Current Date

Search
Close this search box.
Search
Close this search box.

സാമ്രാജ്യത്വ ഭീകരതയാണ് ഭീകരവാദത്തെ ഉല്‍പ്പാദിപ്പിക്കുന്നത്

എന്താണ് ലോകത്തിന് സംഭവിച്ചത്? നാം ഊറ്റം കൊള്ളുന്ന ‘നാഗരികത’യുടെ മുഖ്യഘടകമാണോ പരസ്പരം കൊന്ന് കൊലവിളിക്കുക എന്നത്? ഭീകരവാദികളെയാണ് നാം സ്ഥിരമായി പഴിപറയുന്നത്. പക്ഷെ ഭീകരവാദികളാണോ ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കള്‍? ആരാണ് ആയുധ വിപണിയെ നിയന്ത്രിക്കുന്നത്? ഭീകരവാദികളുടെയും മതഭ്രാന്തന്‍മാരുടെയും കൈകളില്‍ ഏങ്ങനെയാണ് അത്യാധുനിക ആയുധങ്ങള്‍ എത്തിയത്? മതമാണോ ഇവിടെ പ്രശ്‌നക്കാര്‍? ലോക ജനാധിപത്യരാഷ്ട്രങ്ങള്‍ ഒരു പുനരാലോചനക്ക് തയ്യാറാവേണ്ടതുണ്ട്. പ്രതികാരത്തിന്റെയും പ്രത്യാക്രമണത്തിന്റെയും കച്ചവടം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിഭീകരവാദം മതഭീകരവാദത്തെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യൂ. കഴിഞ്ഞത് കഴിഞ്ഞു. ഭീകരവിരുദ്ധ ആക്രമണമായാലും, ഭീകരാക്രമണമായാലും രണ്ടും ഭീകരത തന്നെയാണ്. ആക്രമണം ആക്രമണത്തെ മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ളൂ എന്ന പാഠം ലോകം എന്തു കൊണ്ടാണ് മനസ്സിലാക്കാത്തത്?

മിഡിലീസ്റ്റിലെ പാശ്ചാത്യ അധിനിവേശങ്ങള്‍ തന്നെയാണ് ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ ലോകത്തുള്ള രക്തക്കൊതിയന്‍മാരായ മുഴുവന്‍ ഭീകരവാദ സംഘങ്ങളും ഉടലെടുക്കാന്‍ കാരണം. നിരപരാധികള്‍ക്ക് മേലാണ് ഫ്രാങ്കെന്‍സ്റ്റീന്‍ ഭൂതം ആക്രമണം അഴിച്ച് വിട്ടത്. ഇതുവരെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആത്മപരിശോധന നടത്താനും, ലോകത്ത് അക്രമസംഭവങ്ങള്‍ വ്യാപിക്കുന്നത് തടയാനും ശ്രമിച്ചിട്ടില്ല. പാശ്ചാത്യ ലോകം അമേരിക്കയുടെ നായകത്വത്തിന് കീഴിലായിരിക്കുന്ന കാലത്തോളം, അവരുടെ സ്വാര്‍ത്ഥവും, കവര്‍ച്ചാസ്വഭാവമുള്ളതുമായ വിദേശനയം തുടരുക തന്നെ ചെയ്യും. അതിന്റെ ഫലമായി ഐ.എസ് പോലെയുള്ള ഭീകരന്‍മാരെ വിജയകരമായി ഉന്മൂലനം ചെയ്യാനും സാധിക്കില്ല. ലോകത്തിന്ന് ജനാധിപത്യമല്ല വാഴുന്നത്, മറിച്ച് സൈനികാധിപത്യത്തിന് കീഴിലാണ് ലോകമിന്നുള്ളത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുന്നതിന് പത്ത് വര്‍ഷം മുമ്പ്, 1991-ന്റെ തുടക്കത്തിലാണ് അമേരിക്ക ഇറാഖ് അധിനിവേശം നടത്തിയത്. ‘A People’s History of the United States’ എന്ന കൃതിയില്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ഹോവാര്‍ഡ് സിന്‍ വിശദീകരിക്കുന്നുണ്ട്: ‘വളരെ ഭയാനകമായിരുന്നു യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍. പട്ടിണി, മാരകരോഗങ്ങള്‍, പതിനായിരക്കണക്കിന് വരുന്ന കുട്ടികളുടെ മരണം തുടങ്ങിയവയായിരുന്നു ഇറാഖില്‍ അമേരിക്ക നടത്തിയ ബോംബിംഗിന്റെ അനന്തരഫലങ്ങള്‍’

നിസ്സഹായരായ ഇറാഖ് ജനതക്ക് നേരെ ‘സംസ്‌കാര സമ്പന്നരായ’ ഒരു കൂട്ടം ആളുകള്‍ നടത്തിയ ക്രൂരവിനോദം എന്തൊക്കെയാണെന്ന് നോക്കുക: ‘ഫെബ്രുവരി മധ്യത്തില്‍, വ്യോമാക്രമണത്തില്‍ നിന്നും രക്ഷത്തേടി ഇറാഖികള്‍ ഒത്തുകൂടിയ കെട്ടിടത്തിന് മുകളില്‍ പുലര്‍ച്ചെ നാല് മണിക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. 400-500 വരെ ആളുകള്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്തേക്ക് പോകാന്‍ അനുവാദം നല്‍കപ്പെട്ട വളരെ കുറിച്ച് പേരില്‍ അസോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടറും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ചിന്നഭിന്നമായിരുന്നു. അവയില്‍ കുട്ടികളുടേതുമുണ്ടായിരുന്നു.’ അതൊരു സൈനികകേന്ദ്രമായിരുന്നു എന്നാണ് പെന്റഗണ്‍ അവകാശപ്പെട്ടത്. പക്ഷെ സംഭവസ്ഥലം സന്ദര്‍ശിച്ച എ.പി റിപ്പോര്‍ട്ടര്‍ പറയുന്നത്: ‘സൈനിക കേന്ദ്രം പോയിട്ട് ഒരു ആയുധം പോലും അവിടെ നിന്ന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.’

ഇറാഖിലെ യുവാക്കള്‍ സ്വമനസ്സാലേ തീരുമാനിച്ചുറച്ച് ഐ.എസ്.ഐ.എസ് ക്യാമ്പുകളില്‍ പോയി ചേരുന്നുണ്ടെങ്കില്‍, നമുക്കവരെ കുറ്റം പറയാന്‍ കഴിയുമോ? സൈനിക നടപടി കൂടുതല്‍ ശക്തിപ്പെടുത്തിയത് കൊണ്ട് ഐ.എസ്.ഐ.എസ്സിന്റെ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ (അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിഷ്ഠൂരമായ ഇറാഖ് അധിനിവേശത്തിന്റെ ഫലമായാണ് അത് രൂപം കൊണ്ടത്) തടയാന്‍ നമുക്ക് സാധിക്കുമോ?

2001, 9/11 പെന്റഗണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു ആര്‍മി പൈലറ്റിന്റെ ഭാര്യയായ ആംബര്‍ അമന്‍ഡ്‌സന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ കേള്‍ക്കുക: ‘നമ്മുടെ നേതാക്കള്‍ അടക്കമുള്ള ചില അമേരിക്കക്കാരുടെ കോപത്താല്‍ ജ്വലിച്ച വാക്കുകള്‍ ഞാന്‍ കേള്‍ക്കാനിടയായി. പ്രതികാരത്തെയും തിരിച്ചടിയെയും കുറിച്ചായിരുന്നു അവരുടെ സംസാരം. ആ നേതാക്കളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ വാക്കുകള്‍ എന്നെയും കുടംബത്തെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നിരപരാധികളായ ഒരു ജനതക്ക് നേരെ അതിക്രൂരമായ ആക്രമണം അഴിച്ച് വിട്ടുകൊണ്ട് മറുപടി പറയാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ദയവ് ചെയത് എന്റെ ഭര്‍ത്താവിന് നീതി ലഭിക്കാനെന്ന പേരില്‍ അത് ചെയ്യരുത്.’

ലോകത്തെ 25-30 ശതമാനം എണ്ണയും ഉപയോഗിക്കാനുള്ള അമേരിക്കക്കാരുടെ ‘അവകാശത്തിന്’ വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനാണോ എന്റെ മകന്‍ ഇറാഖിലേക്ക് യുദ്ധം ചെയ്യാനായി പോയിരിക്കുന്നത് എന്നാണ് ഒരു അമേരിക്കന്‍ മറൈന്റെ പിതാവായ അലക് മോല്‍നര്‍ ബുഷിനോട് ചോദിച്ചത്.

