Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ശഹാബുദ്ദീന്‍; ഏറെ തെറ്റിധരിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍

Syed-Shahabuddin1.jpg

ഏറെ തെറ്റിധരിക്കപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാളാണ് സയ്യിദ് ശഹാബുദ്ദീന്‍. ഒരുപക്ഷേ മാധ്യമങ്ങളുടെ ശത്രുതക്ക് ഏറ്റവുമധികം ഇരയാക്കപ്പെട്ട ഒരാളായിരിക്കാം അദ്ദേഹം. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും സേവനങ്ങളും പരിഗണിക്കുമ്പോള്‍, ഒരു നിലക്കും അദ്ദേഹം അര്‍ഹിക്കാത്ത നന്ദികേടാണ് പലപ്പോഴും നമ്മില്‍ ചിലരുടെ ഭാഗത്തു നിന്നുപോലും ഉണ്ടാകുന്നത്. പാട്‌ന യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സ്വര്‍ണ മെഡലിനും വിജയകരമായ നയതന്ത്ര രംഗത്തെ തൊഴിലിനും ഒപ്പം തന്റെ അടിസ്ഥാനങ്ങളോട് ഒത്തുതീര്‍പ്പിന് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകുമായിരുന്നു. മാധ്യമങ്ങളടക്കമുള്ള എല്ലാവര്‍ക്കുമിടയില്‍ സ്തുതിക്കപ്പെട്ടവനായി സമാധാനത്തോടെ സുഖകരമായ ഒരു ജീവിതവും അതിലൂടെ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.

ജനതാദള്‍ പാര്‍ട്ടിയിലൂടെ എംപിയായി പാര്‍ലമെന്റില്‍ എത്തിയ അദ്ദേഹം മുസ്‌ലിം വിഷയങ്ങള്‍ ഉയര്‍ത്തുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് നേരെ കണ്ണുതുറന്നു വെക്കുകയും നിരന്തരം അത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. മാധ്യമങ്ങളുടെ ശത്രുവാക്കി അദ്ദേഹത്തെയത് മാറ്റി. മുസ്‌ലിം പ്രശ്‌നങ്ങള്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് അദ്ദേഹം തുടര്‍ന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്ക് തന്നെ അദ്ദേഹം തലവേദനയായി. പാര്‍ലമെന്റിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാതെ അതിന്റെ വിലയൊടുക്കേണ്ടിയും വന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മൗലാനാ ഹിഫ്‌സുറഹ്മാന്‍ സാഹിബല്ലാത്ത മറ്റൊരാളെ ഇതുപോലെ (മതേതര പാര്‍ട്ടില്‍ ആയിരിക്കെ തന്നെ മുസ്‌ലിം വിഷയങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച) കാണാനാവില്ല. എണ്‍പതുകളില്‍ ശഹാബുദ്ദീന്‍ എല്ലാ പാര്‍ട്ടികളിലെയും മുസ്‌ലിം എംപിമാരെ വിളിച്ചു കൂട്ടി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ ചെന്നുകൊണ്ട് ഇന്ത്യയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അവര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. അന്ന് ശഹാബുദ്ദീന്‍ സാഹിബിനെ രൂക്ഷമായി അധിക്ഷേപിച്ചു കൊണ്ട് ‘Playing with fire’ എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ എഡിറ്റോറിയന്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

അദ്ദേഹത്തെ പോലെ മുസ്‌ലിം വിഷയങ്ങളെ കുറിച്ച് എഴുതിയ മറ്റൊരു രാഷ്ട്രീയക്കാരനില്ല. മുസ്‌ലിം സമുദായത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് ‘മുസ്‌ലിം ഇന്ത്യ’ എന്ന പേരിലുള്ള റിസര്‍ച്ച് ജേണല്‍. ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകര്‍ക്ക് അവഗണിക്കാനാവാത്ത ഒന്നാണത്.

ഒരു വര്‍ഗീയവാദിയോ മതമൗലികവാദിയോ ആയി മുദ്ര കുത്താവുന്ന ഒരൊറ്റ കാര്യം പോലും അദ്ദേഹത്തിന്റെ എഴുത്തിലോ പ്രസംഗങ്ങളിലോ ഇല്ലെന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിക്കുന്നത് എത്രവലിയ അസംബന്ധമാണ്! ഭരണഘടന ഉറപ്പു നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് അദ്ദേഹം അങ്ങനെ മുദ്രകുത്തപ്പെട്ടത്. എന്തുകൊണ്ടെന്നാല്‍, 1980ല്‍ മുറാദാബാദ് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പാര്‍ലമെന്റില്‍ ധീരമായൊരു പ്രഭാഷണം നടത്തി. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരെയായിരുന്നു അദ്ദേഹംത്തിന്റെ പ്രസംഗം. സല്‍മാന്‍ റുശ്ദിയുടെ നോവല്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മതമൗലികവാദിയെന്നും വിളിക്കപ്പെട്ടു.

നാല് വര്‍ഷം മുമ്പ് എന്റെ സുഹൃത്തായ ഡോ. ഹിലാല്‍ അഹ്മദ് ‘മുസ്‌ലിം ഇന്ത്യ’ പ്രസിദ്ധീകരിച്ച ശഹാബുദ്ദീന്റെ എഡിറ്റോറിയലുകളെ ആസ്പദമാക്കി കനപ്പെട്ട ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കിയിരുന്നു. ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (SOAS) ആയിരുന്നു അദ്ദേഹം പി.എച്ച്.ഡി ചെയ്തിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് നല്ല അവബോധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സൂപ്രവൈസറെ ആ പ്രബന്ധം കാണിച്ചപ്പോള്‍, മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന ശഹാബുദ്ദീന്‍ സാഹിബും അദ്ദേഹം യഥാര്‍ഥത്തില്‍ എന്തായിരുന്നു എന്നതും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പ്രതികരിച്ചത്. കഴിവുറ്റ രാഷ്ട്രീയ ചിന്തകനായിരുന്നു അദ്ദേഹമെന്നത് ആ പ്രബന്ധത്തിലൂടെ പുറത്തറിയണമെന്നും അദ്ദേഹം പറഞ്ഞു.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു പ്രൊഫസര്‍ ഒരു സെമിനാറില്‍ വെച്ച് ഡോ. ഹിലാല്‍ സാഹിബിനെ കാണുകയും അദ്ദേഹത്തിന്റെ ജേണലിലേക്ക് എന്തെങ്കിലും എഴുതിനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ പറഞ്ഞ ഗവേഷണ പ്രബന്ധത്തിന്റെ സംഗ്രഹം അദ്ദേഹം പ്രൊഫസര്‍ക്ക് അയച്ചു കൊടുത്തു. എന്നാല്‍ ശഹാബുദ്ദീന്‍ ഒരു ചിന്തകനോ ആക്ടിവിസ്‌റ്റോ അല്ലെന്നതാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ് ആ ലേഖനം പ്രസിദ്ധീകരിക്കാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്. നമ്മുടെ സമുദായം അദ്ദേഹത്തോട് ചെയ്്ത നന്ദികേടിന്റെ സ്വഭാവമാണിത് കാണിക്കുന്നത്.
(2010 ആഗസ്റ്റില്‍ മില്ലി ഗസറ്റ് പ്രസിദ്ധീകരിച്ചത്)

വിവ: നസീഫ്‌

Related Articles