Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസം: ശരിയുത്തരം കറുപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് മാറ്റം വരുന്നു

വിദ്യാഭ്യാസ രംഗത്തും സെമിനാറുകളിലും വിവിധ ക്ലാസുകള്‍ നയിക്കുന്നവര്‍ ഏറെ ഉപയോഗിക്കുന്ന പവര്‍പോയന്റ് സോഫ്റ്റ്‌വെയറിനെ കുറിച്ച ധാരാളം പഠനങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്. ഏകപക്ഷീയമായ കേള്‍വിക്കപ്പുറം, പ്രധാനപ്പെട്ട കാര്യങ്ങളെ വേര്‍ത്തിരിച്ചെടുക്കാനും വിഷയത്തെ പിന്താങ്ങുന്ന ദൃശ്യാനുഭവങ്ങളും ലഭ്യമാകുന്നുവെന്നതാണ് പവര്‍പോയന്റിന്റെ ജനപ്രിയതക്കു കാരണം. എന്നാല്‍ പവര്‍ പോയന്റ് ഉപയോഗം അറിവിന്റെ കൈമാറ്റത്തിനു മുന്നില്‍ അധ്യാപകനും വിദ്യാര്‍ഥിക്കുമിടയില്‍ ഒരു വലിയ മതില്‍ സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ആവശ്യമായ മുന്നൊരുക്കമോ സ്വന്തമായ വിശകലനങ്ങളോ ഇല്ലാതെ ഏതാനും വാചകങ്ങളെ ബുള്ളറ്റുകളുടെ സഹായത്തോടെ വായനക്കുവെക്കുന്നുവെന്നതു തന്നെയാണിതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അടിസ്ഥാന വിവരമൊന്നുമില്ലാതെ ആര്‍ക്കും ഒരു കോളജ് പ്രഫസറാവാമെന്ന കുത്തു വാക്കുകളും സോഷ്യല്‍ മീഡിയകളില്‍ കാണാനാവും. പവര്‍ പോയന്റിന്റെ കാര്യത്തില്‍ മാത്രമല്ല, സാങ്കേതിക വിദ്യയുപയോഗിച്ചുള്ള വിദ്യാഭ്യാസ രീതികളില്‍ നിന്നും ഗ്രീന്‍ കാമ്പസ് എന്ന സങ്കല്‍പം ലോക വിദ്യാഭ്യാസ രംഗത്ത് സജീവമായിരിക്കുന്നു. വൃക്ഷച്ചുവട്ടിലും പൂന്തോട്ടത്തിലുമിരുന്നു കൊണ്ടുള്ള പഴയ വിദ്യാഭ്യാസ രീതിയുടെ പുതിയ പേരാണ് ഗ്രീന്‍ കാമ്പസ്.

അറിവിനെ വിവരമായും വിദ്യാഭ്യാസത്തെ വിവരക്കൈമാറ്റമായും തെറ്റിദ്ധരിച്ച നമ്മുടെ കാലത്തു നിന്നുള്ള തിരിച്ചു പോക്കായി വേണം ഈ മാറ്റത്തെ വിലയിരുത്താന്‍. വിവര സാങ്കേതിക വിദ്യയാണല്ലോ ഏതാനും ദശകങ്ങളായി ലോകത്ത് ആഘോഷിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ കൈമുതലായുള്ളവന്‍ ഏറ്റവും വലിയ വിദ്യാഭ്യാസം നേടിയവനായി വിലയിരുത്തപ്പെടുകയും ആ വിവരങ്ങള്‍ ആര്‍ജിക്കുന്നതിനുള്ള രീതിയും ഉപകരണവുമായി സാങ്കേതിക വിദ്യ മാറുകയും ചെയ്ത കാലമാണിത്. കേവല പ്രചാരണത്തിനപ്പുറം സമൂഹം ആത്മാര്‍ഥമായി അതിനെയങ്ങനെ തന്നെ വിശ്വസിച്ചിരിക്കുന്നു.

അധ്യാപകനില്‍ നിന്നും വിദ്യാര്‍ഥിയിലേക്ക് പ്രവഹിക്കേണ്ട മൂല്യങ്ങളുടെ സംഘാതമാണ് വിദ്യാഭ്യാസമെന്ന് നിര്‍വചിക്കപ്പെട്ടിരുന്നത്. അതിനെ തിരുത്തപ്പെടുകയും അധ്യാപകന്‍ വിവരക്കൈമാറ്റം നടത്തുന്നതിനുള്ള ഉപകരണമായി മനസ്സിലാക്കപ്പെടുകയും ചെയ്തു. ഈ ഉപകരണത്തേക്കാള്‍ കാര്യക്ഷമതയുള്ളതും ഫലപ്രാപ്തി ഉറപ്പു വരുത്തുന്നതുമായ യന്ത്രവല്‍കൃത ഉപകരണങ്ങള്‍ പുതുതായി കണ്ടുപിടിക്കപ്പെട്ടതോടെ അധ്യാപകന്‍ പതുക്കെ അപ്രസക്തമായി തുടങ്ങി. ആദ്യം ടെക്സ്റ്റ് ബുക്കായും പിന്നീട് ഗൈഡുകളായും തുടര്‍ന്ന് വീഡിയോ ക്ലാസ് റൂമുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഇന്റര്‍ ആക്ടീവ് സൗകര്യമുള്ള രംഗപ്രവേശം ചെയ്തു. വിദൂര വിദ്യാഭ്യാസവും ഇതിന്റെ വകഭേദമാണ്. ഇതില്‍ നിന്നാണ് ഒരു തിരിച്ചു നടത്തം വിദ്യാഭ്യാസ മേഖല ആഗ്രഹിക്കുന്നത്.

ഇത് കേവലം ആഗ്രഹം മാത്രമല്ല, അനുഭവം നല്‍കിയ പാഠം മാത്രമാണ്. വ്യക്തിത്വവും വികാരവുമെല്ലാമുള്ള ഒരു മനുഷ്യനെ കേവലം വിവരശേഖരണം നടത്തുന്ന യന്ത്രമായി പരിഗണിക്കുകയും കൂടുതല്‍ വിവരശേഖരണം നടത്തുന്ന യന്ത്രം കൂടുതല്‍ ഗുണമേന്‍മയുള്ള യന്ത്രമായും മാറിയതോടെ ജീവിതത്തില്‍ നിന്നും അറിവും തിരിച്ചറിവും നഷ്ടപ്പെടുകയാണുണ്ടായതെന്ന് ലോകം ഇന്ന് വിലയിരുത്തുന്നു. വിദ്യാഭ്യാസം മനുഷ്യനെ സംസ്‌കാര സമ്പന്നനും സല്‍സ്വഭാവിയുമായി മാറ്റുമെന്ന് നിരന്തരമായി നമ്മള്‍ ആണയിട്ടു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഏറ്റവും അധികം വിവരം നേടിയവന്‍ മികച്ച ചൂഷകനും മനുഷ്യ വിരുദ്ധനുമായി കാണപ്പെടുന്നതിന്റെ കാരണമിതാണ്. ലോകത്തെ ഏറ്റവും ലാഭമുള്ള കച്ചവടമായി ആയുധ വ്യാപാരത്തെ രാഷ്ട്രങ്ങള്‍ കാണുന്നതും അതിനുള്ള വിപണന തന്ത്രമായി ആയിരങ്ങളെ കൊന്ന് ചോരപ്പുഴയൊഴുക്കുന്ന യുദ്ധങ്ങളെ ഉപയോഗിക്കുന്നതും അതുകൊണ്ടാണ്.

വിദ്യാഭ്യാസം നേടുന്നതോടൊപ്പം അത് തൊഴില്‍ നേടുന്നതിനുള്ള ഉപാധി മാത്രമായാണ് ആരും മനസ്സിലാക്കുന്നത്. തന്നില്‍ നിന്നും തന്നെ പോലുള്ള സഹജീവികളില്‍ നിന്നും അവയുടെ വിചാര വികാരങ്ങളില്‍ നിന്നും തീര്‍ത്തും അകറ്റി നിര്‍ത്തുന്ന ഒന്നായി വിദ്യാഭ്യാസം മാറിയതാണ് വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അപചയങ്ങളിലൊന്ന്. ഇതില്‍ നിന്നാണ് ഒരുപാട് വിവരങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള ഒരു യന്ത്രം മാത്രമാണ് താനെന്ന് അധ്യാപകന്‍ മനസ്സിലാക്കിയത്. മെച്ചപ്പെട്ട രീതിയില്‍ വിവരം നല്‍കുന്ന വീഡിയോ ക്ലാസുകളുള്ളപ്പോള്‍ പിന്നെന്തിന് അധ്യാപകനെന്ന് ചിന്ത വന്നതും ഇതിനാലാണ്.
    
യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിനകത്ത് പല ഘടകങ്ങളുണ്ട്. ഒരു വിദ്യാര്‍ഥി ആര്‍ജിക്കുന്ന വിവരത്തെ അളന്നെടുക്കാന്‍ സാധിക്കും. അതിനൊരു ഒ.എം.ആര്‍ ഷീറ്റ് മതി. നാല് ഉത്തരങ്ങളില്‍ മൂന്നെണ്ണം തെറ്റാണെന്നും ഒന്നു മാത്രമാണ് ശരിയെന്നും അവന്റെ വിവരമാണ്. ഈ വിവരമാണിന്ന് ആഘോഷിക്കപ്പെടുന്നത്. പരസ്പരമുള്ള മല്‍സരത്തില്‍ വിജയ പരാജയങ്ങളുടെ അടിസ്ഥാനവും ഇതു തന്നെ. ശരിയായ വിവരത്തിലേക്ക് കൊണ്ടെത്തിക്കുന്ന കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ് വെയറായി നിരന്തര പരിശീലനത്തിലൂടെ അവന്‍ മാറിയിരിക്കുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ അറിവിനെ, വിവേകത്തെ അളന്നെടുക്കാനോ പോസിറ്റീവ്, നെഗറ്റീവ് മാര്‍ക്കുകള്‍ക്കിടയില്‍ നിര്‍വചിക്കാനോ സാധിക്കില്ല. അത് അനുഭവിച്ചറിയാനേ കഴിയൂ. ഈ മൂല്യബോധം, അഭ്യസ്ത വിദ്യനല്ലാത്ത ഒരു വ്യക്തിയില്‍ നിന്നു പോലും അനുഭവിക്കാനും സാധിക്കുന്നു. അപ്പോള്‍ വിവരത്തെ അറിവായും അറിവിനെ മൂല്യബോധമായും പരിവര്‍ത്തിപ്പിക്കുകയെന്ന ചുമതലയാണ് വിദ്യാഭ്യാസത്തിനു നിര്‍വഹിക്കാനുള്ളത്. ഇവിടെയാണ് അധ്യാപകനും ചുറ്റുപാടുകളുമൊക്കെ പ്രസക്തമാവുന്നത്. അതായത്, വിദ്യാഭ്യാസ രംഗത്ത് അധ്യാപകനെ നിലനിര്‍ത്തുകയെന്നത് ഒരു തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രക്രിയയല്ല, മറിച്ച് മനുഷ്യത്വം നിലനിര്‍ത്തുന്നതിനനിവാര്യമായ ഒന്നാണ്. ജീവിതത്തില്‍ മൂല്യങ്ങളുള്ളവനാവുകയെന്ന തലത്തില്‍ നിന്നും ശരിയുത്തരങ്ങളെ കറുപ്പിക്കുന്നവനായി വിദ്യാര്‍ഥി മാറിയതും വിദ്യാഭ്യാസത്തിനു സംഭവിച്ച ഈ അപചയത്തില്‍ നിന്നാണ്. പഴയ പത്താം തരം തോറ്റവന്‍ ചെയ്യാനറക്കുന്ന കാര്യങ്ങള്‍ മികവിന്റെ ഈ കാലത്ത് പിഎച്ച്ഡിക്കാരന് ചെയ്യാന്‍ സാധിക്കുന്നതും ഈ കീഴ്‌മേല്‍ മറിച്ചില്‍ കാരണമാണ്. ഈ മറിഞ്ഞു കിടക്കുന്ന അടിസ്ഥാനങ്ങളിലാണ് നാമിതുവരെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. ഇത് ഭീമാബദ്ധമാണെന്ന തിരിച്ചറിവാണ് ഗ്രീന്‍ കാമ്പസ് എന്ന സങ്കല്‍പത്തിനു പിന്നല്‍. പതിയെ, അധികമൊന്നും വൈകാതെ, ശീതീകരിച്ച, വീഡിയോ ചുമരുകളുള്ള, ഡിജിറ്റല്‍ ശബ്ദ സൗകര്യങ്ങളുള്ള ക്ലാസുറൂമുകളുടെ വാതിലുകള്‍ ഭേദിച്ച് നമ്മുടെ വിദ്യാഭ്യാസ രംഗവും മരച്ചുവട്ടിലേക്കും ആദ്യ വിദ്യാലയത്തിലേക്കും ഓടേണ്ടി വരും.

Related Articles