Current Date

Search
Close this search box.
Search
Close this search box.

മലബാറിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതേണ്ടേ?

എല്ലാ തരം വിവേചനങ്ങള്‍ക്കുമതീതമായി സമൂഹത്തിലെ എല്ലാ വിഭാഗവും പരിഗണിക്കപ്പെടുമ്പോഴാണ് ജനാധിപത്യത്തിന് ആന്തരിക ശക്തി വരുന്നത്. എന്നാല്‍, നമ്മുടെ സംസ്ഥാനത്ത് മലബാര്‍ എന്ന ഭൂമിശാസ്ത്ര മേഖല പല തരത്തിലുള്ള വിവേചനങ്ങള്‍ക്ക് വിധേയമാവുന്നുവെന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ചരിത്രപരമായ പല ഘടകങ്ങളുമുള്ളതോടൊപ്പം, ഭരണ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ

മുന്‍വിധികളും തെറ്റായ സമീപനവും ഇതിന് കാരണമാണ്. ഈ വിവേചനമാകട്ടെ, ഏറ്റവുമധികം നിലനില്‍ക്കുന്നത് വിദ്യാഭ്യാസ മേഖലയിലുമാണ്.
പ്രവേശ പരീക്ഷകള്‍, മത്സര പരീക്ഷകള്‍ എന്നിവക്ക് കേന്ദ്രം അനുവദിക്കുന്ന കാര്യത്തില്‍ മലബാര്‍ കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. യു.പി.എസ്.സി, യു.ജി.സി-സി.എസ്.ഐ.ആര്‍ പരീക്ഷകള്‍ക്ക് നേരത്തേതന്നെ മലബാറില്‍ കേന്ദ്രമില്ല. ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്ക് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന സംയുക്ത പ്രവേശ പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷകള്‍ക്കും മലബാറില്‍ കേന്ദ്രം അനുവദിച്ചിട്ടില്ല. കോട്ടയം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കേന്ദ്രം അനുവദിച്ചപ്പോഴാണ് കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ അവരുടെ മേഖലയില്‍ കേന്ദ്രം അനുവദിക്കാതിരുന്നത്. സിവില്‍ സര്‍വീസ് പരീക്ഷക്കും കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമേ കേന്ദ്രങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ളൂ.
പൊതുവെ മത്സര പരീക്ഷകള്‍ നടക്കുന്ന ദിവസം യാത്ര പ്രയാസകരമാണ്. പെണ്‍കുട്ടികളുടെ കാര്യത്തിലാകുമ്പോള്‍ അവരുടെയും കൂടെയുള്ള രക്ഷിതാക്കളുടെയും യാത്രയും ലോഡ്ജിങ്ങും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. കാലങ്ങളായി മലബാറിലെ കുട്ടികള്‍ ഇങ്ങനെ പ്രയാസപ്പെട്ടാണ് പരീക്ഷയെഴുതുന്നത്. അടുത്ത കാലത്താവട്ടെ, മലബാറില്‍ ഉണ്ടായിട്ടുള്ള വിദ്യാഭ്യാസ ഉണര്‍വ് മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ഉണര്‍വിനോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിന് പകരം, അവരെ അവഹേളിക്കുന്ന സമീപനമാണ് സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. സംയുക്ത പ്രവേശപരീക്ഷക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യപ്രകാരമാണ് തൃശൂരും കോട്ടയത്തും അധികമായി സെന്‍ററുകള്‍ അനുവദിച്ചത്. മലബാറുകാരനായ ഒരാളാണ് വിദ്യാഭ്യാസ വകുപ്പ് നയിക്കുന്നതെങ്കിലും അവിടെ ഒരു കേന്ദ്രത്തിനുവേണ്ടി എഴുതിക്കൊടുക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ
യും സമീപനം ഇതുതന്നെയാണ്. ഉണര്‍ന്നുവരുന്ന ഒരു തലമുറയോട് കാണിക്കുന്ന അവഹേളനം അവര്‍ മനസ്സില്‍ കെടാതെ സൂക്ഷിക്കുമെന്ന് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്.

(കടപ്പാട് :മാധ്യമം ദിനപത്രം)

Related Articles