ ജീവിതാവശ്യങ്ങൾ മാന്യമായി നിർവഹിച്ചതിനു ശേഷം ബാക്കിയാകുന്നത് ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്നത് പെട്ടെന്ന് അത്യാവശ്യങ്ങളൊന്നും വരാതെ ഒരു വർഷമെങ്കിലും ബാക്കിയായാൽ അത് മിച്ചധനമാണ് (ഏതാണ്ട് 85 ഗ്രാം സ്വർണത്തിന് സമാനമായ തുക). സകാത്ത് സംബന്ധമായി പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളിൽ ‘മാൽ’ എന്നതിന്റെ പൊരുൾ മിച്ചധനം അഥവാ സമ്പാദ്യം എന്ന് ഗ്രഹിക്കാവുന്നതാണ്. ‘അവരുടെ സമ്പാദ്യങ്ങളിൽ (മിച്ചധനം) ചോദിച്ചുവരുന്നവനും സമ്പാദിക്കാനുള്ള അവസരങ്ങളും സാഹചര്യം നിഷേധിക്കപ്പെട്ടവനും അവകാശമുണ്ട്’ (51:19). ‘അവരുടെ മിച്ചധനത്തിൽ ചോദിച്ചുവരുന്നവനും അവസരങ്ങൾ നിഷേധിക്കപ്പെട്ടവനും നിർണിതമായ അവകാശമുണ്ട്’ (70:8).

അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ സാഹചര്യങ്ങൾ അനുകൂലമാവാത്തതിനാൽ ജീവിതാവശ്യങ്ങൾക്ക് തന്റെ വരുമാനം മതിയാവാത്തവനാണ് ഖുർആൻ പറഞ്ഞ സാഇൽ. അവൻ ‘മാലു’ള്ളവനല്ല. ‘മാൽ’ എന്നു പറയുന്നത് ജീവിതാവശ്യങ്ങൾ മാന്യമായി നിർവഹിച്ച് മിച്ചം വരുന്ന സാമാന്യം നല്ല തുക വരുന്ന സമ്പാദ്യത്തെയാണ്. ‘അവരിലെ സമ്പന്നരിൽനിന്ന് പിടിച്ചെടുത്ത് അവരിലെ ദരിദ്രർക്ക് വിതരണം ചെയ്യപ്പെടുന്നു’ (ഹദീസ്) എന്ന് പ്രവാചകൻ നൽകിയ വിശദീകരണം ചിന്തനീയമാണ്. സകാത്തിന്റെ (നിർബന്ധ ദാനം) ഉപാധികളിൽ സുഭിക്ഷാവസ്ഥ പുലരൽ ( ളഹ്ർ ഗിനാ) എന്നത് കർമശാസ്ത്ര പണ്ഡിതർ നിശ്ചയിച്ചതും അതുകൊണ്ടുതന്നെ. ഈ മിച്ചധനത്തെ നിർണയിക്കാനുള്ള പ്രായോഗിക മാനദണ്ഡം നബി(സ) നിശ്ചയിച്ചിട്ടുണ്ട്. കൊച്ചു സമ്പാദ്യത്തെ(ഇന്നത്തെ കണക്കിന് മൂന്നരലക്ഷത്തിൽ താഴെയുള്ളത്)യും ഇടവേളകളിൽ താൽക്കാലികമായുണ്ടായേക്കാവുന്ന സുഭിക്ഷാവസ്ഥയും ഇസ്‌ലാം മാനദണ്ഡമാക്കുന്നില്ല. ഇടവേളകളിൽ വന്നേക്കാവുന്ന അത്യാവശ്യങ്ങളെയും അടിയന്തര പ്രശ്‌നങ്ങളെയും വരുമാനത്തിൽ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലുകളെയും ഇസ്‌ലാം പരിഗണിക്കുന്നുണ്ട്. എന്നാൽ സാധാരണ പരോപകാരങ്ങൾക്കോ കേവല ദാനധർമങ്ങൾക്കോ ഇങ്ങനെ ഒരു ഉപാധി ഇല്ല. അത് യഥാ സൗകര്യം എത്രയും എപ്പോഴും ആകാം. ‘അവർക്കെന്താണോ നാമേകിയത് അതിൽനിന്നവർ ചെലവഴിച്ചുകൊണ്ടേയിരിക്കുന്നു’ (അൽബഖറ). ദാനശീലം സത്യവിശ്വാസിയുടെ പതിവ് ശീലമായിരിക്കും (സന്ദർഭാനുസരണം അപ്പപ്പോൾ ഉള്ളതിൽനിന്ന് ഐഛിക ദാനധർമങ്ങൾ ധാരാളമായി നടത്തണം).

മിച്ചധനമുള്ള സമ്പന്നർക്ക് അത് നേടാനായത് സാഹചര്യങ്ങൾ ഒത്തുവന്നതിനാലും അങ്ങനെ അവസരങ്ങൾ ലഭിച്ചതിനാലുമാണ്. ആയതിനാൽ അല്ലാഹുവിനോട് കൃതജ്ഞത കാണിക്കേണ്ടതുണ്ട്. തനിക്ക് അല്ലാഹു നൽകിയത് അങ്ങനെ ലഭിച്ചിട്ടില്ലാത്തവർക്ക് ഉദാരമായി വിശാലമനസ്സോടെ പങ്കുവെക്കലാണ് ഉദാത്തമായ നന്ദിപ്രകടനം.

ചരിത്രപരവും പ്രകൃതിപരവും സാമൂഹികവുമായ പലവിധ കാരണങ്ങളാൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ചെലവിലാണ് സമ്പന്നന് അത് സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നത് എന്ന വസ്തുത മറന്നുകൂടാ. ആയതിനാൽ ഈ വിഭാഗങ്ങൾക്ക് മറ്റുള്ളവരുടെ സമ്പാദ്യങ്ങളിൽ (മിച്ചധനം) ന്യായമായ അവകാശങ്ങൾ ഉണ്ട് എന്ന നിയമം വളരെ ശരിയാണ്. നാം യഥാവിധി അത് ഉൾക്കൊള്ളേണ്ടതുണ്ട്.

കാറൽ മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തേക്കാൾ സകാത്ത് വ്യവസ്ഥക്ക് നിദാനമായ ഇസ്‌ലാമിലെ മിച്ചധന സിദ്ധാന്തത്തിന്റെ മേന്മകൾ വിശകലനവിധേയമാക്കിയാൽ ഇസ്‌ലാമിക സാമ്പത്തിക ദർശനം നന്നായി ഗ്രഹിക്കാനാവും.

ചരിത്രപരവും പ്രകൃതിപരവും സാമൂഹികവുമായ വിവിധ കാരണങ്ങളാൽ മെച്ചപ്പെട്ട വേല ചെയ്ത് സമ്പാദിക്കാൻ അവസരവും സൗകര്യവും ലഭിക്കാതെ പോയതിനാൽ ജീവിതത്തിൽ വളരെ പ്രയാസപ്പെടുന്നവരെ വിപണി മാത്സര്യത്തിന് വിട്ടുകൊടുത്ത് നിസ്സംഗമായി മാറിനിൽക്കാൻ ഇസ്‌ലാം സന്നദ്ധമല്ല. ജൈവോൽപത്തിക്കും പരിണാമത്തിനും പിന്നെ നിലനിൽപിനും നിദാനമെന്ന് ചാൾസ് ഡാർവിൻ ഊഹിച്ചെടുത്ത ‘ഏറ്റവും അർഹതയുള്ളതിന് അതിജീവനം’ (Survival of the Fittest) എന്ന ആശയത്തെ മനുഷ്യന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളിലേക്ക് കൂടി ബാധകമാക്കി ദരിദ്രപിന്നാക്ക വിഭാഗങ്ങളെ കടുത്ത മത്സരത്തിന്റെ ബലിയാടുകളാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ അതിക്രൂര സമീപനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി ഇസ്‌ലാം പ്രശ്‌നത്തെ തികച്ചും മാനുഷികമായി അനുകമ്പാപൂർവം സമീപിക്കുന്നു. ന്യായവും മാന്യവും പ്രത്യുൽപാദനക്ഷമവുമായ മത്സരത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. അങ്ങനെയുള്ളവർക്ക് ധനികരുടെ സമ്പാദ്യത്തിൽ (മിച്ചധനം) ഇസ്‌ലാം ‘അവകാശം’ നിർണയിച്ചിരിക്കുന്നു. കൂടാതെ അവർക്ക് പല നിലക്കുള്ള പരിഗണനകളും നൽകിയിരിക്കുന്നു.