9/11 ആക്രമണം നടക്കുന്നതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ ലഫ്റ്റനന്റ് കേണല്‍ റോബര്‍ട്ട് ബോവ്മാന്‍ ഇങ്ങനെ എഴുതിയത്: ‘ജനാധിപത്യം ആചരിക്കുകയും, സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുകയും, മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്നത് കൊണ്ടല്ല നാം ഇത്രമേല്‍ വെറുക്കപ്പെടുന്നത്. മറിച്ച് ഈ സംഗതികള്‍ നമ്മുടെ സര്‍ക്കാര്‍ മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നിഷേധിക്കുകയും, നമ്മുടെ ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ അവരുടെ വിഭവങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നത് കൊണ്ടാണ് നാം ഇത്രക്ക് വെറുക്കപ്പെടുന്നത്. നാം വിതച്ചത് ഭീകരവാദത്തിന്റെ രൂപത്തില്‍ നമ്മെ തിരിച്ചടിക്കുന്നുവെന്ന് മാത്രം. അറബികളെ കൊന്ന് തള്ളി അവരുടെ മണ്ണിനടിയിലെ എണ്ണ കവര്‍ന്നെടുക്കുന്നതിന് നമ്മുടെ മക്കളെ അയക്കുന്നതിന് പകരം, അവരുടെ രാഷ്ട്രം പുനര്‍നിര്‍മിക്കാനും, ശുദ്ധവെള്ളം വിതരണം ചെയ്യാനും, വിശന്ന് വലയുന്ന കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കാനുമാണ് നമ്മുടെ മക്കളെ അങ്ങോട്ട് അയക്കേണ്ടത്. തിന്മക്ക് പകരം നന്മ ചെയ്യുകയെന്ന് സാരം. അങ്ങനെയെങ്കില്‍ ആരാണ് നമ്മെ തടയുക? ആരാണ് നമ്മെ വെറുക്കുക? ആരെങ്കിലും പിന്നെ നമ്മുടെ നാട്ടില്‍ ബോബാക്രമണം നടത്തുമോ? (ഹൊവാര്‍ഡ് സിന്‍)

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം, പാരീസ് ഭീകരാക്രമണം തുടങ്ങി ലോകത്തിന്റെ മുക്കിലും മൂലയിലും നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി നമുക്ക് കണ്ണീര്‍ പൊഴിക്കാം. അതുപോലെ തന്നെ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കയുടെയും നാറ്റോ സൈന്യത്തിന്റെയും ബോംബിംഗിലും വ്യോമാക്രമണത്തിലും കൊല്ലപ്പെടുന്നവര്‍ക്ക് വേണ്ടിയും നാം കണ്ണീര്‍ പൊഴിക്കേണ്ടതുണ്ട്. അമേരിക്കയുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും സാമ്രാജ്യത്വ അധിനിവേശ നയങ്ങളാണ് മിഡിലീസ്റ്റിലെ അസ്ഥിരതക്ക് പ്രധാനകാരണം.

‘Endgame’ എന്ന തന്റെ കൃതിയില്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഡെറിക്ക് ജെന്‍സന്‍ പറയുന്നു: ‘വിയറ്റ്‌നാമില്‍, സി.ഐ.എ തങ്ങളുടെ കുപ്രസിദ്ധമായ ഓപ്പറേഷന്‍ ഫിനിക്‌സ് നടപ്പാക്കിയിരുന്നു. തടവുകാരെ ‘കടുവ കൂട്ടില്‍’ അടക്കുക, ഇടുങ്ങിയ കരിങ്കല്‍ മുറികളില്‍ മൂന്ന് മുതല്‍ അഞ്ച് പേരെ നിലത്തോട് ബന്ധിച്ച് കിടത്തി അവര്‍ക്ക് മേല്‍ വിവിധതരത്തിലുള്ള മര്‍ദ്ദന മുറകള്‍ പ്രയോഗിക്കുക തുടങ്ങിയവ അരങ്ങേറി. ചലനശേഷി നഷ്ടപ്പെട്ട് ജീവച്ഛവമായി മാറുക എന്നതായിരുന്നു തടവുകാരുടെ വിധി. ഇരകളുടെ ലൈംഗികാവയവങ്ങളില്‍ ഇലക്ട്രിക്ക് ഷോക്ക് എല്‍പ്പിക്കുക എന്നത് സി.ഐ.എയുടെ ഒരു രീതിയായിരുന്നു. തടവുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനായി ചില തടവുകാരെ ആകാശത്ത് വെച്ച് ഹെലികോപ്റ്ററില്‍ നിന്നും താഴേക്ക് എറിയുമായിരുന്നു. അടുത്ത കാലത്ത്, അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം ഒരു കണ്ടെയ്‌നര്‍ ട്രക്കില്‍ 3000-ത്തോളം തടവുകാരെ കുത്തിനിറച്ച്, ഡോറുകള്‍ സീല്‍ ചെയ്ത്, ദിവസങ്ങളോളം ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ കൊണ്ട് പോയി നിര്‍ത്തുകയുണ്ടായി. തുടര്‍ന്ന് ഒരു അമേരിക്കന്‍ കമാണ്ടര്‍ അഫ്ഗാന്‍ പട്ടാളക്കാരനോട് കണ്ടെയ്‌നര്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കാന്‍ പറഞ്ഞു. വെടിയുണ്ട തുളഞ്ഞ് പോയ തുളകള്‍ക്കിടയില്‍ കൂടി രക്തം കുതിച്ച് ചാടുന്നതാണ് പിന്നീട് കണ്ടത്. ജീവന്‍ അവശേഷിച്ചവരെ മരുഭൂമിയിലിട്ട് പിന്നീട് വെടിവെച്ച് കൊന്നു…’. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഭീകരാക്രമണത്തിന് അഫ്ഗാനിസ്ഥാനിലെ നിരപരാധികളെ കൊന്ന് തള്ളികൊണ്ടാണ് അമേരിക്കന്‍ ഭരണകൂടം പകരം ചോദിക്കുന്നതെന്ന് ഹൊവാര്‍ഡ് സിന്‍ പറയുന്നു. അഫ്ഗാന്‍ ജനത ഐ.എസ്.ഐ.എസ്സില്‍ സ്വമേധയാ അംഗത്വമെടുക്കുന്നുണ്ടെങ്കില്‍, സൈനിക നടപടിയിലൂടെ അവരെ തടയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? നമ്മുടെ അധിനിവേശ സൈനിക ഭീകരതയല്ലെ അവരെ ഭീകരവാദികളാവാന്‍ പ്രേരിപ്പിക്കുന്നത്? ഹിംസ ഹിംസയെ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുക. രോഗ കാരണത്തെ നശിപ്പിക്കാതെ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഭീകരവാദം ഉണ്ടാവാനുള്ള കാരണങ്ങളെ അഭിസംബോധന ചെയ്യാതെയാണ് ലോകം ഭീകരവിരുദ്ധ യുദ്ധത്തിന് ഇറങ്ങിപുറപ്പെടുന്നത്. ഈ സമീപനത്തിന് സമൂലമാറ്റം ഉണ്ടായിട്ടില്ലെങ്കില്‍, നിരപരാധികള്‍ മുഴുവന്‍ കൊന്നൊടുക്കപ്പെടുന്നത് വരേക്കും ഇപ്പറയുന്ന ഭീകരവാദവും, ഭീകരവിരുദ്ധയുദ്ധവും തുടര്‍ന്ന് കൊണ്ടിരിക്കും.

ചിലര്‍ മതത്തിന്റെ പേരിലാണ് നിരപരാധികളെ കൊന്നൊടുക്കുന്നത്. അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പുനഃസ്ഥാപിച്ചുവെന്നാണ് ഐ.എസ്സിന്റെ അവകാശവാദം. അവര്‍ ഇസ്‌ലാം മതവിശ്വാസികളാണത്രെ. പക്ഷെ അവരുടെ മതം ഇസ്‌ലാമാണെങ്കില്‍, സൗമ്യപ്രകൃതക്കാരനായ ആദ്യത്തെ ഖലീഫ അബൂബക്കര്‍ മുസ്‌ലിമല്ല എന്ന് പറയേണ്ടി വരും. കാരണം ഇസ്‌ലാമിക സൈന്യത്തിനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു: ‘നീതി പാലിക്കുക ; അനീതി ഒരിക്കലും വളരില്ല. കരുണ കാണിക്കുക; വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ ഒരിക്കലും വധിക്കരുത്. ഫലം കായ്ക്കുന്ന മരങ്ങള്‍, ധാന്യങ്ങള്‍, കന്നുകാലികള്‍ എന്നിവ നശിപ്പിക്കരുത്. ശത്രുവിനോടായാലും വാക്ക് പാലിക്കുക.’

പിന്നെങ്ങനെയാണ് ഐ.എസ് പോലെയുള്ള സംഘങ്ങള്‍ക്ക് ഇസ്‌ലാമിന്റെ പേരില്‍ നിരപരാധികളെ ആക്രമിക്കാന്‍ സാധിക്കുന്നത്? മതമാണോ ഇവിടെ പ്രശ്‌നക്കാര്‍, അതോ മിഡിലീസ്റ്റിലെ പാശ്ചാത്യ അധിനിവേശമോ? അമേരിക്കയുടെ വിദേശനയം വളരെകാലമായി ലോകത്തിന് ഒരു ശാപമായിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം മുതല്‍ക്ക് ലോകത്തുടനീളം അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പിന്നില്‍ അല്‍ഖാഇദ, ഐ.എസ്.ഐ.എസ് തുടങ്ങിയ സംഘങ്ങല്ല, മറിച്ച് അമേരിക്കന്‍ വിദേശനയമാണ് അവയുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്.’ 1986-ല്‍ ട്രിപ്പോളിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ അപഗ്രഥിച്ച് കൊണ്ട് തന്റെ ‘ ‘Imperial Alibis’ (1993) എന്ന ഗ്രന്ഥത്തില്‍ സ്റ്റീഫന്‍ ശാലോം എഴുതുന്നു: ‘നിരായുധരായ ജനങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായി ആക്രമണം അഴിച്ച് വിടുന്നതിനെയാണ് ഭീകരവാദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, ലിബിയയില്‍ അമേരിക്ക നടത്തിയ നടത്തിയ ബോബാക്രമണം തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും ഗുരുതരമായ അന്താരാഷ്ട്ര ഭീകരാക്രമണം.’

തങ്ങളുടെ അന്താരാഷ്ട്രാ ഭീകരവാദം അമേരിക്ക ഇതുവരെ അവസാനിപ്പിച്ച മട്ടില്ല. എന്ന് വെച്ച്, എല്ലാ പഴിയും അമേരിക്കക്ക് മേല്‍ ചൊരിഞ്ഞ് വിശ്രമിക്കാന്‍ പോകണമെന്നല്ല ഉദ്ദേശിച്ചത്. മതത്തിന്റെ പേരില്‍ ‘തലയറുക്കുന്നതില്‍ അഭിമാനിക്കുന്ന’ അംഗങ്ങളുള്ള സംഘടനകളുടെ അത്തരം ചെയ്തികളെ നാം ശരിക്കും പഠനവിധേയമാക്കേണ്ടതുണ്ട്. മതത്തിന്റെ പേരില്‍, എന്തുകൊണ്ടാണ് ഈ ആളുകള്‍ നിരപരാധികളുടെ തലയറുക്കുന്നത്, എന്തിനാണ് അവര്‍ മതം മാറാനും അല്ലെങ്കില്‍ മരിക്കാനും ആവശ്യപ്പെടുന്നത്?

സ്‌നേഹവും, സഹിഷ്ണുതയും, അഹിംസയുമാണ് ലോകം ഇന്ന് തേടിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു ലോകം പുലരണമെന്നുണ്ടെങ്കില്‍, അമേരിക്കയും, പാശ്ചാത്യലോകവും ഒരു പുനഃവിചിന്തനത്തിന് തയ്യാറാവുകയും, ഭീകരവാദത്തിന്റെയും ഭീകരവാദികളുടെയും സൃഷ്ടിപ്പിന് കാരണമായ തങ്ങളുടെ സാമ്രാജ്യത്വ അധിനിവേശ സാമ്പത്തിക നയങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെ മതതീവ്രവാദികളുടെ കരാളഹസ്തങ്ങളില്‍ നിന്ന് തങ്ങളുടെ മതത്തെ മോചിപ്പിക്കാന്‍ യഥാര്‍ത്ഥ ഇസ്‌ലാം മതവിശ്വാസികള്‍ ശ്രമിക്കുകയും ചെയ്യണം.

(മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ സുകുമാരന്‍ സി.വി ‘ദി ഹിന്ദു’ തുടങ്ങിയ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങള്‍ എഴുതാറുണ്ട്.)

സംഗ്രഹം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles