Current Date

Search
Close this search box.
Search
Close this search box.

മ്യാന്മറിലേക്കുള്ള മടക്കം; ഭീതിയോടെ റോഹിങ്ക്യകള്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അബ്ദുല്‍ ഫ്‌ലാദിന്റെ വീട് ഒന്നടങ്കം കത്തിച്ചു ചാമ്പലാക്കിയത്. വടക്കന്‍ റാകൈനിലെ തന്റെ ഗ്രാമത്തില്‍ മ്യാന്മര്‍ സൈന്യം നരനായാട്ട് നടത്തി. തന്റെ കണ്‍മുന്നില്‍ വച്ചാണ് തന്റെ സഹോദരനും മരുമകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നീട് അബ്ദുല്‍ തന്റെ ഭാര്യയെയും നാല് കുട്ടികളെയും കൂട്ടി അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി വളരെ ശോചനീയമായ ഞെരുങ്ങിയ അവസ്ഥയിലാണ് ഇവര്‍ ഇപ്പോള്‍ ബംഗ്ലാദേശില്‍ കഴിയുന്നത്.

ഇവിടുത്തെ ജീവിതം ഇരുണ്ടതാണ്. മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ കൂട്ടക്കുരുതിയും ബലാത്സംഘവും പീഡനവും അടക്കവും അരങ്ങേറിയിട്ടുണ്ടെന്നാണ് യു.എന്നിന്റെയടക്കം കണ്ടെത്തല്‍. ഇപ്പോള്‍ തന്നെ തിരിച്ചറിയാതിരിക്കാന്‍ പേര് മാറ്റിയിരിക്കുകയാണ് അബ്ദുല്‍. കൂട്ടക്കുരുതി തുടരുന്ന മ്യാന്മറിലേക്ക് തന്നെയും കുടുംബത്തെയും വീണ്ടും നാടുകടത്താനുള്ള തീരുമാനത്തിലുള്ള ആശങ്കയിലാണ് അബ്ദുലും കുടുംബവും.

ഈ മാസമാദ്യത്തില്‍ കോക്‌സ് ബസാറിലെ ജംറ്റോളിയിലെ ക്യാംപിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ വന്നിരുന്നു, ഈ ആഴ്ച തന്നെ ഇവിടെ നിന്ന് മടങ്ങാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുല്‍ പറയുന്നു.

ഞങ്ങളെല്ലാം ഞെട്ടലിലാണ്. എന്ത് ചെയ്യണമെന്നറിയില്ല. എനിക്കൊന്നും പറയാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളോടാണ് ഒരാഴ്ച്ചക്കകം കോക്‌സ് ബസാറില്‍ നിന്നും തിരിച്ച് മ്യാന്മറിലേക്ക് തന്നെ മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2200ലധികം ആളുകളുടെ പട്ടികയാണ് ബംഗ്ലാദേശ് അധികൃതര്‍ തയാറാക്കിയത്. വ്യാഴാഴ്ച മുതല്‍ ഇത്തരക്കാരെ തിരിച്ചയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ ചര്‍ച്ച നടത്തി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 5000 ആളുകളെ തിരിച്ചയക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ഏഴ് ലക്ഷത്തി മുപ്പതിനായിരം റോഹിങ്ക്യകളാണ് കഴിഞ്ഞ വര്‍ഷം മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയത്. 2017ല്‍ ബുദ്ധ തീവ്രവാദികളും മ്യാന്മര്‍ പട്ടാളവും ചേര്‍ന്ന് റോഹിങ്ക്യകള്‍ക്കെതിരെ ക്രൂരമായ പീഡനവും കൂട്ടക്കൊലയും ബലാത്സംഘവും ജീവനോടെ വീടടക്കം കത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ കൂട്ടപ്പലായനം നടത്തിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന പേരും പറഞ്ഞാണ് കൂട്ടക്കുരുതി നടത്തിയത്. ബംഗ്ലാദേശ് അധികൃതരാണ് കഴിഞ്ഞ ദിവസം റേഹിങ്ക്യകളോട് സ്വമേധയാ തിരിച്ച് മടങ്ങാനായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വീണ്ടും കലാപകലുഷിതമായ മ്യാന്മറിലേക്കുള്ള മടക്കം ആലോചിക്കാന്‍ പോലുമാവാതെ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് റോഹിങ്ക്യകള്‍.

 

Related Articles