Current Date

Search
Close this search box.
Search
Close this search box.

ഹജ്ജിന്റെ ആത്മാവിനെ കണ്ടെത്തുമ്പോള്‍

ഇസ്‌ലാം മാനവതയുടെ ആദിമതവും പ്രകൃതി മതവുമാണ്. ഈ വിശ്വമതം വാര്‍ത്തെടുക്കുന്നത് വിശ്വപൗരന്മാരെയാണ്. ദേശഭാഷവര്‍ണ വിഭാഗീയതകള്‍ക്ക് അതീതരായി വിശാല വീക്ഷണം പുലര്‍ത്തുന്ന വിശ്വപൗരന്മാര്‍ വഴി സൃഷ്ട്യോന്മുഖമായ ആഗോളീകരണമാണ് സാധ്യമാകുന്നത്. മനുഷ്യന്‍ ഒരു കുടുംബം, ലോകം ഒരൊറ്റ തറവാട് എന്നതാണീ ആഗോളീകരണത്തിന്റെ ആകെ സാരം. ഇസ്‌ലാമിന്റെ ഉദാത്തമായ ഈ കാഴ്ചപ്പാട് അഞ്ച് സ്തംഭങ്ങളിലാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ആ സ്തംഭങ്ങളില്‍ സുപ്രധാനമാണ് ഹജ്ജ്.

മറ്റ് അനുഷ്ഠാനങ്ങളില്‍ നിന്ന് ഹജ്ജ് വ്യത്യസ്ഥമാകുന്നത് പല കാരണങ്ങളാലാണ്. അത് ജീവിതത്തിലൊരിക്കലേ നിര്‍വഹിക്കേണ്ടതുള്ളൂ. മിക്കവാറും ഒരു പ്രാവശ്യമേ നിര്‍വഹിക്കാനാവുകയുള്ളൂ. അതും ശാരീരികമായും സാമ്പത്തികമായും സൗകര്യമുള്ളവര്‍ക്ക് മാത്രം. ലോക മുസ്‌ലിംകളിലെ ക്രീമിലെയര്‍ എന്ന് ഇവരെ വിശേഷിപ്പിക്കാം. നൂറ്റമ്പത് കോടിയിലേറെ വരുന്ന വിശ്വാസികളില്‍ നിന്ന് മൂന്ന് ദശലക്ഷം പേരാണ് ഹജ്ജിനെത്താറ്.

ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലകൊള്ളുന്ന മക്കയെ ‘ഗ്രാമങ്ങളുടെ മാതാവ്’ (ഉമ്മുല്‍ ഖുറ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. കഅ്ബാലയമാകട്ടെ ‘ മാനവതക്കാകെ ദൈവാരാധന നിര്‍വഹിക്കാനായി പണിതുയര്‍ത്തപ്പെട്ട ഭൂമുഖത്തെ പ്രഥമ ദേവാലയം’ എന്നു പരിചയപ്പെടുത്തപ്പെട്ടു. മനുഷ്യ ശരീരത്തിനുള്ളില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തില്‍ കഅ്ബാലയത്തിനുള്ളത്. ഹൃദയം ചംക്രമണ വ്യവസ്ഥയുടെ സ്ഥിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചുപോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ദീകരിച്ച് ജീവന്റെ തുടിപ്പ് നില നിര്‍ത്തുന്നതില്‍ ഹൃദയം വഹിക്കുന്ന ജോലിയാണ് കഅ്ബാലയം നിര്‍വഹിക്കുന്നത്. അല്ലാമാ ഇഖ്ബാലിന്റെ ഭാഷയില്‍ ‘ നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്‌ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കുന്നു. അത് നമ്മെയും (നമ്മുടെ ഒരുമയെയും ) കാത്തു സൂക്ഷിക്കുന്നു. ആഗോളാടിസ്ഥാനത്തില്‍ വിശ്വാസി സമൂഹത്തിന്റെ ഏകീകരണം സാധ്യമാകുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ നടക്കുന്ന ഹജ്ജിലൂടെയും സാധിക്കുന്നത്‌സാധിക്കേണ്ടതും, അതുതന്നെ.

ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് ആത്മാവുണ്ട്. അത് ആവാഹിക്കാതെ അനുഷ്ടിച്ചാല്‍ ഹജ്ജിലൂടെ കരഗതമാവേണ്ട ബഹുമുഖ നന്മകള്‍ ലഭിക്കാതെ പോകും. വിശുദ്ധ ഖുര്‍ആന്‍ ഹജ്ജിന്റെ പ്രയോജനങ്ങളെ തിട്ടപ്പെടുത്തി പറയാതെ ‘ഹജ്ജിലെ ബഹു നന്മകളെ അവര്‍ നേരിട്ടനുഭവിച്ചറിയാന്‍’ (22: 28) എന്നാണ് പറയുന്നത്. ഹജ്ജില്‍ എല്ലാവര്‍ക്കും ഒരേ അനുഭവങ്ങളല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയ ആന്തരിക ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ നമുക്ക് ലഭ്യമാകുന്ന അനുഭൂതികള്‍. ഹജ്ജിന്റെ ഓരോ കര്‍മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് അനുഷ്ഠാനം നിര്‍വഹിച്ചാലേ പ്രവാചകന്‍ പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധിയിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂ.

ഹജ്ജിലും ഉംറയിലും പ്രാരംഭം കുറിക്കുന്ന’ഇഹ്‌റാമും’ ‘നിയ്യത്തും’ ഒരുപാട് അര്‍ഥ തലങ്ങളുള്ളതാണ്. അതുവരെ അനുവദനീയമായ സംഗതികള്‍ അതോടെ നിഷിദ്ധമാകുന്നുവെന്നതാണ് അതിന്റെ മര്‍മം. സദ്കര്‍മങ്ങളെന്ന് പറയാവുന്ന കാര്യങ്ങള്‍ പോലും ‘ ഇഹ്‌റാമോടെ’ നിഷിദ്ധമായി തീരുന്നു. ഒരന്വേഷകന് ഈ വിധം ചോദിക്കാവുന്നതാണ്: ഇത്രയും നാള്‍ അനുവദനീയവും അഭിലഷണീയവുമായ സംഗതികള്‍ ഇത്ര പെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? ഇതിന്റെ മറുപടിയാണ് ഇഹ്‌റാമിന്റെ മര്‍മം. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല, എപ്പോള്‍ പറ്റും , എപ്പോള്‍ പറ്റില്ല ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ നിര്‍ണയിക്കേണ്ടതല്ല; മറിച്ച് സൃഷ്ടികര്‍ത്താവും ഉടയോനും നിയന്താവുമായ ഏക മഹാ ശക്തിക്കാണ് അതെല്ലാം നിര്‍ണയിക്കാനുള്ള പൂര്‍ണാധികാരം. അവന്‍ അനുവദിച്ചാല്‍ പറ്റും: അനുവദിച്ചില്ലെങ്കില്‍ പറ്റില്ല. ഇതാണ് , ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ചു, ഉളളാലെ ഉള്‍ക്കൊണ്ടുള്ള സമര്‍പ്പണമാണ് ഇഹ്‌റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാര്‍ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാര്‍ഥനയും കൂടിയാണ് ഇഹ്‌റാം.

കഅ്ബാലയത്തിലേക്ക് നാം വരുന്നത് രാജതമ്പുരാനായ അല്ലാഹു ഇബ്രാഹീം നബിയിലൂടെ നടത്തിയ വിളിക്ക് ഉത്തരമായിക്കൊണ്ടാണ് . നമ്മുടെ യാത്ര അല്ലാഹുവിന്റെ ദര്‍ബാറിലേക്കാണ്. യജമാനന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതനായി , അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. ദാസന്റെ അടിമത്തം അറിഞ്ഞംഗീകരിച്ചു കൊണ്ടുള്ള ലളിതവേഷം ന്മ്മുടെ അന്ത്യയാത്രയിലണിയിക്കുന്ന ശവപ്പുടവക്ക് തുല്യമാണ്. ഇഹ്‌റാമില്‍ പ്രവേശിച്ച് ഈ വേഷമണിയുനപോള്‍ സംഗതിയുടെ പൊരുളോര്‍ത്ത് പലരും മോഹാല്‍സ്യപ്പെട്ടിട്ടുണ്ട്. ഇഹ്‌റാമിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നത് പോലെയാകരുത് ഒരിക്കലുമത്. ഇഹ്‌റാമില്‍ ഹിംസയോ ധ്വംസനമോ പാടില്ല. സമാധാന ചിത്തരും വിനയാന്വിതനുമായിരിക്കണം. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേല്‍വിലാസവും തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ വര്‍ജിച്ച് പ്രാര്‍ഥനാപൂര്‍വം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീര്‍ഥാടകന്റെ ഉള്ളില്‍ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും.

Related Articles