Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ഫാസിസ്റ്റുകളും ക്രൂരസയണിസ്റ്റുകളും പ്രകൃത്യാ കൂട്ടുകച്ചവടക്കാര്‍

കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ ഗസ്സയില്‍ ഹീനമായ കൂട്ടക്കൊല നടത്തിയപ്പോള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തുടനീളമുള്ള നീതിയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുവാന്‍ തെരുവുകളില്‍ ഇറങ്ങിയിരുന്നു. അതേസമയം തന്നെയായിരുന്നു ഹിന്ദുത്വഫാഷിസ്റ്റുകള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ കീഴടക്കിയതിന്റെ ഭ്രാന്തോന്മത്തമായ വിജയാരവങ്ങള്‍ മുഴക്കിയതും. ഇന്നിതാ നരേന്ദ്ര മോദിക്ക് കീഴില്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞു. പ്രീതീക്ഷിച്ചത് പോലെ, കഴിഞ്ഞ ഒരുവര്‍ഷത്തെ അതിന്റെ നടത്തിപ്പു കൊണ്ട് ബി.ജെ.പി (B.J.P) ഭരണകൂടം വ്യക്തമാക്കുന്നത് ഹിന്ദുത്വഫാഷിസ്റ്റുകളും സയണിസ്റ്റുകളും ആദര്‍ശബന്ധുക്കള്‍ കൂടിയാണെന്നാണ്. ഈ ചങ്ങാത്തം കൂട്ടിയുറപ്പിക്കുന്നതിന് മോദി തന്റെ ഇസ്രയേല്‍ സന്ദര്‍ശനവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൂന്ന് തവണ ഇസ്രയേലിനെതിരെ വോട്ടു ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ സൗഹൃദത്തിന്റെ അടയാളമായി അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇന്ത്യ ചെയ്തത്.

ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാകാന്‍ ആരംഭിക്കുന്നത് നവഉദാരീകരണത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്നതോടെയാണ്. 1992-ല്‍ നരംസിഹ റാവുവിന്റെ സര്‍ക്കാര്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചു. ശേഷം ദേവഗൗഡ സര്‍ക്കാര്‍ ഇസ്രയേലുമായി ബാരക്ക് മിസൈല്‍ കരാര്‍ ഒപ്പിടുകയും അതിലൂടെ പ്രതിരോധ മേഖലയിലെ പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിക്കുകയും ചെയ്തു. കപട കമ്മ്യൂണിസ്റ്റുകളും ആ സര്‍ക്കാറിന്റെ ഭാഗമായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മാത്രമല്ല ആഭ്യന്തര വകുപ്പിന്റെയത്ര തന്നെ പ്രാധാന്യമുള്ള ഒരു മന്ത്രിസ്ഥാനവും അവര്‍ക്കുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ഇസ്രയേലുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചു. ആ സമയത്താണ് നരഭോജി എന്നറിയപ്പെടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത് അന്നായിരുന്നു. 2004നും 2014 നും ഇടക്കുള്ള കാലത്ത് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടവും പ്രതിരോധ മേഖലയിലെ ഇസ്രയേലുമായുള്ള ബന്ധം തടസ്സങ്ങളില്ലാതെ തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം മോദി അധികാരത്തിലെത്തിയ ശേഷം ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഗസ്സയിലെ ഇസ്രയേല്‍ ബോംബു വര്‍ഷിക്കുമ്പോള്‍ തങ്ങളുടെ സയണിസ്റ്റ ്ചങ്ങാതിയുടെ അനിഷ്ടത്തിന് കാരണമാകുമോ എന്ന ഭയം കാരണം അതിനെ കുറിച്ച് പാര്‍ലമെന്റില്‍ ഒരു സംവാദം നടത്താന്‍ പോലും ഹിന്ദുത്വവാദികള്‍ സന്നദ്ധമായില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ യുഎന്‍ അസംബ്ലി നടക്കുന്ന സമയത്താണ് ഗുജറാത്തിലെ നിരപരാധികളുടെ രക്തം പുരണ്ട തന്റെ കൈകള്‍ ഒരു ഷേക്ക്ഹാന്റിലൂടെ ഗസ്സയിലെ നിരപരാധികളുടെ ചോര പുരണ്ട നെതന്യാഹുവിന്റെ കൈകളുമായി കൂട്ടിയിണക്കിയത്. തന്റെ കാണാതായ സഹോദരനെ കണ്ടു കിട്ടിയതിന്റെ സന്തോഷമാണ് നെതന്യാഹുവിന്റെ മുഖത്തന്ന് വിരിഞ്ഞത്. ഉടനെ മോദിയെ ഇസ്രയേലിലേക്ക് ക്ഷണിച്ചു. നേരത്തെ ഗുജറാത്ത് പ്രധാനമന്ത്രിയായിരിക്കെ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരിക്കും ഇനി നടക്കാനുള്ളത്.

