Current Date

Search
Close this search box.
Search
Close this search box.

സന്നദ്ധ സേവനവും ഭൂമിയിലെ പ്രാതിനിധ്യവും

വാന ഭുവനങ്ങള്‍ സൃഷ്ടിച്ചതും ഭൂമിയെ ജനവാസവും പ്രാതിനിധ്യത്തിനുള്ള ഇടമാക്കിയതും അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമാണ്. ഭൂമിയുടെ പരിപാലനത്തിനായി മനുഷ്യരെ നിയോഗിക്കുന്നതിനെ പറ്റി അല്ലാഹു മലക്കുകളോട് വിവരിക്കുന്നുണ്ട്. ‘നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ‘ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.’ അവരന്വേഷിച്ചു: ‘ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.’ അല്ലാഹു പറഞ്ഞു: ‘നിങ്ങളറിയാത്തവയും ഞാനറിയുന്നു.” (അല്‍ബഖറ 30). ഈ പ്രാതിനിധ്യം അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ ആദരണീയതയും ശ്രേഷ്ടതയുമാണ്. പ്രസ്തുത ആദരണീയതയെ ഖുര്‍ആന്‍ വിവരിക്കുന്നു ‘ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു.’ (അല്‍ ഇസ്രാഅ് 70)

ഭൂമുഖത്തുള്ള സൃഷ്ടികളെയെല്ലാം അല്ലാഹു മനുഷ്യവംശത്തിന് വേണ്ടി സൃഷ്ടിച്ചതാണ്. മനുഷ്യന് അതിന്റെ പ്രാതിനിധ്യാവകാശം മാത്രമേ ഉള്ളൂ. അല്ലാഹു പറഞ്ഞു. ‘ഈ ഭൂമുഖത്തുള്ളതെല്ലാം നാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണ് ‘. അതില്‍ നിന്നും പ്രയോജനമെടുക്കുക, ഗുണപാഠമുള്‍ക്കൊള്ളുക തുടങ്ങിയവയാണ് ഇതിന്റെ താല്‍പര്യമെന്ന് ഇബ്‌നു അബ്ബാസ്(റ) ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിക്കുന്നുണ്ട്. മനുഷ്യന്റെ സൃഷ്ടിപ്പിന് പിന്നില്‍ പ്രധാനമായും രണ്ട് താല്‍പര്യങ്ങളാണുള്ളത്. അല്ലാഹുവിന് മാത്രം വഴിപ്പെടുക എന്നതാണ് ഇതില്‍ പ്രഥമമായത്. ‘ജിന്നുകളെയും മനുഷ്യരെയും എനിക്കു വഴിപ്പെട്ടു ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും കൊതിക്കുന്നില്ല. അവരെനിക്ക് തിന്നാന്‍ തരണമെന്നും ഞാനാഗ്രഹിക്കുന്നില്ല. അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ. ‘(അദ്ദാരിയാത്ത് 56-58). ഭൂമിയിലെ പ്രാതിനിധ്യമാണ് രണ്ടാമത്തെ ഉത്തരവാദിത്തം. ഈ രണ്ടു ഉത്തരവാദിത്തങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒന്ന് വ്യക്തി ബാധ്യതയും മറ്റൊന്ന് സാമൂഹ്യ ബാധ്യതയുമാണ്. ആരാധന കര്‍മങ്ങള്‍ പോലെ എല്ലാ വ്യക്തികളും നിര്‍വഹിക്കേണ്ടതാണ് വ്യക്തി ബാധ്യത. എന്നാല്‍ അക്രമം തടയുക, മുങ്ങിയവനെ രക്ഷപ്പെടുത്തുക എന്നിവ പോലെ ഭൂമിയുടെ പ്രാതിനിധ്യം എന്നത് സാമൂഹ്യ ബാധ്യതയാണ്. ഭൂമിയിലൂടെ സഞ്ചരിച്ച് അതില്‍ നിന്നുള്ള പ്രയോജനങ്ങള്‍ പുറത്തെടുക്കാനും ജനങ്ങള്‍ക്ക് അത് മുഖേന ഉപകാരം ലഭിക്കാന്‍ അതിയായി താല്‍പര്യമെടുക്കുകയും ചെയ്യണം. കാരണം ഭൂമിയിലെ പ്രാതിനിധ്യമേറ്റെടുത്തു ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുക എന്നതാണ് മനുഷ്യന്റെ ബാധ്യത. ‘ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക.’ (അല്‍ഹദീദ് 7).

മനുഷ്യന്‍ ഭൂമുഖത്തെ പരിമിതമായ വാസകാലത്ത് ഭൂമിയുടെ പരിപാലന രംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ താന്‍ ജീവിച്ചു എന്നതിന് തെളിവുകള്‍ അവശേഷിപ്പിക്കേണ്ടതുണ്ട്. പിന്‍മുറക്കാര്‍ നമ്മെക്കുറിച്ച് സല്‍കീര്‍ത്തി പറയാനും ഇത് വളരെ അനിവാര്യമാണ്. മനുഷ്യന്‍ എന്നത് മരണാനന്തരം അവനെ കുറിച്ചുള്ള ഗൗരവതരമായ സംസാരങ്ങളാണ് എന്നാണല്ലോ ആപ്തവാക്യം.
സാധാരണക്കാര്‍ ജീവിക്കുന്നതുപോലെ ജീവിച്ച് മരണം വരിച്ചു തന്റെ ദൗത്യം വിസ്മരിച്ച എത്രപേരുണ്ട്. മനുഷ്യര്‍ അല്ലാഹുവിനോട് ആശ്രിതരാണ്. അവരില്‍ അല്ലാഹുവിന് ഏറ്റവും സ്‌നേഹമുള്ളത് ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനം ചെയ്യുന്നവരാണ്. മുസ്‌ലിങ്ങളുടെ സ്ഥിതിവിശേഷങ്ങള്‍ അന്വേഷിച്ചറിയുകയും സാധ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുക എന്നത് വളരെ അനിവാര്യമാണ് . പ്രവാചകന്‍(സ) പഠിപ്പിച്ചു. ‘ മുസ്‌ലിങ്ങളുടെ വിഷയങ്ങള്‍ക്ക് പരിഗണന നല്‍കാത്തവന്‍ അവരില്‍ പെട്ടവനല്ല’. ഭൂമുഖത്ത് ജീവിക്കുന്ന എല്ലാ അശരണര്‍ക്കും പീഢിത വര്‍ഗങ്ങള്‍ക്കും വേണ്ടി നിലകൊള്ളുക എന്നതും വളരെ പ്രധാനമാണ്. നമ്മുടെ മണ്ണിനെയും വിണ്ണിനെയും മലീമസമാക്കുന്ന എല്ലാ ദുശ്ശക്തികളോടുമുള്ള പോരാട്ടവും ഇതിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. പിന്‍മുറക്കാരായി വരുന്ന തലമുറക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കുക എന്നതും നമ്മുടെ വലിയ ബാധ്യതയാണ്.

ഭൂമിയുടെ പരിപാലനത്തിന് വേണ്ടി സന്നദ്ധസേവനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഉത്തമമായ പ്രതിഫലമുണ്ട്. കാരണം ഭൂമിയുടെ ഏറ്റവും നല്ല പരിപാലകരാണവര്‍. ‘ നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍.'(ആലുഇംറാന്‍ 104). സന്നദ്ധ സേവനം എന്നത് പ്രവാചകന്റെ ചര്യയുടെ പുനരുജ്ജീവനത്തിന്റെ ഭാഗമാണ്. പ്രവാചകന്‍(സ) ഒരിക്കല്‍ സദഖ ചെയ്യാന്‍ വേണ്ടി പ്രേരണ നല്‍കി. അന്‍സാരികളില്‍ പെട്ട ഒരു സഹാബി അല്‍പം ഭാരമുള്ള ഒരു കിഴിയുമായി പ്രവാചക സവിദത്തിലെത്തി. അപ്പോള്‍ പ്രവാചകന്‍(സ) പ്രതിവചിച്ചു. ‘ ഇസ്‌ലാമില്‍ സദ്‌സംരംഭത്തിന് ആരെങ്കിലും തുടക്കം കുറിച്ചാല്‍ അവന് അതിന്റെ പ്രതിഫലമുണ്ട്. അത് ആരെല്ലാം അനുകരിച്ചോ അതിന്റെയും പ്രതിഫലം മാതൃക കാണിച്ചവന് ലഭിക്കും. എന്നാല്‍ അനുകര്‍ത്താക്കളുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറവു വരുത്തുകയുമില്ല. ചീത്ത സംരംഭത്തിന് തുടക്കം കുറിച്ചവരും തഥൈവ’. സന്നദ്ധസേവകരായ ഇസ്‌ലാമിക പ്രബോധകര്‍ക്ക് ഉമ്മത്തിന്റെ യഥാര്‍ഥ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ വലിയ പദവിയും പ്രതിഫലവുമുണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതനുകരിച്ച് ആരെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നുവോ അതില്‍ നിന്നുള്ള ഒരു വിഹിതവും അവന് ലഭിച്ചുകൊണ്ടേയിരിക്കും.
ജനങ്ങള്‍ക്കിടയില്‍ സേവനസംസ്‌കാരം വളര്‍ത്തിയെടുക്കണമെങ്കില്‍ ആദ്യമായി നാം അത് നമ്മില്‍ നിന്നുതന്നെ തുടങ്ങണം. പിന്നീട് മറ്റുള്ളവരിലേക്ക് ആ സംസ്‌കാരം പറിച്ചുനടണം. സേവനമനസ്‌കരായ സമൂഹമാണ് നമ്മുടേതെന്ന് നമുക്ക് ദൃഢബോധ്യമുണ്ട്. അതിനാല്‍ തന്നെ പ്രസ്തുത മാര്‍ഗത്തില്‍ പുതിയ വഴികള്‍ വെട്ടിത്തെളിയിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്.
സേവനസംസ്‌കാരത്തിന്റെ പ്രായോഗിക മാതൃകകള്‍ പുനരുജ്ജീവിപ്പിക്കേണ്ട അനിവാര്യമായ സന്ദര്‍ഭമാണിത്. ലോകത്തിന് മാതൃകയില്ലാത്ത സേവന സംരംഭങ്ങളുടെ മഹിതമാതൃകള്‍ ഇസ് ലാമിക കാലഘട്ടത്തില്‍ സൃഷ്ടിച്ചതായി കാണാം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles