Current Date

Search
Close this search box.
Search
Close this search box.

ആദ്യകാല മുസ്‌ലിംകള്‍ നല്ല കച്ചവടക്കാരായിരുന്നു

മനുഷ്യന്റെ നന്മയിലുള്ള വളര്‍ച്ചയെ ഉദാഹരിക്കാന്‍ ഖുര്‍ആന്‍ മുഖ്യമായും രണ്ട് ഉപമകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒന്ന്, കച്ചവടം. മറ്റൊന്ന് കൃഷി (ഉദാ: 61:10, 29:35, 2:261). കൃഷി ഉല്‍പാദനത്തെ പ്രതിനിധീകരിക്കുന്നു; കച്ചവടം വിപണനത്തെയും. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ രണ്ട് സംഗതികളും. ഉല്‍പാദന -വിപണന രംഗങ്ങളില്‍ നല്ല രീതിയില്‍ സ്വാധീനം വര്‍ധിപ്പിക്കുകയെന്നത് ഒരു സമൂഹത്തിന്റെ ഭദ്രവും സമീകൃതവുമായ വളര്‍ച്ചക്ക് അനുപേക്ഷണീയമാണ്.

ഒരു ഉദ്യോഗസ്ഥന്‍ ഉഴപ്പിയാലും ഉഷാറായാലും അവന് മാസാന്തം കിട്ടുന്ന വേതനത്തെ അത് പെട്ടെന്ന് സാരമായി ബാധിക്കില്ലെന്നതിനാല്‍, അദ്ദേഹം വിശേഷിച്ചൊരു ഊര്‍ജസ്വലതയും ഉത്സാഹവും പുലര്‍ത്തിയെന്ന് വരില്ല. പല ഉദ്യോഗസ്ഥരെയും അലസരായി കാണുന്നതിന്റെ കാരണവും ഇതുതന്നെ. മുഷിപ്പും ചടപ്പുമാണ് പല ഉദ്യോഗസ്ഥരുടെയും മുഖമുദ്ര. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തില്‍ പങ്കാളിത്തം, ഭദ്രമായ ഉപജീവനം എന്നീ പരിഗണനകളാലാണ് സര്‍ക്കാറുദ്യോഗങ്ങളും മറ്റും അഭികാമ്യമായി ഗണിക്കപ്പെടുന്നത്. ഒരു വ്യക്തിയെ ഉത്സാഹിയും ഉല്‍ക്കര്‍ഷേഛുവുമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗം സാമാന്യാര്‍ഥത്തില്‍ പര്യാപ്തമല്ല. ചട്ടപ്പടി ഒരു ചടങ്ങെന്നവണ്ണം കാലം കഴിക്കുന്ന മുഷിപ്പന്‍ ഏര്‍പ്പാടാണ് പലപ്പോഴും ഉദ്യോഗമെന്ന ചിലരുടെ വിലയിരുത്തല്‍ തീര്‍ത്തും തെറ്റല്ല. എന്നാല്‍ കൃഷി, കച്ചവടം എന്നിവയില്‍ വ്യാപൃതരാവുന്നവരില്‍ ഉത്സാഹവും ഉല്‍ക്കര്‍ഷേഛയും പ്രതീക്ഷയും ദൃശ്യമാണ്. ഇന്നല്ലെങ്കില്‍ നാളെയെങ്കിലും എന്ന ഭാവിയെപ്പറ്റി തികഞ്ഞ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരാണ് ഈ വിഭാഗം. മണ്ണുമായും മനുഷ്യരുമായും അടുത്തിടപഴകുന്ന ഈ വിഭാഗത്തിന് സാമൂഹിക ജീവിതത്തില്‍ ഇടപഴകാനും കൂടുതലായി സാധിക്കുന്നു. സമ്പത്തിനെ പ്രത്യുല്‍പാദനപരമായും പ്രയോജനപ്രദമായും കൈകാര്യം ചെയ്യുന്നതിന്റെ ആകത്തുകയാണ് ഉല്‍പാദനവും വിപണനവും. കൃഷി, വ്യാവസായികോല്‍പാദനം, കച്ചവടം എന്നിവ സാമൂഹികജീവിയായ മനുഷ്യന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം പരസ്പരം ബന്ധിതവും പരസ്പരപൂരകവുമാണ്.

വ്യാവസായിക-വാണിജ്യ-വ്യാപാര മേഖലകളിലെ പ്രവര്‍ത്തനം ജനസേവനം കൂടിയാണെന്ന് തിരിച്ചറിയണം. ഒരാള്‍ ഒരു വൃക്ഷം നട്ടുപിടിപ്പിച്ചാല്‍ അതില്‍നിന്ന് പക്ഷികള്‍ കൊത്തിത്തിന്നുന്നതിനും ഇലകള്‍ കാലികള്‍ ഭക്ഷിക്കുന്നതിനും അതിന്റെ തണല്‍ വഴിയാത്രക്കാര്‍ അനുഭവിക്കുന്നതിനുമെല്ലാം സ്വദഖ (ദാനം)യുടെ പുണ്യം സിദ്ധിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചതില്‍ വലിയ ഗുണപാഠങ്ങളുണ്ട്. ആധുനിക-ഭൗതിക സംവിധാനങ്ങള്‍ വ്യക്തിക്ക് നേര്‍ക്കുനേരെ സ്വന്തമായി കിട്ടുന്ന അറ്റാദായം (നെറ്റ് പ്രോഫിറ്റ്) വെച്ചാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്താറ്. കച്ചവടത്തെ പലപ്പോഴും ഗുണദോഷ വിചിന്തനത്തിന് വിധേയമാക്കുന്നത് അറ്റാദായംവെച്ച് മാത്രമായിരിക്കും. മൊത്താദായ(ഗ്രോസ് പ്രോഫിറ്റ്)ത്തില്‍നിന്ന് ചെലവുകള്‍ കഴിച്ചുള്ളതാണ് അറ്റാദായം. ചെലവുകള്‍ എന്ന് പറയുന്നതിനെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ മുഖ്യപങ്ക് സമൂഹത്തിന്റെ വിവിധ ശ്രേണികളിലേക്കും ചാലുകളിലേക്കുമുള്ള നീരൊഴുക്കാണെന്ന് കണ്ടെത്താന്‍ സാധിക്കും. നേരത്തെ കൃഷിയുടെ കാര്യത്തില്‍ പക്ഷികള്‍ കൊത്തിത്തിന്നതിനും കാലികള്‍ ഭക്ഷിച്ചതിനും മറ്റും പുണ്യമുണ്ടെന്ന് മനസ്സിലാക്കിയതുപോലെ, ഇതിലും ജനോപകാരപ്രദമായ സ്വദഖ ഒളിഞ്ഞിരിപ്പുണ്ട്.

മിച്ചധനം പ്രത്യുല്‍പാദനപരമായി വിനിയോഗിച്ച് വ്യാപാര-വ്യവസായ സംരംഭങ്ങള്‍ നടത്തുമ്പോള്‍ ഒരുപാട് സ്വദഖകളുടെ മഹത്തായ പുണ്യം ഐഹികമായും പാരത്രികമായും ലഭിക്കുമെന്ന പാഠം ഇസ്‌ലാം നല്‍കുന്നുണ്ട്. അധ്വാന പരിശ്രമങ്ങളിലൂടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹികഘടനയിലും സമൂഹത്തിന്റെ സാമ്പത്തിക ഘടനയിലും രചനാത്മകമായ ഇടപെടല്‍ നടത്താനാണ് നബി(സ) പ്രേരണ നല്‍കിയത്. വീട്ടിലെ പുതപ്പ് വിറ്റ് മഴു വാങ്ങി കാട്ടില്‍ പോയി മരംവെട്ടി വിറക് ശേഖരിച്ച് വില്‍ക്കാന്‍ നബി(സ) നല്‍കിയ ഉപദേശവും വിലപ്പെട്ട കൃഷിഭൂമിക്ക് സകാത്ത് നിശ്ചയിക്കാതെ കൃഷിയെ പ്രോത്സാഹിപ്പിച്ചതും അധ്വാനമില്ലാത്ത കാര്‍ഷികോല്‍പന്നങ്ങളേക്കാള്‍ കുറഞ്ഞ സകാത്ത് നിരക്ക് കൂടുതലായ അധ്വാനപരിശ്രമങ്ങള്‍ ഉള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് നിശ്ചയിച്ചതുമെല്ലാം ആരോഗ്യകരവും പ്രത്യുല്‍പാദനപരവുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ്. കച്ചവടം ചെയ്യുമ്പോള്‍ കടക്കും കച്ചവടത്തിനാവശ്യമായ ഉപകരണങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും മറ്റും അതെത്രതന്നെ വിലപിടിപ്പുള്ളതായാലും സകാത്ത് ബാധകമല്ലെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രപണ്ഡിതര്‍ അഭിപ്രായപ്പെട്ടതിന്റെ പൊരുളും ഇതുതന്നെ. സമ്പത്ത് പ്രത്യുല്‍പാദനപരമല്ലാത്ത നിലയില്‍ മുരടിക്കുന്ന ദുരവസ്ഥ ഇസ്‌ലാം തീര്‍ത്തും അനഭിലഷണീയമായിട്ടാണ് കാണുന്നത്. സമ്പത്ത് (സ്വര്‍ണം, വെള്ളി) ശേഖരിച്ച് കെട്ടിപ്പൂട്ടിവെക്കുകയും അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അഥവാ ജനോപകാരപ്രദമായ രീതിയില്‍ വ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനയേറിയ കഠിനകഠോര ശിക്ഷകളുണ്ടെന്ന് (9:34) ഖുര്‍ആന്‍ നല്‍കിയ ശക്തമായ താക്കീത് ഗൗരവപൂര്‍വം കാണേണ്ടതാണ്.