ഇസ്‌ലാമിന്റെ മിച്ചധന സിദ്ധാന്തം കാറൽ മാർക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തെ പോലെ വെറും ഉൽപന്നത്തിന്റെ മാർക്കറ്റ് വിലയെ മാത്രം ആശ്രയിച്ചുകൊണ്ടല്ല നിലകൊള്ളുന്നത്. പ്രത്യുത, ഒരാളുടെ മൊത്തം സാമ്പത്തികാവസ്ഥയെ സമഗ്രമായി പരിഗണിച്ചുകൊണ്ടാണ്. ഇതുവഴി അവശദരിദ്ര സഹോദരങ്ങളുടെ ജീവിതാവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കുകയെന്നത് സമ്പാദ്യം (മിച്ചധനം) ഉള്ളവരുടെ നിർബന്ധ ബാധ്യതയാണെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് ആ സംഗതി ഉറപ്പുവരുത്തണമെന്നും അവരുടെ ന്യായമായ സംരക്ഷണം സാധ്യമാക്കണമെന്നും ഇസ്‌ലാം വളരെ ഗൗരവപൂർവം നിഷ്‌കർഷിക്കുന്നുണ്ട്. മിച്ചധനം (സമ്പാദ്യം) വിലയിരുത്താൻ ഒരാണ്ട് എന്ന സമയപരിധി നിർണയിക്കുക വഴി ഹ്രസ്വകാലദീർഘകാല ആവശ്യങ്ങളെയും പ്രശ്‌നങ്ങളെയും കൂടി പരിഗണിക്കാനുള്ള പഴുതും ഇസ്‌ലാം നൽകുന്നുണ്ട്.

മിച്ചധന സിദ്ധാന്തം പാവങ്ങളുടെ ന്യായമായ അവകാശങ്ങൾ മാർക്കറ്റ് മെക്കാനിസത്തിന് അഥവാ വിതരണചോദന മേഖലകളിലെ മെക്കാനിസത്തിന് വിട്ടുകൊടുക്കുന്നില്ല. അവശവിഭാഗത്തിന്റെ അവകാശത്തെ ഇസ്‌ലാം മാർക്കറ്റ് മെക്കാനിസത്തിന്നതീതമായി പ്രതിഷ്ഠിച്ചിരിക്കുന്നു. തൊഴിലാളികളല്ലാത്ത പാവങ്ങൾക്ക് മാർക്‌സിസ്റ്റ് ദർശനത്തിൽ വലിയ പരിഗണനയില്ല. എന്നാൽ ഇസ്‌ലാം വളരെ ഉയർന്ന പരിഗണന നൽകുന്നു. അതാണ് സകാത്ത്.

മിച്ചധനത്തിന്റെ തുഛ വിഹിതമേ തൽക്കാലം ആവശ്യപ്പെടുന്നുള്ളൂ. സമ്പന്നന്റെ വശം മിച്ചധനത്തിന്റെ സിംഹഭാഗവും വിട്ടുകൊടുക്കുന്നു. ഇത് അദ്ദേഹത്തിന് മിച്ചധനം വീണ്ടും വീണ്ടും വർധിപ്പിക്കാനുള്ള സാധ്യത നൽകുന്നു. കൂടാതെ മിച്ചധനമെല്ലാം ഇന്നത്തെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാനായി ഒറ്റയടിക്ക് തീർത്തുകൂടാ. മറിച്ച് വരുംകാലങ്ങളിലെ അവശരെയും ദുർബലരെയും കൂടി പരിഗണിക്കാനുള്ള വക നിലനിർത്തുകയും ചെയ്യുന്നു.

മാർക്‌സിന്റെ മിച്ചമൂല്യ (Surplus Value) സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ചിന്താധാര വർഗസംഘട്ടനത്തിലാണ് ഊന്നുന്നത്. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഊഷ്മളമല്ലാത്ത ബന്ധമാണ് അതുണ്ടാക്കിത്തീർക്കുന്നത്. വൈരവും വിദ്വേഷവുമാണ് കമ്യൂണിസ്റ്റ് വർഗസംഘട്ടനത്തിന്റെ കാതലായി വർത്തിക്കുന്നത്. എന്നാൽ സകാത്ത് വ്യവസ്ഥയിൽ ദയയും സഹതാപവും പങ്കുവെപ്പിനുള്ള വാഞ്ഛയുമാണ് ഉണ്ടാകുന്നത്. വർഗസംഘട്ടനത്തിനപ്പുറം നല്ല രീതിയിലുള്ള വർഗ സഹകരണമാണ് ഈ സിദ്ധാന്തം പലനിലക്കും ഉണ്ടാക്കിയെടുക്കുന്നത്. കൂടാതെ മിച്ചമൂല്യ സിദ്ധാന്തം തികഞ്ഞ കേവല ഭൗതികതയിലാണ് അടിമുടി നിലകൊള്ളുന്നത്. എന്നാൽ സകാത്തിന് നിദാനമായ സമഗ്രദർശനം ഭൗതികതക്കപ്പുറം ആത്മീയതക്കാണ് വലിയ ഊന്നൽ നൽകുന്നത്. ഉറച്ച പരലോക വിശ്വാസം മിച്ചധനം സമസൃഷ്ടികളുമായി പങ്കുവെക്കാൻ പ്രേരണയായി വർത്തിക്കുന്നു. മിച്ചമൂല്യ സിദ്ധാന്തത്തിന്റെ ആളുകൾക്ക് അങ്ങനെ ഒരു പ്രേരണ ഇല്ല. വർഗസംഘട്ടനത്തിനപ്പുറം ഫലപ്രദമായ വർഗ സഹകരണം ഉണ്ടാകുംവിധമാണ് സകാത്തിന് പ്രേരണയേകുന്ന പരലോക വിശ്വാസം.

മിച്ചധന സിദ്ധാന്തം തൊഴിലാളിയുടെ വേതനവുമായോ അവകാശവുമായോ മാത്രമല്ല ബന്ധപ്പെട്ടു കിടക്കുന്നത്. ഇസ്‌ലാം സമ്പത്തിനെ മുതലാളിക്കും തൊഴിലാളിക്കുമിടയിലെ തർക്കപ്രശ്‌നമായി ഗണിക്കുന്നേയില്ല. മറിച്ച് മിച്ചധന സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാം ഉപജീവനത്തിന് ആവശ്യമായ വരുമാനമില്ലാത്തവർ, ഒരുവിധം തികയുന്നവർ, ജീവിതാവശ്യങ്ങൾ മാന്യമായി നിറവേറിയ ശേഷം സാമാന്യം മിച്ചധനമുള്ളവർ എന്നിങ്ങനെയാണ് സമൂഹത്തെ വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ ദരിദ്രർ, അഗതികൾ, അനാഥർ, വികലാംഗർ, പല കാരണങ്ങളാൽ സാമ്പത്തികമായി പിന്നാക്കം തള്ളപ്പെട്ടവർ തുടങ്ങിയ സകല വിഭാഗങ്ങളെയും മൊത്തം ഉൾക്കൊള്ളുകയും സമ്പന്നന്റെ സ്വത്തിൽ അവർക്കെല്ലാം ന്യായമായ അവകാശം മാന്യമായ രീതിയിൽ വകവെച്ചുകൊടുക്കുകയും ചെയ്യുന്നു.

മിച്ചധനത്തിലുള്ള ദരിദ്രരുടെ അവകാശം വർഷാവർഷം വ്യവസ്ഥാപിതമായും സംഘടിതമായും വിതരണം ചെയ്യപ്പെടുന്നു. ആയുഷ്‌കാലത്ത് ഒരിക്കൽ മാത്രം നൽകിയാൽ പോരാ.

മിച്ചധന സിദ്ധാന്തം വിഹിതവും ന്യായവുമായ മാർഗങ്ങളിലൂടെ പരമാവധി സമ്പത്ത് സമ്പാദിക്കുന്നതിനെയും ഉടമപ്പെടുത്തുന്നതിനെയും ഒട്ടും നിരുത്സാഹപ്പെടുത്തുന്നില്ലെന്നു മാത്രമല്ല നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി തന്റെ വിശ്വാസ സംഹിതയെ മുറുകെ പിടിച്ച് ധനസമ്പാദനം നടത്തുമ്പോൾ അത് ദൈവാരാധന ആണ്. സമ്പാദ്യത്തെ നിക്ഷേപമാക്കി മാറ്റാനുള്ള പ്രേരണകൾ ഇസ്‌ലാം നൽകുന്നുണ്ട്. ദരിദ്രരുടെയും അവശ വിഭാഗങ്ങളുടെയും അവകാശം കൊല്ലംതോറും നൽകാൻ ബാധ്യസ്ഥനായ ധനികന് തന്റെ സമ്പാദ്യങ്ങളെ ലാഭകരമായ പ്രത്യുൽപാദന പരിപാടികളിലേക്ക് തിരിച്ചുവിടാനുള്ള മാർഗം ആരായേണ്ടി വരിക തന്നെ ചെയ്യും. ഇത് തൃണമൂല വിതാനത്തിലുൾപ്പെടെ എല്ലാ തലത്തിലും സാമ്പത്തിക വളർച്ചക്ക് നിമിത്തമായിത്തീരും.

നീതിപൂർവകവും സന്തുലിതവുമായ സമ്പദ് വിതരണം ഉറപ്പു വരുത്താൻ ഇസ്‌ലാം നിർദേശിക്കുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ ഉപാധികളിലൊന്നാണ് സകാത്ത്. അത് ഉള്ളവനിൽനിന്ന് ഇല്ലാത്തവനിലേക്ക് സമ്പത്തിന്റെ ഒഴുക്ക് സുസാധ്യമാക്കുന്ന ചാലുകളാണ്. എന്നാൽ സമ്പത്തിന്റെ സന്തുലിത വിതരണം ഉറപ്പുവരുത്താൻ ദാനധർമങ്ങൾ, വഖ്ഫ്, പലിശ നിരോധം, വാണിജ്യ സംസ്‌കാരത്തെ പുഷ്ടിപ്പെടുത്തുന്ന വിവിധ ചട്ടങ്ങൾ, അനന്തരാവകാശം, കൃഷി ഉറപ്പുവരുത്തുന്ന ഭൂവിതരണ ചട്ടങ്ങൾ തുടങ്ങി പലതും ഇതിനോട് ചേർത്തുവെക്കേണ്ടതാണ്.

സകാത്തിന്റെ എട്ട് അവകാശികളിൽ ഏഴ് അവകാശികളെയും വിലയിരുത്തിയാൽ സകാത്ത് നേർക്കുനേരെ അവശദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ഗ്രഹിക്കാനാകും. സമ്പന്നനും ദരിദ്രനും ഒരുപോലെ ഗുണഭോക്താവാകുന്ന പൊതുവികസന പ്രവർത്തനങ്ങൾക്ക് സകാത്ത് ഉപയോഗപ്പെടുത്താവതല്ല. പൊതുവികസന പ്രവർത്തനങ്ങൾക്കും ഭരണ നിർവഹണത്തിനും രാഷ്ട്രത്തിന് അതിന്റെ പൗരന്മാരിൽനിന്ന് വേറെ നികുതി പിരിക്കാം. സകാത്ത് ഒരിക്കലും നികുതിയല്ല. നികുതി കൊടുത്താൽ സകാത്തിന്റെ ബാധ്യത തീരില്ല. സകാത്ത് ദൈവാരാധനയാണ്.

സകാത്ത് വ്യവസ്ഥ ഫലപ്രദമായി നടപ്പാക്കാൻ ഇസ്‌ലാം ഭക്തിയുടെയും ഭരണാധികാര ശക്തിയുടെയും മാർഗങ്ങൾ അവലംബിക്കുന്നുണ്ട്. സത്യവിശ്വാസിയുടെ പരലോക ബോധം തന്നെ സകാത്ത് ബന്ധപ്പെട്ടവരെ ഏൽപിക്കാൻ പ്രേരകമാണ്. എന്നാൽ എല്ലാവരിൽനിന്നും എപ്പോഴും അത് പ്രതീക്ഷിക്കാവതല്ല. മറ്റെല്ലാ സാമൂഹികരാഷ്ട്രീയ ചട്ടങ്ങൾ പോലെ പരിശുദ്ധ ഇസ്‌ലാമിലെ സാമ്പത്തിക ചട്ടങ്ങളും പരിപാടികളും മറ്റും പൂർണമായും ഫലപ്രദമായും നടപ്പാക്കുന്നതിന് ശക്തമായ ഭരണാധികാരം അനുപേക്ഷണീയമാണ്.

സാമൂഹികരാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ ഇസ്‌ലാമിക സമീപനം പുലർത്താതെ സാമ്പത്തിക രംഗത്തുമാത്രം ഇസ്‌ലാമിക നിലപാട് പൂർണാർഥത്തിൽ പുലർത്തുക അസാധ്യമാണ്; ശകലത്തിൽ സകലവും ദർശിക്കാവതല്ല കൃത്രിമമായ വേലികൾ ഉണ്ടാക്കി സമഗ്രമായ ഇസ്‌ലാമിനെ അതിനകത്ത് പരിമിതപ്പെടുത്തി നമ്മൾ ആ വേലിക്ക് വെളിയിൽ വിഹരിച്ചാൽ നാം വലിയ കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ തിരുത്തുകൾ വരുത്താൻ ഇനിയും വൈകിക്കൂടാ.

ജീവിതത്തെ സമൂലം ഇസ്ലാമീകരിക്കണമെന്ന മൗലിക നിലപാട് മതരാഷ്ട്രവാദമായും തീവ്രവാദമായും തെറ്റിദ്ധരിക്കുന്നവർ ഇസ്ലാമിനെ വിശദമായി പരിചിന്ത വിധേയമാക്കൻ തയാറാവണം. സംവാദങ്ങൾ ആരോഗ്യകരമായ രീതിയിൽ ഇനിയും നടക്കണം.

Related Articles