Current Date

Search
Close this search box.
Search
Close this search box.

ആര്യൻ ഖാനെ മുതൽ ഉർദു ഭാഷയെ വരെ ലക്ഷ്യംവെക്കുന്നതിലെ രാഷ്ട്രീയം

ആഡംബരക്കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പരസ്യ പിന്തുണയുമായി ഷാരൂഖിന്റെ അടുത്ത സുഹൃത്തും ബോളിവുഡിലെ സഹപ്രവർത്തകനുമായ ഹൃതിക് റോഷൻ രംഗത്ത് വന്നത് ഹൃദയഹാരിയായ കാഴ്ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയുള്ള തന്റെ തുറന്ന കത്തിലാണ് താരം ആര്യനെ തുണച്ചത്. എന്നാൽ 2000ൽ തന്റെ അരങ്ങേറ്റ സിനിമ വമ്പൻ വിജയമായതിനെ തുടർന്ന് ബോളിവുഡിലെ ‘ഖാൻ’ കുത്തകക്കെതിരായുള്ള ഹിന്ദു ജനവിഭാഗത്തിന്റെ പ്രതികരണമെന്ന നിലക്ക് പല തീവ്ര ഹിന്ദുത്വ സംഘടനകളും പ്രൊജക്റ്റ്‌ ചെയ്യാൻ ശ്രമിച്ച താരം എന്ന നിലക്ക് ഹൃതിക്കിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കത്തെ ഒരു വിരോധാഭാസമായിട്ടാണ് പലരും കണക്കാകുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യൻ ഖാൻ, ബോളിവുഡിലെ ഏറ്റവും സുപ്രധാനികളായ മൂന്ന് സൂപ്പർതാരങ്ങളിൽ ഒരാളായ ഷാരൂഖ് ഖാന്റെ മകനെന്ന ഐഡന്റിറ്റിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. കൂട്ടത്തിലെ മറ്റ് രണ്ട് സൂപ്പർസ്റ്റാറുകളും ‘ഖാൻ’ എന്ന പേരിനുടമസ്ഥരാണ്. പ്രസ്തുത ഖാൻമാരെ ചുറ്റിപറ്റി ഉടലെടുത്ത പല സമീപകാല സംഭവവികാസങ്ങളും, ഇന്ത്യൻ മുസ്ലിങ്ങളെ തുടർച്ചയായി ലക്ഷ്യംവെച്ച് അരങ്ങേറുന്ന പരമ്പരയിലെ ഒരു പ്രധാന അദ്ധ്യായമാണ്.

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകവൃന്ദമുള്ള മുസ്ലിം പുരുഷന്മാരിൽ ഒരാളുടെ പരസ്യമായ അവഹേളനമെന്നത് രാഷ്ട്രീയമായി പലർക്കും കൺകുളിർമയേകുന്ന കാഴ്ച്ചയാണ്. മുസ്ലീം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ലൈംഗിക അപകർഷതാബോധം അനുഭവിക്കുന്നവരുടെ മുറിവേറ്റ പുരുഷത്വത്തെ ഇത് യഥാർത്ഥത്തിൽ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അവരെ സംബന്ധിച്ചെടുത്തോളം, മൂന്ന് പതിറ്റാണ്ടുകളായി നിരവധി ഹിന്ദു പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഹൃദയസ്പന്ദനമായ ഒരു മുസ്ലീം താരത്തിന്റെ മാനത്തെ തെരുവിലിട്ട് ചവിട്ടി മെതിക്കുന്നതിന്റെ നിർവൃതി മാറ്റൊന്നിനും നൽകാൻ സാധിക്കാത്തതാണ്.

