Current Date

Search
Close this search box.
Search
Close this search box.

‘ബഗ്ദാദി’ ഖിലാഫത്ത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഭൂമിയില്‍ ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കല്‍ ഓരോ മുസ്‌ലിമിന്റെയും ലക്ഷ്യവും ആഗ്രഹവുമാണ്. പ്രവാചകനില്‍ നിന്നും ഹുദൈഫ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഖിലാഫതിന്റെ പുനസ്ഥാപനവുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു : ‘അല്ലാഹു ഉദ്ദേശിക്കുമ്പോഴാണ് നിങ്ങള്‍ക്കിടയില്‍ പ്രവചാകത്വം സംഭവിക്കുന്നത്, അവന്‍ ഉദ്ദേശിക്കുമ്പോള്‍ പ്രവാചകത്വം ഉയര്‍ത്തിക്കളയുകയും ചെയ്യുന്നു. പിന്നീട് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം പ്രവാചക മാതൃകയില്‍ ഖിലാഫത്ത് നിലവില്‍ വരും, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതും ഉയര്‍ത്തിക്കളയും, പിന്നീട് അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരം ഖിലാഫത്ത് രാജാധിപത്യത്തിന് വഴിമാറും, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെയും ഉയര്‍ത്തിക്കളയും, പിന്നീട് അവന്റ ഉദ്ദേശ്യമനുസരിച്ച് സ്വേഛാധിപതികളായ രാജാക്കന്മാരായിരിക്കും വരിക, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനെയും നീക്കും, ശേഷം പ്രവാചക മാതൃകയിലുള്ള ഖിലാഫത്തായിരിക്കും ഉണ്ടാകുക’ ഇത് പറഞ്ഞ് പ്രവാചകന്‍ മൗനിയായി. (ഇമാം അഹ്മദ്, അല്‍ബാനി)

ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ ഖിലാഫത്ത് സ്ഥാപിച്ച് വിമത വിഭാഗമായ ഐ.എസ്.ഐ.എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഖലീഫയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ ചെയ്യേണ്ടത് എങ്ങനെയെന്നതുമാണ് ഇതില്‍ ഏറെ പ്രധാനപ്പെട്ട ചോദ്യം.

ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിച്ച സുന്നീ വിമതര്‍ അബൂബക്കല്‍ ബഗ്ദാദി (അബ്ദുല്ല ഇബ്രാഹീം സാംറാഈ)യെ എല്ലാ മുസ്‌ലിംകളുടെയും പുതിയ ഖലീഫയായും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള പോരാട്ട സംഘങ്ങളോട് അദ്ദേഹത്തിന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്യാനും ഐ.എസ്.ഐ.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതരായ പണ്ഡിതന്മാരോടും നേതാക്കന്മാരോടും ആലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് അബൂബക്കര്‍ ബഗ്ദാദിയെ ഖലീഫയായി തെരഞ്ഞെടുത്തതെന്ന് വിമത വിഭാഗം വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

1. മുതിര്‍ന്ന പണ്ഡിതന്മാരോട് കൂടിയാലോചിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തെരഞ്ഞെടുത്ത ഖലീഫ എവിടെയാണുള്ളത്? അജ്ഞാതനായ ഖലീഫക്ക് ലോക മുസ്‌ലിംകള്‍ എങ്ങനെ അനുസരണ പ്രതിജ്ഞ ചെയ്യും? ഇസ്‌ലാമിക ഖിലാഫത്തില്‍ അനുസരണ പ്രതിജ്ഞക്ക് വലിയ സ്ഥാനമുള്ളതെന്നിരിക്കെ ഖലീഫക്ക് അനുസരണ പ്രതിജ്ഞ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒരിക്കലെങ്കിലും ‘ഖലീഫ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?

ഒരിക്കല്‍ പോലും കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഒരു വ്യക്തിക്ക് തന്റെ മകളേയോ സഹോദരിയേയോ വിവാഹം കഴിച്ചു കൊടുക്കാന്‍ ഒരാള്‍ക്ക് സാധ്യമല്ലന്നിരിക്കെ, ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തരവാദിത്വം ‘ഏല്‍പ്പിക്കപ്പെട്ട’ ഖലീഫയെ ഒരിക്കല്‍ പോലും കാണാതെയും കേള്‍ക്കാതെയും മുസ്‌ലിംകള്‍ അദ്ദേഹത്തിനെങ്ങനെ പ്രതിജ്ഞ ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്.

2. ഇറാഖിലും സിറിയയിലും പോരാട്ടത്തിലേര്‍പ്പെട്ട നിരവധി സംഘടനകളുണ്ടായിരിക്കെ, ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍ ഇവരെയൊന്നും കൂടെക്കൂട്ടാന്‍ ഐ.എസ്.ഐ.എസ് തയ്യാറാകാത്തതെന്താണ്? ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്കിടയിലുള്ള കൂടിയാലോചന അനിവാര്യമാണല്ലോ.

ഇറാഖില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെല്ലാം വര്‍ഷങ്ങളായി സിറിയയിലും പോരാട്ടം നടത്തുന്നവയാണ്. ഇറാഖിലിപ്പോള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താനും ഇവര്‍ക്ക് സാധിച്ചിരിക്കുന്നു. എന്നാല്‍ ഈ പോരാട്ട ഗ്രൂപ്പുകളില്‍ ഒന്നുമാത്രമായ ഐ.എസ്.ഐ.എസ് ഖിലാഫത്ത് സ്ഥാപിക്കുന്ന വിഷയത്തില്‍ മറ്റുള്ളവരെ അവഗണിക്കുകയും, എന്നിട്ട് എല്ലാവരും ‘ഖലീഫ’ക്ക് പ്രതിജ്ഞ ചെയ്യണമെന്ന് പറയുന്നതും എങ്ങനെ ശരിയാകും?

3. അബൂബക്കര്‍ ബഗ്ദാദിയെ മുസ്‌ലിംകളുടെ ഖലീഫയാക്കാനുള്ള തീരുമാനം ഏതൊക്കെ പണ്ഡിതന്മാര്‍ ചേര്‍ന്നാണ് കൈകൊണ്ടത്? എന്തുകൊണ്ടാണ് അവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താത്തത്? ഇമാം മാവര്‍ദി തന്റെ ‘അഹ്കാമു സ്സുല്‍ത്വാനിയ്യ’ എന്ന പുസ്തകത്തില്‍ ഖലീഫയെ തെരഞ്ഞെടുക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ പറയുന്നുണ്ട്. 1. നീതിമാന്മാരായിരിക്കുക. 2. നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങളെന്താല്ലാം എന്ന അറിവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. 3. ഏറ്റവും മികച്ച നേതാവിനെ തെരഞ്ഞെടുക്കാനുള്ള വിവരവും യുക്തിയും ഉണ്ടായിരിക്കണം. ഈ പറയപ്പെട്ട ഗുണങ്ങളെല്ലാം ഉള്‍ച്ചേര്‍ന്ന പണ്ഡിതന്മാര്‍ തന്നെയാണോ പുതിയ ‘ഖലീഫ’യെ തെരഞ്ഞെടുത്തത്?

4. ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഈ സംഘര്‍ഷ മുഖരിതമായ സന്ദര്‍ഭം തന്നെ തെരഞ്ഞെടുത്തത് എന്തിന്? ബഗ്ദാദിലും ഡമസ്‌കസിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയായിട്ടില്ലാത്ത, പ്രത്യേകിച്ച് പോരാളികള്‍ ബഗ്ദാദിനു സമീപം എത്തി നില്‍ക്കുന്ന ഈ വേളയില്‍? ഖിലാഫത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പ് തങ്ങളുടെ പോരാട്ടം വിജയത്തിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനല്ലേ ഐ.എസ്.ഐ.എസ് മുഖ്യപരിഗണന നല്‍കേണ്ടത്?

മറ്റുള്ളവരെ അവഗണിച്ച് ഐ.എസ്.ഐ.എസ് തനിച്ച് ഖലീഫയെ പ്രഖ്യാപിച്ചതും, ഖലീഫക്ക് പ്രതിജ്ഞ ചെയ്യേണ്ടത് എല്ലാ മുസ്‌ലിംകളുടേയും ബാധ്യതയാണെന്ന് പ്രഖ്യാപിച്ചതും, മറ്റെല്ലാ ഭരണകൂടങ്ങളേയും സംഘടനകളെയും അധികാരങ്ങളേയും റദ്ദു ചെയ്തതായുള്ള പ്രഖ്യാപനവും ഐ.എസ്.ഐ.എസിന്റെ ഏകാധിപത്യ സ്വഭാവമാണ് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ എല്ലാ മുസ്‌ലിംകളും ആഗ്രഹിക്കുന്ന വേളയില്‍ ബഗ്ദാദില്‍ നിന്നും ഉണ്ടായിരിക്കുന്ന പുതിയ ഖിലാഫത് പ്രഖ്യാപനം ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളെയാണ് ലോക മുസ്‌ലിംകളുടെ മനസ്സില്‍ ഉയര്‍ത്തി വിട്ടിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക?

കടപ്പാട് : അല്‍മുസ്‌ലിം

Related Articles