പലിശ മോഹിച്ച് പണം കടം കൊടുക്കുന്നത് ഇസ്‌ലാം അങ്ങേയറ്റം വെറുക്കുന്നു. കാരണം മടിയനായി ചടഞ്ഞിരുന്ന്, അന്യരെ ചൂഷണം ചെയ്യുന്ന പരാന്നഭോജിയെയാണ് പലിശ സൃഷ്ടിക്കുന്നത്. തന്റേടത്തോടെ, റിസ്‌ക് ഏറ്റെടുത്ത് സാമ്പത്തിക പ്രവര്‍ത്തനവും അധ്വാന പരിശ്രമങ്ങളും നടത്താതെ ഒരുതരം ഒളിച്ചോട്ടത്തിനാണ് പലിശാധിഷ്ഠിത സംവിധാനം വേദി ഒരുക്കുന്നത്. ഇന്നത്തെ ലോകസമ്പദ്ഘടനയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലിശയിടപാടുകള്‍ക്ക് മെച്ചപ്പെട്ട ബദലായി ഖുര്‍ആന്‍ മുന്നോട്ടുവെച്ചത് കച്ചവടത്തെയാണ് (2:275). പക്ഷേ ആധുനിക മുതലാളിത്തമുള്‍പ്പെടെയുള്ള സമ്പദ്ശാസ്ത്രങ്ങള്‍ പലിശക്ക് കച്ചവടം എന്ന ലേബലൊട്ടിച്ച് മനുഷ്യരെ വഞ്ചിക്കുകയാണ് ചെയ്തത്. ബാങ്കിംഗ് വ്യവസായം എന്നാണ് ഈ ചൂഷണവ്യവസ്ഥക്ക് നല്‍കിയിട്ടുള്ള പേര്. ഈ ബാങ്കിംഗിനെ വ്യാപാരമായും വ്യവസായമായും പരിചയപ്പെടുത്തിയവര്‍ യഥാര്‍ഥത്തില്‍ കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അന്തകരായി എന്നതാണ് സത്യം. പലിശയിടപാടും കച്ചവടവും സമമാണെന്നവാദം ഇന്നുമുണ്ട്. പത്തുരൂപക്ക് വാങ്ങിയ സാധനം പന്ത്രണ്ട് രൂപക്ക് വില്‍ക്കുന്നതുപോലെയാണ് പത്തുരൂപ കടംകൊടുത്ത് നിശ്ചിത അവധിക്കുശേഷം പന്ത്രണ്ടു രൂപ വാങ്ങലെന്ന ന്യായവാദം നടത്തുന്നവരോട് ‘കച്ചവടത്തെ അനുവദിച്ചിരിക്കുന്നു, പലിശയെ തീര്‍ത്തും നിരോധിച്ചിരിക്കുന്നു’ എന്നാണ് അല്ലാഹു മറുപടി പറഞ്ഞത് (2:275). ഇവിടെ കച്ചവടം അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞ ശേഷമാണ് പലിശ നിരോധിച്ചിരിക്കുന്നുവെന്ന് പറഞ്ഞത്. പലിശക്ക് ബദലായി വ്യാപാരത്തെ മുന്നോട്ടുവെക്കുകയാണ് ഇസ്‌ലാം. ബദലിനെ വികസിപ്പിച്ച് ഫലപ്രദമായി ഉപയോഗപ്പെടുത്താതെ പലിശക്കെതിരെയുള്ളപോരാട്ടം ഫലപ്രദമാവില്ല.

ആദ്യകാല മുസ്‌ലിംകള്‍ നല്ല കച്ചവടക്കാരായിരുന്നു. അബൂബക്കര്‍, ഉസ്മാന്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) തുടങ്ങിയ സ്വഹാബികളും ഇമാം അബൂഹനീഫയെ പോലുള്ള പ്രഗത്ഭരും കച്ചവടത്തില്‍ ഏര്‍പ്പെട്ടവരായിരുന്നു. ഇസ്‌ലാം പ്രചരിക്കുന്നതില്‍ സത്യസന്ധരായ കച്ചവടക്കാര്‍ വഹിച്ച വലിയ പങ്ക് പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടതുമാണ്. നമ്മുടെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പൊതുവെ നാല് ഭാഗങ്ങളാണ്. അതിലൊരു ഭാഗം കച്ചവട നിയമങ്ങള്‍, സാമ്പത്തിക ഇടപാടുകളിലെ ചട്ടങ്ങള്‍ തുടങ്ങിയവയാണ്. മൗലികവും സമഗ്രവുമായ കച്ചവട മൂല്യങ്ങള്‍ക്ക് (ബിസിനസ് എത്തിക്‌സ്) തന്നെ ഇസ്‌ലാം രൂപംനല്‍കിയിട്ടുണ്ട്. നഷ്ടസാധ്യതകളെയും ആപത്‌സാധ്യതകളും ഏറ്റെടുക്കുന്ന കച്ചവടസമൂഹമാണ് മുന്നേറുകയെന്നത് ചരിത്രത്തിന്റെ ഗുണപാഠമാണ്. മുടങ്ങിക്കിടക്കുന്ന വിഭവങ്ങളും സമ്പത്തും സമൂഹത്തിലേക്ക് കറങ്ങാന്‍ വിട്ടുകൊടുക്കുമ്പോഴുള്ള ബഹുമുഖ ചലനങ്ങളാലുണ്ടാകുന്ന സമൃദ്ധിയെ സൂചിപ്പിക്കാന്‍ ‘ഹര്‍കത്തില്‍ ബര്‍ക്കത്ത്’ (ചലനത്തില്‍ പുണ്യമുണ്ട്) ഉണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന പതിവ് പൂര്‍വകാല മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയും മറ്റും കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്ന ഇക്കാലത്ത് ഇസ്‌ലാമിന്റെ വക്താക്കള്‍ ആത്മാര്‍ഥമായും സത്യസന്ധമായും ഉണര്‍ന്നു ചിന്തിക്കേണ്ടതുണ്ട്. ടാറ്റയോ റിലയന്‍സോ ഇസ്‌ലാമിക് ബാങ്കും ഇസ്‌ലാമിക കച്ചവട കൂട്ടായ്മകളും തുടങ്ങിയേക്കാം. അതവരുടെ കേവല ലാഭത്തിനുവേണ്ടി മാത്രമാണ്. മറിച്ച് മുസ്‌ലിംകള്‍ ഉത്തരവാദിത്വബോധത്തോടെ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയെ മനോഹരമായി പ്രയോഗവത്കരിച്ചാല്‍ അതൊരു സത്യസാക്ഷ്യ നിര്‍വഹണമായിരിക്കും. അതിന്റെ ബഹുമുഖ നന്മ ഐഹികം മാത്രമല്ല പാരത്രികം കൂടിയായിരിക്കും. ഒറ്റപ്പെട്ട പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനുള്ള ധൈര്യവും ദൃഢമായ മൂല്യനിഷ്ഠയും ഉണ്ടാവേണ്ടതുണ്ട്. നഷ്ടം ഭയന്ന് മൂലധനം കെട്ടിപ്പൂട്ടി വെക്കുന്നത് മൂല്യശോഷണം എന്ന വിപത്തിന്റെ മുമ്പില്‍ വിഡ്ഢിത്തമായിരിക്കും. പലിശ നിരോധിച്ച് കച്ചവടം അനുവദിച്ചതിന്റെ ന്യായം നഷ്ടസാധ്യത ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് സാഹസികമായ മുന്നേറ്റം നടത്തുക എന്നത് തന്നെയാണ്. പരമ്പരാഗതമായി കച്ചവട സമൂഹമാണ് മുസ്‌ലിംകള്‍. അവരുടെ ദീനാണ് അവരെ അങ്ങനെയൊരു വിശിഷ്ട നിലവാരത്തിലേക്കുയര്‍ത്തിയത്. വാണിജ്യ-വ്യാപാര-വ്യവസായ രംഗങ്ങളില്‍ സ്വന്തമായ സല്‍സരണി വെട്ടിത്തെളിക്കാനാവശ്യമായ ചര്‍ച്ചകളും പഠനങ്ങളും കൂട്ടായ്മകളും വഴി ക്രിയാത്മകമായ ചുവടുവെപ്പുകള്‍ നടത്തേണ്ടതുണ്ട്. അധൈര്യം നിഷ്‌ക്രിയത്വത്തിലേക്കാണ് നയിക്കുക. പലവട്ടം വീഴുമ്പോഴാണ് നടക്കാന്‍ പഠിക്കുന്നത്. ഇസ്‌ലാമിന്റെ സത്യസന്ധത, വിശ്വസ്തത, ഗുണകാംക്ഷ, സാമൂഹികബോധം തുടങ്ങിയ മൗലിക ഗുണങ്ങളുണ്ടെങ്കില്‍ അന്തിമവിശകലനത്തില്‍ പരിശ്രമങ്ങള്‍ വൃഥാവിലാവില്ലെന്ന് ഉറപ്പ്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles