Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക രംഗത്തും സൂക്ഷ്മത പാലിച്ചേ പറ്റൂ

മനുഷ്യ നിലനില്‍പ്പിന്റെ ആധാരം എന്നാണ് സമ്പത്തിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത്. അത് കൊണ്ട് തന്നെ വിഡ്ഢികളെ അത് ഏല്‍പ്പിക്കരുത് എന്നാണ് ഖുര്‍ആന്‍ പറയുന്നതും. പരലോക വിചാരണയെ കുറിച്ച് പറയുന്ന നബി വചനത്തില്‍ ഇങ്ങിനെ കാണാം ‘തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്നും ഏന്തെന്തുപ്രവര്‍ത്തനത്തിലാണ് തന്റെ അറിവു വിനിയോഗിച്ചതെന്നും തന്റെ സമ്പത്ത് എവിടെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും തന്റെ ശരീരം എന്തൊന്നിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയ്ക്കും സ്വന്തം പാദങ്ങള്‍ എടുത്തു മാറ്റുക സാധ്യമല്ല’. അതില്‍ സമ്പത്തിനെ കുറിച്ച ചോദ്യം രണ്ടു പ്രാവശ്യം വരുന്നു. ഒന്ന് സമ്പാദനത്തിലും മറ്റൊന്ന് അതിന്റെ വിനിയോഗത്തിലും. അത് കൊണ്ട് തന്നെ ഈ രണ്ടു വിഷയത്തിലും ഇസ്ലാമിന്റെ കാഴ്ചപ്പാട് കൃത്യമാണ്.

ഇസ്ലാമില്‍ ധനം അനുവദനീയമാകുന്നത് മൂന്നു രീതിയിലാണ്. ഒന്നാമത്തേത് അദ്ധ്വാനം മറ്റൊന്ന് സമ്മാനം മൂന്നാമത്തേത് അനന്തരാവകാശം. വിശ്വാസികളെ വിളിച്ചു കൊണ്ട് ഖുര്‍ആന്‍ പറഞ്ഞ കാര്യമാണ് നിങ്ങള്‍ നിങ്ങളുടെ ധനം മോശമായ മാര്‍ഗത്തിലൂടെ ഭക്ഷിക്കരുതെന്ന്. അത് ഇരുപക്ഷവും തൃപ്തരാവുന്ന കച്ചവടത്തിലൂടെയാകണം എന്നതും ഖുര്‍ആനിന്റെ കല്പനയാണ്. ചുരുക്കത്തില്‍ മറ്റൊരാളുടെ കയ്യിലുള്ള പണം എന്റെ കയ്യിലെത്താന്‍ മാന്യമായ വഴി സ്വീകരിക്കണം എന്നര്‍ത്ഥം. അങ്ങിനെ നോക്കിയാല്‍ നാട്ടിലെ പല കച്ചവടങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകുന്നില്ല. ഒരു ഭാഗം വഞ്ചിക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്യുന്ന രീതിയിലാണ് പല കച്ചവടങ്ങളും. ആളുകളുടെ അവസ്ഥ കണ്ടു അവരെ ചൂഷണം ചെയ്യുക എന്നതും അതിന്റെ ഭാഗമാണ്. സമയം നോക്കി വസ്തുക്കള്‍ക്ക് അമിത വില വാങ്ങുക എന്നതും വസ്തുക്കള്‍ ചുളുവിലക്ക് കയ്യിലാക്കുക എന്നതും അതിന്റെ ഭാഗമാണ്.

നാട്ടിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ അടിസ്ഥാനം പലപ്പോഴും അങ്ങിനെയാണ്. സാധാരണക്കാരന് ലഭ്യമല്ലാത്ത രീതിയില്‍ ഭൂമിക്ക് വില വര്‍ധിപ്പിച്ചു എന്നത് ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഭൂമി സാധാരണക്കാരന്റെ കയ്യില്‍ നിന്നും പണക്കാരുടെ കൈകളിലെത്തി എന്നതാണ് വസ്തുത. പലപ്പോഴും ഭൂമി കച്ചവടത്തില്‍ നിന്നും നേരത്തെ പറഞ്ഞ എല്ലാ ധാര്‍മികതകളും മാറി നില്‍ക്കുന്നു. വാങ്ങുന്നവനും വില്‍ക്കുന്നവനും പരസ്പരം തൃപ്തരാകുന്ന കച്ചവടം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഇസ്ലാമിന്റെ കണക്കില്‍ കച്ചവടം ശരിയാവാന്‍ അതൊരു നിബന്ധനയാണ്. സത്യസന്ധനായ കച്ചടവക്കാര്‍ക്കാണ് പരലോകത്ത് പ്രവാചകന്മാരെ കൂടെയും മറ്റു നല്ല മനുഷ്യരെ കൂടെയുമുള്ള സഹവാസം പ്രവാചകന്‍ ഉറപ്പ് നല്‍കിയത്. സമ്പത്തിന്റെ വരവും ചിലവും ചോദ്യം ചെയ്യപ്പെടും എന്നത് ഗൗരവമായ കാര്യമാണ്. സമ്പാദനത്തിലെ സൂക്ഷ്മത ധന വിനിയോഗത്തിലും ആവശ്യമാണ്. മോശമായ സമ്പാദനവും മാന്യമായ വിനിയോഗവും മാന്യമായ സമ്പാദനവും മോശമായ വിനിയോഗവും ഇസ്ലാമില്‍ സ്വീകാര്യമല്ല.

മനുഷ്യരെ പരിധി ലംഘിക്കാന്‍ പലപ്പോഴും സഹായിക്കുന്നത് സമ്പത്തും അധികാരവുമാണ്. എന്റെ ധനം എന്ന നിലപാട് മനുഷ്യനെ പലപ്പോഴും അഹങ്കാരിയാക്കുന്നു. അതെ സമയം ഖുര്‍ആന്‍ നശിപ്പിക്കപ്പെട്ട സമൂഹങ്ങളെ കുറിച്ച് പറയുമ്പോള്‍ അവരുടെ സമ്പത്തും അതിനു കാരണമായതായി മനസ്സിലാക്കാം. സമ്പാദനത്തിനു ഇസ്ലാം പരിധി വെച്ചിട്ടില്ല. പക്ഷെ അതിനു നിബന്ധന വെച്ചിട്ടുണ്ട്. സമ്പത്ത് വിശ്വാസികള്‍ക്ക് ഉത്തരവാദിത്വ ബോധം നല്‍കുന്നു. തന്റെ സമ്പത്തില്‍ സമൂഹത്തിനു കൂടി അവകാശമുണ്ടെന്നും അത് കൃത്യമായി വിനോയോഗിച്ചില്ലെകില്‍ താന്‍ കുറ്റക്കാരനാകും എന്ന ബോധവും വിശ്വാസികള്‍ കൊണ്ട് നടക്കുന്നു. അതെ സമയം സമ്പത്ത് മനുഷ്യരുടെ അതിരു കവിയലിനും ഇടയാക്കുന്നു. അങ്ങിനെ അതിരു കടന്ന ചില വ്യക്തികളെയും സമൂഹങ്ങളെയും കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സമ്പത്തിനെ നാം കൈകാര്യം ചെയ്യുക എന്നിടത്തു നിന്നും സമ്പത്തു നമ്മെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് മാറുമ്പോഴാണ് അത്തരം അവസ്ഥ സംജാതമാകുന്നത്.

ധനത്തെ കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട് ദൈവത്തിന്റെ ധനം എന്നതാണ്. നാം നിങ്ങള്‍ക്ക് നല്‍കിയ ധനത്തില്‍ നിന്നും ചിലവഴിക്കുക എന്നത് ഖുര്‍ആനില്‍ നിരന്തരം കാണാന്‍ കഴിയുന്ന പ്രയോഗമാണ്. മനുഷ്യന്‍ വരികയും പോകുകയും ചെയ്യുന്നു. അതെ സമയം അവന്റെ സമ്പാദ്യം ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യുന്നു. പരലോക മോക്ഷത്തിന് തടസ്സമായി നില്‍ക്കുന്ന ഒന്ന് സമ്പത്താണ്. സമ്പത്ത് മനുഷ്യര്‍ തമ്മിലുള്ള ഇടപാടാണ്. അത് മനുഷ്യര്‍ തന്നെ തീര്‍ക്കണം. അതില്‍ ഇടപെടില്ല എന്നതാണ് അല്ലാഹുവിന്റെ തീരുമാനം. കൃത്യമായ നമസ്‌കാരവും മറ്റു ആരാധനകളും കൊണ്ട് നടക്കുന്നവര്‍ പോലും സാമ്പത്തിക രംഗത്ത് പരാജയമാകുന്നു എന്നതാണ് വസ്തുത.

Related Articles