മോദി-നെതന്യാഹു കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതിരോധ കാര്യനിര്‍വഹണ സമിതി (Defense Acquisition Council) 8 ബില്യണ്‍ രൂപയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. അതില്‍ 5 ബില്യണ്‍ 6 അന്തര്‍വാഹിനികള്‍ക്കും, ടാങ്ക് പ്രതിരോധ മിസൈലായ 8000 Spike ന് മൂന്ന് ബില്യണും ചെലവഴിക്കും. അമേരിക്കയുടെ ജാവലിന്‍ മിസൈല്‍ വേണ്ടെന്നു വെച്ചിട്ടാണ് ഇസ്രയേലുമായി ഈ മിസൈല്‍ ഇടപാട് നടത്തുന്നത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ജാവലിന്‍ മിസൈല്‍ ഇടപാടിനുള്ള ശ്രമങ്ങളെയെല്ലാം മറികടന്നാണ് ഇസ്രയേലിനോട് അധിക മമത കാണിക്കുന്നത്. ഹിന്ദുത്വവാദികളും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയാണത് കുറിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം സംവിധാനവും ഭാവിയില്‍ ഇന്ത്യക്ക് നല്‍കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇസ്രയേല്‍ സന്ദര്‍ശിച്ചു. 2000-ല്‍ ലാല്‍ കൃഷ്ണ അദ്വാനിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ Make in India കാമ്പയിന്റെ ഭാഗമായി വന്‍കിട ഇസ്രയേല്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി മോശെ യാലോണുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യന്‍ പ്രതിരോധ മേഖളയില്‍ ഫോറിന്‍ ഡയറക്ട ഇന്‍വെസ്റ്റ് (FDI) അനുവദിക്കാനുള്ള മോദി ഭരണകൂടത്തിന്റെ തീരുമാനത്തെ കുറിച്ച് അടിവരയിട്ട് പറയുകയും ചെയ്തു. പ്രതിരോധ മേഖലിയില്‍ അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ഇന്ത്യക്ക് കൈമാറാനുള്ള തന്റ താല്‍പര്യവും യാലോണ്‍ പ്രകടനിപ്പിച്ചു. സന്ദര്‍ശനത്തിനിടയില്‍ ഇസ്രയേലിന്റെ അതിര്‍ത്തിയിലെ ചെക്‌പോയന്റുകള്‍ സന്ദര്‍ശിച്ച രാജ്‌നാഥ് സിംഗ് അവിടത്തെ സംവിധാനങ്ങളില്‍ ഏറെ ആകൃഷ്ടനായി. രാവും പകലും പ്രവര്‍ത്തിക്കുന്ന ദീര്‍ഘദൂര നീരീക്ഷണ സംവിധാനങ്ങളും കിലോമീറ്ററുകള്‍ അപ്പുറത്ത് നടക്കുന്ന (ഇല്ലാത്ത) അതിര്‍ത്തി ലംഘനങ്ങള്‍ കണ്ടുപിടിക്കാനുള്ള റഡാര്‍ സംവിധാനവും സിംഗിനെ വല്ലാതെ മോഹിപ്പിച്ചു പോലും. ഭാവിയില്‍ ഇത്തരം സംവിധാനങ്ങള്‍ ഇസ്രയേല്‍ ഇന്ത്യക്ക് വില്‍ക്കാന്‍ പോകുന്നു എന്നു വ്യക്തം.

ബഹിഷ്‌കരണത്തിന്റെ (BDS- Boycott, Divestment and Sanctions) ഭാഗമായി ലോകത്തെ പല രാജ്യങ്ങളും ഇസ്രയേലുമായുള്ള വ്യാപാര ബന്ധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രയേലിന്റെ സാമ്പത്തിക പുരോഗതിയെ ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ഇസ്രയേലിന്റെ ബന്ധം ഇസ്രയേല്‍ സാമ്പത്തിക മേഖലക്ക് വലിയ നേട്ടമാണുണ്ടാക്കുക. അമേരിക്ക കഴിഞ്ഞാല്‍ ഇസ്രയേലുമായി വ്യാപാര പ്രതിരോധ ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഒന്നാം സ്ഥാനവും ഇസ്രയേലില്‍ നിന്നുള്ള ആകെ ഇറക്കുമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ജലശേഖരണ, ജലസേചന പദ്ധതികളും ഇസ്രയേല്‍ കമ്പനികള്‍ക്ക് തുറന്നു കൊടുത്തിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ അതിനിയും കൂടുകയും ചെയ്യും. ഹിന്ദുത്വ ശക്തികള്‍ അധികാരത്തിലിരിക്കെ ഇസ്‌ലാമിക തീവ്രവാദം എന്ന മായാരൂപം ഉയര്‍ത്തിയുള്ള മുതലെടുപ്പുകല്‍ മുമ്പത്തേക്കാള്‍ അപകടകരമായി രീതിയില്‍ നടക്കും. തീവ്രവാദ വിരുദ്ധതയുടെ പേരില്‍ നിരപരാധികളെ കൊല്ലുന്ന തന്ത്രത്തെ ഒരു ഇസ്രയേല്‍ ചരിത്രകാരന്‍ വിശേഷിപ്പിച്ചത് ‘വര്‍ധിച്ചു വരുന്ന കൂട്ടകുരുതി’ എന്നാണ്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആര്‍ത്തിയോടെ ഈ ‘കൂട്ടുകുരുതി വര്‍ധന’യില്‍ വൈദഗ്ദ്യം ആദര്‍ശബന്ധുക്കളില്‍ നിന്ന് സ്വായത്തമാക്കുന്നതാണ് നാം കാണുന്നത്. അത് ഇന്ത്യയിലും നടപ്പിലാക്കുന്നതിന് വേണ്ടി. ഈ പശ്ചാത്തലത്തില്‍ നിന്നു വേണം മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ മനിസ്സിലാക്കാന്‍.

മൊഴിമാറ്റം: റഖീബ് ടി.സി.

അവലംബം: www.countercurrents.org

Related Articles