യുക്തിപരമായി ചിന്തിക്കുന്നവർക്ക് ഇത് ശുദ്ധ അസംബന്ധമാണെന്ന് തോന്നുമെങ്കിലും മുസ്ലീം പുരുഷന്മാരുടെ ലൈംഗികതയോടും ശരീര സൗന്ദര്യത്തൊടുമുള്ള ഈ അസൂയയെന്നത് ബി.ജെ.പിയുടെയും അതിന്റെ മാതൃസംഘടനയായ ആർ എസ് എസ്സിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉൽപന്നമാണെന്നതാണ് വസ്തുത. എന്നാൽ ഈ അപകർഷത ബോധത്തിന്റെ പേരിൽ പ്രസ്തുത സംഘടനകളെ മാത്രം പഴിക്കുകയെന്നത് നീതിയല്ല. എന്തെന്നാൽ, അത്യധികം ലൈംഗികാസക്തിയും, ശരീര പുഷ്ടിയും കൂടുതൽ ആകർഷണശേഷിയുമുള്ള മുസ്ലീം പുരുഷന്റെ ചിത്രം ‘ഹിന്ദു ദേശീയവാദികളുടെ’ മനസ്സിനെ വളരെക്കാലമായി വേട്ടയാടുന്ന ഒന്നാണ്. ഹിന്ദു പുരുഷന്മാർക്ക് ആയോധനപരവും സൈനികവുമായ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു കൊണ്ട് വി. ഡി സവർക്കർ നിരത്തിയ വാദങ്ങൾ ഇതേ മനസ്ഥിതിയിൽ നിന്ന് ഉടലെടുത്തതാണ്. മുസ്ലീം പുരുഷന്മാർക്ക് സൈനിക പരിശീലനം എളുപ്പത്തിൽ നൽകാൻ സാധിക്കുമെന്നും, അതേ സമയം ഹിന്ദു പുരുഷന്മാർ നൂറ്റാണ്ടുകളോളം അഹിംസയുടെ ശീലം പിൻപ്പറ്റി ജീവിച്ചതിനാൽ അവരുടെ വീര്യം നശിക്കുകയും, തൽഫലമായി അവർക്ക് കൂടുതൽ സമയം പരിശീലനം ആവശ്യമായി വരുമെന്നും സവർക്കർ കരുതിയിരുന്നു. ഇത്തരത്തിൽ ശാരീരിക ശക്തിയും പൗരുഷവും അക്രമാസക്തിയും ഹിന്ദുത്വ ചിന്താഗതിക്കാരുടെ മനസ്സിൽ വളരെ വിചിത്രമായി കെട്ടിപിണഞ്ഞു കിടക്കുന്നതാണ്.

ഹിന്ദു പുരുഷന്മാരുടെ ലൈംഗികത കവർന്നതിന്റെ പേരിൽ ബുദ്ധനെയും ഗാന്ധിയെയുമാണ് ഹിന്ദുത്വവാദികൾ പ്രതിസ്ഥാനത്ത് നിർത്തിയത്. പൗരുഷത്തിന്റെ പ്രതിരൂപങ്ങളായി മുസ്ലിം പുരുഷന്മാർ മറുഭാഗത്ത് വന്നതും അവരെ കൂടുതൽ അസ്വസ്ഥരാക്കി. മുസ്ലീം പുരുഷന്മാരുടെ ലൈംഗികശേഷിയിൽ “അവരുടെ” സ്ത്രീകൾ വീഴുമോ എന്ന ഭയമാണ് 100 വർഷങ്ങൾക്ക് മുമ്പ് തന്നെ നിരവധി ലഘുലേഖകളിലൂടെയും ചെറുപുസ്തകങ്ങളിലൂടെയും – ഈ “അപകടത്തിൽ” നിന്ന് ഹിന്ദു സ്ത്രീകളെ “സംരക്ഷിക്കേണ്ട” ആവശ്യകതയെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ക്യാമ്പയിനുകൾക്ക് വരെ വഴിവെച്ചത്. മുസ്‌ലിം പുരുഷന്മാർ ‘കെണികൾ തയ്യാറാക്കിയിരിക്കുകയാണെന്നും’ ഹിന്ദു സ്ത്രീകൾ അവരുടെ വശീകരണത്തിൽ വീണുപോകാൻ സാധ്യതയുണ്ടെന്നും ഇത്തരം സാഹിത്യ സൃഷ്ടികൾ ഹിന്ദുക്കൾക്ക് മുന്നറിയിപ്പ് നൽകി. ഗൂഢ ലക്ഷ്യങ്ങളുമായി പതിയിരിക്കുന്ന മുസ്ലീം പുരുഷന്മാരിൽ നിന്ന് ഹിന്ദു സ്ത്രീകളെ രക്ഷിക്കാനുള്ള ഈ ഹിന്ദുത്വ ദൗത്യം ഇന്നും തുടരുകയാണ്. ‘ലവ് ജിഹാദ്’ എന്ന വങ്കത്തം അതിന്റെ ഏറ്റവും ഉത്തമമായ സാക്ഷ്യപ്പെടുത്തലാണ്.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ടിവി ചാനലിൽ നടന്ന ചർച്ചയിൽ ഒരു ആർ.എസ്.എസ്സ് പ്രതിനിധി നടത്തിയ പ്രസ്താവന ഞാൻ ഓർത്തു പോവുകയാണ്. “വളരെ എളുപ്പത്തിൽ വശീകരിക്കാവുന്ന ഹിന്ദു യുവതികളെ വലയിൽ വീഴ്ത്ത്താനായി അത്യാവശ്യം മെയ്‌വഴക്കമുള്ള ശരീരവും സൗന്ദര്യവുമുള്ള മുസ്ലിം യുവാക്കളെ മുസ്ലിങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത്തരമൊരു അപകർഷത ബോധം പേറിനടക്കുന്ന അദ്ദേഹത്തോട് എനിക്ക് സഹതാപമാണ് ശരിക്കും തോന്നിയത്. നിശ്ചയമായും പ്രണയിക്കാൻ പ്രാപ്തരായ സുമുഖന്മാരായ ഹിന്ദു യുവാക്കളും പുരുഷന്മാരും തന്നെയാണ് നമ്മുടെ രാജ്യത്തുള്ളതെന്ന് അദ്ദേഹത്തിന് മറുപടിയായി ഞാൻ പറയുകയും ചെയ്തു.

ശക്തമായ കായികബലമുള്ള മുസ്ലിം പുരുഷന്മാരെ നേരിടാൻ ഹിന്ദു യുവാക്കളെയും പുരുഷന്മാരെയും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ അവരെ ജിംനേഷ്യങ്ങളിലേക്കയാക്കാനുള്ള പ്രചരണ ക്യാമ്പായിനുകൾ വിവിധയിടങ്ങളിൽ ആരംഭിച്ചതായി 2007-ൽ അഹമ്മദാബാദിലെ ഒരു അഭിഭാഷക സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ഒരു പ്രമുഖ ഗുജറാത്തി നോവലിസ്റ്റ് പങ്കുവെച്ചിരുന്നു. സാധുക്കളായ ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്ത്താനായി പുഷ്‌ടമേനിയുള്ള മുസ്ലിം യുവാക്കളെ മോട്ടോർ ബൈക്കുകളുമായി പെൺകുട്ടികളുടെ കോളേജുകലിലേക്ക് അയക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവിടെ മോട്ടോർ ബൈക്ക് എന്നത് ‘പുരുഷത്വത്തിന്റെ’ പ്രത്യക്ഷത്തിലുള്ള അടയാളമായി നമുക്ക് കാണാൻ സാധിക്കും.

2000-ൽ _കഹോ നാ…. പ്യാർ ഹേ_ എന്ന സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് തൊട്ടുപിന്നാലെ, ഹൃത്വിക്ക് റോഷനെ ബോംബെ സിനിമാ വ്യവസായം കയ്യടക്കി വെച്ചിരുന്ന ഖാൻമാർക്കെതിരായുള്ള പ്രതികരണമായി അവതരിപ്പിക്കാൻ പലരും ശ്രമിക്കുകയുണ്ടായി. ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യ ആ വർഷം റോഷനെ പ്രതിനിധീകരിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും, താരത്തിന്റെ കരിയർ നശിപ്പിക്കാനായി അണിയറയിൽ കരുക്കൾ നീക്കുന്നുവെന്ന് ആരോപിച്ച് മുംബൈ അധോലോക മാഫിയകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ചില സിനിമ താരങ്ങൾ റോഷനെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് ലേഖനത്തിൽ സംശയം പ്രകടിപ്പിച്ചു. മുസ്ലിം നടന്മാരെ തങ്ങളുടെ സിനിമകളിലെടുക്കാൻ അധോലോക മാഫിയകൾ നിർമാദാക്കളെ നിർബന്ധിക്കുകയാണെന്നും ലേഖനം പറഞ്ഞുവെച്ചു.

