Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ സാമ്പത്തികസങ്കല്പങ്ങൾ ( 1 – 4 )

വിശ്വാസികളുടെ ജീവിതത്തെ സംബന്ധിക്കുന്ന ആത്മീയവും ഭൗതികവുമായ സർവ്വ മേഖലകളിലും വിശുദ്ധ ഇസ്‌ലാം കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുന്നുണ്ട്. സാമ്പത്തിക മേഖലയിൽ വിശ്വാസികൾ കൈക്കൊള്ളേണ്ട നിലപാടുകൾ വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലും വായിച്ചെടുക്കാനാകും. ഭൗതിക ക്ഷേമത്തെ പാടെ അവഗണിക്കാതെ ‘അല്ലാഹു നിങ്ങളുടെ നിലനിൽപ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവർക്ക് നിങ്ങൾ കൈവിട്ടുകൊടുക്കരുത്’ എന്നാണ് വി.ഖുർആൻ (4/5) പറയുന്നത്. അല്ലാഹു നിനക്കു നൽകിയതിലൂടെ നീ പരലോകവിജയം തേടുക. അതോടൊപ്പം ഇവിടെ ഇഹലോക ജീവിതത്തിൽ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക എന്ന് വി. ഖുർആനിൽ (28: 78) അല്ലാഹു ആഹ്വാനം ചെയ്യുന്നു. ഇഹ-പര ലോകങ്ങളുടെ സംയോജനത്തിനാണ് ഇസ്‌ലാം ഊന്നൽ നൽകുന്നത്. ചിലർ ”ഞങ്ങളുടെ നാഥാ! ഞങ്ങൾക്ക് നീ ഈ ലോകത്ത് എല്ലാം തരേണമേ” എന്ന് പ്രാർഥിക്കുന്നു. അയാൾക്ക് പരലോകത്ത് ഒരു വിഹിതവുമുണ്ടാവില്ല. മറ്റുചിലർ ഞങ്ങളുടെ നാഥാ! ഞങ്ങൾക്കു നീ ഈ ലോകത്ത് നന്മ നൽകേണമേ, പരലോകത്തും നന്മ നൽകേണമേ, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.” എന്നാണ് പ്രാർഥിക്കുന്നത് അവർ സമ്പാദിച്ചതിന്റെ വിഹിതം അവർക്കുണ്ട്.( 2:201,202 ) കരയിലും കടലിലും ആകാശത്തും കാണുന്ന മുഴുവൻ വസ്തുക്കളും മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന ഖുർആന്റെ പ്രഖ്യാപനം സുതരാം വ്യക്തമാണ്. ഭൂമിയിലും ആകാശത്തിലും സമുദ്രത്തിലും നക്ഷത്രങ്ങളിലും മറ്റും ഉള്ളതെല്ലാം ദൈവം മനുഷ്യനു കീഴ്പെടുത്തിയിരിക്കുന്നു. മനുഷ്യന് അവകളുടെ ലാഭവും വരുമാനവും യുക്തിസഹമായ രീതിയിൽ ഭാവിയെകൂടി പരിഗണിച്ചു കൊണ്ട് ഉപയോഗപ്പെടുത്താം.

ഇസ്‌ലാമിന്റെ സാമ്പത്തിക നയം ഖുർആനിലും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. “സമ്പത്ത് നിങ്ങളിലെ ധനികർക്കിടയിൽ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണിത്”(59:7) സമ്പത്തിലും സുഖസൗകര്യങ്ങളിലും എല്ലാ മനുഷ്യരുടെയും തുല്യത കാൽപനികമായ ഒരാശയമാണെങ്കിലും മനുഷ്യരാശിക്ക് അത് നന്മ മാത്രമാണ് കൊണ്ടുവരികയെന്ന് ഖുർആൻ വാദിക്കുന്നില്ല. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി, മനുഷ്യരുടെ നൈസർഗികമായ ശേഷികൾ തുല്യമല്ല. ഒരാൾ സമ്പൂർണ്ണ സമത്വത്തോടെ ഒരു പറ്റം വ്യക്തികളെ കൂട്ടി ഒരു സംരഭം ആരംഭിക്കുന്നു, താമസിയാതെ കൂട്ടത്തിൽ കൂടുതൽ ചിലവഴിക്കുന്നവൻ ബുദ്ധിമുട്ടിലകപ്പെടുന്നു. അങ്ങനെ അവൻ തന്റെ സഹപ്രവർത്തകർക്ക് ലഭിച്ച സൗഭാഗ്യത്തിലേക്ക് അസൂയയോടെയും ആർത്തിയോടെയും നോക്കുന്ന അവസ്ഥ വന്നുചേരുന്നു. കൂടാതെ, മനുഷ്യ സമൂഹങ്ങൾക്കിടയിൽ സാമ്പത്തികമായ ഏറ്റവ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ് കൂടുതൽ അഭികാമ്യമെന്നാണ് ദാർശനികവും മനഃശാസ്ത്രപരവുമായ വശം. ഈ ഏറ്റവ്യത്യാസങ്ങൾ ദരിദ്രരെ കൂടുതൽ കഠിനാധ്വാനം ചെയ്യാനും സാമാന്യം ഭേദപ്പെട്ട നിലയിലേക്ക് എത്താനും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേ സമയം, എല്ലാവരും അധ്വാനിക്കുകയും ആർക്കും ഒരു പ്രത്യേക പ്രതിഫലം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ മനുഷ്യരെ മടിയന്മാരാക്കുകയും സാമ്പത്തികമായ മുരടിപ്പ് വരുകയും ചെയ്യുന്നു. ഓരോരുത്തരും തന്റെ കടമ എന്ന നിലയിൽ ആവശ്യമുള്ള ജോലിയേക്കാൾ കൂടുതൽ ചെയ്താൽ കൂടുതൽ പ്രതിഫലം ലഭിക്കില്ലെങ്കിൽ, അവർ അലസനും മടിയനുമായി മാറുന്നു. ഇതിലൂടെ വ്യക്തികളുടെ കഴിവുകൾ പാഴായിപ്പോവുകയാണ്.

മനുഷ്യ ജീവിതം ഓരോ നിമിഷവും പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യർ ദൈവം സൃഷ്ടിച്ച വസ്തുക്കൾ ഓരോന്നായി കണ്ടെത്തുകയും അവിടെ സാധ്യമാകും വിധം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇതര ജീവികളുടെ ഉപജീവന മാർഗങ്ങളിൽ ഒരു മാറ്റവും കാണാൻ സാധിക്കുന്നില്ല.

ഈ വ്യത്യാസത്തിന്റെ കാതലായി ജീവശാസ്ത്രജ്ഞർ കണ്ടെത്തിയത് സമൂഹത്തിലെ അംഗങ്ങൾക്കുള്ളിൽ, അതായത് മനുഷ്യർക്കിടയിൽ ഒരേസമയം നിലനിൽക്കുന്ന സഹകരണവും പരസ്പരം മത്സരിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ഈ ഘടകങ്ങൾ ഇതര ജീവി വിഭാഗങ്ങളിൽ കാണാനില്ല. ഉദാഹരണത്തിന്, നായ, പൂച്ച, പാമ്പ് തുടങ്ങിയ ജീവികൾക്കിടയിൽ ഒരു കുടുംബ വ്യവസ്ഥ പോലും രൂപപ്പെടുന്നില്ല. സ്വതന്ത്രവും നൈമിഷികവുമായ “സ്നേഹം” വഴിയാണ് അവർ അവരുടെ വംശാവലി ശാശ്വതമാക്കുന്നത്. കാക്ക, പ്രാവ് പോലെയുള്ള ജീവികൾ ഒരു ഇണയും തുണയുമടങ്ങുന്ന ഒരു ദാമ്പത്യ ജീവിതം രൂപീകരിക്കുന്നുണ്ട്. , കൂട് നിർമ്മാണത്തിൽ ആൺ സഹായിക്കുന്നു. എങ്കിലും ദമ്പതികളിലെ ഓരോ അംഗവും ഉപജീവനത്തിന് അവരുടെ സ്വന്തം നേട്ടത്തെ ആശ്രയിക്കണം.

ഒരുപക്ഷേ ഏറ്റവും വികസിതമായ സാമൂഹിക സഹകരണം തേനീച്ചകളിലും ഉറുമ്പുകളിലും, ചിതലുകളിലുമാണ് കാണപ്പെടുന്നത്. ഉപജീവനത്തിൽ സമ്പൂർണ്ണ സമത്വത്തോടെ, അംഗങ്ങൾക്കിടയിൽ യാതൊരു മത്സരവുമില്ലാതെ അവർ കൂട്ടായ രീതിയിൽ ജീവിക്കുന്നു. അതു കൊണ്ടു തന്നെ, കൂടുതൽ ബുദ്ധിയുള്ളതോ കൂടുതൽ അധ്വാനിക്കുന്നതോ ആയ തേനീച്ചയ്ക്ക് മറ്റുള്ളവരെക്കാൾ സുഖമായി ജീവിക്കാൻ കഴിയില്ല. ഇക്കാരണത്താൽ പരിണാമമോ മാറ്റമോ ഇവർക്കിടയിലില്ല. മനുഷ്യരാശിക്ക് വിപരീതമായി ഈ ജീവിവർഗങ്ങളിൽ പുരോഗതി വളരെ വിരളമാണ്. മനുഷ്യന്റെ മുൻകാല ചരിത്രം പുതിയ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കണ്ടെത്തലുകൾക്കും പുരോഗതിക്കും പിന്നിലെ ചാലക ശക്തി അവർക്കിടയിലെ മാത്സര്യ ബുദ്ധിയും കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്കെത്താനുള്ള അതിയായ ആഗ്രഹവുമാണ് എന്ന വസ്തുത അടിവരയിടുന്നു. സർവ്വോപരി, മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങളുടെ ഉൽപന്നമാണീ മനുഷ്യനനുഭവിക്കുന്ന സുഖസൗകര്യങ്ങൾ.

പരമമായ സ്വാതന്ത്ര്യം മനുഷ്യരെ ആവശ്യക്കാരെ ചൂഷണം ചെയ്യുന്നതിലും ക്രമേണ അവരെ പിഴിഞ്ഞെടുക്കുന്നതിലും പര്യവസാനിക്കുന്നു. അതുകൊണ്ട് തന്നെ വളരുന്ന നാഗരികതയ്ക്കും ആരോഗ്യകരമായ സംസ്കാരത്തിനും അതിലെ അംഗങ്ങളുടെമേൽ ചില കടമകൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കേണ്ടിവരുന്നു, (നികുതി പോലെ) അതിലുപരിയായി ചില ആചാരങ്ങൾ കൊണ്ടുവരുന്നു. (ദൈവിക മാർഗത്തിൽ ചെലവഴിക്കുന്നത് പോലെ) സമൂഹത്തിലെ അംഗങ്ങൾക്ക് നല്ല രൂപത്തിൽ ആലോചിക്കാനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം വേണം. അപ്പോൾ, ഓരോ വ്യക്തികൾക്കും അവന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹത്തിനും പ്രയോജനം ലഭിക്കുന്നു. ഇതു തന്നെയാണ് ഇസ്‌ലാമിന്റെയും ആവശ്യം. ഇത് പ്രകൃതിയുമായി പൊരുത്തപ്പെടുന്നതുമാണ്.

ഇസ്‌ലാം അതിന്റെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തിയത് ചില അടിസ്ഥാന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ വ്യവസ്ഥ ഒരു ന്യൂനപക്ഷത്തെ സമ്പന്നരായി ജീവിക്കാനനുവദിക്കുന്നുണ്ടെങ്കിലും അവരുടെ മേൽ കനത്ത ബാധ്യതകൾ അടിച്ചേൽപ്പിക്കുന്നുണ്ട്. അവർക്ക് നികുതി കൊടുക്കേണ്ടി വരും. ചൂഷണം, പൂഴ്ത്തിവെപ്പ്, സമ്പത്ത് കുന്നു കൂടുന്ന അവസ്ഥ എന്നീ അധാർമിക മാർഗങ്ങളിൽ നിന്ന് അവരെ തടയുന്നതിന് നടപടികളുണ്ട്. ഈ ലക്ഷ്യത്തിനായി ചില സാമ്പത്തിക ഇടപാടുകൾ കൽപ്പിക്കുകയും മറ്റ് ചിലത് നിരോധിക്കുകയും ചെയ്യുന്നു. ആത്മീയ പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ചില പ്രത്യേക നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നു. അതോടൊപ്പം സമ്പന്നതയുടെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ വിതാനങ്ങൾക്കിടയിൽ ഒരു അന്തരം നിർണയിക്കുന്നു.

ആദ്യം നമുക്ക് ചില ധാർമിക വശം ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാം. ശേഷം ചില ചിത്രങ്ങളിലൂടെ അതിന്റെ വരും വരായ്കകൾ കുടുതൽ വ്യക്തമാക്കാം. യാചന മ്ലേച്ഛമായ കാര്യമാണെന്നും അത് അന്ത്യ നാളിൽ നാണക്കേടുണ്ടാക്കുമെന്നും ഏറ്റവും ശക്തമായ ഭാഷയിൽ ഇസ്‌ലാം പറയുന്നുണ്ട്. എങ്കിലും മറ്റുള്ളവരെ സഹായിക്കുന്നവരെ മനുഷ്യരിൽ ഏറ്റവും മികച്ചവർ താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ തന്റെ സഹോദരനും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രശംസിക്കുകയും ചെയ്തു. അത്യാഗ്രഹവും ദുരുപയോഗവും നിരോധിച്ചു. ഒരു ദിവസം നബി തങ്ങൾക്ക് ചില പൊതു ആവശ്യങ്ങൾക്ക് വേണ്ടി വലിയൊരു സംഖ്യ ആവശ്യമായി വന്നു. അനുചരരിൽ ഒരാൾ തന്റെ സംഭാവനയായി ഒരു സംഖ്യ നൽകി. അല്ലാഹുവും അവന്റെ ദൂതനും ഇഷ്ടപ്പെടുന്ന ഒന്നല്ലാതെ ഇനി വീട്ടിൽ അവശേഷിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് നബിയിൽ നിന്ന് ഹൃദയഹാരിയായ പ്രശംസയാണ് ലഭിച്ചത്. മറ്റൊരവസരത്തിൽ, ഗുരുതരാവസ്ഥയിലായിരുന്ന ഒരു അനുചരന്റെ ആരോഗ്യവിവരം അന്വേഷിക്കാൻ ചെന്നതായിരുന്നു നബി തങ്ങൾ. “ഓ അല്ലാഹുവിന്റെ ദൂതരെ, ഞാൻ സമ്പന്നനാണ്. എന്റെ സമ്പത്ത് പാവങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നു” എന്ന് അനുചരൻ നബിയോട് ആവശ്യപ്പെട്ടു. വേണ്ട! നിന്റെ അനന്തരാവകാശികൾ മറ്റുള്ളവരോട് യാചിക്കേണ്ടി വരുന്ന രൂപത്തിൽ നിന്റെ സമ്പത്ത് മുഴുവൻ ദാനം ചെയ്യുന്നതിനേക്കാൾ നല്ലത് അവർക്ക് ജീവിക്കാനാവശ്യമായത് അവർക്ക് വിട്ടുകൊടുക്കലാണ്. മൂന്നിൽ രണ്ട് ഭാഗം നൽകട്ടെയെന്ന് ചോദിച്ചപ്പോഴും പകുതി നൽകട്ടെയെന്ന് ചോദിച്ചപ്പോഴും വേണ്ട എന്ന് തന്നെയായിരുന്നു മറുപടി. സമ്പത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ദാനം ചെയ്യാൻ അനുവദിച്ചത്(ബുഖാരി).

ഒരു ദിവസം പ്രവാചകൻ തന്റെ അനുചരന്മാരിൽ ഒരാളെ ദയനീയമായ രീതിയിൽ വസ്ത്രം ധരിച്ച് കണ്ടു. അന്വേഷിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “ദൈവദൂതരേ! ഞാൻ ഒട്ടും ദരിദ്രനല്ല; എന്റെ സ്വത്ത് സ്വന്തത്തിനുവേണ്ടി ചെലവഴിക്കുന്നതിനേക്കാൾ ദരിദ്രർക്ക് വേണ്ടി ചെലവഴിക്കാനാണ് താൽപര്യം. ഇത് കേട്ട പ്രവാചകൻ പ്രതിവചിച്ചു: “വേണ്ട, ദൈവം തനിക്ക് നൽകിയ ഔദാര്യത്തിന്റെ അടയാളങ്ങൾ തന്റെ അടിമയിൽ കാണാൻ ഇഷ്ടപ്പെടുന്നു!” (അബു ദാവൂദ്, തിർമിദി). ഈ സമീപനങ്ങളിൽ വൈരുദ്ധ്യമില്ല; ഓരോന്നിനും അതിന്റേതായ സന്ദർഭമുണ്ട്. കൂടാതെ ഇവ വ്യത്യസ്ത വ്യക്തികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

സമൂഹത്തിലെ മറ്റ് അംഗങ്ങൾക്കനുസരിച്ച്, നിർബന്ധിത മിനിമം കവിയുന്ന വിവേചനാധികാര തിരഞ്ഞെടുപ്പിന്റെ പരിധികൾ നിർണ്ണയിക്കുന്നതിനുള്ള അവസരം ഞങ്ങൾ നൽകുന്നു.

അനന്തരാവകാശം

സമൂഹത്തിലെ ഓരോരുത്തർക്കും വ്യക്തിഗതമായും സാമൂഹികമായും സമ്പത്ത് ശേഖരിക്കാനുള്ള അവകാശവും വിനിയോഗിക്കാനുള്ള അവകാശവും അഭിലഷണീയമാകണം. ഓരോരുത്തരുടെയും വ്യക്തിഗത സ്വഭാവങ്ങൾ വളരെ വ്യത്യസ്തമാണ്. രോഗവും മറ്റ് അപകടങ്ങളും ആർക്കും ബാധിച്ചേക്കാം. അതുകൊണ്ട് കൂട്ടായ്‌മ എന്ന നിലയിൽ ഒരു നിശ്ചിത ചട്ടങ്ങൾ അത്യന്താപേക്ഷികമായിത്തീരുന്നു.

അതുകൊണ്ടാണ് ഇസ്‌ലാം രണ്ട് വിധത്തിലുള്ള നടപടികൾ സ്വീകരിച്ചത്. ഒന്നാമതായി, മരണപ്പെട്ട വ്യക്തിയുടെ വസ്തുവകകൾ അവന്റെ അടുത്ത ബന്ധുക്കൾക്കിടയിൽ നിർബന്ധിതമായി വിതരണം ചെയ്യുന്നു. രണ്ടാമതായി, വിൽപ്പത്രങ്ങളിലൂടെയും നിയമങ്ങളിലൂടെയും ഉപാധികളോടെ വസ്വിയ്യത്ത് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു. നിയമപരമായ അവകാശികൾക്ക് ഒരു ഇടപാടുകളും നടപടികളുമില്ലാതെ നിർണ്ണിതമായ അനുപാതത്തിൽ പരേതന്റെ സ്വത്ത് അനന്തരാവകാശമായി ലഭിക്കും. അനന്തരാവകാശമില്ലാത്തവർക്ക് പരേതന്റെ സമ്പത്ത് ലഭിക്കാൻ അനുകൂലമായ രേഖ ആവശ്യമാണ്.

അനന്തരാവകാശികളിൽ ഒരു വിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ തുല്യമായാണ് ലഭിക്കുക. മക്കളിലൊരാൾക്ക് മുതിർന്നവനോ ഇളയവനോ മറ്റുള്ളവരെക്കാൾ കൂടുതൽ നൽകാൻ സാധ്യമല്ല. അനന്തര സ്വത്തിൽ നിന്ന് പ്രാധമികമായി ശവസംസ്കാര ചടങ്ങുകൾക്കാണ് ചെലവഴിക്കേണ്ടത്. ബാക്കി വരുന്നതിൽ നിന്ന് പരേതന്റെ കടങ്ങൾക്കാണ് മുൻഗണന. മൂന്നാം ഘട്ടത്തിൽ പരേതന്റെ വസ്വിയത്തുകൾ നിർവഹിക്കപ്പെടണം. സംസ്കരണവും കടവും കഴിഞ്ഞ് അവശേഷിക്കുന്നതിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമാണ് ഈ ഘട്ടത്തിൽ അനുവദനീയമാകുന്നത്. ഈ ബാധ്യതകൾ നിറവേറ്റിയ ശേഷം മാത്രമാണ് അവകാശികളെ പരിഗണിക്കുന്നത്. ജീവിത പങ്കാളി,(പുരുഷനോ സ്ത്രീയോ) മാതാപിതാക്കൾ, മക്കൾ ഒന്നാം കിട അവകാശികളാണ്. ഒരു സാഹചര്യത്തിലും ഇവരുടെ അവകാശം തടയപെടില്ല. അടുത്ത ബന്ധുക്കളുടെ അഭാവത്തിൽ മാത്രമാണ് സഹോദരങ്ങൾക്കും സഹോദരിമാർക്കും മറ്റ് അകന്ന ബന്ധുക്കൾക്കും മരണപ്പെട്ട വ്യക്തിയിൽ നിന്ന് അനന്തരാവകാശം ലഭിക്കുന്നത്.

സാങ്കേതിക വിശദാംശങ്ങളിലേക്ക് പ്രവേശിക്കാതെ, ചില അടിസ്ഥാന നിയമങ്ങളാണിവിടെ വിവരിക്കുന്നത്. കൊലപാതകം അനന്തരാവകാശം തടയും; മനഃപൂർവമല്ലെന്ന് കോടതി വിധിച്ചാലും. ധനികരായ കുടുംബക്കാരെ വധിച്ച് അനന്തര സ്വത്ത് കൈക്കലാക്കാനുള്ള പ്രലോഭനങ്ങളെ തടയലാണ് ഇതിന് പിന്നിലെന്ന് അനുമാനിക്കാം. വ്യത്യസ്‌ത മതസ്ഥരായ ബന്ധുക്കൾക്കിടയിൽ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ പോലും അനന്തരാവകാശമുണ്ടാകില്ല എന്നാണ് നബിവചനം. എങ്കിലും, ഇഷ്ടദാനം, വിൽപത്രം തുടങ്ങിയ സംവിധാനങ്ങൾ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്; ഒരു മുസ്ലീമിന് മരണക്കിടക്കയിൽ പോലും തന്റെ സ്വത്തിന്റെ ഒരു ഭാഗം അമുസ്ലിം ഭാര്യക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാൻ അവകാശമുണ്ട്. ക്ലാസിക്കൽ മുസ്ലീം നിയമജ്ഞർ അവരുടെ കാലത്തെ അന്തർദേശീയവും രാഷ്ട്രീയവുമായ സാഹചര്യങ്ങളുടെ ബലത്തിൽ അനന്തരാവകാശത്തെ തടയുന്ന മറ്റൊരു ഘടകം സ്ഥാപിച്ചു. ദേശീയത അനന്തരാവകാശത്തിന് വിഘ്നമാകുമെന്നവർ വിശദീകരിച്ചു.

പ്രത്യക്ഷത്തിൽ, രാജ്യാന്തര ഉടമ്പടികൾ സ്വകാര്യ അന്തർദേശീയ നിയമത്തിന്റെ ചോദ്യത്തെ ഒരു വിപരീത അർത്ഥത്തിൽ, പരസ്പര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കും.

ഇസ്‌ലാമിക അനന്തരാവകാശം ഔദ്യോഗികമായി പ്രാബല്യത്തിലില്ലാത്ത രാജ്യങ്ങളിലും വസ്വിയത്തിനുള്ള അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസികൾ അവരുടെ മരണശേഷം അവരുടെ സ്വത്ത് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട മതപരമായ കടമ നിറവേറ്റുന്നതിന് ഈ സൗകര്യം ഉപയോഗപ്പെടുത്തണം. ( തുടരും )

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles