എന്റെ ചെറുപ്പത്തിൽ ഒക്കെ രാവിലെകളിൽ അടുത്തുള്ള ചില അമ്മമാർ വന്ന് അച്ഛനെ കാണും. അവർ കൊണ്ട് വന്ന മുരുടയിൽ അല്ലെങ്കിൽ മൺപാത്രത്തിൽ കിണറ്റിലെ ശുദ്ധമായ ജലം ഞാൻ നിറച്ചു കൊടുത്തിട്ടുണ്ട്. അച്ഛൻ തൊടിയിലേക്കിറിങ്ങി കടലമണിപോലുള്ള ചില കല്ലുകൾ പെറുക്കി മന്ത്രിച്ചു കല്ലിലേക്കു ഊതി വെള്ളത്തിലേക്കിടും. ഇഴ ജന്തുക്കൾ കടിച്ചു കാൽ വണ്ണിച്ചവരും, ചില പ്രത്യേക ചൊറി വന്നവരും ഒക്കെ അച്ഛന്റെ ഈ സേവനം സ്വീകരിക്കും. രാവിലെ അച്ഛൻ ചായകുടിക്കും മുൻപ് വേണം ഇത്. ചിലരോടൊക്കെ നേരത്തെ വരണം എന്ന് പറഞ്ഞു മടക്കിയിട്ടുണ്ട്. വീണ്ടും വരുന്നവർ രോഗവിവരം കുറഞ്ഞത് അറിയിക്കാറുണ്ട്. പ്രത്യേക രീതിയിലുള്ള അച്ഛന്റെ ജപവും ഊതലും ഒക്കെ ഞാൻ സാകൂതം നോക്കി നിന്നിട്ടുണ്ട്. മറ്റു വിശ്വാസ ആചാരങ്ങളോടൊക്കെ പുറം തിരിഞ്ഞു നിക്കാറുള്ള അച്ഛന്റെ ഈ ഊതൽ പരിപാടി കുറച്ചു മുതിർന്നപ്പോൾ യുക്തിവാദപരമായി ചിന്തിച്ചു കളിയാക്കിയിട്ടുണ്ട്. അച്ഛന്റെ ചിരി മാത്രമായിരിക്കും മറുപടി.
പ്രായമായപ്പോൾ ചില നേരങ്ങളിലെ കൊച്ചു വർത്തമാനങ്ങളിൽ അച്ഛനോട് എനിക്ക് മന്ത്രം അനന്തരമായി ഉപദേശിച്ചു തരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോഴും അച്ഛൻ ചിരിച്ചു വിഷയം മാറ്റും. ഈ പ്ലാസിബോ ഒക്കെ വച്ച് കളിക്കുന്ന അച്ഛനെ ബഹുമാനിക്കാനുള്ള വിവേകം ഞാൻ നേടിയപ്പോൾ വിമർശനം മതിയാക്കി.
ഒടുവിൽ മറവി രോഗത്തിൽ അന്യരായി ഇരുന്ന സമയത്ത് ‘കിട്ടേട്ടൻ പണ്ട് മന്ത്രിച്ച വെള്ളമൊക്കെ കൊടുക്കാറുണ്ടല്ലോ? ആ മന്ത്രം എനിക്ക് പറഞ്ഞു തരുമോ” എന്ന് ചോദിച്ച വേളയിൽ ‘എന്റെ ചെറിയോൻ ചോദിച്ചിട്ടു പറഞ്ഞു കൊടുത്തിട്ടില്ല, പിന്നെയല്ലേ” എന്ന് പറഞ്ഞു ആ സ്നേഹം എന്നെ അനുഭവിപ്പിച്ചിട്ടുണ്ട്. എങ്ങിനെയാണ് അച്ഛൻ ഇതൊക്കെ തുടങ്ങിയത് എന്നത് ഒരു വിസ്മയം. സദ്യ ഒരുക്കൽ (ദേഹണ്ണം), നെയ്ത്ത് , വീശു വല, കച്ചവടം, പാട്ടം, എല്ലാ നാടൻ പണികളും. അച്ഛൻ കൈവെക്കാത്ത മേഖലകൾ ഉണ്ടോ ?അക്കൂട്ടത്തിൽ പിടിച്ചെടുത്ത സിദ്ധി ആവണം !
എന്തായാലും മന്ത്രിച്ചൂതലിന്റെ രഹസ്യം പറഞ്ഞു തരാതെ അച്ഛൻ പോയി. പക്ഷേ അപ്പോഴേക്കും ഞാൻ ഊതാൻ തുടങ്ങിയിരുന്നു. അഭൗതികമായ എല്ലാ ആശങ്കൾക്കും ദുസ്വപ്നങ്ങൾക്ക് കാവൽ ആയിക്കൊണ്ടും ഊതാൻ മക്കളെ പഠിപ്പിക്കുയും ചെയ്തു. എല്ലാ ദിവസവും ഉറങ്ങുമ്പോൾ വിശുദ്ധ ഖുറാനിലെ ഒടുവിലത്തെ മൂന്ന് സൂറകൾ ഓതി കയ്യിലേക്കൂതി ശരീരം മുഴുവൻ തടവുന്ന മുത്തുനബിയുടെ ശീലം പിൻപറ്റാനും ശ്രമിച്ചു. അല്ലാതെ അസൂയക്കും, കൂടോത്രത്തിനും, ജിന്ന് പേടിക്കും ഒക്കെ അലോപ്പതിയിൽ ചികിത്സ ഉണ്ടോ?
ഭൂത, പ്രേതങ്ങളിൽ ബുദ്ധിയുറച്ച കാലം മുതൽ വിശ്വസിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ ആ പേടി ഉണ്ടായിട്ടില്ല. മനുഷ്യനറിയാത്ത ജിന്നുകൾ പോലെയുള്ള പടച്ചോന്റെ സൃഷ്ടികളിൽ ഇപ്പോൾ സംശയവും ഇല്ല. മനുഷ്യരായാലൂം, ജിന്നുകളായാലും നമ്മളറിയാതെ നമ്മെ ദ്രോഹിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഓതി ഊതി പ്രതിരോധിക്കാൻ തന്നെയാണ് തീരുമാനം. ചിലപ്പോൾ ഊതുന്ന ശക്തി കൂടി ആരെങ്കിലും തുപ്പലായി തെറ്റിദ്ധരിച്ചാലും സാരമില്ല. തെറ്റിധരിക്കുന്നവരുടെ രോഗം വേറെയായതു കൊണ്ട് അതിനു മന്ത്രിച്ചൂതൽ തന്നെയാവും ബെസ്റ്റ്. എന്നുവച്ചാൽ “തുപ്പാൻ” തന്നെയാണ് തീരുമാനം.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5