എന്നാൽ ലേഖനത്തിൽ വർഗീയപരമായ പരാമർശങ്ങൾ ഒന്നും തന്നെയില്ലെന്ന് വാദിച്ച് പാഞ്ചജന്യയുടെ അന്നത്തെ എഡിറ്ററായിരുന്ന തരുൺ വിജയ് പിന്നീട് രംഗത്ത് വന്നു. സിനിമ വ്യവസായത്തിലെ അധോലോക മാഫിയയുടെ സ്വാധീനത്തിനെതിരായി മുന്നറിയിപ്പ് നൽകുകയെന്നത് മാത്രമായിരുന്നു ലേഖനം കൊണ്ടുദ്ദേശിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ ലേഖനത്തിന്റെ സന്ദേശം വളരെ സുവ്യക്തമായിരുന്നു: മുസ്ലീം പുരുഷ അഭിനേതാക്കളെ മുസ്ലീം മാഫിയ സിനിമാ പ്രേക്ഷകർക്ക് മേൽ അടിച്ചേൽപ്പിക്കുന്നു. കൂടാതെ, ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ലഘുപാനീയങ്ങളുടെ അതേ വിലയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചില ലഘുപാനീയങ്ങളെ മുസ്ലിം സിനിമാ താരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പിന്നീട് 2020-ൽ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ ആമിർ ഖാനും ആര്‍എസ്എസ് മുഖപത്രത്തിന്റെ രൂക്ഷ വിമർശനത്തിന് പാത്രമായി. ദേശ വിരുദ്ധ ശക്തികളോട് കൂട്ട്കൂടി പ്രവർത്തിച്ചുവെന്നായിരുന്നു ആമിറിനെതിരായ ആരോപണം. ദേശീയ വികാരം ഉയർത്തികൊണ്ടുവരുന്ന സിനിമകൾ ചെയ്യാൻ തയാറാകുന്നുവെന്ന്​ ഉയർത്തിക്കാട്ടി അക്ഷയ്​ കുമാർ, അജയ്​ ദേവ്​ഗൺ എന്നിവരെ ലേഖനത്തിൽ പ്രകീർത്തിക്കുകയും ചെയ്തു.

എന്നാൽ ഹിന്ദുത്വ സംഘടനകളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഹൃത്വിക് റോഷന് സാധിച്ചില്ല. ഖാൻമാരുടെ കുത്തക തകർക്കാൻ ഹൃതിക്കിനോ മറ്റ് ഹിന്ദു നടന്മാർക്കോ ഒന്നും തന്നെ കഴിഞ്ഞില്ല. ബോളിവുഡിൽ ഖാന്മാർ തീർത്ത ഓളത്തിനോട് കിടപിടിക്കുന്നതിൽ അവരെല്ലാം പരാജയപ്പെടുകയായിരുന്നു. മാത്രമല്ല, ഈ മുസ്ലീം താരങ്ങളുടെ മനോഹാരിതയെ ചെറുക്കാൻ കഴിയാത്ത ഹിന്ദുക്കളുടെ ദൗർബല്യം ആർ.എസ്.എസ് അനുകൂലികൾക്ക് വളരെ അരോചകമായ കാര്യമായിരുന്നു. ഈ താരങ്ങളെ പല പ്രശസ്ത ബ്രാൻഡുകളും തങ്ങളുടെ പ്രൊമോട്ടർമാരായും അംബാസഡർമാരായും നിയോഗിച്ചു. സംഘപരിവാറിന്റെ വീക്ഷണത്തിൽ, വാണിജ്യ സ്ഥാപനങ്ങളും മുസ്ലീം പുരുഷത്വത്തിന് പ്രചാരവും പ്രോത്സാഹനവും നൽകുകയായിരുന്നു. ഇതിനൊരു അന്ത്യമുണ്ടാവുകയെന്നത് അവരുടെ ആവശ്യമായിരുന്നു. ഹിന്ദു സ്ത്രീകളെയാണ് ഈ മുസ്ലീം താരങ്ങൾ വിവാഹം കഴിച്ചതെന്ന വസ്തുത അവരുടെ മുറിവിന് ആഴം കൂട്ടി.

കഴിഞ്ഞ 20 വർഷമായി, ഈ മൂന്ന് താരങ്ങളെയും അപകീർത്തിപ്പെടുത്താനും മാനഹാനി വരുത്തുന്നതിനും ആർ.എസ്.എസിന്റെ അണികളും അനുബന്ധ സംഘടനകളും ഒന്നിലധികം പരസ്യ പ്രചാരണങ്ങൾ നടത്തിയതിന് നാം സാക്ഷ്യം വഹിച്ചതാണ്. അമീർ ഖാനും ഷാരൂഖ് ഖാനും അവരുടെ സിനിമയിലെ സാന്നിധ്യത്തിന് പുറമെ ഒരു പൊതു വ്യക്തിത്വവും വെച്ചു പുലർത്തുന്നത് അവരെ പ്രത്യേകം ലക്ഷ്യം വെക്കുന്നതിന് ഹേതുവായി. നർമ്മദാ ബച്ചാവോ ആന്ദോളന് പിന്തുണ പ്രഖ്യാപിച്ചതും, മറ്റ് സാമൂഹിക വിഷയങ്ങളിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളും ആമിർ ഖാനെ കൂടുതൽ ശ്രദ്ധേയനാക്കി. സമാനമായി ഷാറൂഖ് ഖാനും തന്റെ നിലപാടുകൾ നിർഭയത്തോടെ തുറന്ന് പറഞ്ഞെന്ന് മാത്രമല്ല, ബോളിവുഡിലെ മറ്റ് പലരെയും പോലെ ഭരണകൂടത്തിന്റെ ഇങ്കിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറായതുമില്ല.

ആർ.എസ്.എസ്സിന് ബോളിവുഡിനോടുള്ള അമർഷത്തെ കുറിച്ച് നാം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. വിഭജനവും അതിനെ തുടർന്ന് പൊതു ഇടങ്ങളിലെ പല മേഖലകളിലേയും മുസ്ലിം സ്വാധീനം ഇല്ലായ്മ ചെയ്തപ്പോഴും ബോംബെ സിനിമ ഇൻഡസ്ട്രി ഒരു അപവാദമായി നിലനിന്നു. മുസ്ലീം, അഹിന്ദു നിർമ്മാതാക്കൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ എന്നിവരുടെ ആധിപത്യം ഈ മേഖലയിൽ തുടർന്നുപോന്നു. എല്ലാ നടന്മാരും യൂസഫ് ഖാനെ (ദിലീപ് കുമാർ എന്ന പേരിലും അറിയപ്പെടുന്നു) പോലെയാകണമെന്ന് ആഗ്രഹിക്കുന്നതിനേക്കാൾ അസഹനീയമായ മറ്റെന്താണ് ആർ.എസ്. എസ്സിനെ സംബന്ധിച്ചുണ്ടാവുക? അമിതാഭ് ബച്ചന്റെ താരപരിവേഷമുണ്ടാക്കിയെടുത്തതിന്റെ പിന്നിൽ പോലും സലീം, ജാവേദ് എന്ന രണ്ട് മുസ്ലീങ്ങളായിരുന്നു എന്നതാണ് വസ്തുത. ഭരണകൂടത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിൽ ബച്ചൻ വിജയിച്ചിരുന്നെങ്കിലും, ഖാന്മാരോട് കിടപിടിക്കാനുള്ള പ്രായമൊക്കെ ബച്ചൻ ഇപ്പോൾ പിന്നിട്ട് കഴിഞ്ഞു. അതിന് പുറമെ, ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നിട്ട് കൂടി, യുവജനങ്ങൾക്ക് ഒരു മാതൃകാപാത്രമായി ഉയരുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹം കൂടുതൽ കൂടുതൽ അധഃപധിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ സാധിച്ചത്. ആദ്യം സഹാറ പ്രൊമോട്ടറുടെ ഇഷ്ടഭാജനമായി വർത്തിച്ച ബച്ചൻ പിന്നീട് അമർ സിങ്ങിന്റെയും മുലായം സിങ്ങിന്റെയും രക്ഷാകർതൃത്വത്തിലായി. ഒടുവിലിപ്പോൾ നരേന്ദ്ര മോഡിക്ക് ഓശാന പാടുന്ന തിരക്കിലാണദ്ദേഹം.

സാധാരണക്കാരായ ഇന്ത്യക്കാരുടെ സങ്കൽപ്പങ്ങളെ രൂപപ്പെടുത്തുന്നതിൽ ബോളിവുഡിനുള്ള പങ്കിനെ സംബന്ധിച്ച് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെ, അതിനെ പിടിച്ചെടുക്കാൻ വളരെ സൂക്ഷമായി ആർ.എസ്. എസ്സ് കരുക്കൾ നീക്കുകയാണ്. ബോളിവുഡിലുള്ള മുസ്ലീങ്ങളുടെ അടയാളപ്പെടുത്തലുകൾ വളരെ പ്രകടമായത് കൊണ്ട് തന്നെ, അതിനെ മുഴുവനായി മായ്ച്ചു കളയുക അസാധ്യമെന്ന് തന്നെ പറയേണ്ടി വരും. മറ്റൊരു സ്വാധീന ശക്തിയാണ് ഉർദു ഭാഷ. ഉർദു ഇല്ലാതെ ബോളിവുഡിനെ സങ്കൽപ്പിക്കുക പോലും സാധ്യമല്ല. മറ്റൊന്നിനും പകരം വെക്കാനാകാത്ത ഉർദുവിന്റെ വശ്യതയോട് കൂടിയ, മുസ്ലിങ്ങൾ എഴുതുകയും, സംഗീതം നൽകുകയും, ആലപിക്കുകയും ചെയ്ത ഗാനങ്ങളാണ് യുവാക്കൾ കാതോർക്കാൻ ഇഷ്ടപ്പെടുന്നത്. തീക്ഷ്‌ണത, ആവിഷ്‌കാരരീതികൾ, ഗാംഭീര്യം, സഭ്യത, സ്‌ഫുടത, നർമ്മം, വ്യംഗ്യാർത്ഥ പ്രയോഗം എന്നീ സവിശേഷതകൾ ഉർദുവിൽ വളരെ എളുപ്പത്തിൽ ഉൾചേരുന്നതാണ്. മുഗൾ-ഇ-ആസാം, പകീസ, ബാസാർ എന്നീ സിനിമകളുടെ ഡയലോഗുകൾ തീർത്ത വൈഭവത്തിന്റെ ഏഴയലത്ത് എത്താനെങ്കിലും സമകാലിക സിനിമകളിലെ ഡയലോഗ് രചയിതാക്കൾ കൊതിക്കുണ്ടാകും. ബോളിവുഡിൽ ഉപയോഗിക്കുന്ന ഭാഷയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ടെങ്കിലും, ഉർദുവിന്റെ സ്വാധീനം ഇന്നും തുടരുകയാണ്.

‘ഫാബ് ഇന്ത്യ’ പോലുള്ള വൻകിട കമ്പനികൾ തങ്ങളുടെ പരസ്യങ്ങളിൽ ഉർദു ഉപയോഗിക്കുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്. ഉറുദുവിന് മാത്രം നൽകാൻ സാധിക്കുന്ന, കുലീനതയുടെയും ചമൽക്കാരത്തിന്റെയും സംവേദനം. ഉർദു ലിപിയുടെ കാലിഗ്രാഫിക് സ്വാധീനവും ഇവിടെ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാകണം റോമൻ ഭാഷയിൽ _ജഷ്‌ൻ-ഇ-റിവാസ്_ എഴുതുമ്പോൾ, ഡിസൈനർ ഉർദുവിന്റെ കാലിഗ്രാഫിക് സ്പർശം നൽകി അതിന്റെ ശോഭ കൂട്ടാൻ ശ്രമിച്ചതും.

ഹൈന്ദവ ആഘോഷങ്ങൾ പോലും മുസ്ലീം/ഉർദു സാന്നിദ്ധ്യത്താൽ നിഴലിക്കുന്നത് സംഘശക്തികൾ തീർത്തും അസഹിഷ്ണുതയോടെ യാണ് കാണുന്നത്. ആർ.എസ്.എസ് പദ്ധതിയെന്നത് രാഷ്ട്രീയം പോലെ തന്നെ സാംസ്കാരികവുമാണ്. ദീപാവലി ദിനത്തിൽ പടക്കങ്ങൾ പൊട്ടിക്കരുതെന്ന് ഉപദേശിച്ച അമീർ ഖാനെതിരെ പൊട്ടിത്തെറിച്ച ബിജെപി എംപിയുടെ പ്രതികരണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഹിന്ദുക്കളുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും ഒരു മുസ്‌ലിമിനെന്താണ് കാര്യം എന്ന ചോദ്യമാണ് ഇത്തരക്കാർ സമൂഹത്തിന് മുന്നിലുയർത്തുന്നത്. എല്ലാ മുസ്ലീം സ്വാധീനങ്ങളെയും പൂർണ്ണമായി നിഷ്കാസനം ചെയ്യുന്നത് വരെ ഈ രാഷ്ട്രീയ ചിന്താഗതിക്ക് വിശ്രമമുണ്ടാകില്ല. ആര്യൻ ഖാന്റെ പക്കൽ നിന്ന് ഒന്നും കണ്ടെത്താനാവാതിരുന്നിട്ട് കൂടി, ‘ബോധപൂർവം മയക്കുമരുന്ന് കൈവശം വച്ചിരിക്കുന്നു’ എന്ന വിചിത്രമായ ആരോപണത്തിന്റെ മേൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും ഷാരൂഖ് ഖാന്റെ പ്രതിച്ഛായ നശിപ്പിക്കുകയെന്ന ലക്ഷ്യം വെച്ച് തന്നെയാണ്. സമാനമായ രീതിയിൽ, ഇല്ലാകഥകൾ കെട്ടിചമച്ച് എത് വിതേനയും ഉർദുവിനെ സമൂഹത്തിന്റെ പൊതുമണ്ഡലങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ടതും ഇവരുടെ ആവശ്യം തന്നെ.

മുസ്ലിം സെലിബ്രിറ്റികളോട് തോന്നുന്ന അതേ തോതിലുള്ള അസൂയ ഉർദു ഭാഷയോടും പലരും പേറിനടക്കുന്നു. വിഭജനത്തിന്റെ ഉത്തരവാദിത്തം അതിന്റെ മേൽ ചാർത്തുന്നതും, അറബി, പേർഷ്യൻ ഭാഷകളിൽ നിന്നുത്ഭവിച്ച പദങ്ങളുടെ സാന്നിധ്യത്തിന്റെ പേരിൽ അതിക്ഷേപങ്ങൾക്കിരയാക്കുന്നതും, ഹിന്ദുക്കളും സിഖുകാരും അതിനെ അകറ്റിനിർത്തിയിട്ടും ഭൂരിഭാഗം മുസ്ലീങ്ങളും അതിനെ ആദരവോടെ കൊണ്ട്നടക്കുന്നതിന്റെ പേരിൽ അതിനെ വെറുക്കുന്നതുമെല്ലാം അവരുടെ അസൂയയുടെ ഫലം തന്നെ.

ഉർദു ഭാഷ നിങ്ങൾക്ക് മുസ്ലിം സ്മരണകൾ സമ്മാനിക്കുന്നു, ഈ അഭിനേതാക്കളാക്കട്ടെ മുസ്ലിങ്ങൾ സ്നേഹിക്കാൻ പ്രാപ്തരാണെന്ന ചിന്തയിൽ നിങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ചെങ്കോട്ടയും, സിദി സയ്യിദ് നി ജാലിയും, ഹുമയൂണിന്റെ ശവകുടീരവും മറ്റനേകം സ്മാരകങ്ങളും ഇന്ത്യയെയും മുസ്ലിങ്ങളെയും അഭേദ്യമായി നിലനിർത്തുന്നു. ഇന്ത്യൻ സങ്കൽപ്പങ്ങളെ ഇത്തരം മാലിന്യങ്ങളിൽ നിന്നെല്ലാം ശുദ്ധീകരിക്കേണ്ടതുണ്ട്. അതിനാൽ, ബാബരി മസ്ജിദ്, താജ്മഹൽ, കുതുബ് മിനാർ ഉൾപ്പടെയുള്ള മുസ്ലീം സ്മാരകങ്ങളെല്ലാം ഒന്നുകിൽ പൊളിക്കുകയോ അല്ലെങ്കിൽ ഹിന്ദുത്വത്തിന്റെ വർണ്ണങ്ങൾ ചാലിച്ച് പുനർനിർമിക്കുകയോ ചെയ്യേണ്ടതുണ്ട്. ഉർദുവും ഷാരൂഖ് ഖാനും ജീവിച്ചിരിക്കുന്ന സ്മാരകങ്ങളാണ്. അവർ ഇപ്പൊൾ ആരാണ് എന്നതിന് വലിയ വില നൽകേണ്ടി വരും.

വിവ: മുബഷിർ മാണൂർ

Related Articles