Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഉമ്മ: ജീവസ്സുറ്റ വ്യക്തിത്വത്തിനും ഓജസ്സുറ്റ സമൂഹത്തിനുമിടയില്‍

സഹസ്രാബ്ദങ്ങളായി ഇസ്‌ലാമിക സമൂഹം, സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായ മേഖലയിലെ തങ്ങളുടെ നാഗരിക ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക സമൂഹത്തിലെ ജീവസ്സുറ്റ വ്യക്തിത്വങ്ങളും ഓജസ്സുറ്റ സമൂഹങ്ങളുമാണ് ഈ മഹത്തായ ദൗത്യം സാക്ഷാല്‍കൃതമാക്കിയത്. ഈ ചടുലതയും ക്രിയാത്മകതയും രൂപപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്തത് എപ്രകാരമാണെന്ന ചര്‍ച്ച തീര്‍ച്ചയായും പ്രസക്തമാണ്.

മുസ്‌ലിമിന്റെ അന്തരാളങ്ങളില്‍ ഈമാനും ഇസ്‌ലാമും  കരുപ്പിടുപ്പിച്ച വ്യക്തിത്വമാണ് ഇതിന് നിദാനമായത്. ആകാശ ഭൂമികളും രാപ്പകലുകളും, സൂര്യ ചന്ദ്രാതികളും സൃഷ്ടിച്ചത് അല്ലാഹുവാണെന്ന ബോധം അല്ലാഹുവിനെ മഹത്വപ്പെടുത്താന്‍ ഒരു മുസ്‌ലിമിനെ പ്രേരിപ്പിക്കുന്നു. അല്‍ഭുതകരമായ സൃഷ്ടികളെ അവന്‍ പടച്ചു. മനുഷ്യരുടെ മേല്‍ അനന്തമായ അനുഗ്രഹം അവന്‍ ചൊരിഞ്ഞതിനാല്‍ മനുഷ്യന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നു. നിദ്രക്കും ശാന്തതക്കുമായുള്ള രാവ്, അതില്‍ നിന്ന് ഊര്‍ജം നേടി ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പകല്‍, ജീവിതായോധനം തേടാന്‍ സജ്ജമാക്കപ്പെട്ട ഭൂമി, ആഴ്ചകളും മാസങ്ങളും നിര്‍ണയിക്കാനുള്ള സൂര്യചന്ദ്രാതികള്‍, ഇമ്പമുണ്ടാക്കുന്ന ഇണകള്‍, ആഹരിക്കാനുള്ള സസ്യമൃഗാദികള്‍, ദാഹം ശമിപ്പിക്കാനുള്ള തെളിനീര്, നയനങ്ങള്‍, കാഴ്ച, കേള്‍വി… തുടങ്ങിയവയെല്ലാം അവന്റെ അനുഗ്രഹങ്ങളാണ്.

മലക്കുകളിലെ വിശ്വാസവും വിശ്വാസിയുടെ ഹൃദയത്തില്‍ അല്ലാഹുവിന്റെ മഹോന്നതി വാഴ്ത്താന്‍ പ്രേരിപ്പിക്കുന്നു. ഉന്നതമായ ശക്തിയും സ്വാധീനവും ഉത്തരവാദിത്തവുമുള്ള സൃഷ്ടികളെ പടച്ചവനാണവന്‍. വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്തയേകുകയും പാപമോചനമിരക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നതിനാല്‍ മലക്കുകളോട് അഗാധ സ്‌നേഹം അവനുണ്ടാകുന്നു.

ദൈവദൂതരിലും വേദഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം മുസ്‌ലിമിന്റെ ഹൃദയത്തില്‍ അല്ലാഹുവിനെ മഹത്വവല്‍ക്കരിക്കാന്‍ പ്രേരണയുണ്ടാക്കുന്നു. ജനങ്ങളുടെ ഇഹപര മാര്‍ഗദര്‍ശനത്തിനായി വഴിവെളിച്ചം നല്‍കിയവരാണവര്‍. പ്രവാചകന്മാരെ സഹായിക്കുകയും നിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അല്ലാഹുവിനെക്കുറിച്ച് ആത്മവിശ്വാസം അവനില്‍ രൂഢമൂലമാകുന്നു. പ്രവാചകന്മാരെക്കുറിച്ച പഠനം ചരിത്രത്തിന്റെ ചാക്രികതക്കിടയില്‍ നന്മക്കും സംസ്‌കരണത്തിനുമായി നിലകൊണ്ട ആ മാര്‍ഗത്തില്‍ എന്നും സ്ഥൈര്യത്തോടെ നിലകൊള്ളാന്‍ അവനെ പ്രേരിപ്പിക്കുന്നു. പരലോക വിശ്വാസം വിശ്വാസികളുടെ ഹൃദയങ്ങളില്‍ സ്വര്‍ഗീയാരാമങ്ങളെ കുറിച്ച പ്രതീക്ഷയും നരകാഗ്നിയെ കുറിച്ച ഭയവും ജനിപ്പിക്കുന്നു.

ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളും ഇപ്രകാരം വിശ്വാസിയുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനല്‍പമായ പങ്ക് വഹിക്കുന്നു. നമസ്‌കാരത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ വിനയത്തോടും ഭക്തിയോടും സഹായം ആവശ്യപ്പെട്ടും നാം നില്‍ക്കുന്നു. സുജൂദും റുകൂഉമെല്ലാം അല്ലാഹുവിന്റെ ഏത് കല്‍പനയും ശിരസ്സാവഹിക്കാന്‍ തയ്യാറാണ് എന്ന പരിശീലനവുമാണ്. അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹങ്ങള്‍ മനസ്സിലാക്കി സ്വര്‍ഗം ചോദിക്കാനും നരകത്തില്‍ നിന്ന് കാവല്‍ തേടാനും അവനത് പ്രേരണ നല്‍കുന്നു.

അല്ലാഹുവിന്റെ കല്‍പനപ്രകാരം തന്റെ ധനത്തില്‍ നിന്നൊരു വിഹിതം ഇല്ലാത്തവന് നല്‍കി അല്ലാഹുവിന് വിധേയനാകാന്‍ സകാത്ത് വിശ്വാസിയെ പ്രേരിപ്പിക്കുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ സമ്പത്ത് ദൈവമാര്‍ഗത്തില്‍ വിനിമയം ചെയ്യാനുള്ള പ്രേരണ അവന് നല്‍കുന്നു. വഖഫ് പ്രൊജക്ട് പോലുള്ള മുസ്‌ലിം സമൂഹത്തിന്റെ സഞ്ചാരഗതിയില്‍ നിര്‍ണായക സ്വാധീനമുള്ള പദ്ധതികള്‍ക്ക് പ്രേരണയും ഈ മനോദാര്‍ഢ്യം തന്നെ. മദീനയില്‍ പ്രവാചകന്‍(സ) നടപ്പാക്കിയ വഖഫ് ആയിരുന്നു ഇസ്്‌ലാമിലെ പ്രഥമ വഖഫ് സംരംഭമായി  അറിയപ്പെടുന്നത്. ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ട മുഖൈരീഖ് എന്ന ജൂതന്റെ ഏഴ് തോട്ടങ്ങളായിരുന്നു അത്. ഞാന്‍ വധിക്കപ്പെട്ടാല്‍ എന്റെ ധനം മുഹമ്മദിന് നല്‍കണം, അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹമത്് വിതരണം ചെയ്യട്ടെ എന്ന് അയാള്‍ വസിയത്ത് ചെയ്യുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ അദ്ദേഹം വധിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു. യഹൂദികളില്‍ ഉത്തമനാണ് മുഖൈരീഖ്. പ്രവാചകന്‍(സ) ആ തോട്ടങ്ങള്‍ വഖഫ് സ്വത്താക്കി മാറ്റി. അതിന് ശേഷം സഹാബാക്കളും വഖഫ് സംരംഭത്തിലേര്‍പ്പെടുകയുണ്ടായി. ഖൈബറില്‍ നിന്ന് ലഭിച്ച സ്വത്തുകള്‍ ഉമറും, ബിഅ്‌റ് റൂമ എന്ന കിണര്‍ ഉസ്മാനും, ബൈറുഖാഅ് എന്ന തോട്ടം അബൂത്വല്‍ഹ(റ)യും വഖഫ് ചെയ്യുകയുണ്ടായി. പിന്നീട് ഇസ്‌ലാമിക ലോകത്തിലെ സമ്പത്തിന്റെ മൂന്നിലൊന്ന് എത്തുന്ന രീതിയില്‍ വഖഫിന്റെ കാര്യത്തില്‍ മുസ്‌ലിം സമൂഹം മല്‍സരിച്ചു മുന്നേറുകയുണ്ടായി. സാമൂഹികവും സാമ്പത്തികവും ആരോഗ്യവും വൈജ്ഞാനികവുമായ മേഖലയില്‍ ക്രിയാത്മകമായി ഇവ വിതരണം ചെയ്യുകയുണ്ടായി.

പ്രാഥമിക വിദ്യാലയങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സംരംഭങ്ങള്‍ വരെ മുന്നോട്ട് പോയത് മുസ്‌ലിങ്ങളുടെ വഖഫ് സ്വത്തില്‍ നിന്നായിരുന്നു. മുസ്‌ലിം ലോകത്തെ ഉന്നതരായ പണ്ഡിതരും കര്‍മശാസ്ത്ര വിശാരദരുമെല്ലാം പഠിച്ച് വളര്‍ന്നത് വഖഫ് സംരംഭത്തില്‍ കെട്ടിപ്പെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നായിരുന്നു. കര്‍മശാസ്ത്ര രംഗത്തെ വൈവിധ്യമായ മദ്ഹബുകള്‍, വൈദ്യശാസ്ത്രം തുടങ്ങിയവ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ അറബ് ലോകത്ത് വ്യാപകമായി കാണാം. ഇബ്‌നു ഖല്‍ദൂന്‍ കൈറോയിലെ വൈജ്ഞാനിക ഉണര്‍വുകളെപറ്റി വിവരിക്കുന്നിടത്തും വഖഫ് സംരംഭങ്ങളെകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം നല്‍കാനും ഭക്ഷണം പാര്‍പ്പിടം ശമ്പളം തുടങ്ങിയ സംവിധാനങ്ങളൊരുക്കാനുമെല്ലാം വഖഫിനെയാണ് ആശ്രയിച്ചിരുന്നത്. ഇസ്‌ലാമിക ലോകത്തെ ലൈബ്രറികളിലേക്ക് മുസ്‌ലിങ്ങള്‍ ധനമായും പുസ്തകമായും ഖജാനകളായും വ്യാപകമായ രീതിയില്‍ വഖഫ് ചെയ്തതായി കാണാം. ഗോളശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങള്‍ വരെ ഇത്തരത്തില്‍ കെട്ടിപ്പെടുക്കപ്പെട്ടിരുന്നു. രോഗികളുടെ ശുശ്രൂഷക്കായി ആതുരാലയങ്ങളും ചികില്‍സാ കേന്ദ്രങ്ങളും വൈദ്യശാസ്ത്ര പഠന സംരംഭങ്ങളുമെല്ലാം സംവിധാനിച്ചതായി നമുക്ക് കാണാം. വഖഫ് പ്രൊജക്ടുകള്‍ അന്ന് മനുഷ്യര്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല, ജീവജാലങ്ങളുടെ പരിപാലനത്തിനായുള്ള മൃഗാശുപത്രികള്‍ വരെ സ്ഥാപിച്ചതായി കാണാം.

ഇസ്‌ലാമിക സമൂഹത്തിന്റെ സാമ്പത്തിക പുരോഗതി സാക്ഷാല്‍കരിക്കുന്ന മേഖലകളിലും വഖഫ് സംരംഭങ്ങള്‍ ക്രിയാത്മകമായി ഇടപെട്ടിരുന്നു. സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലുള്ള നിരവധി നിക്ഷേപ സംരംഭങ്ങള്‍ സ്ഥാപിച്ചിരുന്നു. ദരിദ്രരായവര്‍ക്ക് ജീവിതോപാധിയായി കാലികളെ നല്‍കല്‍, രോഗികളെ സൗജന്യമായി ശുശ്രൂഷിക്കുന്ന ആതുരാലയ കേന്ദ്രങ്ങള്‍, ദരിദ്രരുടെ വിവാഹ സംരംഭത്തിനായി വസ്ത്രങ്ങളും ആഭരണങ്ങളും നല്‍കല്‍ തുടങ്ങിയ വൈവിധ്യമായ സംരംഭങ്ങള്‍ക്ക് വഖഫ് നേതൃത്വം നല്‍കുന്നുണ്ട്.

സക്രിയ സമൂഹം
പ്രവാചകന്‍(സ) മക്കാനിവാസികളെയും അറബികളെയും ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്തുകൊണ്ടാണ് തന്റെ ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. മനുഷ്യസമൂഹമാണ് ഇത് അഭിസംബോധകരെന്ന് അതിന്റെ ഒന്നാം തിയ്യതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘ലോകര്‍ക്ക് അനുഗ്രഹമായിക്കൊണ്ടാണ് പ്രവാചകന്മാരെ നാം നിയോഗിച്ചത്’ എന്ന ഖുര്‍ആനികാഹ്വാനം ഇതാണ് വിളംബരം ചെയ്യുന്നത്. ജനങ്ങളാണ് ഇസ്‌ലാമിന്റെ അഭിസംബോധകര്‍ എന്ന് വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങള്‍ (അമ്പിയാഅ് (107), സ്വാദ് (87), അഅ്‌റാഫ് (158) ഉണ്ട്. അറേബ്യയില്‍ ഇസ്‌ലാമിക പ്രബോധനം വേരുറച്ചതോടെ ശാം, ഇറാഖ്, പേര്‍ഷ്യ, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലേക്ക് അതിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. ജനങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാനാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.(അല്‍ ഹുജുറാത്ത്: 13). വൈവിധ്യമായ വിഭാഗങ്ങളെയും ഗോത്രങ്ങളെയും ഉള്‍പെടുത്തിക്കൊണ്ട് ഒരു ഇസ്‌ലാമിക സമൂഹം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇസ്‌ലാം വിജയിച്ചിട്ടുണ്ട്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു സംസ്‌കാരം കെട്ടിപ്പെടുക്കുാന്‍ സാധിച്ചു എന്നതാണ് അതിന്റെ വിജയം.

ഇസ്‌ലാമിന്റെ ശത്രുക്കളെ നേരിടുന്നതില്‍ ഓജസ്സുള്ള സംഘമായി നിലകൊള്ളുകയുണ്ടായി അവര്‍. കുരിശ് സൈന്യത്തിന്റെ ആക്രമണങ്ങളെ തുര്‍ക്കുമാന്‍ വംശജനായ നൂറുദ്ദീന്‍ സന്‍കി തന്റെ തുര്‍ക്കി ജനതയോടൊപ്പം ചേര്‍ന്ന് നേരിട്ടതായി കാണാം. കുരിശ് സേനക്കെതിരെ ആദ്യമായി വിജയിക്കുവാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായി. ഹിത്വീന്‍ യുദ്ധത്തില്‍ കുരിശ് സൈന്യത്തെ പരാജയപ്പെടുത്തിയത് ഖുര്‍ദി വംശജനായ സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു. ഐനുജാലൂത്ത് യുദ്ധത്തില്‍ മംഗോളിയരെ പരാജയപ്പെടുത്തിയത് വ്യത്യസ്ഥ അടിമ രാജവംശത്തെ ഒരുമിച്ചുകൂട്ടിയായിരുന്നു. തുര്‍ക്കികളായ ഉസ്മാനികള്‍ ബൈസാന്റിയക്കാരെ നേരിടുകയും അവരുടെ തലസ്ഥാനമായ ഖുസ്ത്വന്‍തീന പിടിച്ചടക്കുകയും ചെയ്തത് ഇപ്രകാരം തന്നെ. പിന്നീട് ഇസ്‌ലാം യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചരിക്കുകയുണ്ടായി. ബര്‍ബറുകള്‍ ഇസ്‌ലാമിനെ ആഫ്രിക്കയില്‍ പ്രചരിപ്പിച്ചു. ഇപ്രകാരം ഇസ്‌ലാമിക നാഗരികതയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ഥ വിഭാഗങ്ങള്‍ ഇസ്‌ലാമിനെ സംരക്ഷിക്കുന്നതിന് വേണ്ടി രംഗത്ത് വന്നതായി കാണാം. ചരിത്രത്തിലുട നീളം ഇസ്‌ലാമിക നാഗരികത അതിന്റെ ദൗത്യനിര്‍വഹണത്തില്‍ ഈ സംഘശക്തി പ്രയോജനപ്പെടുത്തിയതായി കാണാം.

വ്യക്തിപരമായ ഓജസ്സ് നിലനിര്‍ത്താനുള്ള വഴി ഒരു വിശ്വാസിയില്‍ ഈമാനും ഇസ്‌ലാമും രൂപപ്പെടുത്തുന്ന മനോദാര്‍ഢ്യം ശക്തിപ്പെടുത്തുക എന്നതാണ്. അതിനു കരുത്ത് പകരേണ്ടത് ഇസ്‌ലാമിക സമൂഹത്തിന്റെ പുരോഗതിക്കാവശ്യമായ വഖഫ് സംരംഭങ്ങളായിരിക്കേണം. സാമൂഹികമായ ഓജസ്സ് രൂപപ്പെടുത്തേണ്ടത് വ്യത്യസ്ഥ വിഭാഗത്തിലുള്ളവര്‍ ഒരു സംസ്‌കാരത്തിലിഴകിച്ചേരുകയും പ്രസ്തുത ആദര്‍ശ ബന്ധത്തില്‍ വിരിയുന്ന വിവാഹബന്ധങ്ങളിലൂടെയുമാകണം. അതിന് ശക്തി പകരേണ്ടത് ഇസ്‌ലാമിക നാഗരികതയുടെ സൃഷ്ടിപ്പിനായി യത്‌നിക്കുന്ന ലോകത്തിന്റെ നാനാ ഭാഗത്തുള്ള വ്യത്യസ്ഥ വംശങ്ങളിലും വിഭാഗത്തിലുമുള്ള വിശ്വാസികളും.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles