Current Date

Search
Close this search box.
Search
Close this search box.

അപൂര്‍വ്വ നികുതികൾ

പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് നികുതിയിനത്തിൽ ഭരണകൂടത്തിന്റെ ഏക വരുമാനമായിരുന്നു സ്വദഖ. പിൽക്കാലത്ത്, അനിവാര്യ ഘട്ടത്തിൽ, അത്യാവശ്യ കാര്യങ്ങളിൽ താൽക്കാലികമായി കൂടുതൽ ചാർജുകൾ ചുമത്തുന്നതിനുള്ള നിയമപരമായ സാധ്യതകൾ പണ്ഡിതർ അംഗീകരിച്ചു. അത്തരം നികുതികളെ നവാഇബ് (ദുരന്തങ്ങൾ) എന്ന് വിളിക്കുന്നു.

സോഷ്യൽ ഇൻഷുറൻസ്
അപകടസാധ്യതകളുള്ള വസ്തുക്കൾക്കാണിത് ബാധകമാകുന്നത്. ഇവ കാലങ്ങളും സാമൂഹിക സാഹചര്യങ്ങളും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇസ്‌ലാമിന്റെ പ്രാരംഭ ഘട്ടത്തിൽ അറബികൾക്കിടയിൽ കാര്യമായ നിത്യ രോഗങ്ങൾ വ്യാപകമായിരുന്നില്ല. ചികിത്സയുടെ പേരിൽ വലിയ ചെലവുകളൊന്നും അവർക്കുണ്ടായിരുന്നില്ല. ജനങ്ങൾ സ്വന്തം കൈകൾ കൊണ്ട് വീട് പണിതു. വീടുനിർമാണത്തിനു പോലും കാര്യമായ ചെലവ് വന്നില്ല. രോഗം, തീപ്പിടുത്തം മുതലായവയ്‌ക്കെതിരെ ഇൻഷുറൻസ് ആവശ്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് ഈയൊരു പശ്ചാത്തലത്തിൽ മനസ്സിലാക്കാൻ എളുപ്പമാണ്. അതേ സമയം, അടിമത്തത്തിനും കൊലപാതകത്തിനുമെതിരെ ഒരു ഇൻഷുറൻസ് ആവശ്യമായിരുന്നു. പ്രവാചകന്റെ കാലത്ത് തന്നെ ഈ വിഷയം ശ്രദ്ധ നേടുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. ഹിജ്‌റയുടെ ആദ്യ വർഷത്തിലെ സിറ്റി-സ്റ്റേറ്റ് ഓഫ് മദീനയുടെ ഭരണഘടനയിൽ മഅഖിൽ എന്ന പേരിൽ അറിയപ്പെടുന്ന സംവിധാനം ഈ ഇഷുറൻസാണ്.

ഈ സംവിധാനത്തിന്റെ പ്രവർത്തന രീതി വിശദീകരിക്കാം. ആരെങ്കിലും ഒരു ശത്രുവിന്റെ തടവിലകപ്പെട്ടാൽ അവന്റെ മോചനത്തിന് മോചനദ്രവ്യം നൽകേണ്ടതുണ്ട്. അതുപോലെ, എല്ലാ ശാരീരിക പീഡനങ്ങൾക്കും കുറ്റകരമായ കൊലപാതകങ്ങൾക്കും നഷ്ട പരിഹാരം നൽകേണ്ടതുണ്ട്. ഇത് പലപ്പോഴും ബന്ധപ്പെട്ട വ്യക്തിക്ക് (തടവുകാരനോ കുറ്റവാളിയോ) താങ്ങാനായെന്നു വരില്ല. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രവാചകൻ ഒരു ഇൻഷുറൻസ് സംഘടിപ്പിച്ചു: കേന്ദ്ര ഖജനാവിൽ ഒരോ ഗോത്രത്തിലെ അംഗങ്ങൾക്കും അവരുടെ ഗോത്രത്തിന്റെ വിഹിതം കണക്കാക്കാം, അതിൽ അംഗങ്ങളോരുരുത്തരും അവനവന്റെ കഴിവിനനുസരിച്ച് സംഭാവന ചെയ്തു; ഗോത്രത്തിന്റെ ട്രഷറി അപര്യാപ്തമാണെന്ന് തെളിഞ്ഞാൽ, മറ്റ് ബന്ധപ്പെട്ട അല്ലെങ്കിൽ അയൽ ഗോത്രങ്ങൾ സഹായം നൽകാൻ ബാധ്യസ്ഥരായിരുന്നു. യൂണിറ്റുകളെ പൂർണ്ണമായി സംഘടിപ്പിക്കുന്നതിന് ഒരു ശ്രേണി സ്ഥാപിച്ചു. മദീനയിൽ, അൻസാരികളുടെ ഗോത്രങ്ങൾ പ്രശസ്തരായിരുന്നു. മക്കയിലെ വിവിധ ഗോത്രങ്ങളിൽപ്പെട്ടവരും അബിസീനിയക്കാരുമായ മക്കൻ അഭയാർത്ഥികളോട്, പ്രസ്തുത സാമൂഹിക ഇൻഷുറൻസ് ആവശ്യങ്ങൾക്കായി എല്ലാവരും അവരുടേതായ ഒരു പുതിയ “ഗോത്രം” രൂപീകരിക്കണമെന്ന് പ്രവാചകൻ ഉത്തരവിട്ടു.

