Current Date

Search
Close this search box.
Search
Close this search box.

മാധ്യമ റിപോര്‍ട്ടുകളിലെ ഇസ്രായേല്‍ ആധിപത്യം

ഇസ്രായേല്‍ ഫലസ്തീന്‍ അതിര്‍ത്തി വീണ്ടും ക്രൂരമായ സംഭവങ്ങള്‍ക്ക് സാക്ഷിയായിരിക്കുകയാണ്. മുഹമ്മദ് അബൂ ഖദീര്‍ എന്ന 16 വയസ്സുള്ള ഫലസ്തീനി ബാലനെ തട്ടിക്കൊണ്ടു പോയതിനു ശേഷം ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി.  കൊന്നത് ഇസ്രായേലി ജൂതന്‍മാര്‍ ആയതിനാല്‍ ഇസ്രായേലി പോലിസ് കാര്യങ്ങളെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്.

തട്ടിക്കൊണ്ടുപോകപെട്ട മൂന്ന് ഇസ്രായേലി യുവാക്കളുടെ മൃതശരീരം 18 ദിവസത്തെ തിരച്ചിലിനു ശേഷം കണ്ടെത്തിയതിന് ശേഷമാണ് ഈ കൊലപാതകം നടന്നത്. മൂന്ന് ബാലന്‍മാര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ ആറു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ യാതൊരു കാരണവും കൂടാതെ തടവിലാവുകയും ചെയ്തിരിന്നു. ‘കളക്റ്റീവ് പണിഷ്‌മെന്റ്’ എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

അതേസമയം മൂന്ന് ഇസ്രായേലി ബാലന്‍മാര്‍ വെടിയേറ്റ് മരിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചിട്ടുണ്ട്. ഫലസ്തീനികള്‍ക്കെതിരെ പ്രതികാരദാഹമുണര്‍ത്തുവാന്‍ വേണ്ടി തുടങ്ങിയ ഫേസ്ബുക്ക് പേജിന് 35000 ലൈക്കുകള്‍ ലഭിക്കുകയുണ്ടായി. ‘അറബികള്‍ക്ക് മരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫലസ്തീനികളെ ആക്രമിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ജറൂസലേമില്‍ പ്രകടനങ്ങള്‍ നടന്നു. തെരുവുകളിലും ബസ്സുകളിലും വെച്ച് ഫലസ്തീനികള്‍ ശാരീരികമായി അക്രമിക്കപ്പെടുകയും അസഭ്യവര്‍ഷത്തിനിരയാവുകയും ചെയ്തു. അബു ഖദീറിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിനടുത്ത് വെച്ച് തന്നെ മറ്റൊരു ഫലസ്തീന്‍ ബാലനെ തട്ടിക്കൊണ്ടപോകാനുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.

കൊല്ലപ്പെട്ട ഇസ്രായേലി ബാലന്‍മാരുടെ കുടുംബങ്ങള്‍ ഇത്തരം നടപടികള്‍ക്കെതിരെ രംഗത്തുവന്നു എന്നതില്‍ ആശ്ചര്യപ്പെടാനില്ല. കാരണം വര്‍ഷങ്ങളായി ഇസ്രായേലിനകത്ത് നിന്നു തന്നെ ഇത്തരം വംശീയ സ്പര്‍ധയുണര്‍ത്തുന്നതും ഫലസ്തീനികളുടെ ജീവിതത്തിന് ഭീഷണിയായി നിലനില്‍ക്കുന്നതും തങ്ങളുടെ തന്നെ നാശഹേതുവുമായ ക്രൂരമായ അധിനിവേശ  നടപടികള്‍ക്കെതിരെ മുന്നറിയിപ്പുകള്‍ ഉയര്‍ന്നിരുന്നു. പക്ഷെ വിനാശകരമായ വംശീയ ദേശീയതക്ക് വളംവെക്കുന്ന രീതിയിലാണ് ഭരണകൂടം പെരുമാറിയത്. ചിലര്‍ ഫേസ്ബുക്കില്‍ ‘ അറബികളെ വെറുക്കുന്നത് ഒരു മൂല്യമാണ്’  എന്നു തുടങ്ങിയ പോസ്റ്റുകളുമായി പുഞ്ചിരിച്ചുക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.

കൊലചെയ്യപ്പെട്ട ഇസ്രായേലികളുടെ മൃതശരീരങ്ങള്‍ കണ്ടെടുത്ത അത്യന്തം സംഘര്‍ഷഭരിതമായ സമയത്ത് രംഗം ശാന്തമാക്കുന്നതിന് പകരം പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു കവി ഹൈം ബിയാലിക്കിനെ ഉദ്ദരിച്ച് പറഞ്ഞത് ‘ ഒരു പിഞ്ചു കുഞ്ഞിന്റെ ചോരക്ക് പ്രതികാരം’ എന്നാണ്.
ഇതേ വികാരത്തോടെ തന്നെയാണ് മറ്റു മന്ത്രിമാരും പ്രതികരിച്ചത്. സാമ്പത്തിക മന്ത്രി നഫ്താലി ബെന്നറ്റ് ഫേസ്ബുക്കില്‍ എഴുതി.’ കുട്ടികളെ കൊന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല, ഇതിന് വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് മറുപടി പറയേണ്ടത്’.

‘ഫലസ്തീനികള്‍ക്ക് പറ്റിയ സ്ഥലം ഇസ്രായേല്‍ അല്ല എന്ന് വ്യക്തമായി മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്’ എന്നാണ് തെരുവില്‍ ഫലസ്തീനികള്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് ഫോറിന്‍ മിനിസറ്റര്‍ അവിഗ്‌ദോര്‍ ലിബര്‍മാന്‍ അഭിപ്രായപ്പെട്ടത്.

ഇസ്രയേലിന്റെ മുന്‍ സെക്ക്യൂരിറ്റി ചീഫ് യുവാല്‍ ഡിസ്‌ക്കിന്‍ കാര്യങ്ങളുടെ പൂര്‍ണഉത്തരവാദിത്ത്വം നെതന്യാഹു ഗവണ്‍മെന്റിന്റെ തലയിലാണ് ചാര്‍ത്തിയത്. ‘ഇസ്രായേല്‍ ചെയ്യുന്ന അരുതായ്മകള്‍ക്കെതിരെ ഫലസ്തീനികള്‍ പ്രതികരിക്കില്ല എന്നു കരുതുന്നത് മിഥ്യാധാരണയാണ്.’ ഡിസ്‌ക്കിന്‍ ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍ ബാലന്‍മാരുടെ കൊലപാതകത്തെ യാതൊരു വിധേനയും ന്യായീകരിക്കാന്‍ കഴിയില്ല. പക്ഷെ കാര്യങ്ങള്‍ അവിടന്നല്ലല്ലോ തുടങ്ങിയത്. പാശ്ചാത്യ മാധ്യമങ്ങള്‍ വീക്ഷിക്കുന്ന ഫലസ്തീനികള്‍ വാര്‍ത്തകള്‍ എന്ത്‌കൊണ്ട് തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ട വാര്‍ത്തകള്‍ കൊണ്ട്,  തങ്ങളുടെ വേദനകള്‍ കൊണ്ട് തുടങ്ങുന്നില്ല എന്നതില്‍ ആശ്ചര്യപ്പെടുന്നുണ്ടാവാം.

മെയ് മാസം നഖ്ബ ദിനത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനി ബാലന്‍മാരായ നദീം നവാര (17)യിലേക്കും മുഹമ്മദ് ഔദ (16)യിലേക്കും എന്തുകൊണ്ട് മാധ്യമങ്ങള്‍ തിരിഞ്ഞില്ല? 2014 ലെ ആദ്യ മൂന്നുമാസം സൈന്യം കൊലപ്പെടുത്തിയ 19 ഫലസ്തീനികളെ ആരാണ് ശ്രദ്ധിച്ചത്?

‘അക്രമ സംഭവത്തില്‍ ഒരു അറബി കൊല്ലപ്പെട്ടു’ എന്ന തരത്തില്‍ ഫലസ്തീന്‍ പൗരന്റെ വ്യക്തിത്വം പോലും നിഷേധിച്ചു കൊണ്ടാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് ഇത് എവിടെയാണ് അവസാനിക്കുകയെന്ന് വ്യക്തമാണ്. ഇസ്രായേല്‍ അധിനിവേശം തുടരുന്ന കാലത്തോളം തെരുവുകള്‍ ശാന്തമാവില്ലെന്നുറപ്പാണ്.

(റേച്ചല്‍ ശാബി മാധ്യമ പ്രവര്‍ത്തകയും Not the Enemy: Israel’s Jews from Arab Lands എന്ന കൃതിയുടെ കര്‍ത്താവുമാണ്.)

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles