Current Date

Search
Close this search box.
Search
Close this search box.

മെസ്സിയെ എന്തിനാണ് ഖത്തര്‍ അമീര്‍ ‘ബിഷ്ത്’ അണിയിച്ചത് ?

ഞായറാഴ്ച നടന്ന ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റീന വിജയിച്ചതിന് ശേഷമുള്ള ലോകകപ്പ് ട്രോഫി വിതരണ ചടങ്ങില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഖത്തര്‍ അമീര്‍ ലയണല്‍ മെസ്സിക്ക് ‘ബിഷ്ത്’ എന്നറിയപ്പെടുന്ന പരമ്പരാഗത അറബ് വസ്ത്രം ജഴ്‌സിക്കു മേല്‍ ധരിപ്പിച്ചുകൊടുത്ത സംഭവം.

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയില്‍ നിന്ന് ലോകകപ്പ് ട്രോഫി വാങ്ങി തന്റെ സഹതാരങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നതിന് മുമ്പായിട്ടായിരുന്നു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ കൈയില്‍ നിന്നും മെസ്സി ബിഷ്ത് തന്റെ തോളില്‍ അണിഞ്ഞത്.

എന്താണ് ബിഷ്ത്?

അറബികള്‍ തങ്ങളുടെ വെളുത്ത വസ്ത്രത്തിന് മുകളില്‍ ധരിക്കുന്ന മേലങ്കിയെയാണ് ബിഷ്ത് എന്ന് വിളിക്കുന്നത്. യഥാര്‍ത്ഥ സ്വര്‍ണ്ണം ചേര്‍ത്ത് നിര്‍മ്മിച്ച അലങ്കാരം ഉള്ള, സുതാര്യമായി നേര്‍മയായ ഒരു നീണ്ട മേലങ്കിയാണ് ബിഷ്ത്. പ്രത്യേക വിശേഷ അവസരങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നൂറ്റാണ്ടുകളായി ധരിച്ചു പോരുന്ന ഒരു വസ്ത്രമാണിത്. ഇതിനെ അഭിനന്ദനത്തിന്റെയും ആദരവിന്റെയും അടയാളമായാണ് കണക്കാക്കുന്നത്. അറബ് ഷെയ്ഖുമാര്‍, ഉന്നത രാഷ്ട്രീയക്കാര്‍, മറ്റ് ഉയര്‍ന്ന പദവിയുള്ള വ്യക്തിത്വങ്ങള്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ആണ് ഇത് സാധാരണയായി ധരിക്കാറുള്ളത്.

ബിഷ്തിന്റെ പ്രത്യേകത എന്താണ് ?

രാജകുടുംബത്തിലെ അംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍, വിവാഹദിനത്തില്‍ വരന്‍മാര്‍, ബിരുദദാന ചടങ്ങുകളില്‍ ബിരുദധാരികള്‍ എന്നിവര്‍ ധരിക്കുന്ന ഒരു ഔപചാരിക വസ്ത്രമാണ് ബിഷ്ത്.

അതിനാല്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ബിഷ്ത് ധരിക്കൂ, എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകനായ മുസ്തഫ ബെയ്ഗ് പറഞ്ഞു. ഇതാണ് അവര്‍ അടിസ്ഥാനപരമായി മെസ്സിയുടെ തോളില്‍ വച്ചു കൊണ്ട് ആദരിച്ചത്. ഇത് ബഹുമാനത്തിന്റെ അടയാളം പോലെയാണ്, അതിന് സാംസ്‌കാരിക സ്വാഗതവും സാംസ്‌കാരിക സ്വീകാര്യതയുമുണ്ട്. ഇത് പ്രധാനപ്പെട്ട അവസരങ്ങളില്‍ മാത്രം ധരിക്കുന്ന ഖത്തറിന്റെ ദേശീയ വസ്ത്രത്തിന്റെ പ്രതിനിധിയാണെന്നും ബെയ്ഗ് പറഞ്ഞു.

‘ഇതൊരു മികച്ച സന്ദര്‍ഭമാണെന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്, ഒരുപക്ഷേ ഇതിലും മികച്ചൊരു സന്ദര്‍ഭം ഉണ്ടാകില്ല, അതിനാല്‍ അവര്‍ അത് അദ്ദേഹത്തിന് ഒരു ബഹുമതിയായി ചാര്‍ത്തി നല്‍കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

‘പ്രാദേശിക സംസ്‌കാരത്തിന്റെ മെസ്സിയുടെ ആലിംഗനമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഖത്തറിനെ സംബന്ധിച്ച് ഇത് അവര്‍ക്ക് ചെയ്യാവുന്നതില്‍ ‘വളരെ നല്ലൊരു കാര്യമായിരുന്നു’ ഇത് അവരുടെ ‘സ്മാര്‍ട്ട് ചിന്ത’യുടെ താല്‍പര്യം കൂടിയാണ്.

സംഘാടകര്‍ എന്താണ് ഇതിനെക്കുറിച്ച് പറഞ്ഞത് ?

ഔദ്യോഗിക സന്ദര്‍ഭങ്ങളില്‍ ആഘോഷത്തിനായി ധരിക്കുന്ന വസ്ത്രമാണിത്. ഇത് മെസ്സിയുടെ ആഘോഷമായിരുന്നു- ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു:

നമ്മുടെ അറബ്, മുസ്ലീം സംസ്‌കാരം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ ലോകകപ്പിന് നമുക്ക് ലഭിച്ചത്. ഇത് ഖത്തറിനെക്കുറിച്ചല്ല, ഒരു പ്രദേശത്തിന്റെ ഒന്നാകെയുള്ള ദേശീയ ആഘോഷമായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവലംബം: അല്‍ജസീറ
വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

Related Articles