പിന്നീട് ഖലീഫ ഉമറിന്റെ കാലത്ത്, തൊഴിൽ, സിവിൽ അല്ലെങ്കിൽ മിലിട്ടറി ഉദ്യോഗത്തിന്റെ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ പ്രദേശങ്ങളുടെ പോലും അടിസ്ഥാനത്തിൽ യൂണിറ്റുകൾ സംഘടിപ്പിക്കപ്പെട്ടു. ആവശ്യമുള്ളപ്പോഴെല്ലാം, കേന്ദ്രം അല്ലെങ്കിൽ പ്രവിശ്യാ ഗവൺമെന്റ് യൂണിറ്റുകളുടെ സഹായത്തിനെത്തി.

ഓരോ വ്യക്തികളുടെയും ഭാരം ലഘൂകരിക്കുകയാണ് ഇൻഷുറൻസ് പ്രധാനമായും താൽപര്യപ്പെടുന്നത്. വൻകിട കമ്പനികളെ ആശ്രയിക്കാതെ കേന്ദ്ര ഗവൺമെന്റിൽ കലാശിക്കുന്ന യൂണിറ്റുകളുടെ ഗ്രേഡേഷന്റെ സഹായത്തോടെ പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ ഇൻഷുറൻസ് സംഘടിപ്പിക്കുന്നതിനാണ് ഇസ്ലാം പ്രാധാന്യം നൽകുന്നത്.

യൂണിറ്റുകൾക്ക് ഇടപാടുകൾ കഴിഞ്ഞ് അവശേഷിക്കുന്ന ഫണ്ട് ഉപയോഗിച്ച് വാണിജ്യത്തിൽ ഏർപ്പെടാനും മൂലധനം വർദ്ധിപ്പിക്കാനും കഴിയും. ഒരുപക്ഷെ, ഒരു യൂണിറ്റ് അംഗങ്ങൾക്ക് സംഭാവനകൾ നൽകാതെ തന്നെ വാണിജ്യ ലാഭമായി തുകകൾ ലഭിക്കുന്ന സമയം വന്നേക്കാം. ഈ കക്ഷികൾക്ക് ട്രാഫിക് അപകടങ്ങൾ, തീപിടിത്തം, ട്രാൻസിറ്റുകളിലെ നഷ്ടം തുടങ്ങിയ എല്ലാവിധ അപകടസാധ്യതകൾക്കും എതിരെ ഇൻഷ്വർ ചെയ്യാം.

ഇൻഷ്വർ ചെയ്ത വ്യക്തിക്ക് തന്റെ സംഭാവനകൾക്ക് ആനുപാതികമായി കമ്പനിയുടെ ലാഭത്തിൽ പങ്കാളിയാകാത്ത മുതലാളിത്ത ഇൻഷുറൻസ് ഇസ്‌ലാം അംഗീകരിക്കുന്നില്ല. കാരണം, അത് സാധ്യകളുടെ പന്തയമാണ്.

ഖലീഫ ഉമറിന്റെ കാലത്ത് മറ്റൊരു സാമൂഹിക സംവിധാനം നിലവിലുണ്ടായിരുന്നു. രാജ്യത്തെ മുഴുവൻ തദ്ദേശീയർക്കും പെൻഷൻ നൽകുന്ന ഒരു സമ്പ്രദായം അദ്ദേഹം സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ അമുസ്ലീംകൾ പോലും ഇതിന്റെ ഗുണഭോക്താക്കളായിരുന്നുവെന്നും ഒരു കുട്ടി ജനിച്ചയുടൻ അവന് ഒരു നിശ്ചിത പെൻഷൻ ലഭിക്കുന്നുവെന്നും ഇബ്നു സഞ്ജുവൈഹിന്റെ കിതാബ് അൽ-അംവാലും അൽ-ജാഹിസിന്റെ അർ-രിസാല അൽ-ഉത്മാനിയയും വ്യക്തമാക്കുന്നുണ്ട്. മുതിർന്നവർക്ക് ജീവിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക ലഭിച്ചു. ഉമർ “ദിവാൻ” എന്ന് നാമകരണം ചെയ്ത ഈ സംവിധാനം പ്രവാചകന്റെ കാലത്തുതന്നെ ഉണ്ടായതാണെന്ന് ചില റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബനൂൽ മുസ്തലിഖിൽ നിന്ന് പിടിച്ചെടുത്ത സമ്പത്തിന്റെ ഗവൺമെന്റ് വിഹിതം അഞ്ചിലൊന്ന് കൈകാര്യം ചെയ്യാൻ”മഹ്മിയ്യ ഇബ്‌നു ജാസിനെ’ ചുമതലപ്പെടുത്തിയെന്നു വിവരിക്കുന്ന ഹദീസാണ് ഇതിനാധാരം. അനാഥർക്കും ദുർബലർക്കും ദരിദ്രർക്കും വേണ്ടി പ്രവാചകൻ സദഖത്ത് ചെലവഴിക്കാറുണ്ടായിരുന്നു. അനാഥൻ പ്രായപൂർത്തിയാകുകയും സൈനിക സേവനം അവന്റെ കടമയായി മാറുകയും ചെയ്താൽ, അവനെ സദഖത്തിന്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഫയ്ഇന്റെ അവകാശികളുടെ പട്ടികയിലേക്ക് മാറ്റും. സൈനികസേവനം ചെയ്യാൻ വിസമ്മതിച്ചാൽ, അയാളുടെ അവകാശങ്ങൾ ഇല്ലാതാവുകയും ഉപജീവനമാർഗം സ്വയം കണ്ടെത്താനും കൽപ്പിക്കപ്പെടും. (cf. Sarakhsi, Sharh as-Siyar al-Kabir, ed. Munajjed, $ 1978).  ( തുടരും )

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles