Current Date

Search
Close this search box.
Search
Close this search box.

മരിച്ചുപോയവരെകുറിച്ച പ്രവാചക പാഠമെന്താണ്?

മുഅ്മിനീങ്ങളുടെ ലക്ഷണം എത്ര മനോഹരമായാണ് നബി വിവരിച്ചത്. അവിടുന്ന് പറഞ്ഞു: “പരസ്പരമുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടുപ്പത്തിന്റെയും കാര്യത്തില്‍ മുഅ്മിനീങ്ങള്‍ ഒരു ശരീരം പോലെയാണ്. അതില്‍ ഏതെങ്കിലും ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ ഉറക്കമിളിച്ചും പനിച്ചും പരസ്പരം അതില്‍ പങ്കുചേരുകയും, (പ്രയാസപ്പെടുകയും ചെയ്യും).” (മുസ്ലിം: 2586)

ആദര്‍ശസാഹോദര്യം കാത്ത്‌സൂക്ഷിക്കണം. വിശുദ്ധഖുര്‍ആനില്‍ സൂറ ഹുജുറാത്തില്‍ നമ്മുടെ ആദര്‍ശ സാഹോദര്യത്തെ കുറിച്ച് പറയുന്നുണ്ട്. ബന്ധങ്ങള്‍ ശിഥിലമാക്കുന്ന ദുര്‍ഗുണങ്ങളെ കുറിച്ചും ആ അധ്യായത്തില്‍ പരാമര്‍ശമുണ്ട്. ഇത് വായിച്ചുപോകുന്ന മുസ്ലിം സമാജത്തില്‍ തന്നെ പുഴുക്കുത്തുകള്‍ നാം കാണുന്നു. ഇടുങ്ങിയ മനസ്സിന്റെ ഉടമകളെ നാം കാണുന്നുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇസ്ലാമിന്റെ വേഷമണിഞാണ് അവര്‍ നിറഞാടുന്നത്. ഏറ്റവും അവസാനം സലാം സുല്ലമിയുടെയും, സകരിയാ സ്വലാഹിയുടേയും മരണത്തില്‍ സന്തോഷം രേഖപ്പെടുത്തി കുറിപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രജരിപ്പിക്കുന്നു. നരകത്തിലെ നായയാണെന്ന് പരിഹസിക്കുന്നു. മയ്യത്തുകളെ പോലും വെറുതെ വിടാത്ത കുഷ്ടം ബാധിച്ച മനസ്സിന്റെ ഉടമകളായി ഇവര്‍ മാറിയിരിക്കുന്നു. ആദര്‍ശത്തേക്കാളുംഇസ്ലാമിനേക്കാളും അവര്‍ക്ക് വലുത് സംഘടനയാണ്.

ഇസ് ലാമിക സാഹോദര്യത്തെ മറന്ന് സംഘടന വളര്‍ത്താന്‍ നടത്തുന്ന
ശ്രമങ്ങള്‍ മതിയാക്കാന്‍ സമയമായിരിക്കുന്നു. തഅ്‌സിയത്തിന്റെ കലിമത്തുകള്‍ക്ക് പകരം ശാപവാക്കുകള്‍. മൂന്ന് ദിവസം മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ നബി പഠിപ്പിച്ചു.

മരിച്ചുപോയവരെകുറിച്ച പ്രവാചക പാഠമെന്താണ്? മുഗീറത്തുബ്‌നു ശുഅബ(റ) യില്‍ നിന്ന് നിവേദനം: നബി(സ) പറന്നു: ‘മരണപ്പെട്ടവരെ നിങ്ങള്‍ ചീത്ത പറയരുത്. പറഞ്ഞാല്‍ അതുകാരണം ജീവിച്ചിരിക്കുന്നവരെ നിങ്ങള്‍ ബുദ്ധിമുട്ടിക്കും’. (തിര്‍മുദി 1905)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇപ്രകാരം കാണാം
ഹുജ്ജത്തുൽ ഇസ്ലാം പറയുന്നു: മരിച്ചവരെ ഗീബത്ത് പറയൽ ജീവിച്ചിരിക്കുന്നവരെ ഗീബത്ത് പറയുന്നതിനേക്കാൾ ശക്തമാണ്. കാരണം ജീവിച്ചിരിക്കുന്നയാളെ ഗീബത്ത് പറഞ്ഞാൽ ദുൻയാവിൽ നിന്ന്   തന്നെ അത് പൊരുത്തപ്പെടീക്കുവാനും അവൻ മാപ്പുനല്കാനും സൗകര്യമുണ്ടല്ലോ. മയ്യിത്തിന്റെ കാര്യം അതല്ല.

മറ്റൊരു വചനം ഇങ്ങനെയാണ്, ഇബ്നു ഉമറി(റ) ൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: “നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ നന്മകൾ നിങ്ങൾ പറയുക, അവരുടെ ന്യൂനതകൾ പറയരുത്”. (അബൂദാവൂദ്: 4254, തിർമിദി : 940)

നന്മകള്‍ പറയാനാണ് കല്‍പ്പന. ദോഷങള്‍ ഉണ്ടങ്കില്‍ പോലും പറയാതിരിക്കലാണ് മര്യാദ. പത്തും പന്ത്രണ്ടും വര്‍ഷം കിത്താബോതിയിട്ട് ഇവര്‍ എന്താണ് പഠിച്ചത്? ആദര്‍ശ സഹോദരങ്ങളെ ദ്രോഹിക്കരുതെന്ന ഖുര്‍ആനിക പാഠം ഇക്കൂട്ടര്‍ മറന്നൊ? സത്യവിശ്വാസികളെയും വിശ്വാസിനികളെയും, അവര്‍ തെറ്റൊന്നും ചെയ്യാതിരിക്കെ ദ്രോഹിക്കുന്നവര്‍ കള്ളവാര്‍ത്ത ചമച്ചവരത്രെ. പ്രകടമായ കുറ്റം ചെയ്തവരും. (Sura 33 : Aya 58)

ശൈത്വാനിനെ പോലും ചീത്തവിളിക്കരുതെന്ന് പഠിപ്പിക്കപ്പെട്ട ദര്‍ശനത്തിന്റെ ആളുകളാണ് നാം. ‘നിങ്ങള്‍ പിശാചിനെ ചീത്തവിളിക്കരുത്,അവന്റെ ഉപദ്രവത്തില്‍ നിന്നല്ലാഹുവിലഭയം തേടുകയും ചെയ്യുക’

ഖുര്‍ആനിക പാഠവും അതുതന്നെയാണ്. പറയുക: ‘എന്റെ നാഥാ, പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. (Sura 23 : Aya 97)
മനുഷ്യനെ വഴിതെറ്റിക്കുന്ന പിശാചിനെ പോലും ചീത്തവിളിക്കാന്‍ പാടില്ലങ്കില്‍ ജീവിച്ചിരിക്കുകയും മരിച്ചുപോവുകയും ചെയ്തിട്ടുള്ള പണ്ഡിതന്‍മാരെ നമുക്കെങ്ങിനെ ചീത്തവിളിക്കാന്‍ കഴിയും.
സാഹോദര്യം വളര്‍ത്താനാണ് പരസ്പ്പരം കാണുമ്പോള്‍ സലാം പറയണമെന്ന് നമ്മെ തിരുദൂതര്‍ പഠിപ്പിച്ചത്.

‘അല്ലാഹു സത്യം! നിങ്ങള്‍ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നത് വരെ നിങ്ങള്‍ മുഅ്മിനുകളുമാകില്ല. നിങ്ങള്‍ക്ക് ഞാന്‍ ഒരു പ്രവര്‍ത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കും. നിങ്ങള്‍ക്കിടയില്‍ സലാം വര്‍ദ്ധിപ്പിക്കുക.’ (മുസ്ലിം: 54)

സംഘടന വിഗ്രഹങ്ങളായി മാറിയതാണ് രോഗത്തിന്റെ കാരണം. സംഘടനാ പക്ഷപാതിത്വം സൂക്ഷിക്കണം. സ്വന്തം സംഘടനയില്‍ നിന്നു കൊണ്ട് തന്നെ സഹോദര സംഘടനയെ സ്‌നേഹിക്കാന്‍ കഴിയണം. ആരും സ്വയം വിശുദ്ധി ചമയേണ്ടതില്ല.

അതിനാല്‍ നിങ്ങള്‍ സ്വയം വിശുദ്ധി ചമയാതിരിക്കുക. യഥാര്‍ഥ ഭക്തനാരെന്ന് നന്നായറിയുന്നവന്‍ അവന്‍ മാത്രമാണ്. (Sura 53 : Aya 32)

ഇസ്ലാമിന്റെ താല്‍പര്യവും സംഘടനയുടെ താല്‍പര്യവും എപ്പോഴെങ്കിലും ഇടഞ്ഞുപോയാല്‍ സത്യവിശ്വാസിക്ക് മുഖ്യം ഇസ്ലാമിന്റെ താല്‍പര്യം തന്നെയായിരിക്കും. കാരണം സംഘടന, ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണ്. ഇസ്ലാം എന്ന ലക്ഷ്യത്തെ നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗം. അതൊരിക്കലും ഒരു വിഗ്രഹമായിക്കൂടാ. സംഘടനില്‍ ആളാവാന്‍ വേണ്ടി തോന്നിയത് വിളിച്ചുപറയുക എന്നത് ഒരു നടപ്പ് ശീലമായിരിക്കുന്നു. അനുയായികളെയും, പ്രഭാഷകരെയും പേജിലും, സ്‌റ്റേജിലും നിയന്ത്രിക്കാന്‍ കഴിയാത്ത നേതാക്കന്‍മാരും ഈ സമാജത്തിന്റെ ശാപമാണ്.

ഞങ്ങളാണ് ശരി എന്ന വാദം മദ്ഹബിന്റെ ഇമാമുകള്‍ വെച്ച് പുലര്‍ത്തിയില്ല. ഇമാം അബൂ ഹനീഫ പറഞത്: وهو أحسن ما قدرنا عليه،
എനിക് മനസിലാക്കാന്‍ കഴിഞ്ഞതില്‍ നല്ല അഭിപ്രായം ഇതാണ്: فمن جاءنا بأحسن منه فهو اولى باالصواب
ഇതിലും നല്ല അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ ശരി അതാണ്.
ഇമാം ശാഫി പറഞ്ഞു:
الحديثُ فهو مذهبي، اذا رأيتم كلامي يخالف الحديث فاعملوا بالحديث واضربوا بكلامي
ഹദീസാണ് എന്റെ പക്ഷം.എന്റെ നിലപാടുകളില്‍ ഹദീസിന് വിരുദ്ധമായത് കണ്ടാല്‍, എന്റെ നിലപാടുകളെ ഉപേക്ഷിക്കുക.

Related Articles